Wednesday, June 15, 2016

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി

പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
കവിതയുടെ ധ്യാനപക്ഷം
--------------------------------------    രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

മലയാളത്തിന് 'ഹൈക്കു' അപരിചിതമല്ല, ഏറെ പരിചിതവുമല്ല. മാധവന്‍ അയ്യപ്പത്ത് , ചെറിയാന്‍ കെ ചെറിയാന്‍, അഷിത, ആഷാ മേനോന്‍ എന്നിവര്‍ തുടങ്ങി പലരും ഈ വഴി നടന്നതിന്റെ പരാഗങ്ങള്‍ കാണാതിരുന്നുകൂടാ . മൂന്നു വരിയില്‍ മുദ്രിതമാകുന്ന അനുഭവ സാക്ഷ്യമാണത്. വായനക്കരന്‍റെ ഉള്ളില്‍ വിടരുന്ന ധ്യാനാര്‍ദ്രതയുടെ ' ആഹാ നിമിഷം'.
ഹൈക്കു കവിതകളെ പരിചയപ്പെടാനും അവയിലെ പ്രമേയവും പരിസരവും മാതൃകകളും അടുത്തറിയാനും ഉപകരിക്കുന്ന കാവ്യഗ്രന്ഥമാണ് ശ്രീ സേതുമാധവന്‍ മച്ചാട് എഡിറ്ററു ചെയ്ത 'പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി'.
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞുതുള്ളിയാണ് ഹൈക്കു. ആ ഹിമബിന്ദുവില്‍ സമാഹൃതമായ ആകാശനീലിമയുടെ ചാരുത, മണ്‍പച്ചയുടെ ചലനാത്മകത, ജീവിതത്തിന്റെ ക്ഷണികത , മൌനത്തിന്‍റെ ഗഹനത...ഒറ്റനിമിഷത്തിന്റെ സൌന്ദര്യ പൂര്‍ണിമയുമാണത്. ആ സൌന്ദര്യത്തെ കണ്ടെത്തലും തേടലുമാണ് ഈ കൃതി.
ലാളിത്യമാണ് ഹൈക്കുവിന്റെ മുദ്ര. അമൂര്‍ത്തതയുടെയും ആലങ്കാരികതയുടെയും  ഭാരം പേറാത്ത ഇവ വിരിയിക്കുന്ന ധ്വനിസാന്ദ്രമായ മുഴക്കമാണ്‌ മുഖ്യം. സെന്‍ ബുദ്ധിസത്തിലാണ് ഹൈക്കുവിന്റെ വേരുകള്‍ പടര്‍ന്നു ജീവജലം തേടിയത്.
ടാഗോര്‍ പറയുന്നു, മലമുകളില്‍ നിന്ന് പതിക്കുന്ന ജലപാതമല്ല മലകള്‍ക്കിടയില്‍ അലസം ശയിക്കുന്ന തടാകം പോലെയാണത്. ജീവിതത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ബിംബാത്മകമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്. അവിടെ അലങ്കാരങ്ങള്‍ക്കു പ്രസക്തിയില്ല. നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു നിമിഷസാരം കൊത്തിവെക്കുന്നു. ദൂരദര്‍ശിനിയല്ല  സൂക്ഷ്മദര്‍ശിനിയാണത് .

ജാപ്പനീസ് കാവ്യ സമ്പ്രദായമാണ് ഹൈക്കു. പെരുമാറ്റം, ഭക്ഷണം, അലങ്കാരം, കലകള്‍ തുടങ്ങി അവരുടെ ജീവിതശൈലിക്ക് ഹൈക്കുവുമായി ഏറെ ഇഴയടുപ്പം. പൂക്കള്‍ക്ക് പോലും ഒരു വിനിമയഭാഷയുണ്ട് അവിടെ. ഹൈക്കുവിനെ അറിയാന്‍ ജാപ്പനീസ്  സംസ്കൃതിയെക്കുറിച്ച്  അറിയേണ്ടതുണ്ട്. അതിനു വഴിവിളക്കാവുന്ന ലേഖനങ്ങളും സാംസ്കാരിക സൂചകങ്ങളും ഈ സമാഹാരം തുറന്നു തരുന്നുണ്ട്. അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കിയപോലെ ഹൈക്കുവും ദുര്‍മേദസ്സുകളെ കുടഞ്ഞെറിയുന്നു.
ഹൈക്കു ആചാര്യന്മാരായ ബാഷോ, ഇസ്സ , ബുസണ്‍ എന്നിവരുടേതടക്കം നിരവധി കാവ്യ വിവര്‍ത്തനങ്ങള്‍ നല്‍കിയിരിക്കുന്നത് ആദ്യകാല മാസ്റ്റര്‍പീസുകളെ അടുത്തറിയാന്‍ സഹായിക്കും. " ഇറ്റിറ്റു വീഴുമീ
  തുഷാര ബിന്ദുക്കളാല്‍
  മൃതലോകമൊന്നു കഴുകുവാനായെങ്കില്‍.."  ( ബാഷോ)

മധുരക്കിഴങ്ങിന്റെ ഇലയില്‍
തന്റെജീവിതം പൊതിയുന്നു
ആ ജലകണം   ( കികാകു)

ഓ, ഒച്ചെ
ഫ്യൂജി പര്‍വതം കയറുക
പക്ഷെ മെല്ലെ മെല്ലെ .. ( ഇസ്സ )

ലോകമെമ്പാടും എന്നപോലെ ഭാരതത്തിലും ഹൈക്കുവിനു വേരുകളുണ്ട്. ഇന്ത്യന്‍ ഹൈക്കു കവിത വിഭാഗത്തില്‍ നിന്നും അതുപോലെ മലയാളത്തില്‍ നിന്നും രചനകള്‍ കണ്ടെടുത്തു ചെര്‍ത്തിയത് ഔചിത്യപൂര്‍ണമായി.
'ഹൈക്കു പോയെംസ് ' എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ സമാഹൃതമായ ഈ പുസ്തകം ഹൈക്കു കവിതയെ ലാളിക്കുന്നവര്‍ നെഞ്ചേറ്റും. ഹൈക്കു എഴുതുന്നവരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉതകും. വിവര്‍ത്തനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നുവെന്നതും  ആഹ്ലാദകരം.
നിങ്ങള്‍ ഹൈക്കു എഴുതുകയല്ല , ഹൈക്കു നിങ്ങളെ എഴുതുകയാണ് എന്നതത്രേ നേര് .

ഹൈക്കു കവി തുടങ്ങിവെക്കുന്നേയുള്ളൂ .ഉച്ചരിക്കപ്പെട്ട വാക്കുകല്‍ക്കുമപ്പുറത്തുള്ള ഏകാന്ത ധ്യാന നിമിഷത്തെ മുഴുവനാക്കുന്നത് വായനക്കാരാണല്ലോ.
 ശ്രീ സേതുമാധവന്‍ മച്ചാട് ഇതാ ആര്‍ദ്രഭാഷയില്‍ തുടങ്ങി വെക്കുന്നു. മലയാളം പൂര്‍ത്തിയാക്കട്ടെ .-  രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

No comments:

Post a Comment