Thursday, September 26, 2019

Heming way . New part 2. 26.09.19

ക്ലാസിക് നോവലുകളുടെ പുന:പാരായണം നമുക്ക് വായനയില്‍ പുതിയ ആകാശങ്ങള്‍ തുറന്നുതരും. ഉത്തമ സാഹിത്യകൃതികള്‍ ഒന്നിലധികം തവണ വായിച്ചുപോകുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉറവെടുക്കും. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന സമാന്തരലോകത്തെ അവലോകനം ചെയ്യുമ്പോള്‍ നോവലിസ്റ്റ് ബോധപൂര്‍വം പ്രയോഗിച്ച ഭാഷയും അബോധപൂര്‍വകമായി പുന:സൃഷ്ടിച്ച മായികതയും വായനയില്‍ കൂടിക്കലരും.യഥാര്‍ഥ ലോകത്തിന്‍റെ ശരിപ്പകര്‍പ്പല്ല ഒരിക്കലും എഴുത്തുകാരന്‍ നിര്‍മിച്ചെടുക്കുന്നത്. ഒരേകദേശ പ്രതിബിംബമാണ് നോവലിസ്റ്റ് സാധന ചെയ്യുന്നത്. കാരണം നമുക്കറിയാം യഥാര്‍ഥലോകവും യഥാര്‍ഥ ജീവിതവും അനന്തവൈവിധ്യമാര്‍ന്നതാണ്. ചിത്രം വരയ്ക്കുന്ന കലാകാരന്‍ പ്രധാന അംശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപ്രധാനമായവ ഒന്നോ രണ്ടോ വര്‍ണബിന്ദുക്കള്‍ കൊണ്ട് ധ്വനിപ്പിക്കുകയും ചെയ്യുന്നതുപോലെ  എഴുത്തുകാരനും വാക്കുകള്‍ കൊണ്ടൊരു മായാലോകം സൃഷ്ടിക്കുന്നു.അയാള്‍ പ്രകൃതിയെ വരക്കുമ്പോള്‍ ഫോട്ടോഗ്രഫിയിലെന്ന പോലെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കുകയല്ല ചെയ്യുന്നത്. നാടകത്തിലെപ്പോലെ ഓരോ ചേഷ്ടകളും ഭാവങ്ങളും പ്രത്യക്ഷവല്‍ക്കരിക്കാന്‍ നോവലിസ്റ്റിനു സാധിച്ചെന്നു വരില്ല. എന്നാല്‍ ഫോട്ടോഗ്രഫിയെക്കള്‍ സൂക്ഷ്മമായി നാടകത്തെക്കാള്‍ വിശദമായി മനുഷ്യപ്രകൃതിയുടെ ആന്തരികലോകം എഴുത്തില്‍ അയാള്‍ വരച്ചെടുക്കും. കേവലം ബാഹ്യമായ യാഥാര്‍ഥ്യ പ്രതീതിയുടെ തലമല്ല മനുഷ്യരുടെ അന്തരംഗലോകം ഉളവാക്കുന്ന സത്യത്മകതയാണ് വലിയ നോവലിസ്റ്റുകള്‍ എക്കാലവും സാധന ചെയ്തത്. ഹെമിംഗ് വെ സൃഷ്ടിച്ച ലോകവും അങ്ങനെത്തന്നെയായിരുന്നു. ചുമരില്‍ തൂക്കിയ ചിത്രം അടുത്തുചെന്നു നോക്കിയാല്‍ അവ കേവലം രേഖകളും തൂലികപ്പാടുകളും മാത്രമാണ് .വായനക്ക് ശേഷം അല്പം ദൂരെ മാറിനിന്നു കാണുമ്പോഴേ പുതിയൊരു സൌന്ദര്യലോകം നമ്മുടെ മുന്നില്‍ വിടര്‍ന്നു വരൂ.വാക്കുകളുടെ രേഖാ വിന്യാസങ്ങളില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവെച്ച  ഭാവനാ പ്രപഞ്ചം ഒന്നൊന്നായി നമുക്ക് മുന്നില്‍ വിരിയുന്നത്  കാണാനാകും.

No comments:

Post a Comment