Monday, October 31, 2022

തമിഴകമണ്ണിലൂടെയുള്ള തീർഥാടനം നമ്മെ ശ്രീരംഗം മുതൽ ചിദംബരം വരെയും മധുര രാമേശ്വരം തൊട്ടു കന്യാകുമാരി വരെയും ചെന്നെത്തിക്കും. ശൈവവും വൈഷ്ണവവുമായ അനേകം കോവിലുകൾ.കുംഭകോണത്തിനും തില്ലൈ ചിദംബരത്തിനുമിടയിലുള്ള നവഗ്രഹ ക്ഷേത്രങ്ങൾ. അതിൽത്തന്നെ ചോള ശില്പകലയുടെ ഉളിയൊച്ചകൾ സംഗീതമായി ഘനീഭവിച്ച തഞ്ചാവൂർ,ഗംഗൈ കൊണ്ടചോളപുരം, ദാരാ സുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ ചോഴമഹാക്ഷേത്രങ്ങൾ എന്നറിയപ്പെട്ടു. ബൃഹദീശ്വരവും ദാരാസുരവും ശില്പസൌഭഗത്തിന്‍റെ പുരാതല്പങ്ങളാണ്. ഈ യാത്രയില്‍ എന്നെ മോഹിപ്പിച്ചത്‌ ദാരസുരത്തിലെ ഐരാവതേശ്വരമാണ്, തീര്‍ച്ചയായും.പ്രാചീനമായൊരു കാല്പനികത ദാരാസുരത്തെ വേറിട്ട അനുഭവമാക്കുന്നു. ഹിന്ദോളത്തില്‍ നാഗസ്വരം വിടര്‍ന്നുലാവിയ പ്രഭാതത്തില്‍ അവിടെ എത്തുമ്പോള്‍ അറിഞ്ഞും കേട്ടുമെത്തിയ ഏതാനും വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചോളനാഗരികതയുടെ ധാരാവാഹിയായ ശില്പവിന്യാസവും,ദ്രാവിഡപ്പെരുമയുടെ അലങ്കാരപ്രിയതയും സമന്വയിച്ച ഈ ക്ഷേത്രച്ചുറ്റുകൾ സൌന്ദര്യത്തിന്‍റെഇതളുകള്‍ കൊണ്ട് പ്രകൃതിയുടെ പെരുമാളിന് മാല്യം തീര്‍ക്കുന്നു. തേവാരപ്പാട്ടിന്‍റെ പ്രാക്തനമായ ശീലുകള്‍ മണ്മറഞ്ഞുപോയൊരു കാലത്തിന്‍റെ ഏകാന്തവും മൃണ്‍മയവുമായ ധ്യാനം തിരികെ തന്നു. ശിലയിലുറഞ്ഞ സംഗീതമാണ് ശില്പങ്ങൾ എന്നൊരു ചൊല്ലുണ്ടല്ലോ.ദാരാസുരത്തെ ഐരാവതത്തിലെത്തുമ്പോൾ നാമത് അനുഭവിച്ചറിയും.കരിങ്കല്ലിൽ വിടർന്ന കവിതകളാണ് ബൃഹദീശ്വരത്തെയും ദാരാസുരത്തെയും കൃഷ്ണശിലകൾ.രഥചക്രങ്ങൾ വഹിക്കുന്ന ശിലാതളിമത്തിലാണ് ശിവപെരുമാളിൻ്റെ നില്പ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജരാജ ചോഴൻ രണ്ടാമൻ്റെ കാലത്താണ് ദ്രാവിഡ വാസ്തുശൈലിയിലുള്ള ക്ഷേത്രത്തിൻ്റെ നിർമാണം പൂർത്തിയാവുന്നത്. കൊണാർക്കിലെ സൂര്യക്ഷേത്രത്തിൻ്റെ ശില്പഗരിമയോട് സാമ്യമുള്ള ഒരു നിർമാണ ശൈലിയായാണ് ഇവിടെയും. ദുർവാസാവിൻ്റെ ശാപത്താൽ ശ്വേതനിറം നഷ്ടപ്പെട്ട ഐരാവതം എന്ന ആന ഇവിടെയെത്തി പരമശിവനെ തപസ്സു ചെയ്യുകയും ശിവപ്രീതിക്കായി ക്ഷേത്രക്കുളത്തിൽ സ്നാനം ചെയ്ത് ഐരാവതത്തിൻ്റെ വെളുപ്പ് നിറം തിരികെ ലഭിച്ചുവെന്നും കഥ. തീർത്ഥക്കുളത്തിൽ മുങ്ങിനിവർന്ന യമദേവനും അത്തരമൊരു അനുഭവമുണ്ടായി. യമതീർഥമെന്നും ക്ഷേത്രക്കുളത്തിനു പേരുണ്ട്. കാവേരീ നദിയിലെ ധാരയാണ് ഈ തീർഥമെന്നു കരുതപ്പെടുന്നു. തൊട്ടരികെ പെരിയനായകിയുടെ മറ്റൊരു കോവിൽ കാണാം.പാർവതീ ദേവിയാണ് അമ്മനായി അവിടെ കുടികൊള്ളുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും ഒളിമങ്ങാത്ത നിലവറയാണ് ദാരാസുരത്തെ ഈ പെരുംതൃക്കോവിൽ. 85 അടി ഉയരമുള്ള ഐരാവതേശ്വരൻ കോവിലിൻ്റെ വിമാനവും കുതിരകളെ പൂട്ടിയ കൂറ്റൻ രഥത്തിൻ്റെ മാതൃകയിലുള്ള മുഖമണ്ഡപവും അലങ്കരിക്കുന്ന ഈ ശിലാശില്പം യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം തേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യൻ ക്ഷേത്രലിഖിതങ്ങൾ രാജരാജേശ്വരം എന്നാണ് ദാരാസുരത്തെ ഈ കവിതയെ വിളിക്കുക. ശില്പകലയുടെ ധാരാളിത്തം നിറഞ്ഞ സൗന്ദര്യോപാസന പുറംപ്രാകാരത്തിൻ്റെ അകച്ചുറ്റിലാണ്. വാത്സല്യമൂറുന്ന മിഴികളുമായി ശയിക്കുന്ന നന്ദികേശ്വരനും മണ്ഡപത്തിലെ സംഗീതധാരയായ കരിങ്കൽ തൂണുകളും ഭിത്തികകളിൽ താളം ചവിട്ടുന്ന സാലഭഞ്ജികമാരും പ്രവേശന കവാടത്തിലെ ദീപലക്ഷ്മിമാരും ദ്വാരപാലകരും മാത്രമല്ല കാഴ്ചയുടെ ഭ്രമം തീർക്കുന്ന മൃഗ നര ശില്പങ്ങളും ചലനത്തിൻ്റെ ചടുലമായ ചിലങ്കാനാദം കേൾപ്പിക്കുന്നുണ്ട്‌. Visual Fantasy എന്നുതന്നെ പറയാവുന്ന അപൂർവദൃശ്യങ്ങളാണ് ശില്പങ്ങളിൽ.ആനയുടെ ഉടലും സിംഹത്തിൻ്റെ ശിരസ്സും ഒരേ ശരീരത്തിൽ കൊത്തി വെച്ചിരിക്കുന്നു. രഥചക്രങ്ങൾ വലിച്ചുകൊണ്ടു മുന്നോട്ടു കുതിക്കുന്ന കുതിരകൾ, നൃത്തം ചെയ്യുന്ന തരുണിമാർ ആയുധധാരികളായ പുരുഷന്മാർ തുടങ്ങിയ ദൃശ്യബിംബങ്ങൾ ചോളഭരണകാലത്തെ സാമൂഹ്യചിത്രം വരച്ചിടുന്നതാകാം. ക്ഷേത്ര നടയിലെ നന്ദിയുടെ ആരൂഢം സപ്തസ്വരമുതിർക്കുന്ന പടിക്കെട്ടുകൾ കേറിവേണം ചെന്ന് വന്ദിക്കാൻ.നീണ്ട ഇടനാഴികളും കൽത്തൂണുകളും അന്തരാളത്തിലെ കരിങ്കൽപ്പാളികൾ പതിച്ച നടവഴിയും ഉപദേവതകൾ പ്രതിഷ്ഠ കൊള്ളുന്ന ക്ഷേത്രച്ചുറ്റും ഇടമുറിയാതെ മഴപെയ്യുമ്പോൾ നിറഞ്ഞുകവിയുന്ന നാലമ്പലത്തിൻ്റെ പ്രാകാരസ്‌ഥലിയും ശ്രീകോവിൽ നടയിൽ നിന്നുയർന്നുകേൾക്കുന്ന തേവാരപ്പാട്ടും എല്ലാം ചേർന്നൊരുക്കുന്ന ദൃശ്യവും ശ്രാവ്യവുമായ അനുഭവം തമിഴകപെരുമയുടെ അനന്തകാലത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകും.

No comments:

Post a Comment