Wednesday, October 27, 2021

ഒമ്പതാം സിംഫണി .1

 ബീഥോവനെ തേടിയുള്ള യാത്രയുടെ തുടക്കത്തിൽ തന്നെ സഫ്‌ദർ തിരിച്ചറിഞ്ഞു , താനൊരു രാവണൻകോട്ടയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന്. തനിക്കജ്ഞാതമായ ഏതോ പുരാതന അറിവുകൾക്ക് മുന്നിൽ കാലത്തെ ബലികൊടുക്കാൻ പോവുകയാണെന്നും. 

നഗരം തെരുവ് വിളക്കുകൾ കൊളുത്തിയ സന്ധ്യകളിൽ തേക്കിൻകാട് മൈതാനത്തിലെ പുൽത്തകിടിയിൽ മലർന്നുകിടന്നു കൊണ്ട് മേഘസഞ്ചാരം നടത്തുമ്പോഴാണ് സഫ്‌ദർ മഹാഗണിമരത്തോടും ഇലക്കൂടാരങ്ങളോടും സംസാരിക്കുന്നത്. മഹാഗണി വൃക്ഷമേ നിൻ്റെ പരുക്കൻ തോലിനുള്ളിലെ ഏതു മോതിരവളയത്തിനുള്ളിലാണ് സംഗീതത്തിൻ്റെ വിപഞ്ചിക നീ ഒളിപ്പിച്ചു വെച്ചത്? പ്രകൃതിയുടെ വൃന്ദവാദ്യം സഫ്‌ദറിനു ഉത്തരം നൽകുകയായി. പേരറിയാത്ത അനേകം പുഷ്പങ്ങൾ വിടർന്നുനിന്ന പാതയിലൂടെ ഏകനായി നടന്നുപോയ ബീഥോവനെ സഫ്‌ദർ ഭാവനയിൽ കണ്ടുമുട്ടി. കാറ്റുവീശിയ മരച്ചില്ലകൾ ഉലയുന്ന പോലെയും ആകാശച്ചെരുവിലെ പക്ഷിച്ചിറകുകൾ തരംഗം കൊള്ളുന്ന പോലെയും അദ്ദേഹത്തിൻ്റെ കാരങ്ങൾ താളാത്മകമായി ചലിച്ചുകൊണ്ടിരുന്നത് സഫ്‌ദർ ശ്രദ്ധിച്ചു.

അഞ്ജലി പൊടുന്നനെ അയാളോട് പറഞ്ഞത് , ഞാൻ തിരയുന്നത് മിനോനെയാണ്.ചരിത്രത്തിൽ ഇടം തേടാതെ പോയ രേഖകൾ ഇല്ലാത്ത ജാരസന്തതി മിനോനയെ . ബീഥോവൻ്റെ മകൾ. മേൽവിലാസമില്ലാതെ ജീവിക്കേണ്ടിവന്ന പാവം പെൺകുട്ടി. ഞാൻ മിനോനയാണ് സഫ്‌ദർ . അവളെ അറിഞ്ഞ ശേഷം എനിക്കവളല്ലാതെ മറ്റാരുമാകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ അവളെക്കുറിച്ചെഴുതുക  സഫ്‌ദർ. മിനോന കണ്ട ബീഥോവനെക്കുറിച്ച് എഴുതൂ .

No comments:

Post a Comment