Saturday, November 10, 2018

തഥാഗതന്‍ എന്ന പേരിന് അങ്ങനെ വന്നവന്‍ എന്നും അങ്ങനെ പോയവന്‍ എന്നും അര്‍ഥമുണ്ട്. അതെ,  ചരിത്രത്തില്‍ അങ്ങനെ വന്നുപോയവനാണ് തഥാഗതന്‍. ഒരിക്കലെങ്കിലും അജന്തയോ എല്ലോറയോ സന്ദര്‍ശിച്ച ഒരാള്‍ കരുണാമയനായ ബോധിസത്വന്‍റെ സാന്ത്വനം ഉള്ളില്‍ സ്വീകരിക്കാതെ മടങ്ങിവരില്ല. അഗ്നിബാധക്ക് തൊട്ടുമുന്‍പുണ്ടായിരുന്ന ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിന്‍റെ ചിത്രം അടുത്തകാലത്ത്‌ കാണാന്‍ ഇടയായി. നോക്കൂ അതേ വിശ്രാന്തിയും ആര്‍ദ്രതയും ആ നയനങ്ങളില്‍ ദ്യുതിപരത്തി നില്‍ക്കുന്നു. ബോധനിലാവിന്‍റെ അക്ഷയാനന്ദം ആ ഉഷ്ണീഷത്തില്‍ ലയിച്ചുകിടക്കുന്നു. നാരായണഗുരു സ്വപ്നം കണ്ട ഏകലോകം ഏറ്റവും ജനകീയമായി പ്രത്യക്ഷീഭവിച്ചത് ശബരിമലയിലല്ലേ? അതുകൊണ്ടാണ് ഗുരു നിത്യചൈതന്യ യതി രണ്ടു പതിറ്റാണ്ട് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു  ലേഖനത്തില്‍ സഹോദരിമാരെ നിങ്ങള്‍ ശബരിമലയിലെ പ്രകൃതിയിലേക്ക് കണ്‍ തുറക്കൂ എന്ന് ആവശ്യപ്പെട്ടത്. അവിടെ ജാതിയോ മതമോ  ലിംഗ വ്യത്യാസമോ അപ്രസക്തമാവുന്നു.അയ്യനും അപ്പനും അമ്മയും എല്ലാം ഒന്നാവുന്ന ഏകലോകം, പച്ചിലച്ചാര്‍ത്തുകളില്‍ പേട്ടതുള്ളി ആനന്ദനടനമാടി പരംപൊരുളുമായി സാത്മ്യംകൊള്ളുന്ന ദിവ്യമുഹൂര്‍ത്തം.
ശാസ്താവിന്‍റെ തിരുനടയിലെ പതിനെട്ടു പടികളും അവളുടെയും പാദസ്പര്‍ശം കാത്തുകിടക്കുന്നു. അപ്പോഴേ തത്വം അസി എന്ന ചിരന്തന സത്യം സാക്ഷാത് ക്കരിക്കപ്പെടുകയുള്ളൂ.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മലയരയന്മാര്‍ കൊണ്ടാടിയ ഗോത്രദൈവവും അതിനും മുന്‍പ് കാനനക്ഷേത്രമായി പ്രതിഷ്ഠ നേടിയ ശ്രീബുദ്ധനും ഇന്ന് നാം ആരാധിക്കുന്ന അയപ്പനെന്ന ധര്‍മ ശാസ്താവും ഒരേ സത്യത്തിന്‍റെ മുഖങ്ങളാണ്. കാലത്തിന്‍റെ ഹിരണ്മയപാത്രം തുറന്നുനോക്കൂ : അക്ഷയമായി ലയിച്ചങ്ങനെ നില്‍ക്കുന്ന ശ്രീബുദ്ധ മന്ദസ്മിതം കാണുന്നില്ലേ?

- സേതുമാധവന്‍ മച്ചാട്
   senior program executive,  Doordarshan.

No comments:

Post a Comment