Wednesday, June 15, 2016

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല.




No comments:

Post a Comment