Monday, September 26, 2016

അറിയാപ്പൂ മണങ്ങളേ


അറിയാപ്പൂമണങ്ങളേ... എന്നാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ തന്‍റെ ഹൈകു പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. നാട്ടുമണങ്ങള്‍ വിരുന്നെത്തിയ ഇടവഴികളിലൂടെയുള്ള അലസസഞ്ചാരമാണ് ഈ കവിതകള്‍. ഉരുസക്കുത്തായ ഈ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ നമ്മുടെ ദേശത്തിന്റെ യും നാം രാപാര്‍ക്കുന്ന ലോകത്തിന്റെയും നമ്മുടെ കാലത്തിന്റെയും തെളിമാനങ്ങള്‍ നമ്മെ വന്നു മൂടുന്നു.നമ്മെ വന്നു മൂടിയ നീഹാരിക വകഞ്ഞു നീക്കുമ്പോള്‍ തിരിച്ചറിയുന്നു ഇത് നമ്മുടെ മണ്ണാണ്.  ജാപ്പനീസ് ഹൈക്കു കവിതയുടെ ചെറിവസന്തം നുകര്‍ന്ന ഒരാള്‍ താനിപ്പോള്‍ നില്‍ക്കുന്ന വിതാനം സമാനഹൃദയനായ ഒരു മലയാള കവിയുടെ സങ്കല്പലോകമാണെന്ന് . ഈ കവിയുടെ ഹൈക്കുവില്‍ സമീപസ്ഥമായൊരു ശാന്തസമുദ്രം നാം അനുഭവിക്കും. വര്‍ത്തമാന ലോകത്തിന്റെ ജീവിത സന്ധികള്‍ എത്ര അനായാസമാണ് ഈ ഹൈക്കു കവിതകളില്‍ ഇതള്‍ നീര്‍ത്തുന്നത്.  അടിമുടി സ്വാച്ഛന്ദ്യമാണ്‌ ഇതെഴുതിയ കവിയുടെ ജീവിതം.
നിശബ്ദതയെ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാന്‍ ഒരാള്‍ക്കാകുമോ? കേവലം മൂന്നു വരിയില്‍ നിശബ്ദതയുടെ ഭാവാന്തരമാണ് ഈ കവി സാധന ചെയ്യുന്നത്. നിത്യജീവിതത്തില്‍ നാം കാണുന്ന, അനുഭവിക്കുന്ന, നമ്മെ വന്നു പൊതിയുന്ന കാഴ്ചകള്‍ അനുഭവത്തിന്റെ സാകല്യത്തോടെ കവി പുനരെഴുതുന്നു. മൂന്നു വരിയില്‍ മൂന്നു ചുവടും മൂന്നു ലോകവും മറികടക്കുന്നു. കലയുടെ രസതതന്ത്രം.
ഞാന്‍ പറയുക, കലയുടെ രസം ജീവനരസം തന്നെയാണ് എന്നത്രേ. അത് നമ്മള്‍ കരുതിക്കൂട്ടി നിര്മിക്കുന്നതല്ല. അഥവാ അത് നമ്മെ നിര്‍മിക്കുകയാണ് എന്നതല്ലേ ശരി? ഹൈക്കു കവിയെ എഴുതുകയാണ്. സന്നിഗ്ധഘട്ടങ്ങളില്‍ ആറ്റിക്കുറുക്കിയ പദങ്ങളുമായി അവള്‍ വന്നു നൃത്തം ചവിട്ടുന്നു. അതിനു കവിയുടെ തപോബലവും കൂട്ടുവേണം.  നിഷ്പന്ദമായ മാത്രകളെ ആവാഹിക്കാന്‍ പരിപാകം വന്ന ഒരു ഹൃദയത്തിനെ കഴിയൂ.
അധ്യാപകനും കുമരനെല്ലൂരിലെ ഗ്രാമീണ സൌന്ദര്യം ഉള്ളില്‍ വഹിക്കുന്നവനുമായ ഈ കവി തികഞ്ഞ സംയമി ആണെന്ന് ഈ ഹൈക്കു കവിതകള്‍ സാക്ഷ്യം പറയുന്നു. ആ സംയമം ആധ്യാത്മികമാണ്, എന്നാല്‍ മതപരമല്ല. ആത്മീയം പോലുമല്ല.  ആന്തരികലോകത്തിന്റെ യാഥാര്‍ഥ്യം മറ നീക്കി കാണിക്കുകയാണ്  കവി.  അമ്പെയ്യുന്നതിനു തൊട്ടു മുമ്പുള്ള എകാഗ്രതയിലാണ് കവി. 

 






ചാന്ദ്രിമ വീണുകിടന്ന തടാകങ്ങളും നിലാവരിച്ചിറങ്ങിയ മുളംകാടുകളും നിമ്നോന്നത  സ്ഥലികളില്‍ ഏകാന്തമായ കാലത്തെ വിളിച്ചു പറയുന്ന ജലനിശബ്ദതയും മേഘങ്ങള്‍ക്കൊപ്പം ചിറകു നീര്‍ത്തിയ  പറവകളും  മൈതാനം കടന്നുപോകുന്ന ആത്മാവിന്റെ നിഴലുകളും ഈ കവിയുടെ പ്രാണനിശ്വാസമായി വാക്കുകളില്‍ വന്നുദിക്കുന്നു.

"കാത്തു കൂര്‍പ്പിക്കൂ / വെയില്‍ പരക്കുന്ന/ നനുത്ത ശബ്ദം "
ഏകാന്തമായ മനുഷ്യാനുഭവത്തെ ഇതിലും നന്നായി സ്നാനപ്പെടുത്തുന്നതെങ്ങനെ?

"പൌര്‍ണമിച്ചന്ദ്രന്‍ / ഓട്ടപ്പുരക്കുള്ളിലും/ സ്വര്‍ണം"

"കാരിരുമ്പും/തുടുത്ത പൂവും /കൊല്ലന്റെ ആലയില്‍"

"പായലിന്‍ മറ നീക്കി പൊങ്ങിയ മീനെ / ഉദിച്ചു ചന്ദ്രന്‍"


രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരുന്ന അനുഭവം. ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം . ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവമാണ്‌ ഈ കവിതകള്‍ നമുക്ക് തരുന്നത്. 

"അടുത്തിരിക്കൂ / ചില്ലയില്‍ നിന്നും ഇല കൊഴിയുന്നു."

"വിളക്കണച്ച്/വാതില്‍ തുറക്കൂ/ ചന്ദ്രോത്സവം"



ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു .ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.  നമ്മുടെ ജീവിതത്തില്‍ നിന് ആറ്റിക്കുറുക്കിയ 'സൂത്രങ്ങളാണ്' ഹൈക്കു.നമുക്കതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വ്യാഖ്യാനം കവിതയുടെ സൌന്ദര്യം ഇല്ലാതാക്കും. അത് വിവരണങ്ങള്‍ക്കപ്പുറത്താണ്. നമ്മിലേക്ക്‌ നോക്കി ധ്യാനിച്ചെടുക്കേണ്ടതാണ് ഓരോ കവിതയും. ഒരു പുസ്തകത്തിനും വ്യഖ്യാതാവിനും കവിതയുടെ സൌന്ദര്യം പഠിപ്പിക്കാനാവില്ല. എന്തെന്നാല്‍ കവിത ഒരു പൂ വിടരലാണ്. ഓരോ ദലത്തിലും ഉമ്മ വെച്ച മഞ്ഞുതുള്ളി പോലെ സചേതനമായ ഒരു കാഴ്ചയുടെ അപൂര്‍വ വ്യാഖ്യാനം.

"ഒന്നനങ്ങിയാല്‍ /വീണു പോമെന്ന നില്പ്/ പൂത്ത കാനനം."

"പാതിരാ/ പുസ്തകത്താളുകള്‍ / മറിയുന്ന ഒച്ച മാത്രം"

"ചുട്ട മരച്ചീനി / തോലികളയുന്ന ശബ്ദം / നമുക്കിടയില്‍ മറ്റാരുമില്ല"


  കേവലം മൂന്ന് വരിയാണോ 'ഹൈക്കു'? കാലവും ദേശവും കുട നീർത്തുന്ന മൂന്നുവരി മാത്രം? ഓർമകളെ പരാവർത്തനം ചെയ്യുന്ന ഒരു നിമിഷത്തിന്റെ പദധ്യാനം എന്ന നിലയിൽ ഹൈക്കു ഒരാത്മീയാനുഭവമായി സെൻ പാരമ്പര്യത്തിൽ നിലനിന്നു. അത് നാം ജീവിച്ച നിമിഷത്തിന്റെ സൌന്ദര്യമായിരുന്നു. വേദനകൾക്കും ആനന്ദത്തിനുമിടയിൽ ഒരു മാത്ര ഹൈക്കു നിങ്ങളിൽ ആവിർഭവിച്ചു. അടുക്കളയിൽ, എഴുത്തുമുറിയിൽ, സ്നാനഗൃഹത്തിൽ, പ്രാതൽ വേളയിൽ, നിരത്തിൽ, ജോലിസ്ഥലത്ത് എപ്പോഴോ അത് സംഭവിച്ചു. വാക്കുകൾ കാന്തിചൊരിഞ്ഞുകൊണ്ട്‌ ഹൈക്കുവിന്റെ അവബോധമായി നിങ്ങളെ മുകർന്നു. അത് സ്ത്രീയായും പുരുഷനായും വെയിലായും മഞ്ഞായും മരണവും വിരഹവുമായി ദേശാടനവും ഭിക്ഷാടനവുമായി നമുക്കുചുറ്റും പ്രത്യക്ഷപ്പെട്ടു. ഏകാന്തനിമിഷങ്ങളുടെ അപൂർണതയിലും മൂർത്താനുഭവങ്ങളുടെ സുതാര്യതയിലും കവിത ഹൈക്കുവിൽ വന്നുഭവിച്ചു. 

"വീഞ്ഞു കോപ്പയില്‍/ ഇറ്റിറ്റു വീഴൂ ചന്ദ്രാ / എകാന്തരാത്രി"

"നിന്റെ ചുണ്ടുകള്‍/ എന്റെ ചുണ്ടുകളെ തൊടുന്നു / ഹാ വസന്തം"

"വിറയാര്‍ന്ന ചുണ്ടുകളെ / പ്രിയനിലേക്ക് / എത്ര ദൂരം?"

"മുഖം കാണുന്നില്ല/ ജാലകത്തിലൂടെ പാറുന്ന / മുടിയിഴകള്‍ മാത്രം"

കവിതക്കുള്ളിൽ കവിതയെന്ന പോലെ അനുഭവത്തിന്റെ ഒരു ധ്വന്യാലോകം ഹൈക്കുവിൽ വിടർന്നുവന്നു. 

ശ്രീബുദ്ധൻ പറഞ്ഞു , "നടക്കുമ്പോൾ നടക്കുക. ഇരിക്കുമ്പോൾ ഇരിക്കുകയും കിടക്കുമ്പോൾ കിടക്കുക മാത്രവുംചെയ്യുക. " നാം എന്താണോ ചെയ്യുന്നത് അതിൽ മാത്രം നിറയുക. നീ നിന്റെ വിളക്കാകുകഎന്ന് അദ്ദേഹം പറയുന്നിടത്ത് നമ്മുടെ ആത്മപ്രകാശനത്തിന്റെ സൌന്ദര്യ ത്തിലെക്കാണ് വിരൽചൂണ്ടിയത്. ഹൈക്കുവിൽ ബോധം എന്നത് (Mindfulness അഥവാ Awareness )എത്രമേൽ ജാഗ്രത്താണെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ നമുക്ക് വ്യക്തമാവും. വർത്തമാനത്തിൽ നമ്മുടെ ചുറ്റുപാടുകളും രസം, ഗന്ധം, സ്പർശം, രുചി, ദൃശ്യം തുടങ്ങിയ ഇന്ദ്രിയനിർവിശേഷമായ അനുഭവങ്ങളും കവിതയിൽ നിവേദിക്കപ്പെടുന്നു. ഉണ്മയും ശൂന്യതയും വസ്തുവിന്റെ ( thingness ) പ്രഭാവത്തോടെയാണ് ഹൈക്കുവിൽ ഉണർന്നുവരിക. ശരീരത്തോടൊപ്പം മനസ്സും ബോധവും ഉണർന്നു പ്രവർത്തിക്കുന്നുണ്ടല്ലോ? ശരീരം നിശ്ചലമാവുമ്പോൾ മനസ്സും ബോധവും ക്രമേണ നിദ്രയിലേക്ക് പോകുന്നു . അതിനാൽ നമ്മിൽ സംപ്രാപ്തവും സന്നിഹിതവുമായ സമയവും സ്ഥലവും വികാരങ്ങളും ഹൈക്കു കവിതയിലും പ്രതിഫലിക്കും. 

"ചാണകമണവും/ പാല്‍മണവും/ ഒരേ തൊഴുത്തില്‍ നിന്ന്"

"തെരുവില്‍ കിടക്കുന്നു / യാചകന്‍ / നിലാവിനാല്‍ സമ്പന്നന്‍"



ശബ്ദത്തിന്റെ (sound ) എതിർപദമല്ല നിശബ്ദത (silence ). പലപ്പോഴും നിശബ്ദത എന്നത് കേൾക്കാത്ത ശബ്ദങ്ങളാണ്. ഹൈക്കു കവിതയിൽ നിഹിതമായ മൌനം ശബ്ദത്തിന്റെ നിലക്കാത്ത പ്രവാഹമായി അനുഭവപ്പെട്ടിട്ടുണ്ട് . നിശബ്ദതയും മൌനവും ധ്യാനവും മതാത്മകമായി അനുശീലിക്കേണ്ട ഒന്നല്ല. നിശബ്ദമായ ഒരു പ്രവാഹം നാം അകമേ വഹിക്കുന്നുണ്ട് എന്നതാണ് സത്യം. ഹൈക്കുവിൽ അത് അത്രമേൽ അന്തർനിഹിതമായിരിക്കുന്നു. ഇലകളുടെ മർമരം, പക്ഷികളുടെ കൂജനം, കാറ്റിന്റെ സീല്ക്കാരം, മേഘങ്ങളുടെ അലസസഞ്ചാരം, നിലാവിന്റെ മന്ദസ്മിതം, പുൽമേടുകളുടെ മൌനം, പുഴയുടെ കളരവം, തടാകത്തിന്റെ ശയനം എല്ലാറ്റിലുമുണ്ട് നിശബ്ദതയുടെ ആരവം. ജീവിതത്തിന്റെ ആരവങ്ങളിൽ നിന്നാണ് നിശബ്ദതയുടെ ഗീതം കവിതയായി വാർന്നു വീഴുന്നത്.


"കാട്ടിത്തരുമോ /ഒളിപ്പിച്ച പുല്ലാങ്കുഴല്‍ /കുയില്‍പാറുന്നു"

"ഒറ്റമരം/ പൊഴിച്ച /തണല്‍ /പൂക്കളെക്കാളധികം"



തടാകത്തിലെ നിശ്ചലത , അതില്‍ വീണു പ്രതിഫലിച്ച ഭാസുരമായ രശ്മികള്‍ 
 താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴലുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ  തടാകജലത്തിലുണ്ടായിരുന്നു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത നമ്മില്‍ പ്രവേശിക്കുകയായി., ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അത് നമ്മുടെ  മൌനത്തിന്റെ മുദ്രയായി ,നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി ആലിംഗനം ചെയ്യുന്നത് അനിര്‍വചനീയമായ അനുഭവമായി നാം തൊട്ടറിയുന്നു. ആ നിമിഷങ്ങളില്‍ ദൈവംപോലും അനുരാഗിയാവും..

 കുമാരനെല്ലൂരില്‍ വിടര്‍ന്ന  ഹൈക്കുവില്‍ എത്രയെത്ര രാഗങ്ങളാണെന്നോ?
അത് അമൃതവര്‍ഷിണിയായി കവിതയുടെ ഉന്മാദമായിഹൈക്കുവില്‍ മുത്തമിടുന്നു.വാക്കുകള്‍ കൊണ്ട് കളമെഴുതുന്ന കവിയുടെ  അനന്ത വിചിത്രമായ കല്പനകള്‍ നമ്മുടെ രസമുകുളങ്ങളെ തൊട്ടുതലോടുന്നു. 


പദചാരുതയും  രചനാ സ്വാച്ഛന്ദ്യവും ശ്രീ രാമകൃഷ്ണന്‍ കുമാരനെല്ലൂരിനറെ ഹൈക്കുവില്‍  സംയമത്തോടെ വന്നു നില്‍ക്കുന്നു. അദൃശ്യമായ സ്പര്‍ശിനികള്‍ അവയെ മുകര്‍ന്നെടുക്കുന്നു. മലയാളത്തിലും ഹൈക്കു അനുഭവം 'സട്ടൊരി' പോലെ വായനയുടെ പ്രശാന്തിയില്‍ ജ്യോതിസ്സായി ഒളിപരത്തുന്നു. 


- സേതുമാധവന്‍ മച്ചാട് .
   26. 09. 2016

No comments:

Post a Comment