Thursday, March 1, 2012

Himasringangalil 4കൈലാസം കണ്ടു മടങ്ങുന്നവര്‍ ഒപ്പം ഒരു സരസ്സും കൊണ്ടുവരുന്നു. നമ്മിലുണ്ടായിരുന്ന, ഉള്ളിലുണ്ടെന്നറിയാതിരുന്ന 'മാനസ സരോവരം'. മനുഷ്യന് ഭൂമി നല്‍കിയ ദൃശ്യവിസ്മയം. നീലാകാശവും ഹിമശിഖരവും പ്രതിഫലിച്ച ജലനിശബ്ദതയിലൂടെ നടന്നുപോകുന്ന പ്രയാണി ഐഹികമായ പ്രേരണകളേതുമില്ലാതെ പ്രദക്ഷിണവഴിയിലെ പ്രാര്‍ഥനയാവുന്നു. ഭൂമിയുടെ നെറുകയില്‍ ചുറ്റുമുള്ള പര്‍വതങ്ങളുടെ സംരക്ഷണവലയത്തില്‍ ഏതാണ്ട് 85 കി മീ ചുറ്റളവില്‍ അറ്റം കാണാത്തതുപോലെ നീണ്ടുവളഞ്ഞ് സമയംപോലെ സാന്ദ്രമായി ഈ നീലത്തടാകം ഇതാ നമുക്ക് മുന്നില്‍. സൃഷ്ടിയുടെ കാരകനായ ബ്രഹ്മാവിന്റെ മനസ്സില്‍ നിന്നാണ് ഈ സ്വപ്നജലശയ്യ രൂപമെടുത്തത്. പാര്‍വതീദേവിക്ക് നീരാടാനായി ഉറവയെടുത്ത നിലാവിന്റെ തടാകം. ചാന്ദ്രിമ വീണുകിടന്ന പൌര്‍ണമിരാവുകളില്‍  പാര്‍വതിയും തോഴിമാരും അപ്സരസൌന്ദര്യത്തോടെ ഇവിടെ നീരാട്ടിനെത്തി.  നീലനീരാളത്തിലെ ബ്രഹ്മകമലം അവര്‍ക്കായി ഉദിച്ചുയര്‍ന്നു. ഇവിടെനിന്നാണ് സരയൂ നദി ഉദ്ഭവിച്ചതെന്ന് ആദികാവ്യം പറയുന്നു. രാഗവതിയായ സന്ധ്യയില്‍ താരാനാഥന് നീരാജനവുമായെത്തിയ നക്ഷത്രജാലം വജ്രകാന്തിയോടെ ഉദിച്ചുയര്‍ന്ന കാഴ്ച ആരതി പോലെ നമുക്ക് പകരുകയാണ് എം കെ രാമചന്ദ്രന്‍. " താഴ്ന്നിറങ്ങി ക്കിടന്ന ചക്രവാളത്തില്‍ അസാധാരണവലിപ്പമുള്ള പൌര്‍ണമിചന്ദ്രന്‍ കൈയ്യെത്തും ദൂരത്തു വന്നുനിന്നു.ആകാശം മുഴുവന്‍ ഒരു കണ്ണാടിയിലെന്നപോലെ തടാകത്തില്‍ പ്രതിഫലിച്ചു. ചെമ്മണ്‍നിറം പൂണ്ട മൊട്ടക്കുന്നുകളും മേടുകളും നിലാവെളിച്ചത്തില്‍ മുങ്ങിനീരാടി. പ്രകൃതിയുടെ നഗ്നതയില്‍ വിശുദ്ധിയെന്തെന്നു നിര്‍വൃതിയോടെ അറിയുന്ന നിമിഷം. എക്കാലത്തേക്കും ഓര്‍മയില്‍ മുദ്രിതമാവുന്ന നിമിഷം."

മാനസസരോവര പ്രദക്ഷിണം പൂര്‍ത്തിയാക്കി, കാലഭൈരവനെപ്പോലെ മഹാമേരുവായി നിന്ന കൈലാസം പരിക്രമണം ചെയ്യുന്നു ഈ യാത്രികന്‍. ഭൂമിയുടെ പ്രാര്‍ഥനപോലെ മഹാകാശത്തിലേക്ക് ശിരസ്സ്‌ നീര്‍ത്തിനിന്ന പാര്‍വതഗോപുരം. ഒരു താമരപ്പൂ പോലെ ചുറ്റും വലയം ചെയ്യപ്പെട്ട അനേകം പര്‍വതങ്ങള്‍ക്കു മധ്യേ , കൈലാസം നിലകൊണ്ടു. പ്രദോഷ നൃത്തത്തിലെ നടരാജനെപ്പോലെ . നീണ്ടുനീണ്ടു പോകുന്ന ദുര്‍ഗമമായ വഴികളില്‍ സഞ്ചാരികള്‍ ഒറ്റക്കാവുന്നു. കയറ്റിറക്കങ്ങള്‍, മരവിച്ചുപോകുന്ന തണുപ്പ്, ജീവജാലങ്ങളില്ലാതെ മൌനം ഘനീഭവിച്ച അന്തരീക്ഷം,ഘടികാരങ്ങള്‍ നിലച്ചുപോയ സ്ഥലരാശി.. ഈ യാത്ര മനുഷ്യജന്മത്തിന്റെ ഒരു നിയോഗമാണെന്ന് തോന്നിപോവും. രാഗവും ദ്വേഷവും ശമിച്ച്, ഉദ്വേഗങ്ങളില്ലാതെ, ഓരോ അടിയും അളന്നു പര്‍വതം കയറുമ്പോള്‍ 'നാമെത്ര നിസ്സാരര്‍' എന്ന ചിന്ത വായനക്കാരായ നമ്മിലും ഉണരുന്നു.

കൈലാസത്തെ മറച്ചുനിന്ന ജാംബിയാന്ഗ് പര്‍വതത്തിന്റെ നെറുകയില്‍ കയറി വളരെ സമീപസ്ഥമായി കൈലാസമെന്ന അദ്ഭുതം നേരില്‍ കാണാന്‍ ശ്രീ രാമചന്ദ്രന് കഴിഞ്ഞുവെന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം. ശിവലിംഗം പോലെ ഭൂമികടിയില്‍ നിന്ന്‌ സ്വയംഭൂവായി പൊങ്ങിവന്ന പര്‍വതരാജനെ വണങ്ങിനിന്ന മുഹൂര്‍ത്തം, മേഘവര്‍ഷത്താല്‍ ജലധാരയിലെന്നപോലെ അദ്ദേഹത്തിന്റെ മുകുളിത ശിരസ്സില്‍ തീര്‍ഥബിന്ദുക്കള്‍ ഇറ്റുവീണത്‌
അദ്ഭുതാ
തിരെകാത്തോടെ നാം അറിയുന്നു. തിങ്കള്‍ക്കല ചൂടിയ കാലഭൈരവന്റെ ശിരസ്സിനു മീതെ ത്രിവര്‍ണത്തിന്റെ
ച്ഛന്ദസ്സുകള്‍ വിടരുന്നതും  അസ്തമയത്തിന്റെ സുവര്‍ണശോഭയില്‍ കൈലാസശൃംഗം പൊന്‍പരാഗമണിയുന്നതും നിറഞ്ഞ മനസ്സോടെ നമ്മുടെ വായനയെ സാര്‍ ഥകമാക്കുന്നു.
ഭൂമിയുടെ 19000 അടി മുകളില്‍ ഭ്രമണം ചെയ്യുന്ന കാറ്റിന്റെ നാദം പ്രണവമായി തിരിച്ചറിയുമ്പോള്‍ ഭാരതീയമായ സങ്കല്‍പ്പങ്ങള്‍ നിറവേറുകയാണ്.  ഏഴു വന്‍കരകള്‍ക്കും ഏഴു സമുദ്രങ്ങള്‍ക്കും മധ്യേ ഭൂമിയുടെ നാഭിയായി നിന്ന മേരുപര്‍വതം സര്‍വമതക്കാര്‍ക്കും
വിശുദ്ധിയുടെ പ്രാര്‍ഥനാചക്രമാണ്. 2500  കി മീ നീണ്ടു ശയിക്കുന്ന ഹിമാലയമെന്ന അദ്ഭുതം ..
സിന്ധു മുതല്‍ സത് ലജ് വരെ കുമായൂണ്‍ ഹിമാലയമായും, കാളി മുതല്‍ തീസ്ത വരെ നേപ്പാള്‍ ഹിമാലയമായും , തീസ്ത മുതല്‍ ബ്രഹ്മപുത്ര വരെ ആസ്സാം ഹിമാലയമായും ഏകദേശം അഞ്ചു ലക്ഷം ചതുരശ്ര കി മീ വ്യാപിച്ചു കിടക്കുന്നു. അനശ്വരതയുടെ വജ്രശൃംഖല  പോലെ. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാസം. ഭാരതത്തിന്റെ അവിഭാജ്യസത്ത. ഏഴായിരം മീറ്ററിലേറെ ഉയാമുള്ള മഞ്ഞണിഞ്ഞ 43 കൊടുമുടികള്‍. വന്‍ ഹിമതടാകങ്ങള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും. ഭാഗീരഥി, യമുന, സിന്ധു, ബ്രഹ്മപുത്ര, സരയൂ, ഗന്ടകീ തുടങ്ങിയ നദികള്‍ ഇവിടെ ഉദ്ഭവിച്ചു. കാഞ്ജന്‍ ജംഗ, നംഗപര്‍വതം,അന്നപൂര്‍ണ, ധവളഗിരി തുടങ്ങിയ പര്‍വതനിരകള്‍... എല്ലാറ്റിനുമൊടുവില്‍ കൈലാസമെന്ന പൂര്‍ണത. 'സ്ഥാവരങ്ങളില്‍ ഞാന്‍ ഹിമാലയം' എന്ന് ഭഗവദ് ഗീത.
തികച്ചും ആത്മനിഷ്ഠമായൊരു അനുഭവമാണ് കൈലാസം. ഒരാള്‍ സന്ദര്‍ശിക്കുന്ന കൈലാസം മറ്റൊരാള്‍ കാണുന്നില്ല. ശ്രീ രാമചന്ദ്രന്റെ കൈലാസം, നിത്യ സഞ്ചാരിയായ ഒരു മനസ്സിന്റെ വിശുദ്ധിചക്രത്തില്‍ നിന്നും ഉരുവായതാണ്. അതുകൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്, " എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു കൈലാസയാത്ര." എന്ന്. കൈലാസത്തില്‍ പോവുന്നവര്‍ക്ക് രണ്ടു ജീവിതമുണ്ട്. പോകുന്നതിനു മുന്‍പുള്ള ബാഹ്യജീവിതം, പിന്പുള്ള ആന്തരിക ജീവിതമെന്ന മഹാപ്രസ്ഥാനം. അതെ ശ്രീ എം കെ രാമചന്ദ്രന്‍ ആ മഹാപ്രസ്ഥാനം സാക്ഷാത്കരിച്ച പ്രയാണിയാണ്, തീര്‍ച്ച. 

No comments:

Post a Comment