Monday, July 29, 2019

Hemingway 7

ക്ഷീണിതനായി ജലോപരിതലത്തില്‍ എത്തിയ മാര്‍ലിനു നേരെ സാന്‍റിയാഗോ സര്‍വശക്തിയും ഉപയോഗിച്ച് തന്‍റെചാട്ടുളി എറിഞ്ഞു. ഒരു സീല്‍ക്കാര ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ട് മാര്‍ലിന്‍ ചത്തുമലച്ചു. ചത്ത മത്സ്യത്തെ  ബോട്ടിനോടൊപ്പം കെട്ടിയിട്ട് സാന്‍ഡിയാഗോ കടപ്പുറത്തെ ലക്ഷ്യമാക്കി ബോട്ടോടിച്ചു.യാത്രാമധ്യേ മാര്‍ലിനില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം കടല്‍ജലത്തില്‍ കലങ്ങി. മണംപിടിച്ച് കൊമ്പന്‍ സ്രാവുകള്‍ ഒറ്റയും പെട്ടയുമായെത്തി മാര്‍ലിന്‍റെ മാംസം തട്ടിക്കൊണ്ടുപോയി. തന്‍റെ ചാട്ടുളിയും പിച്ചാത്തിയും തുഴയും ഉപയോഗിച്ച് സ്രാവുകളുടെ ആക്രമണത്തെ സാന്‍ഡിയാഗോ എതിര്‍ത്തെങ്കിലും അന്ന് സൂര്യാസ്തമയമായപ്പോഴേക്കും മാര്‍ലിനില്‍ മാംസം പകുതി മാത്രമേ ശേഷിച്ചിരുന്നുള്ളൂ.
മൂന്നാം ദിവസം അര്‍ദ്ധരാത്രി കടപ്പുറത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിനെ ഒരുപറ്റം കൊമ്പന്‍ സ്രാവുകള്‍ വീണ്ടുമാക്രമിച്ചു. തന്‍റെ കയ്യില്‍ ശേഷിച്ചിരുന്ന അവസാനത്തെ ആയുധമായ ചുക്കാന്‍ ഉപയോഗിച്ച് അയാള്‍ അവയോട് ഏറ്റുമുട്ടിയെങ്കിലും മാര്‍ലിനില്‍ ശേഷിച്ചിരുന്ന അവസാന മാംസക്കഷ്ണം വരെ തട്ടിയെടുത്തുകൊണ്ടാണ് സ്രാവുകള്‍ സ്ഥലം വിട്ടത്. സാന്‍ഡിയാഗോക്ക്  ശേഷിച്ചത് മാര്‍ലിന്‍റെ മുള്ള് മാത്രമാണ്.
ബോട്ട് കടല്‍പ്പുറത്ത് എത്തിയപ്പോള്‍ ക്ഷീണിതനായ സാന്‍ഡിയാഗോ തന്‍റെ കടല്‍പ്പായുമെടുത്തു കുന്നിന്‍മുകളിലുള്ള കുടിലിലേക്ക്  തളര്‍ന്ന കാലടികളോടെ നടന്നു പോയി. തട്ടിയും തടഞ്ഞും ഇടയ്ക്കിടെ വീണും കുടിലിലെത്തിയ സാന്‍ഡിയാഗോ തന്‍റെ കിടക്കയിലേക്ക് മറിഞ്ഞു.
പ്രഭാതത്തില്‍ മറ്റു മീന്‍പിടിത്തക്കാര്‍ കടപ്പുറത്ത്  സാന്‍ഡിയാഗോയുടെ ബോട്ടില്‍ കെട്ടിയിരുന്ന മാര്‍ലിന്‍റെ ഭീമാകാരമായ അസ്ഥിപഞ്ജരം അളന്നു നോക്കിക്കൊണ്ടിരുന്നപ്പോള്‍ മനോലിന്‍ അടുത്തുള്ള ബാറില്‍ നിന്ന് സാന്‍ഡിയാഗോക്ക് വേണ്ടി കാപ്പിയും വാങ്ങി അയാള്‍ ഉണരുന്നതും നോക്കി  കുടിലിനുമുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ സാന്‍ഡിയാഗോ നീണ്ട ഉറക്കത്തിലേക്കു കടന്നുപോയിരുന്നു. 

Thursday, July 25, 2019

Hemingway 6

രണ്ടാം ദിവസം പകലും രക്ഷപ്പെടാനുള്ള മാര്‍ലിന്‍റെ ശ്രമവും പിടിച്ചുനില്‍ക്കാനുള്ള സാന്തിയാഗോയുടെ പരിശ്രമവും അതേ നിലയില്‍ തുടര്‍ന്നു. മരണപ്പാച്ചിലിനിടയില്‍ മാര്‍ലിന്‍ അപ്രതീക്ഷിതമായി ഒഅന്നുകോദി കുതിച്ചു. ഓര്‍ക്കാപ്പുറത്തായതിനാല്‍ പെട്ടെന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയ സാന്തിയാഗോ ചുറ്റിവരിഞ്ഞ കയറോടു കൂടി നിലം പതിച്ചു. വീഴ്ചയില്‍ വലതു കൈക്ക് ഗുരുതരമായ മുറിവ് പറ്റി. എങ്കിലും രക്ഷപ്പെടാന്‍ മാര്‍ലിന്‍ നടത്തുന്ന ശ്രമത്തില്‍ ആ മത്സ്യത്തിന് സഹിക്കേണ്ടിവന്ന ദുരിതത്തിലും അതിനെതിരെ പിടിച്ചുനില്‍ക്കാനുള്ള തന്‍റെ ശ്രമത്തില്‍ താന്‍ അനുഭവിക്കേണ്ടിവരുന്ന പീഡയിലും സാന്തിയാഗോ സാദൃശ്യം ദര്‍ശിക്കുന്നു.അതുകൊണ്ടുതന്നെ മാര്‍ലിനോട് വൃദ്ധന് അനുകമ്പയും സഹതാപവും ജനിക്കുന്നു. ഈ അനുകമ്പയും സഹതാപവും കടലിനോടും കടലിലുള്ള എല്ലാ ജീവജാലങ്ങളിലേക്കും ക്രമേണ വ്യാപിക്കുന്നു.അങ്ങനെ ശാശ്വതമായ വേദന അനുഭവിക്കുന്ന ജീവജാലങ്ങളോട് തന്‍റെ വേദനയിലൂടെ അയാള്‍ സാത്മ്യം കൊള്ളുന്നു.
രണ്ടാം ദിവസം രാത്രി ആയപ്പോഴേക്കും വിശപ്പുകൊണ്ട് വലഞ്ഞ സാന്‍റിയാഗോ ഒരു കടല്‍പ്പന്നിയുടെ വയറ്റില്‍നിന്നു തിന്നാന്‍ പാകത്തിനു കിട്ടിയ രണ്ടു ചെറു മത്സ്യങ്ങളെ ഭക്ഷിച്ചു.ഭക്ഷണത്തിന് ശേഷം നിന്ന നിലയില്‍ നിന്നുകൊണ്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പ് അയാള്‍ നടത്തി. പതിവുപോലെ ഉറക്കത്തില്‍ അയാള്‍ ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയെ പറ്റിയും അവിടത്തെ  ഹിംസ്രസ്വഭാവികളായ സിംഹങ്ങളെപ്പറ്റിയും സ്വപ്നം കണ്ടു.
ഉണര്‍ന്നപ്പോള്‍  വലനിര ചാഞ്ഞും ഉലഞ്ഞും കാണപ്പെട്ടു. മാര്‍ലിന്‍ ഇതിനകം പലതവണ ജലോപരിതലത്തില്‍ വായു സംഭരിക്കാന്‍ എത്തിയിട്ടുണ്ടാകുമെന്ന് അയാള്‍ ഊഹിച്ചു.  അങ്ങനെ സാന്തിയാഗോ കടലില്‍ മൂന്നാം സൂര്യോദയം കണ്ടു. മാര്‍ലിന്‍ തന്‍റെ കൊമ്പുപയോഗിച്ച് ചൂണ്ടയും വലനിരയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യച്ചരടില്‍ ശക്തിയോടെ ഇടിക്കാന്‍ തുടങ്ങി.മത്സ്യം വീണ്ടും കുതിച്ചു ചാടിയാല്‍ വായില്‍ കോര്‍ത്തിരിക്കുന്ന ചുണ്ട തെരിച്ചുപോകാനിടയുള്ളതുകൊണ്ട്  അത് കുതിക്കാതിരിക്കാന്‍ സാന്തിയഗോ പ്രാര്‍ഥിച്ചു.
            

Wednesday, July 24, 2019

Heming way 5

ആദ്യദിവസം പതിവുപോലെ സാന്തിയാഗോ മനോലിനെ ഉണര്‍ത്തി. രണ്ടുപേരും കൂടി കടപ്പുറത്ത് ചെന്ന് കാപ്പികുടിക്കുകയും ഇര പങ്കിടുകയും ചെയ്തശേഷം മനോലിന്‍ സാന്തിയാഗോയുടെ ബോട്ട് കടലിലേക്ക് തള്ളിയിറക്കി. കടല്‍ക്കാക്കകളും മത്സ്യങ്ങളും മാത്രമുള്ള കടലിന്‍റെ വിദൂരതയിലേക്ക് സാന്തിയാഗോ തുഴഞ്ഞു. വലിയ മത്സ്യങ്ങള്‍ സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലത്തെ അടയാളങ്ങള്‍ നോക്കി അയാള്‍ തന്‍റെ വല കടലില്‍ പാകി. സൂര്യോദയം പിന്നിട്ടു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ കടല്‍പ്പന്നികള്‍ ധാരാളമുള്ള ഒരു സ്ഥാനത്തെത്തി. ചെറുമത്സ്യങ്ങളും പായല്‍ക്കൂട്ടങ്ങളും ധാരാളമുണ്ടായിരുന്ന അവിടെ മാര്‍ലിന്‍ മത്സ്യങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അയാള്‍ ഊഹിച്ചു.ഇരയ്ക്കുവേണ്ടി ഒരു കടല്‍പ്പന്നിയെ പിടിക്കാന്‍ അയാള്‍ ശ്രമിച്ചു. സമയം അപ്പോള്‍ ഉച്ചയോടടുത്തിരുന്നു. സൂര്യന്‍റെ ചൂട് ക്രമാതീതമായി വര്‍ധിച്ചു വന്നതുകൊണ്ട് അയാള്‍ക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടു.പക്ഷെ ,85 ദിവസമായി ഒറ്റ മീന്‍ പോലും തനിക്കു കിട്ടിയില്ല എന്ന ഓര്‍മ അയാളെ കര്‍മോന്മുഖനാക്കി.
ഈ അവസരത്തില്‍ ഒരു വല നിരയില്‍ ഇട്ടിട്ടുള്ള അടയാളക്കോല്‍ താഴ്ന്നുപോകുന്നത് സാന്തിയാഗോ കണ്ടു.ഏതാണ്ട് അറുനൂറ് അടി താഴ്ചയില്‍ മാര്‍ലിന്‍ മത്സ്യം തീറ്റയില്‍ കൊത്തുന്നതായി അയാള്‍ തിരിച്ചറിഞ്ഞു.അടുത്ത തവണ മാര്‍ലിന്‍ തീറ്റയില്‍ കൊത്തിയപ്പോള്‍ ചൂണ്ട മത്സ്യത്തിന്‍റെ ഗളനാളത്തില്‍ കോര്‍ക്കാന്‍ വേണ്ടി സര്‍വശക്തിയും ഉപയോഗിച്ച് അയാള്‍ ചൂണ്ടക്കണ ആഞ്ഞുവലിച്ചു. സാന്തിയാഗോയുടെ ബോട്ടിനെക്കാള്‍ രണ്ടടി നീളക്കൂടുതലുണ്ടായിരുന്ന ഭീമാകാരനായിരുന്ന മാര്‍ലിനെ ഒരിഞ്ചുപോലും വലിച്ചിളക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.പകരം ചൂണ്ട വായിലുടക്കിയ മാര്‍ലിന്‍ സാന്തിയാഗോയുടെ ബോട്ട് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. സാന്തിയാഗോ തന്‍റെ സര്‍വശക്തിയും പ്രയോഗിച്ചിട്ടും മാര്‍ലിന്‍റെ ഗതിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വലയില്‍ ഇളക്കം സംഭവിക്കാത്ത രീതിയില്‍ ചൂണ്ടക്കയര്‍ തന്‍റെ പിറകിലൂടെ ചുറ്റിയെടുത്ത് സര്‍വശക്തിയും സംഭരിച്ചു പിടിച്ചുനില്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുള്ള ശക്തി അയാള്‍ക്കുണ്ടായിരുന്നില്ല.
ആദ്യരാത്രിയില്‍ മാര്‍ലിന്‍ മരണവെപ്രാളത്തോടെ ആഞ്ഞുവലിച്ചു കൊണ്ടിരുന്നപ്പോള്‍ കയറില്‍ത്തന്നെ തന്‍റെ ശക്തി മുഴുവന്‍ കേന്ദ്രീകരിച്ച് ചാഞ്ഞും ചെരിഞ്ഞും നിന്ന് കാലടികള്‍ തെറ്റാതിരിക്കാന്‍ സാന്തിയാഗോ ശ്രദ്ധിച്ചു. ഈ അവസരത്തില്‍ മനോലിന്‍ തന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചു. ഒരവസരത്തില്‍ മാര്‍ലിന്‍ പെട്ടെന്ന് കുതിച്ചതിന്‍റെ ഫലമായി സാന്തിയാഗോ അടിതെറ്റി മുഖം പതിച്ചു ബോട്ടില്‍ വീണു .മുഖം മുറിഞ്ഞ് ചോര ഒലിച്ചുകൊണ്ടിരുന്നു. എങ്കിലും തന്‍റെ ശ്രമത്തിന്‍റെ അവസാനഫലം കണ്ടെത്താനുള്ള നിശ്ചയത്തോടെ മാര്‍ലിനെ കൈവിടാതിരിക്കാനുള്ള  സര്‍വ മുന്‍കരുതലുകളും അയാള്‍ ചെയ്തുകൊണ്ടിരുന്നു. ചോര വാര്‍ന്ന മുഖത്ത് ജലമോഴുക്കിയും വിശപ്പിനു  ചെറുമത്സ്യങ്ങളെ തിന്നും അയാള്‍ രാത്രി കഴിച്ചുകൂട്ടി.

Sunday, July 21, 2019

ഹെമിംഗ് വേ 4

1952 ല്‍ ' ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' ( കിഴവനും കടലും ) പ്രസിദ്ധീകരിച്ചതോടുകൂടി ഹെമിംഗ് വേ വിശ്വ പ്രശസ്തിയിലേക്കുയര്‍ന്നു.ഇത് 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനു നേടിക്കൊടുത്തു. 1961ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരതികായനെയാണ്.

ഒരു 'നോവെല്ല' എന്നോ നീണ്ട ചെറുകഥയെന്നോ പറയാവുന്ന 'കിഴവനും കടലും' സാധാരണ നോവലുകളെപ്പോലെ അധ്യായങ്ങളായോ ഭാഗങ്ങളായോ തിരിച്ചെഴുതപ്പെട്ടിട്ടുള്ളവയല്ല. വായനക്കാരുടെ സൌകര്യാര്‍ത്ഥം വേണമെങ്കില്‍ നോവലില്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തെ (ക്രിയാ കാലം ) അടിസ്ഥാനപ്പെടുത്തി ഒരു സാങ്കല്പിക വിഭജനം നടത്താമെന്നേയുള്ളൂ. നോവലിലെ ക്രിയാകാലം മൂന്നു പകലും മൂന്നു രാത്രിയും കൊണ്ട് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യപകലിനു തൊട്ടുമുന്‍പുള്ള വൈകുന്നേരം തൊട്ട് അവസാനത്തെ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതത്തില്‍ അവസാനിക്കുന്ന ഈ കഥയില്‍ പ്രധാനമായും രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.
സാന്തിയാഗോ എന്ന വൃദ്ധനായ ക്യൂബന്‍ മീന്‍പിടിത്തക്കാരനും അയാളെ സഹായിക്ക്കുന്ന മനോലിന്‍ എന്ന കുട്ടിയും.  പിന്നെയുള്ളത് മുഴുവനും മീനുകളാണ്. മീനുകളുടെ വീടാണല്ലോ കടല്‍.  മത്സ്യഗന്ധിയായ കടല്‍ ഈ കൃതിയിലെ പ്രധാന പശ്ചാത്തലമാണ്. കടലും രാപ്പകലുകളും കാറ്റും നീലവിഹായസ്സും ചേര്‍ന്നൊരുക്കുന്ന അദ്ഭുത കാന്‍വാസിലാണ് ഹെമിംഗ് വേയുടെ കൃതി വിലയം  കൊള്ളുന്നത്‌.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒന്നും കിട്ടാതെ മത്സ്യബന്ധനത്തില്‍ കടുത്ത പരാജയം സംഭവിച്ച സന്തിയാഗോക്ക് മനോലിന്റെ സഹായം പോലും നിഷേടിക്കപ്പെട്ടു.കാരണം, മനോലിനെ അവന്റെ രക്ഷാകര്‍ത്താക്കള്‍ സാന്തിയാഗോയുടെകൂടെ പോകാന്‍ അനുവദിക്കാതെ. മീന്‍പിടിത്തം ആദായകരമായി നടത്തുന്ന മറ്റൊരു മുക്കുവന്റെ കൂടെ വിടുകയാണ്.എങ്കിലും മനോലിന്‍ സാന്തിയഗോക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു.ഇരുവരും ഒരുമിച്ചു മദ്യശാലയില്‍ പോയി മറ്റു മീന്‍പിടുത്തക്കാര്‍ക്കൊപ്പം മദ്യം കുടിക്കുക പതിവായിരുന്നു.അപ്പോഴെല്ലാം തങ്ങള്‍ രണ്ടുപേരും കൂടി കടലില്‍ നടത്തിയിട്ടുള്ള സാഹസിക ശ്രമങ്ങളെക്കുറിച്ച് ഓര്‍ക്കുകയും പരസ്പരം പറയുകയും ചെയ്തിരുന്നു., 

Saturday, July 20, 2019

Hemingway 3

കാപ്പൊറെറ്റി എന്ന സ്ഥലത്തുവെച്ചുണ്ടായ യുദ്ധത്തില്‍ ഇറ്റാലിയന്‍ പട ചിന്നിച്ചിതറുമ്പോള്‍ ഹെന്‍ട്രിയും കാതറിനും രാത്രി സമയത്ത് ചെറിയൊരു തോണിയില്‍ തടാകം കടന്ന് സ്വിറ്റ്സര്‍ലണ്ടില്‍ അഭയം തേടുന്നു. ഇതിനകം ഗര്‍ഭിണിയായിരുന്ന കാതറൈന്‍ അവിടെ വെച്ച് പ്രസവത്തില്‍ മരണമടയുന്നു. സാധാരണ രീതിയില പറയുന്ന ഒരു പ്രേമകഥയല്ല ഇത്. യുദ്ധത്തിന്‍റെ കൊടും യാതനകളില്‍ അര്‍ഥവും മൂല്യവുമൊക്കെ നഷ്ടപ്പെട്ട ഒരു ലോകത്തില്‍ രണ്ടു വ്യക്തികള്‍ പരസ്പരബന്ധത്തിലൂടെ ജീവിതത്തിനൊരടിത്തറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ സജീവചിത്രണമാണ് ഹെമിംഗ് വേ പകരുന്നത് . അദ്ദേഹത്തെ ഒഴിയാബാധ പോലെ പിന്തുടര്‍ന്ന ഒരു സമസ്യയോടു ബന്ധപ്പെട്ടതാണിത്. പരമ്പരാഗതമായ മൂല്യങ്ങളും വിശ്വാസങ്ങളും നഷ്ടപ്പെട്ട, ഹിംസാത്മകവും അക്രമോത്സുകവുമായ ലോകത്തില്‍ മനുഷ്യന്‍ എന്തിന്‍റെ പേരില്‍ ജീവിക്കണം, മരിക്കണം എന്നുള്ളതാണ് ആ സമസ്യ. ഇന്ദ്രിയ സുഖങ്ങളില്‍ മുഴുകിയും വിധിയെ ചെറുത്തും, മതമുള്‍പ്പടെ എന്തെങ്കിലും വിശ്വാസങ്ങളില്‍ അഭയം തേടിയും ഒരതിര്‍ത്തി വരെ മനുഷ്യന് ജീവിതം നിലനിര്‍ത്താം.എന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവപ്പെടുമ്പോഴോ? ആ ശൂന്യതയെക്കാള്‍ അസ്വീകാര്യമല്ല മൃത്യുവിന്‍റെ ശൂന്യത എന്നാണ് ഹെമിംഗ് വേ നല്‍കുന്ന ഉത്തരം. അതേസമയം ആധുനിക ജീവിതത്തിന്‍റെ നിരര്‍ത്ഥകതയിലും അര്‍ത്ഥപൂര്‍ണമായ ജീവിതം കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കാണുകയും ചെയ്തിരുന്നു.
ഈ നോവലിലെ യുദ്ധവര്‍ണനകള്‍ വായനക്കാരുടെ ശ്രദ്ധയും പ്രശംസയും നേടിയവയാണ്. ഇറ്റാലിയന്‍ പട തോറ്റൊടുന്നതിന്‍റെ ചിത്രം ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലിലെ വര്‍ണനകളോട് കിടപിടിക്കുന്നതാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹെമിംഗ് വേയുടെ ഭാഷാശൈലിയും ഏറെ ശ്ലാഘിക്കപ്പെട്ടിട്ടുള്ളതത്രേ. സകല അമൂര്‍ത്ത പദങ്ങളെയും പുറംതള്ളി മൂര്‍ത്തമായ ചെറിയ നാമപദങ്ങള്‍ ഉപയോഗിച്ച് എഴുതുകയാണ് അദ്ദേഹത്തിന്‍റെ രീതി. ലോകം കണ്ട വലിയ എഴുത്തുകാരില്‍ ഏറ്റവും കുറഞ്ഞ പദസമ്പത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഹെമിംഗ് വേ ആണെന്നത് എത്രപേര്‍ക്കറിയാം ? അതേസമയം  ജീവിതത്തില്‍ താന്‍ തിരഞ്ഞെത്തിയ സത്യങ്ങള്‍ ഇന്ദ്രിയവേദ്യമായി ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് ആ പദാവലി ആവശ്യത്തിലും അധികമായിരുന്നു എന്നതാണ് സത്യം. 
ഹെമിംഗ് വേയുടെ  ആദ്യകാല കൃതികളാണ് കൂടുതല്‍ മെച്ചപ്പെട്ടത് എന്നാണ് നിരൂപകരുടെ അഭിപ്രായം. മാത്രമല്ല അദ്ദേഹത്തിന്‍റെ നോവലുകളെക്കാള്‍ ഉല്‍ക്കൃഷ്ടം ചെറുകഥകളാണെന്നും പലര്‍ക്കും അഭിപ്രായമുണ്ട്. ഇരുപത്തേഴാം വയസ്സില്‍ പ്രസിദ്ധീകരിച്ച ' നമ്മുടെ കാലത്ത് '( In Our Time) എന്ന ചെറുകഥാ സമാഹാരമാണ് ആദ്യ കൃതി. അടുത്ത വര്‍ഷം പുറത്തിറങ്ങിയ ' സൂര്യനും ഉദിക്കുന്നു'(The Sun Also Rises) എന്ന നോവല്‍ ഹെമിംഗ് വേ യെ പ്രശസ്തനാക്കി അതും .തുടര്‍ന്ന് രണ്ടു കൊല്ലത്തിനു ശേഷം പുറത്തിറങ്ങിയ ' ശാസ്ത്രങ്ങളോടൊരു വിട'യും ( A farewell to Arms) അദ്ദേഹത്തിന്‍റെ വിശിഷ്ട കൃതികളായി കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ മറ്റൊരു നോവലാണ്‌ ' മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി' ( For Whom the Bell Tolls). എന്നാല്‍ ഹെമിംഗ് വേയുടെ 'കിഴവനും കടലും' എന്ന മാസ്റ്റര്‍ പീസ് സമുന്നതനിലവാരം പുലര്‍ത്തുന്ന കൃതിയായി ലോകം വിലയിരുത്തി.

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ശോകാത്മകമായൊരു പ്രണയകഥയാണ്‌ 'ശസ്ത്രങ്ങളോടൊരു വിട. ലഘുവായൊരു ഇതിവൃത്തം. മുറിവേറ്റ ഫ്രെഡറിക് ഹെന്‍ട്രി എന്ന പട്ടാള ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ വെച്ച് കാതറൈന്‍ ബാര്‍ക് ലി എന്നൊരു സന്നദ്ധ സേവകയെ കണ്ടുമുട്ടുന്നു.അവര്‍ പ്രേമബദ്ധരാവുന്നു. മുറിവുണങ്ങിയ ഹെന്‍ട്രി യുദ്ധരംഗത്തേക്ക് തിരിച്ചുപോവുന്നു. 


Thursday, July 11, 2019

ഏര്‍നെസ്റ്റ് ഹെമിംഗ് വെ { 1898 - 1961}

ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ  ഒരു ഇതിഹാസമാണ്‌  ഏര്‍നെസ്റ്റ് ഹെമിംഗ് വേ.  പ്രഗത്ഭനായ സാഹിത്യകാരന്‍ എന്നതിന് പുറമേ കരുത്തുറ്റ പൌരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവം എന്നൊരു പരിവേഷം കൂടി അദ്ദേഹത്തെ വലയം ചെയ്തിരുന്നു.നായാട്ട്,മീന്‍പിടിത്തം ,ഗുസ്തി ,കാളപ്പോര്,സൈക്കിള്‍ സവാരി , നീന്തല്‍ തുടങ്ങി പലതരം കായിക വിനോദങ്ങളിലും വ്യാപരിച്ച, മദിരയിലും മദിരാക്ഷിയിലും യഥേഷ്ടം അഭിരമിച്ച , യുദ്ധങ്ങളില്‍ പങ്കെടുക്കുകയും സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇല്ലിനോയിലെ ഓക് പാര്‍ക്കില്‍ ഒരു ഡോക്ടറുടെ മകനായിട്ടാണ് ഹെമിംഗ് വേ ജനിച്ചത്‌.കായ്ക വിനോദങ്ങളിലുള്ള അഭിനിവേശം നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. പത്ര റിപ്പോര്ട്ടറായിട്ടാണ് ആദ്യം ജോലി ചെയ്തത്. ഒന്നാം ലോകമഹയുദ്ധത്തില്‍ സന്നദ്ധസേവകനായി ഒരു ആംബുലന്‍സില്‍ ചേര്‍ന്ന് ഇറ്റാലിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും കാലില്‍ കഠിനമായ മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം പാരീസില്‍ വിദേശ ലേഖകനായി ജോലി നോക്കി . അവിടെവെച്ച് സാഹിത്യരചനയില്‍ ജെര്‍ട്രൂഡ സ്ടയ്ന്‍ , എസ്രാ പൌണ്ട് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. സാഹിത്യരചനയും പത്രപ്രവര്‍ത്തനവുമായിട്ടാണ്  പില്‍ക്കാലം ജീവിച്ചത്.
രണ്ടാംലോകമാഹായുദ്ധത്തില്‍ പങ്കെടുക്കുക മാത്രമല്ല  ബോംബര്‍ വിമാനങ്ങളില്‍ പറക്കുക കൂടിയുണ്ടായി. അമ്പത്താറാം വയസ്സില്‍ സ്വന്തം ചരമവൃത്താന്തം പത്രങ്ങളില്‍ വായിക്കുക എന്ന അപൂര്‍വ്വമായ ഒരനുഭവം അദ്ദേഹം നേരിടുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച വിമാനം അഫ്രിക്കയില്‍  തകര്‍ന്നു വീണതായിരുന്നു സന്ദര്‍ഭം. അപകടം ഏല്‍പിച്ച പരിക്ക് അദ്ദേഹത്തിന്റെ മാനസികനില തകരനിടയാക്കി . 7വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയം ചെയ്തു. അതൊരു അപകടമരണമാണെന്നൊരു അഭിപ്രായവുമുണ്ട്. ഹെമിംഗ് വെ നാല് തവണ വിവാഹിതനായി. പല സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.ജീവിതത്തിന്റെ ഉത്തരഭാഗം അദ്ദേഹം ക്യൂബയിലാണ് ജീവിച്ചത്.

Monday, July 8, 2019

യതി എന്ന അനുരാഗനദി

നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".

ആരായിരുന്നു  ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവരുന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.

നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്.  ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ, മോട്ടിവേഷനുള്ള  ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗഹനമായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ്‌ ,കെ പി രമേശ്‌ , സണ്ണി ജോസഫ്‌, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ്‌ ,  സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി  ആന്ട്രൂസ്,   ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു  തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു.  വിജി തമ്പി  ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ  ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല. യതിയെ സംബന്ധിച്ച്  സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ.   ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.  പൂ വിടരും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി' എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍ കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മൊസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും  ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക്‌ മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക്  സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയുന്നു. 
.
സത്യത്തിന്‍റെ വായ്ത്തലയിലൂടെ സശ്രദ്ധം നടന്നുപോയ നിത്യചൈതന്യയതി യുക്തിസഹമായൊരു വലിയ പൈതൃകത്തിന്‍റെ നൈരന്തര്യമാണെന്ന് സി രാധാകൃഷ്ണനും, 'ഞാനല്ലെന്ന ഭാവമാണ് പ്രണയം' എന്ന ലേഖനത്തിലൂടെ ജനന മരണങ്ങളെക്കുറിച്ച് യതിക്കുള്ള യോഗാത്മകമായ ബോധത്തെക്കുറിച്ച് ആഷാ മേനോനും  ഓര്‍മ്മകള്‍ പങ്കിടുന്നുണ്ട്. ദൈവബോധത്തെ ഉന്നതമായൊരു നീതിബോധമായി കാണാന്‍ ശ്രമിച്ച നമ്മുടെ കാലഘട്ടത്തിലെ വലിയൊരു ഓര്‍മയുടെ പേരാണ് നിത്യചൈതന്യ യതി എന്നാണ് സുനില്‍ പി ഇളയിടം ഓര്‍ത്തെടുക്കുന്നത്. മനസ്സിനെയും ഹൃദയത്തെയും സഹജമായ സ്നേഹനിലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു ലാവണ്യാനുഭവമാണ് ഗുരുവിന്‍റെ പ്രഭാഷണങ്ങള്‍ എന്നാണ് ചലച്ചിത്രകാരനായ സണ്ണിജോസഫിന്‍റെ അനുഭവസാക്ഷ്യം. ഭാഷണങ്ങളില്‍ മാത്രമല്ല  ഗുരുവിന്‍റെ സഞ്ചാരത്തില്‍ പോലും ജീവതവ്യമായ അനേകം മുകുളങ്ങള്‍ പൊട്ടിവിരിയുന്ന അപൂര്‍വ ദൃശ്യം ഫേണ്‍ഹില്ലില്‍ നിരന്തരം സന്ദര്‍ശിച്ചിരുന്ന കെ പി രമേഷ് ഉദാഹരണങ്ങളിലൂടെ എണ്ണിയെണ്ണി വിശദീകരിക്കുന്നു.
എന്നാല്‍ ഇതൊന്നുമല്ല അഷിതക്ക് നിത്യ. ഇണങ്ങിയും പിണങ്ങിയും ഗുരുവിന്‍റെ മാനസപുത്രിയായി അകന്നു ജീവിച്ച അഷിത തന്നിലെ പ്രതിഭയെ ഉലയൂതി ഉണര്‍ത്തിയ അധ്യാപനെയാണ് നിത്യയില്‍ കണ്ടത്. കവിതാ ബാലകൃഷ്ണനും അവ്വിധം ഊഷ്മളമായിട്ടാണ് ഗുരുവിനെ ഓര്‍ക്കുന്നത്. കലയിലെ പ്രതിഫലനവും ആവിഷ്കാരവും വ്യാഖ്യാനവും നിരാസവും സമ്മതവും തിരുത്തലും വ്യംഗ്യവും ചലനവും ഒന്നൊന്നായി തന്നെ പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിച്ച കൂട്ടുകാരനായിട്ടാണ് ഗുരുവിനെ കവിത സങ്കല്‍പ്പിച്ചത്‌ .
ഈ പുസ്തകത്തിലെ ഓരോ രചനയും ആശ്ചര്യം നിറഞ്ഞ കവിതകളായി അനുഭവപ്പെട്ടു. ഒരു മനുഷ്യനെക്കുറിച്ച് ഇത്രയും സ്നേഹാര്‍ദ്രമായി ഓര്‍മിക്കുന്ന അപൂര്‍വ സൌഹൃദങ്ങളുടെ ഒരു സ്വരലയമായി ഈ കൃതി വായനക്കാരന്‍റെ മുന്നിലെത്തുന്നു. 
ഗുരുവിന്‍റെ സമാധിക്കു ശേഷം ഗുരുകുലമിത്രങ്ങളില്‍ നിന്നും സൌഹൃദ കൂട്ടായ്മകളില്‍ നിന്നും പിറവികൊള്ളുന്ന നാലാമത്തെ പുസ്തകമാണിത്. നീലഗിരിയില്‍ ഗുരു നിത്യയുടെ സന്തത സഹചാരിയും ഔദ്യോഗിക ഫോട്ടോഗ്രാഫറുമായ ശ്രീ ദത്തന്‍ പുനലൂര്‍ രൂപകല്‍പന ചെയ്ത യതിയുടെ അത്യപൂര്‍വ ചിത്രങ്ങളുടെ രൌ സമാഹാരം , 'നിത്യചൈതന്യം' അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ടിരുന്നല്ലോ. ദത്തന്‍റെ ക്യാമറക്കണ്ണില്‍ വിരിഞ്ഞ  ചിത്രങ്ങളിലൂടെയാണ് ഗുരുവിന്റെ സമാധിക്കു തൊട്ടു മുമ്പുള്ള അവസാനത്ത സൂര്യാസ്തമയം നമ്മള്‍ കണ്ടത്. അപ്പോള്‍ നീലഗിരിയിലെ അസ്തമയച്ചരിവില്‍
തേയിലത്തളിരുകള്‍ മരതകപച്ച വിരിച്ചു ഗുരുവിനായി സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. പുസ്തക പ്രസാധക സംഘമാണ് മനോഹരമായ ഈ കൃതി പുറത്തുകൊണ്ടുവരുന്നത്.നിത്യചൈതന്യ യതി സമാധിയാകുന്നതിനു 
 രണ്ടു ദശാബ്ദം മുന്‍പ് പുസ്തക പ്രസാധക സംഘം ' യതിക്കു ഖേദപൂര്‍വ്വം' ഒരു പുസ്തകം കാണിക്ക വെച്ചിരുന്നു.ഗുരുവില്‍ ഒരു പൂജിതപീഠത്തെ വിഭാവന ചെയ്ത വര്‍ അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം രണ്ടു ദശാബ്ദം പൂര്‍ത്തിയാകുമ്പോള്‍
അനുരാഗത്തിന്‍റെ വേദം സമര്‍പ്പിച്ചത്  തികഞ്ഞ കാവ്യനീതിയായിട്ടുണ്ട്. 
പുസ്തകത്തിന്റെ ജനറല്‍ എഡിറ്റര്‍ കൂടിയായ ശ്രീ വി ജി തമ്പി യുടെ കവിത നിറഞ്ഞ ആമുഖവും  ഗീത ഗായത്രിയുടെ ഗുരുവിനെക്കുറിച്ച്  ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഗംഭീരമായ പഠനവും പുസ്തകത്തിന്റെ  ശോഭ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ലോകം ഇനിയും നിത്യയിലേക്കുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഒരാളെക്കുറിച്ചുള്ള ലോകത്തിന്റെ നിത്യമായ ഓര്‍മകളാണ് അയാളുടെ സ്മാരകം.

 - സേതുമാധവന്‍ മച്ചാട് .


നിത്യചൈതന്യ യതി  : അനുരാഗപര്‍വ്വം
എഡിറ്റര്‍ : വി ജി തമ്പി 
 പുസ്തകപ്രസാധക സംഘം
 വില : 200 രൂപ 

















Sunday, July 7, 2019

യതി എന്ന അനുരാഗനദി





നിത്യചൈതന്യ യതി നമുക്കൊപ്പമില്ലാതെ നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കടന്നുപോയി. കേരളീയ സമൂഹത്തില്‍ ഗുരു നിത്യ അവശേഷിപ്പിച്ച സ്നേഹപരാഗങ്ങളുടെ പ്രകാശഭരിതവും പ്രത്യാശാപൂര്‍ണവുമായ ഓര്‍മ്മകള്‍ സമാഹരിച്ച പുസ്തകമാണ് "നിത്യചൈതന്യ യതി അനുരാഗപര്‍വ്വം ".

ആരായിരുന്നു  ഗുരു നിത്യ എന്ന മനുഷ്യന്‍ ? പ്രകൃതിയുടെ സഹജമായ നിത്യതയാണ് ഓര്‍ക്കുന്നവരിലെല്ലാം തെളിഞ്ഞുവന്നത് . സംന്യാസം സര്‍ഗാത്മകമായ വേറിട്ടൊരു സൌന്ദര്യജീവിതമാണെന്ന് മലയാളിയെ അനുഭവിപ്പിച്ച ഒരാള്‍. പുതിയൊരു സൂര്യോദയമാണ് യതിയുടെ രചനകളിലും ഭാഷണങ്ങളിലും കേരളീയ സമൂഹം കണ്ടത്.ആത്മഹത്യാ മുനമ്പുകളില്‍നിന്നും യതി തിരികെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നവര്‍ ഇതില്‍ സ്വന്തം അനുഭവങ്ങള്‍ വികാരാര്‍ദ്രതയോടെ പങ്കുവെക്കുന്നുണ്ട്.നിത്യയുടെ മൗനമന്ദഹാസങ്ങളെക്കുറിച്ചും
 ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ധ്യാനസാന്ദ്രമായ നിമിഷങ്ങളെ ക്കുറിച്ചും അഹന്തകള്‍ ആ സാന്നിദ്ധ്യത്തില്‍ ഉരുകിയില്ലാതാവുന്നതിനെക്കുറിച്ചും ആകാശം പോലെ പടര്‍ന്നുനില്‍ക്കുന്ന യതിയുടെ ഏകമത സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യാമുഗ്ദ്ധമാവുന്നു ഇതിലെ രചനകള്‍.

നിത്യയുടെ മതം സൌന്ദര്യമായിരുന്നു. സൌന്ദര്യ ദര്‍ശനത്തെ ഇത്രമേല്‍ ആരാധിച്ച മറ്റൊരു സംന്യാസിയെ മലയാളിക്ക് പരിചയമുണ്ടാകാനിടയില്ല.
വലിയ ആള്‍ക്കൂട്ടങ്ങളിലല്ല , ദാഹിക്കുന്ന ചെറുഹൃദയങ്ങളിലാണ് നിത്യ വാസമുറപ്പിച്ചത്.  ജെ. കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള  ഗ്രൂപ്പുകളോട് മാത്രം അദ്ദേഹം നിരന്തരമായി സംവദിച്ചു. ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകം വികസ്വരമാക്കിക്കൊണ്ടാണെന്ന്
സ്വജീവിതത്തിലൂടെ ഗുരു തെളിയിച്ചു. പ്രഭാഷണങ്ങളില്‍ വാക്കുകളുടെ ഒരു മഹാലോകം സൃഷ്ടിക്കുമ്പോള്‍പ്പോലും ഗ മായ നിശബ്ദതകള്‍ അദ്ദേഹത്തെ പൊതിഞ്ഞുനിന്നു. അതെ, യതി ഒരു തല്‍സമയ മനുഷ്യനായിരുന്നല്ലോ. മുന്‍വിധികളോ ജീര്‍ണിച്ച വാസനകളോ അടിച്ചേല്‍പ്പിച്ച ആസൂത്രണങ്ങളോ ഇല്ലാത്ത ഒരു ജൈവമനുഷ്യന്‍. ആ ജലാശയത്തില്‍ കവിതയും ശാസ്ത്രവും ദര്‍ശനങ്ങളും ഒന്നിച്ചു നീന്തിത്തുടിച്ചു.
ലോകത്തിലെ ഏറ്റവും പ്രകാശമുള്ള ആശയങ്ങളും അഭിരുചികളും അനുഭൂതികളും അതിമനോഹരമായ രസതന്ത്രമായി യതിയില്‍ പ്രവര്‍ത്തിച്ചു .അന്തര്‍വാഹിനിയായ ആ അനുരാഗനദി സദാ പ്രചോദനങ്ങളുടെ നിത്യസാന്നിധ്യമായി നിലകൊണ്ടു.
ഗുരു നിത്യയുടെ അനുരാഗനദിയില്‍ സ്നാനംചെയ്ത ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു കവിയായ ശ്രീ വി ജി തമ്പി.
അഷിത, സി രാധാകൃഷ്ണന്‍, ആഷാമേനോന്‍, സുഭാഷ് ചന്ദ്രന്‍, ഷൌക്കത്ത് , സുനില്‍ പി ഇളയിടം, കവിതാ ബാലകൃഷണന്‍, സേതുമാധവന്‍ മച്ചാട് , ഗീത ഗായത്രി, ഐ ഷണ്മുഖ ദാസ്‌ ,കെ പി രമേശ്‌ , സണ്ണി ജോസഫ്‌, ഷഹബാസ് അമന്‍ ,പി കെ ഗോപി , കെ പി സുധീര, സുഗത പ്രമോദ് , ഗീത രാജീവ്, എന്‍ എ നസീര്‍, എം ആര്‍ അനൂപ്‌ ,  സെബാസ്റ്റ്യന്‍, എസ് പൈനാടത്ത്,ജെനി  ആന്ട്രൂസ്,   ആര്യാ ഗോപി ,സിസ്റ്റര്‍ ശോഭ , ശശി മേമുറി, കെ ടി സൂപ്പി ,ഇ എം ഹാഷിം, പ്രമോദ് കൂരമ്പാല , മഞ്ജു, ഹുസൈന്‍ കെ എച്ച്, മണമ്പൂര്‍ രാജന്‍ബാബു  തുടങ്ങി വലിയൊരു നിര ഈ പുസ്തകത്തില്‍ കൈകോര്‍ക്കുന്നു. ജനറല്‍ എഡിറ്റര്‍ കവി വിജി തമ്പിയാണ്. അദ്ദേഹം  ഷൌക്കത്തുമായി നടത്തുന്ന ദീര്‍ഘസംഭാഷണം ഗുരു നിത്യ ചൈതന്യ യതിയുടെ  ദര്‍ശനങ്ങളുടെ ചിദാകാശത്തിലേക്കുള്ള അപൂര്‍വ സഞ്ചാരമാണ്.
ഈ പുസ്തകത്തിന്‍റെ വായനാനുഭവം വേറിട്ടതാണ്. നാമിതുവരെ കണ്ട , മനസ്സിലാക്കിയ അനുഭവിച്ച ഗുരു സൗഹൃദം അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളോടെ നമുക്കുമുമ്പില്‍ ചിറകു വിടര്ത്തുന്നതു അതിശയത്തോടെ നാം നോക്കിനില്‍ക്കും. ലളിതവല്‍ക്കരണവും അതിഭാവുകത്വവും വൈയക്തികമായ വികാരവായ്പ്പുകളും നിസ്സംഗമായ അനുഭവവിവരണവും ഉന്മാദം നിറഞ്ഞ സാക്ഷ്യങ്ങളും ശിശുസഹജമായ ഓര്‍മകളും നിത്യയുടെ അസാധാരണ വ്യക്തിചേതനയെ ഉണര്‍ത്തുവാന്‍ പര്യാപ്തമായിട്ടുണ്ട്. നിരാര്‍ദ്രമായ വേദാന്തത്തിന്‍റെ രഹസ്യങ്ങളൊന്നും ഗുരു ആര്‍ക്കുമുമ്പിലും പ്രദര്‍ശിപ്പിച്ചില്ല. ഒരു കയ്യടക്കവും അദ്ദേഹം കാണിക്കുന്നില്ല. ഭസ്മവും രുദ്രാക്ഷവും കാഷായവും ഗുരുപീഠവും മെതിയടിയും തേടി ആരും ഫേണ്‍ഹില്‍ ഗുരുകുലത്തിലേക്ക് പോയില്ല.  സംന്യാസം ഒരു ഓഫീസ് ആയിരുന്നില്ലല്ലോ  യതിയെ സംബന്ധിച്ച്. ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പൂ വിരിയും പോലെ സഹജമായി സംഭവിക്കേണ്ട ഒരാന്തരികതയായി സംന്യാസത്തെ ഗുരു വീക്ഷിച്ചു.
ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന 'ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്‍റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു . നിത്യയുടെ പ്രാര്‍ഥനാ ഗൃഹം പുസ്തകച്ചുമര്‍കൊണ്ടുണ്ടാക്കിയ ഒരു കൊച്ചുമുറിയായിരുന്നു. അവിടെ ബീഥോവനും യഹൂദി മെനുഹിനും മോസാര്‍ട്ടും ശക്കുഹാച്ചിയും ഗുരുവിന്‍റെ ധ്യനപൂര്‍ണിമയിലെ വിട്ടുപിരിയാത്ത കൂട്ടുകാരായി നിന്നു. പിക്കാസോയും ക്ലോദ് മോനെയും ടാഗോറും കാളിദാസനും കാന്‍ടും യുങ്ങും, വാല്മീകിയും ടോള്‍സ്റ്റോയിയും ,ജലാലുദ്ദിന്‍ റൂമിയും സോളമനും സില്‍വിയ പ്ലാത്തും എ ഡാ വാക്കറും ഗീതഗോവിന്ദവും  ജ്ഞാനേശ്വരിയും ദര്‍ശനമാലയും ആത്മോപദേശശതകവും യതിയുടെ നിത്യചങ്ങാതിമാരായിരുന്നു.
മനുഷ്യന്‍റെ ആന്തരപ്രകൃതി നിശബ്ദമായൊരു ഭാവാന്തരത്തിന് വിധേയമാകുന്ന അവസ്ഥ യതിയുടെ രചനകളില്‍ നാം തിരിച്ചറിയും.ഒരു കവിക്ക്‌ മാത്രം സാധിക്കും വിധം പ്രപഞ്ചസത്യങ്ങളെ പകര്‍ന്നു തരാന്‍ നിത്യയിലെ പ്രതിഭക്ക്  സാധ്യമായത് ഈ പുസ്തകത്തില്‍ നാം വായിച്ചറിയും.