Wednesday, January 25, 2023

വ്യൂ ഫൈൻഡർ

ഈ ലക്കം വ്യൂ ഫൈൻഡർ ട്രീ ഫോട്ടോഗ്രഫിയാകട്ടെ. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിൽ പ്രകൃതിയിലെ വനസസ്യങ്ങൾ അതിവിപുലമായൊരു ശാഖയാണ്. ട്രീ ഫോട്ടോഗ്രാഫിയിൽ മാത്രം ഫോക്കസ് ചെയ്യുന്നവർ ലോകമെമ്പാടുമുണ്ട്. കാടും മേടും കുന്നുകളും പർവ്വതങ്ങളും നദീതീരങ്ങളും പശ്ചാത്തലമായി വരുന്ന ഫോട്ടോഗ്രാഫിയിൽ തല ഉയർത്തിനിൽക്കുന്ന വൃക്ഷങ്ങൾ പ്രത്യേകമായൊരു ambience സൃഷ്ടിക്കുമല്ലോ. ഇലകൊഴിഞ്ഞ ഒറ്റമരം പലപ്പോഴും ഒരു പ്രതീകം പോലെ വേറിട്ടുനിൽക്കും. വസന്തവും ശിശിരവും ഗ്രീഷ്മവും ഹേമന്തവുമെല്ലാം മരച്ചാർത്തുകളിൽ കവിത രചിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശത്താണെങ്കിൽ ഓക്കുമരങ്ങളും ബിർച്ചും സ്തൂപികാഗ്രിതവൃക്ഷങ്ങളും ഫോട്ടോഗ്രാഫിയിൽ പെയിന്ടിങ് പോലെയാണ് അനുഭവപ്പെടുക. മറിച്ചും സംഭവിക്കാറുണ്ട്. മഹത്തായ പല പെയിന്റിങ്ങുകളും ഫോട്ടോഗ്രാഫിയെ അതിശയിക്കുംവിധം യാഥാർഥ്യ പ്രതീതിയോടെ കാണപ്പെടാറുണ്ട്. സൂര്യോദയ വേളകളിലും അസ്തമയസന്ധ്യയുടെ സുവർണനിമിഷങ്ങളിലും ക്ലിക്ക് ചെയ്ത വനമരങ്ങളുടെ സൗന്ദര്യം സവിശേഷമായൊരു കാഴ്ചയാണ് സമ്മാനിക്കുക. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച നമ്മുടെ എൻ ഏ നസീർ, വിക്ടർ , ദത്തൻ പുനലൂർ, നന്ദകുമാർ മൂടാടി,രവിശങ്കർ എന്നിവരുടെ ഫോട്ടോഗ്രാഫുകൾ ഓർക്കുന്നു. ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങൾ കൊച്ചുകേരളത്തിലെ ഋതുവിന്യാസങ്ങളിൽ എൻ്റെ ക്യാമെറയിൽ പതിഞ്ഞ വനലതകളാണ്. അതിൽ മുളങ്കാടുകളും കേരവൃക്ഷങ്ങളും കരിമ്പനയും മൂന്നാറിൽ നിന്നും വയനാട്ടിൽ നിന്നും പകർത്തിയ പേരറിയാത്ത തരുരാജന്മാരും നിലമ്പൂർ തേക്കുകളും വാർഷികവലയം തീർത്തുനിന്ന തരുക്കളും പുറംതൊലി അടർന്നുപോയ മരങ്ങളും എല്ലാമുണ്ട്. ധ്യാനത്തിൽ നിലകൊള്ളുന്ന ബോധികളും അലസഗമനം നടത്തുന്ന ലതകളും ഛായ പടർത്തിനിൽക്കുന്ന തണൽ മരങ്ങളും കാടിനുമീതെ പൂത്തുലഞ്ഞ പൂമരങ്ങളും ഇലകൊഴിഞ്ഞ സായന്തനങ്ങളും പുലരിമഞ്ഞിൽ കുളിച്ചുനിന്ന നാട്ടുമരങ്ങളുമുണ്ട്. നാം ജീവിതയാത്രയിൽ കണ്ടെത്തുന്ന മരങ്ങൾ ഓരോന്നും ഓരോ രീതിയിൽ നമ്മോടു സംവദിക്കുന്നുണ്ട്. അവ വിനിമയം ചെയുന്ന പ്രശാന്തി അനന്യമാണ്‌ എന്നുതന്നെ പറയണം.