Saturday, August 13, 2016

ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി 4

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആഗമശാസ്ത്ര വിധിയനുസരിച്ചുള്ള പൂജാ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ചേന്നാസ് രൂപകല്‍പന ചെയ്ത തന്ത്രസമുച്ചയത്തിലെ സങ്കല്പവിധികളാണ് ക്ഷേത്രപൂജകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജാ സമ്പ്രദായത്തെ ക്കുറിച്ചു പഠിക്കാനായി ലക്ഷ്മി രാജീവ് ചേന്നാസ് നമ്പൂതിരിപ്പാടിന്റെയും  വാസ്തുസമ്പ്രദായം അറിയാന്‍ കാണിപ്പയ്യുര്‍ കുടുംബത്തിന്റെയും സഹായം തേടി. 'ആറ്റുകാല്‍ അമ്മ: ജനലക്ഷങ്ങളുടെ  ദേവി' എന്ന കൃതിയുടെ പൂര്‍ണത അതിലെ സൂക്ഷ്മാംശങ്ങളുടെ വര്‍ണനയും സൌന്ദര്യാവിഷ്കാരവുമാണ്.
പൊങ്കാലയുടെ പത്തുനാളുകളും തോറ്റം പാട്ടുകളുടെ ആനുപൂര്‍വിയും രേഖപ്പെടുത്തിയതിനു പുറമേ ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യപൂജയുടെ വിശദാംശങ്ങളിലും ലക്ഷ്മി നടത്തുന്ന നിരീക്ഷണങ്ങള്‍ നമ്മുടെ വായനാമണ്ഡലത്തെ വികസ്വരമാക്കുന്നു. ക്ഷേത്രങ്ങളില്‍ ചെന്നു കൈകൂപ്പി ശ്രീകോവില്‍ വലം വെച്ച് പ്രസാദവും വാങ്ങി തിരിച്ചുപോകുന്ന ആരാധനയുടെ പതിവുരീതി വിട്ട്, ജിജ്ഞാസുവായ ഒരു സാധകന്‍ ക്ഷേത്രത്തെ ശരീരമായും പ്രതിഷ്ഠയെ ആത്മാവായും തിരിച്ചറിയുന്ന ഉപാസനയുടെ സമുന്നതമായ തലത്തില്‍ വിനീതയായി എല്ലാം അറിയാന്‍ ശ്രമിചതിന്റെ അടയാളമാണ്  പുസ്തകത്തിലെ അവസാനഭാഗങ്ങള്‍. അതിരാവിലെ പാണി കൊട്ടി  ഭൂപാളരാഗത്തില്‍ നാഗസ്വരം ശ്രുതിയുണര്‍ത്തുമ്പോള്‍ ദേവി പള്ളിയുണരുകയായി. ശംഖനാദവും തകില്‍താളവും അകമ്പടി സേവിക്കുന്ന അന്തരീക്ഷം അപ്പോഴേക്കും ആരാധനയുടെ ഭക്തമാനസങ്ങള്‍ക്കായി നട തുറക്കും. കെടാവിളക്കില്‍ നിന്ന് പകരുന്ന ദീപം മിഴി തുറക്കുന്നതോടെ ആറ്റുകാല്‍ അമ്മയുടെ ഒരു ദിവസം തുങ്ങുകയാണ്. ദേഹശുദ്ധിയും ശംഖുപൂരണവും ആത്മാരാധനയും നിര്‍വഹിക്കുന്ന പൂജാരി നിര്‍മാല്യം തൊഴാന്‍ ഭക്തരെ അനുവദിക്കുന്നു. ഉഷ:പൂജയും പന്തീരടിയും ഉച്ചപൂജയും അത്താഴപൂജയുമാണ്‌ ക്ഷേത്രത്തിലെ പതിവ് പൂജാക്രമം. താന്ത്രികവിധി അറിയുന്ന മേല്‍ശാന്തി പദ്മമാത്രവും സപരിവാരവും  പീഠപൂജയും ആവാഹനവും  മൂര്‍ത്തിപൂജയും കഴിഞ്ഞു നിവേദ്യവും നമസ്കാരവും ദീപാരാധനയും വിധിയാംവണ്ണം ഏകാഗ്രമായി മൂലമന്ത്രം ജപിച്ചു ഷോടശോപചാരവും നിര്‍വഹിച്ച് ആരാധനയുടെ പൂര്‍ണതയില്‍ എത്തുന്നു. പാദ്യവും അര്‍ഘ്യവുംആചമനവും മധുപര്‍ക്കവും പുനരാചമനവും സ്നാനവും പുന:സ്നാനവും വസ്ത്രവും അംഗവസ്ത്രവും യജ്നോപവീതവും ഭൂഷണവും ഗന്ധവും പുഷ്പവും ധൂപവും ദീപവും നിവേദ്യവും വന്ദനവുമായി പ്രസന്നപൂജ തൊട്ടു അത്താഴപൂജ വരെ നീളുന്ന പൂജാവിധികള്‍ നാലമ്പലത്തിനു ചുറ്റും അലൌകികമായ ഊര്‍ജപ്രസരം നല്‍കുന്നു.
സോപാനത്തിനരികെ ഇടക്കയുടെ നാദവും പാണിയില്‍ വിരല്‍ തൊടുമ്പോള്‍ വിടരുന്ന മൃദുഘോഷവും അന്തരീക്ഷത്തിനു പകരുന്ന ശോഭ ചെറുതല്ല. രാത്രി ദേവി നീലാംബരി രാഗം ശ്രവിച്ചു പള്ളിയുറങ്ങും വരെ ക്ഷേത്രന്തരീക്ഷം മുഖരിതമായി നില്‍ക്കും.
താളവും സംഗീതവും കലയും പോലെ, വാസ്തുവും ജ്യോതിഷവും വൈദ്യവും പോലെ കാവ്യവും അലങ്കാരവും മീംമാസയും പോലെ കേരളത്തിന്റെ തനതായ സംഭാവനകളില്‍ അഗ്രിമ സ്ഥാനത്താണ്‌ താന്ത്രിക വിധികളും. ഷഡാധാരയോഗ സമ്പ്രദായത്തിലുള്ള പൂജാവിധികള്‍ അതിസൂക്ഷ്മമായി നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥനകളും.
ഈ കൃതിയുടെ രചന ക്ലേശപൂര്‍ണമായിരുന്നു എന്ന് നമുക്ക് മന്സ്സിലാക്കാവുന്നതേയുള്ളൂ. ലളിതവും ദീപ്തവുമായ ഭാഷയില്‍ വാക്കിന്റെ സൌന്ദര്യ രഹസ്യം തൊട്ടറിഞ്ഞാണ് ലക്ഷ്മി രാജീവ്‌ രചന നിര്‍വഹിച്ചിട്ടുള്ളത്. അനേകം ഗുരുക്കന്മാരേയും സൌഹൃദങ്ങളെയും ഗവേഷണകൌതുകമുള്ള അധ്യാപകരെയും ചരിത്രപണ്ഡിതന്മാരെയും ഇതിനായി അവര്‍ കണ്ടെത്തുന്നുണ്ട്. വളരെക്കാലം അഖിലേന്ത്യാ പ്രശസ്തമായ 'നിയോഗി ബുക്സിലെ' കോപ്പി എഡിറ്റര്‍ ആയിരുന്ന ലക്ഷ്മി രാജീവ് പ്രാസാധനകലയില്‍ തനിക്കുള്ള അനുഭവസമ്പത്ത് ഈ പുസ്തകത്തിന്റെ സംവിധാനത്തില്‍ ശ്രദ്ധ ചെലുത്താന്‍ സഹായകമായി. മദനനെപ്പോലുള്ള മികച്ച ആര്‍ട്ടിസ്റ്റുകളുടെ രേഖാചിത്രങ്ങളും ഹരി തിരുമല, മനോജ്‌ വാസുദേവന്‍ തുടങ്ങിയ ഫോടോഗ്രാഫര്‍മാരുടെയും സംഭാവനകള്‍ ഈ പുസ്തകത്തെ അന്താരാഷ്‌ട്ര നിലാവരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്.

ഈ പുസ്തകത്തെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍ എഴുതിയത് വായിച്ചു എന്റെ ഒരടുത്ത സുഹൃത്ത് എഴുതി ചോദിച്ചു: ഏട്ടാ സത്യത്തില്‍ ആറ്റുകാല്‍ അമ്മയോ ലക്ഷ്മിയോ ദേവി? എന്ന്. ഞാന്‍ ഉടനെ മറുപടിയും കൊടുത്തു : " ഉപ്പിനെ അറിയാന്‍ ഉപ്പാവണം". ശ്രീമതി ലക്ഷ്മി രാജീവിന്റെ ആത്മ സമര്‍പ്പണമാണ്‌ ഈ പുസ്തകം. അമ്മയില്‍ ആവിഷ്ടയായി നിന്നാണ് ഇതിലെ ഓരോ അദ്ധ്യായവും അങ്കനം ചെയ്യപ്പെട്ടിരിക്കുന്നത്.
ആറ്റുകാല്‍ ട്രസ്റ്റിലെ എം ഭാസ്കരന്‍ നായര്‍ , പ്രൊഫ. എ. ജെ തോമസ്, എം അജിത്കുമാര്‍ , മേല്‍ ശാന്തിയായിരുന്ന കണ്ണന്‍ പോറ്റി ഗുരുതുല്യനായ കെ കെ നായര്‍, കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ജയശങ്കര്‍ തുടങ്ങി എത്രയോ പേരുടെ പിന്തുണയോടെയാണ് ഈ കൃതി പൂര്‍ത്തിയാക്കിയത് എന്ന് ലക്ഷ്മി രേഖപ്പെടുത്തിയിട്ടുണ്ട്.
" മാം മദീയാം ച സകലമസ്മല്‍ സ്വാമിന്ന്യൈ ഭദ്രകാളീ തുഭ്യം സമ്യക് സമര്‍പ്പയാമി"  എന്റെ എല്ലാം അവിടത്തേക്ക് സമര്‍പ്പിക്കുന്നു ദേവീ ...
നാല് വര്‍ഷം മുന്‍പൊരു മധ്യാഹ്നത്തില്‍ ഉച്ചശീവേലി വണങ്ങി നില്‍ക്കെ ആരംഭിച്ച  മഹാമായയോടുള്ള പ്രണയം, എഴുതിത്തീര്‍ന്ന പുസ്തകവുമായി വീണ്ടും ഒരു ഉച്ചശീവേലിക്ക് സാക്ഷിയായി നില്‍ക്കെ ലക്ഷ്മി എഴുതി :
 "  I again watched the ucha sheeveli of the Goddess going past me, the temple drummers and the priests in the procession, smiled at me.
My Goddess, my Amma, I whispered. From within my heart, I heard Her reassuring beat. Her. Mine. Ours"

ഒരാത്മസമര്‍പ്പണത്തിന്റെ ഫലശ്രുതി .


No comments:

Post a Comment