Wednesday, December 30, 2015



മായന്നൂര്‍ കെ എസ് ആര്‍ എം എസ് വായനശാല എഴുപത്തഞ്ചു വയസ്സ് പൂര്‍ത്തിയാക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍, തൃശൂര്‍ ജില്ലാ മോഡല്‍ വില്ലേജ് ലൈബ്രറി ആയി തിരഞ്ഞെടുക്കപ്പെട്ട ഈ പുസ്തകാലയത്തിന് ദീര്‍ഘമായൊരു ചരിത്രമുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓഫ് ക്യാമ്പസ്‌ സെന്റര്‍ആയി  തിരഞ്ഞെടുക്കപ്പെട്ട ഈ വായനശാല യുടെ തുടക്കം  1940ലാണ്.  പുരോഗമനാശയക്കാരായ കുറേപ്പേര്‍ ചേര്‍ന്ന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരം ചേര്‍ന്ന് കിടന്ന മായന്നൂര്‍ എന്ന ഗ്രാമത്തില്‍  വളരെ മുന്‍പ് തന്നെ ' സാഹിത്യ സൌരഭം' എന്ന പേരില്‍ ഒരു വായനശാലക്ക്‌ തുടക്കമിട്ടിരുന്നു. ശ്രീ ഓ എന്‍ നമ്പൂതിരിപ്പാട്‌  അധ്യക്ഷനായും ശ്രീ എം രാമന്‍ മാരാര്‍ സെക്രട്ടറിയായും  മായന്നൂര് ഗ്രാമീണ വായനശാലയ്ക്ക് രൂപം നല്‍കി
 
ബി വി ബുക്ക്  ഡിപ്പോ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകനും അന്ന് കേരളത്തില്‍ പരക്കെ അറിയപ്പെട്ടിരുന്ന പ്രസാധകനുമായ  ശ്രീ കുളക്കുന്നത്ത് രാമന്‍ മേനോന്‍ മറ്റൊരു വായനശാലയും തുടങ്ങിയിരുന്നു. ശ്രീ പി എന്‍ പണിക്കര്‍ ഈ രണ്ടു വായനശാലകളും സംയോജിപ്പിച്ച് കെ എസ് രാമന്‍ മേനോന്‍ സ്മാരക സംയുക്ത ഗ്രാമീണ വായനശാലക്കു രൂപം നല്‍കി. വായനശാലയുടെ തുടക്കം മുതല്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുന്നതുവരെയും  വായനശാലയുടെ പ്രവര്‍ത്തനങ്ങളില്‍  ഏറെ സജീവമായിരുന്ന ശ്രീ പി എസ നമ്പൂതിരിപ്പാട്‌ വായനയും നാടക രചനയും  രംഗാവിഷ്കാരവുമായി മായന്നൂരിലെ യുവജനങ്ങള്‍ക്കൊപ്പം പുരോഗമന ചിന്തകളുമായി കൂടെ ഉണ്ടായിരുന്നു. ആയിരത്തി ഇരുനൂറ്റന്പതിലേറെ അംഗങ്ങളുള്ള ഈ വായനശാല ' വായിച്ചു വളരുക' എന്ന ആശയവുമായി മായന്നൂരിലെ വീടുകള്‍ തോറും  നല്ല പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നു.
 
    പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച ' കടവ്' എന്ന സുവനീര്‍ കേരളത്തിന്റെ  സാംസ്കരികധാരയില്‍ അലിഞ്ഞുചേര്‍ന്ന മായന്നൂര്ക്കാലം ഓര്‍മിച്ചെടുക്കുന്നുണ്ട്.

No comments:

Post a Comment