Friday, August 12, 2016

ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി - 3

ഒരിക്കല്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പറഞ്ഞു : ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ കൊടിക്കുന്നിലമ്മ ഉണ്ട്. സത്യമായും ഉണ്ട്. മാടായിക്കാവിലും, കൊടുങ്ങല്ലൂരും ലോകനാര്‍ക്കാവിലും ചോറ്റാനിക്കരയിലും പാറമേക്കാവിലും അന്തിമാഹാകാളന്‍ കാവിലും  ചിനക്കത്തൂരും തിരുവാണിക്കാവിലും എന്നുവേണ്ട കേരളക്കരയിലെ ഗ്രാമാന്തരങ്ങളില്‍ കുടിയിരുന്ന അമ്മ ധൈവതം മഹിഷാസുര മര്‍ദ്ദിനിയും ത്രിപുരസുന്ദരിയുമായ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളാണ്. ആറ്റുകാലിലും ശാന്തരൂപിണിയായ അമ്മയുടെ സ്ഥിര പ്രതിഷ്ഠയാണ് . സ്വയംഭൂവെന്നു സങ്കല്‍പ്പിക്കാവുന്ന , അതീത കാലങ്ങളില്‍ എന്നോ ഉരുവായ ദേവീസാന്നിധ്യം. അധ:സ്ഥിത സമൂഹത്തിന്റെ ഹൃദയശോഭയില്‍ നിന്നാണ് അമ്മയുടെ മുടിപ്പുര വളര്‍ന്നത്‌.  തിരുവിതാംകൂര്‍ രാജവംശവും കോട്ടക്കകത്തെ ബ്രാഹ്മണ സമൂഹവും തിരുവനന്തപുരത്തിന് ചുറ്റുമുള്ള പ്രബലരായ നായര്‍സമൂഹവുമല്ല ആറ്റുകാല്‍ മുടിപ്പുരയെ വളര്‍ത്തിയത്. നാടെങ്ങുമുള്ള കീഴ് ജാതിക്കാരായ സാധുജനങ്ങളും കര്‍ഷകരും പരിതാപകരമായ ജീവിത പരിതോവസ്ഥകളില്‍ കഴിഞ്ഞ പാവങ്ങളും കണ്ണീരും കാണിക്കയും വെച്ച്  ഉള്ളുരുകിയ നൈവേദ്യം നല്‍കി ദേവിയെ തോറ്റി വളര്‍ത്തിയതാണ് നാമിന്നു കാണുന്ന ആറ്റുകാല്‍.
തലമുറയായി തോറ്റം പാട്ട് പാടുന്ന മധുവാശാന്‍റെ ഓര്‍മകളില്‍ ഭദ്രകാളീ സ്തവങ്ങളില്‍ കന്യ പുനര്‍ജനിക്കുന്നു. വ്യാഖ്യാനക്ഷമമല്ലാത്ത, മലയാഴ്മയില്‍ ഭദ്രയുടെ സാന്നിധ്യം മധുവാശാന്‍ അനുഭവിക്കുന്നു. പച്ചപ്പന്തല്‍ കെട്ടി  കാപ്പണിഞ്ഞു കുത്തിയോട്ടപ്പന്തല്‍ ഒരുങ്ങി .. ആശാനും കൂട്ടരും കൊടുങ്ങല്ലൂര്‍ ദേവിയെ തോറ്റി ഉണര്‍ത്തി ആറ്റുകാലിലേക്ക് ആവാഹിക്കുന്ന ഭാഗം സൈക്കടലിക്  ആയിട്ടാണ് ലക്ഷ്മീ രാജീവ് പുസ്തകത്തില്‍ ആവിഷ്കരിക്കുന്നത്. പന്തലിനുചുറ്റും തടിച്ചുകൂടിയ ഭക്ത ജനം വായ് ക്കുരവയിട്ടു ( Ululation) ദേവിയെ വരവേല്‍ക്കുന്നു.  ആറ്റുകാലിനു ചുറ്റുമുള്ള പതിനൊന്നു നായര്‍ കുടുംബങ്ങളാണ്  ഇപ്പോള്‍ തോറ്റംപാട്ട് നടത്തിവരുന്നത്. അമ്പതു വര്‍ഷത്തോളം ആറ്റുകാലിലെ മേല്‍ശാന്തിയായിരുന്ന തുളു ബ്രാഹ്മണനായ വിഷ്ണുവര്‍ധന്‍ അമ്പലത്തിനു ചുറ്റുപാടുമുള്ള കുട്ടികള്‍ക്കൊപ്പം നാലണ എട്ടണ നാണയങ്ങളായി ഭക്തജനങ്ങളില്‍ നിന്ന് സ്വരൂപിച്ച ധനത്തില്‍ നിന്നാണ് പൊങ്കാല മഹോത്സവത്തിന്റെ വളര്‍ച്ചയുടെ തുടക്കം. പില്‍ക്കാലം ഒന്നിലധികം തവണ ആറ്റുകാല്‍ പൊങ്കാലയുടെ ജനസാന്നിധ്യം ഗിന്നസ് റെക്കോര്‍ ഡില്‍ രേഖപ്പെടുത്തുകയുണ്ടായി.  ബി ബി സി  ഉള്‍പ്പടെയുള്ള വിദേശമാധ്യമങ്ങള്‍ പോലും പൊങ്കാലയുടെ മാഹാത്മ്യം ലോകമെമ്പാടുമുള്ള ആരാധകര്‍ക്കായി പകര്‍ന്നു നല്‍കി.സ്ത്രീ ശാക്തീകരണം എന്ന പദം വര്‍ത്തമാന ലോകം പ്രയോഗിക്കുന്നതിനു  മുമ്പുതന്നെ അക്ഷരാര്‍ഥത്തില്‍ ആറ്റുകാല്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.  പില്‍ഗ്രിം ടൂറിസത്തിന്‍റെ ഭൂപടത്തില്‍ പുതിയൊരു ബ്രാന്‍ഡിംഗ് ക്രമേണ വരികയാണ്:   'Kerala - Goddess s own country '.
 ലക്ഷ്മി രാജീവിന്റെ പുസ്തകത്തില്‍ ഇനി പറയാനുള്ളത്  ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ ദീപ്തമായ വിവരണവും ഗ്രന്ധരചനയില്‍ ലേഖിക നേരിട്ട വെല്ലുവിളികളുമാണ്. അതോടൊപ്പം ഈ പുസ്തകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൂട്ടായ്മയുടെ കഥയും. Lyrical എന്ന്  പറയാവുന്ന ഭാഷയിലാണ് ലക്ഷ്മി തന്റെ അന്വേഷണത്തിന്‍റെ നിമിഷങ്ങള്‍ രേഖപ്പെടുത്തുന്നത്.  തുടര്‍ന്ന് വായിക്കാം.








No comments:

Post a Comment