Wednesday, September 25, 2019

ഹെമിംഗ് വെ Part 2

വിശ്വ സാഹിത്യത്തിനു അമേരിക്ക സംഭാവന ചെയ്ത ഒരു ക്ലാസ്സിക് രചനയായിരുന്നു ഹെമിംഗ് വേയുടെ  " ആയുധങ്ങളോട് വിട ".  ഫ്ലോറിഡ യിലെ കീവെസ്റ്റില്‍ താമസിക്കുന്ന കാലം അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. സഹസികനായിരുന്ന ഹെമിംഗ് വെ നല്ലൊരു കടല്‍ യാത്രികനും മീന്‍ പിടുത്തക്കാരനുമായിരുന്നു. മത്സ്യബന്ധനത്തില്‍ റിക്കാര്‍ഡുകള്‍ തന്നെ സൃഷ്ടിച്ചിരുന്നു എന്നാണ് അറിയപ്പെടുന്നത്. 468 റാത്തല്‍ തൂക്കമുള്ള മാര്‍ലിന്‍ മത്സ്യത്തെ ഒറ്റയ്ക്ക് പിടിച്ചെടുത്ത ഹെമിംഗ് വേയുടെ റിക്കാര്‍ഡ് ഇന്നും നിലനില്‍ക്കുന്നു. കടല്‍ത്തീര നഗരങ്ങളില്‍ സീസണ്‍ കാലത്ത് പതിവുള്ള മീന്‍പിടുത്ത മത്സരങ്ങളില്‍ പലപ്പോഴും അദ്ദേഹമായിരുന്നു ജേതാവ്. മീന്‍പിടുത്തം മാത്രമല്ല ഗുസ്തി, ശിക്കാര്‍ , കാറോ ട്ടപ്പന്തയങ്ങള്‍, ചൂതാട്ടം എല്ലാറ്റിലും ഹെമിംഗ് വെ ആയിരുന്നു എന്നും മുന്‍പന്തിയില്‍.
കാളപ്പോരിനെ ക്കുറിച്ചുള്ള ഹെമിംഗ് വേയുടെ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. "അപരാഹ്നത്തിലെ മരണം " എന്നാ ആ കൃതി വിവാദം സൃഷ്ടിച്ചു.  അദ്ദേഹത്തിന്‍റെ ആഫ്രിക്കന്‍ ജീവിതകാലം അത്യന്തം  ഉത്സാഹ ഭരിതമായിരുന്നു.അദ്ദേഹം നീണ്ട കാലം ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വേട്ടയാടി. മരണത്തെപ്പോലും വെല്ലുവിളിക്കുന്ന സാഹസികത കൊണ്ട് , ഒപ്പമുണ്ടായിരുന്ന ശിക്കാറികളെ അദ്ദേഹം അമ്പരപ്പിച്ചു.ധീരോദാത്തതയുടെ അതിരുകളെല്ലാം മറികടന്ന ആ പര്യടനം കഴിഞ്ഞു ആനക്കൊമ്പും സിംഹത്തലകളും പുലിത്തോലുമൊക്കെയായി ആഫ്രിക്കയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ തദ്ദേശ വാസികളായ ആതിഥേയരോട് "ഇതെന്‍റെ പ്രിയപ്പെട്ട നാട് " എന്നദേഹം നന്ദി രേഖപ്പെടുത്താന്‍ മറന്നില്ല.  "ആഫ്രിക്കയിലെ പച്ചക്കുന്നുകള്‍" ,  "കിളിമഞ്ചാരോയിലെ കുഴമഞ്ഞ് " തുടങ്ങിയ കഥകള്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ സംഭാവനകളാണ്.
ഹെമിംഗ് വേയുടെ ബഹാമസ് ദ്വീപുകളിലെ സാഹസിക മീന്‍പിടുത്തവും രസകരമായ അനുഭവമായിരുന്നു. അതിനായി ഒരു ബോട്ട് സ്വന്തമായി കൈവശപ്പെടുത്തി ദ്വീപുകള്‍ക്ക്‌ ചുറ്റും മീന്‍പിടുത്ത യാത്രകള്‍ നടത്തി അദ്ദേഹം. അമേരിക്കയില്‍ നിന്ന് ഒഴിവുകാല ഉല്ലാസത്തിന് അവിടെയെത്തിയ സഞ്ചാരികള്‍ ഹെമിംഗ് വേയുടെ മീന്‍പിടുത്ത ചാതുര്യം കണ്ടു അദ്ഭുതം കൂറി. കടല്‍ത്തീരത്തെ കള്ളക്കടത്തുകാരുമായുള്ള സമ്പര്‍ക്കവും പരിചയവും അദേഹത്തിന്റെ  "  To have and have not" എന്ന കൃതിയുടെ പിറവിക്കു കാരണമായി.
യുദ്ധകാര്യലേഖകന്‍ എന്ന നിലയില്‍ സ്പാനിഷ് അഭ്യന്തര യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഹെമിംഗ് വെ യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും അതീവ ജാഗ്രത കാണിച്ചു. പുതുതായി പട്ടാളത്തില്‍ ചേര്‍ന്ന യുവസൈനികര്‍ക്ക് ഉന്നം പിഴക്കാതുള്ള വെടിവയ്പ്പില്‍ അദ്ദേഹം പരിശീലനം നല്‍കി. കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിച്ചു യുദ്ധരംഗങ്ങള്‍ പകര്‍ത്തിയ അദ്ദേഹം ഒരു ഡോക്യുമെന്‍റെറി നിര്‍മിക്കുകയുണ്ടായി. " ഈ സ്പാനിഷ്‌ മണ്ണ്" എന്ന ആ ഡോക്യുമെന്‍റെറി ചിത്രം പ്രദര്‍ശിപ്പിക്കാന്‍  വൈറ്റ് ഹൌസില്‍ പ്രസിഡണ്ട്‌ റൂസ് വെല്‍റ്റ്  ഹെമിംഗ് വേയെ ക്ഷണിക്കുകയും ചെയ്തു. സ്പെയിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം  " Fifth Column" എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരണത്തിനു തയ്യാറാക്കി.സ്പാനിഷ്‌ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ പ്രശസ്ത നോവലാണ്‌ " മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി".  പതിനെട്ടു വര്‍ഷമായി സ്പെയിനുമായുണ്ടായ നിരന്തര സമ്പര്‍ക്കം ആ കൃതിയുടെ ആഴം വര്‍ധിപ്പിക്കാന്‍ കാരണമായി. നീണ്ട പതിനേഴു മാസങ്ങള്‍ എടുത്തു അദ്ദേഹം ആ കൃതി എഴുതി മുഴുമിക്കാന്‍. 
ഹെമിംഗ് വേയുടെ ക്യൂബന്‍ വാസക്കാലം അതീവഹൃദ്യമായിരുന്നുവത്രേ. ഹവാനക്കടുത്ത് അദ്ദേഹം ഒരു തോട്ടവും വീടും വാങ്ങി.ധാരാളം പനകളും പപ്പായമരങ്ങളും പൂച്ചെടികളും തഴച്ചു വളര്‍ന്ന അദ്ദേഹത്തിന്‍റെ ക്യൂബന്‍ വസതി പ്രശാന്ത സുന്ദരമായിരുന്നു. നായക്കളും പൂച്ചകളും പരിചാരികമാരും സഹായത്തിനു ഭൃത്യന്മാരും തികഞ്ഞ ആര്‍ഭാട ജീവിതക്കാലമായിരുന്നു അത്. ഭിത്തി അലങ്കരിക്കാന്‍ താന്‍ പലപ്പോഴായി വെടിവെച്ച് വീഴ്ത്തിയ വേട്ട മൃഗങ്ങളുടെ ചായം തേച്ച തലകള്‍, പിക്കാസോയുടെ ചിത്രങ്ങള്‍ എന്നിവയും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടവയായിരുന്നു.


No comments:

Post a Comment