Wednesday, August 10, 2016

ആറ്റുകാല്‍ അമ്മ ..ജനലക്ഷങ്ങളുടെ ദേവി

ഹിമാവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളില്‍ അമ്മ മക്കളെയും കാത്തു കാത്തിരുന്നു. കിള്ളിയാറില്‍ മാനസ തീര്‍ഥത്തില്‍ കുളിച്ചു ശുദ്ധി വരുത്തി കണ്മഷി എഴുതി ചാന്തു തൊട്ട് ചന്ദനമെഴുതിയ മുഖശോഭയുമായി വരദായിനിയായ ദേവി മക്കള്‍ക്ക് ദര്‍ശനമേകി. തിരുവനന്തപുരം നഗരിയുടെ തീരം ചേര്‍ന്നുകിടന്ന ആറ്റുകാല്‍ തികച്ചും ശാന്തമായ ഒരു  ഗ്രാമപ്രദേശമായിരുന്നു അന്ന്. കൃഷി മാത്രം മുഖ്യ ജീവനമാര്‍ഗമായിരുന്ന അനേകം തലമുറകള്‍ അവിടെ ജീവിച്ചു. ആറ്റുകാല്‍ അമ്മയുടെ മുടിപ്പുരയിലെത്തി ഉള്ളതില്‍ പങ്കു കാണിക്ക അര്‍പ്പിച്ചും ഉള്ളില്‍ വിങ്ങിയ സങ്കടങ്ങള്‍ അമ്മയോടു പങ്കിട്ടും അമ്മ നല്‍കിയ പ്രസാദം ഏറ്റുവാങ്ങിയും ആണ്ടിലൊരിക്കല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിച്ചും അങ്ങനെ എത്രയോ കാലം...

ഇന്ന് ആറ്റുകാല്‍ ക്ഷേത്രം വന്‍കരകള്‍ താണ്ടി വിശ്വം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ആറ്റുകാലമ്മ ജനലക്ഷങ്ങളുടെ അഭയവും രക്ഷയുമാണ്.കേരളത്തിനകത്തും പുറത്തും നിന്നുമായി സ്വദേശികളും വിദേശികളുള്‍പ്പടെ ലക്ഷങ്ങളാണ് ആണ്ടുതോറും കൊണ്ടാടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് നെഞ്ചുരുളിയില്‍ വെന്ത സങ്കടങ്ങള്‍ നൈവേദ്യമായി അര്‍പ്പിക്കനെത്തുന്നത്. അമ്മയുടെ കഥ തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്നുപോയ ഒരദ്ഭുതമാണ് .
ആ അദ്ഭുതം തേടി ഒരു ഗവേഷക ആറ്റുകാലില്‍ എത്തി. അമ്മയുടെ മുന്‍പില്‍ നിറകണ്ണുമായി എല്ലാംമറന്നു വന്ദിച്ചുനിന്നു. സമുദ്രവസനയായ ദേവിയുടെ തിരുമുന്‍പില്‍ മിഴിനീര്‍ കാണിക്ക യര്‍പ്പിച്ചു ' പാദസ്പര്‍ശം ക്ഷമസ്വ മേ..' എന്ന് ഉള്ളുരുകി കരഞ്ഞു.അമ്മയുടെ കഥ പറയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു മധ്യാഹ്നത്തിലായിരുന്നു ഉച്ചശീവേലി കണ്ടു വണങ്ങിയ ലക്ഷ്മിക്ക്  അമ്മയെ അടുത്തറിയണമെന്ന അതിയായ വെമ്പല്‍ ഉണ്ടാകുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെയും അമ്മയുടെയും പൊങ്കാലയുടെയും കഥയും ചരിത്രവും തേടി കവയിത്രിയും ഗവേഷകയുമായ ശ്രീമതി ലക്ഷ്മി രാജീവ് നടത്തിയ നീണ്ട നാല് വര്‍ഷത്തെ നിരന്തരാന്വേഷണം മനോഹരമായ ഒരു ഗ്രന്ഥമായി ഇതാ നമ്മുടെ മുന്‍പില്‍. അമ്മയോടുള്ള അളവറ്റ സ്നേഹവും ഭക്തിയും വിനയവും ലക്ഷ്മിയുടെ കൃതിയെ ഗഹനവും സുരഭിലവുമാക്കുന്നു. ചരിത്രം ചികയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കാനും കാലത്തോടൊപ്പം ഒഴുകിപ്പോയ സത്യത്തിത്തിന്റെ ഹിരണ്മയപാത്രം തുറന്നെടുക്കാനും ലക്ഷ്മി തീരുമാനിച്ചത് ഒരു നിയോഗമായിട്ടാണ്. താന്‍ തൊടുന്നത് മഹത്തായൊരു പൊരുളിന്റെ നേരിലാണെന്നു തുടക്കം തൊട്ടേ ലക്ഷ്മിക്ക് ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും പുനരന്വേഷണത്തിന്റെ മുദ്രകള്‍ തിരഞ്ഞു പോകുന്ന ഒരു വിദ്യാര്‍ഥി നേരിടാനിടയുള്ള പ്രതിബന്ധങ്ങള്‍ ലക്ഷ്മിയും തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ലഭ്യമായ ചരിത്ര രേഖകള്‍, ജീവിച്ചിരിക്കുന്ന അപൂര്‍വ്വം വ്യക്തികള്‍, പോയ തലമുറയിലെ കഥകള്‍ പകര്‍ന്ന വയോധികര്‍, ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ശരിയായ ചരിത്രം ഉറങ്ങിക്കിടന്ന തോട്ടം പാട്ടുകള്‍,  ഇന്നും അത് പാടുന്ന അപൂര്‍വ്വം മനുഷ്യര്‍, ഫോക് ലോര്‍ മേഖലയിലെ തലമുതിര്‍ന്ന അധ്യാപകര്‍, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളെ ക്കുറിച്ചുള്ള പഠനങ്ങള്‍, തന്ത്രസമുച്ചയം പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍... തീരുന്നില്ല.
നാല് വര്‍ഷവും അമ്മയെന്ന ധ്യാനവും മന്ത്രവുമായി അമ്മയില്‍ നിറഞ്ഞു ജീവിക്കാന്‍ ഈ എഴുത്തുകാരി വ്രതം നോല്‍ക്കുന്നു. അതീവ മധുരമാണ് ലക്ഷ്മി രാജീവ് എഴുതിയ ' ആറ്റുകാല്‍ അമ്മ .. ജനലക്ഷങ്ങളുടെ ദേവി' എന്ന പുസ്തകം. ആറ്റുകാല്‍ എന്ന പൊരുളിന്റെ വശ്യത വാക്കുകളുടെ സംഗീതമായാണ് നമുക്ക് അനുഭവപ്പെടുക. അമ്മയുടെ ഒരു ദിവസം തുടങ്ങുന്ന ഭൂപാളം തൊട്ട് രാത്രി നീലാംബരിയില്‍ അമ്മ പള്ളിയുറങ്ങും വരെയുള്ള അഭൌമമായ അന്തരീക്ഷം ലക്ഷ്മി വര്‍ണിക്കുന്നത് കവിത നിറഞ്ഞ ഭാഷയിലാണ്.
ഈ ചരിത്രത്തിന്റെ താളുകള്‍ക്കിടയിലൂടെ ഒരു കാല്‍ത്തള യുടെ നാദം നമ്മെ പിന്തുടരും. കേവലം പതിനൊന്നു വയസ്സ് മാത്രമുള്ള കന്യ എന്ന പെണ്‍കുട്ടിയുടെ ചിലങ്കയുടെ ശബ്ദം.  ആ ശബ്ദം തേടിയാണ് ലക്ഷി രാജീവ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിച്ചത്....

( അവസാനിക്കുന്നില്ല )

No comments:

Post a Comment