Friday, November 9, 2018

ബുദ്ധ മന്ദസ്മിതം

രണ്ടു മഹാപ്രളയങ്ങളാണ്‌ നമ്മെ കടന്നുപോയത്. എല്ലാ അര്‍ഥത്തിലും നമ്മുടെ ജീവിതത്തെ അത് ഒരു നൂറ്റാണ്ട് പുറകോട്ടടിച്ചു. സാമൂഹികമായും സാമ്പത്തികമായും പ്രളയം കേരളീയജീവിതത്തെ തരിപ്പണമാക്കി.എന്നാല്‍ ഒത്തൊരുമയോടെ മലയാളിസമൂഹം അതിനെ അതിജീവിച്ചു. തുടര്‍ന്നുവന്ന പ്രളയം അസഹിഷ്ണുതയോടെ കേരളജനതയെ അതുപിന്നിട്ട കല്ലും മുള്ളും നിറഞ്ഞ പാതകളെ പിന്നോട്ടുനടത്താനുള്ള ശ്രമമായിരുന്നു.
എന്നാല്‍ ചരിത്രത്തിന് കാവ്യനീതി എന്നൊന്നുണ്ട്. പ്രളയം, അതിനു കൈമോശം വന്ന  പ്രകൃതിയെ തിരിച്ചുവാങ്ങുന്നത് പോലെ, കാലം അതിനു വന്നുഭവിച്ച നഷ്ടസ്വപ്നങ്ങളെ തിരികെ ചോദിക്കും. അതൊരു സ്വാഭാവിക നീതി മാത്രമാണ്.
ശബരിമലയിലെ അയ്യനും അപ്പനും ധര്‍മശാസ്താവ് എന്ന  പരംപൊരുളാണ്‌. നമ്മുടെ എല്ലാ ധൈവതങ്ങളും കാവ്യങ്ങളിലും പുരാണങ്ങളിലുംവര്‍ണിക്കപ്പെട്ട പുരാബിംബങ്ങളാണ്.വേദങ്ങളിലും ഉപനിഷത്തിലും കവിതയായി പ്രകൃതിയും പുരുഷനും നിറഞ്ഞുനിന്നു. ആ കവിത തന്നെയാണ് അജന്തയിലും എല്ലോറയിലും ശബരിമലയിലും ആവിഷ്കൃതമായി വന്നതും. അജന്തയിലെ ശ്രീബുദ്ധ മന്ദസ്മിതം നേരില്‍ അനുഭവിക്കനിടയായ ഒരാളും ജീവിതത്തിലെ ശാന്തിതീരം അറിയാതെ പോവില്ല.ലൌകികത്തില്‍ മനുഷ്യര്‍ തേടുന്ന ഒരവസ്ഥയാണ് ശാന്തി. ശന്തിയല്ലാതെ മറ്റെന്താണ് ആനന്ദം? ആനന്ദം തന്നെ ദൈവം എന്ന പരമമായ അറിവ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടെന്ത് ?

 ഓര്‍മവെച്ച കാലം മുതല്‍ കേള്‍ക്കുന്നതാണ് ശബരിമലയിലെ ശാസ്താവിനു ശ്രീബുദ്ധനുമായുള്ള സാത്മ്യം.സമീപകാലത്തു കാണാനിടയായ ശാസ്താബിംബത്തിനു പോലും തഥാഗതന്‍റെ കരുണയാര്‍ന്ന നയനശ്രീ ഉണ്ടായിരുന്നു.അഗ്നിബാധക്ക് മുന്‍പുണ്ടായിരുന്ന പ്രതിഷ്ഠയായിരുന്നു അത് .വിശ്വാസം ശരിയായ ഒരു ബോധതലത്തിലെങ്കില്‍ അതിന്‍റെ മൂല്യം തികച്ചും ഔപനിഷദികമായ ഒരു തലത്തില്‍ നമ്മെ കൊണ്ടുപോകും. അപ്പോള്‍ ബുദ്ധനും ശാസ്താവും ഒന്നുതന്നെ എന്ന് നാം തിരിച്ചറിയും. പ്രാചീന ശാസ്ത്രഗ്രന്ഥമായ അമരകോശത്തില്‍ ശാസ്താവിനു കൊടുത്തിട്ടുള്ള അര്‍ഥം ബുദ്ധന്‍ എന്നു തന്നെയാണ്. ഇനിയല്പം ചരിത്രമാകാം. 1929ല്‍ പ്രസിദ്ധീകരിച്ച  ശ്രീഭൂതനാഥോപാഖ്യാനം എന്ന കൃതിയിലാണ് ആദ്യമായി ധര്‍മശാസ്താവിനെക്കുറിച്ചുള്ള കഥ അച്ചടിമഷിപുരണ്ടു വരുന്നത്.ഹരിഹരസുതനായി അയ്യപ്പൻ അവതരിച്ചതും അവതാരോദ്ദേശ്യം പൂർത്തീകരിച്ചു അവസാനം ശബരിമലയിൽ പ്രതിഷ്ഠിക്കപ്പെട്ടതുമായുള്ള കഥകല്ലറക്കൽ കൃഷ്ണൻ കർത്താവ് രചിച്ച ഈ കിളിപ്പാട്ടിൽ നിന്നാണ് മലയാളികൾ സർവരും ആദ്യമായി അറിഞ്ഞത്.  ഈ ഗ്രന്ഥത്തിലെ നിയമങ്ങളാണ് മലയാത്രയുടെ നിയമങ്ങളായി ഇന്നും അനുഷ്ഠിച്ചു പോരുന്നത്. 
1948നു ശേഷം ലഭ്യമല്ലാതിരുന്ന ഈ കൃതി കണ്ടെത്തി എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു . ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധർമശാസ്താവിനെപ്പറ്റിയുള്ള കഥകൾ ഈ ഗ്രന്ഥത്തിൽ 15 അധ്യായങ്ങളിലായി വിവരിക്കുന്നു. രാമായണം കിളിപ്പാട്ടില്‍ ശ്രീരാമനെ വര്‍ണിക്കുന്നതുപോലെ, ഭാഗവതം കിളിപ്പാട്ടില്‍ ശീക്രിഷ്ണനെ
വര്‍ണിക്കുന്നത് പോലെ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ അയ്യപ്പചരിതം പാടുന്നു. ഈ പ്രാമാണികഗ്രന്ഥമാണ് കാനനയാത്രയുടെ 
നിയമങ്ങള്‍ തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുത്തത്. 


No comments:

Post a Comment