Thursday, October 28, 2021

ഒമ്പതാം ഒടിവിലെ അടയാളം 2

 മിനോന തനിക്കു ജന്മം നൽകിയ പിതാവിനെ ആദ്യമായി ഒരു നോക്ക് കാണുന്നത് 'അമ്മ വിട്ടുപിരിഞ്ഞ നിർദ്ദയമായൊരു ശൈത്യകാല സായാ ഹ്നത്തിലായിരുന്നു. അമ്മ ജോസഫൈൻ  അന്ത്യനിദ്രകൊണ്ട മുറിയുടെ വാതിൽ തുറക്കുമ്പോൾ  ഒരാളുടെ അഭാവം സൃഷ്ടിക്കുന്ന ഭാവം ഓർമിപ്പിച്ചുകൊണ്ടുള്ള അലൗകിക പ്രകാശം അവിടെ നിറഞ്ഞുനിന്നു.വസ്ത്രങ്ങളും ശിരോലങ്കാരങ്ങളും നിറച്ച അറകൾക്കപ്പുറം തെരേസ , മിനോനയുടെ ചെറിയമ്മ അവൾ കാണാൻ അതിയായി ആഗ്രഹിച്ച സംഗീതഗ്രന്ഥങ്ങൾ കണ്ടെത്തി. അച്ഛൻ മക്കൾക്കുവേണ്ടി അമൂല്യമായി കാത്തുസൂക്ഷിച്ച പിയാനോ നോട്ടുകളും വയലിൻ പാഠങ്ങളും ഓപ്പറ അവതരണത്തിലെ വ്യത്യസ്ത രീതികൾ അങ്കനം ചെയ്തകൊച്ചു കൈപ്പുസ്തകങ്ങളും ആയിരുന്നു നിറയെ.ഡാവിഞ്ചിയുടെ സ്കെച്ചുകളുടെ പകർപ്പുകൾ മാർലോയുടെയും സ്പെൻസറിൻ്റെയും കവിതകളുടെ ജർമ്മൻ പരിഭാഷകളും കൊണ്ട് സമ്പന്നമായൊരു വസന്ത ഭൂതകാലത്തിൻ്റെ കൈയ്യൊപ്പുകൾ. ഒപ്പം , പെപ്പി എന്ന് തങ്ങൾ അരുമയായി വിളിച്ചുപോന്ന അനിയത്തിയുടെ ബീച്ചുമരത്തിൻ്റെ പുറംചട്ടയുള്ള   ഡയറികളും.മിനോനയുടെ മാതാവിൻ്റെ ജീവിതത്തിലെ കാത്ര്യവും കണ്ണീരും വീണുനനഞ്ഞ താളുകളായിരുന്നു അവ. അങ്ങനെ ബ്രൂൺസ്‌വിക് കുടുംബത്തിലെ സവിശേഷമായ നീക്കിയിരുപ്പായി അവ മിനോനയെ കാത്തുകിടന്നു.

'അമ്മ വിട്ടുപിരിഞ്ഞപ്പോൾ നിനോന ഏഴു വയസ്സുമാത്രമുള്ള കുട്ടിയായിരുന്നു.എങ്കിലും ആഘോഷിക്കപ്പെടാത്ത അവളുടെ ബാല്യം ഓർമ്മകൾ കൊണ്ട് ദീപ്തമായിരുന്നു. പിറന്നാൾ സത്കാരങ്ങളുടേയോ കളിപ്പാവകളുടെയോ ഉല്ലാസയാത്രകളുടെയോ ഭംഗികളില്ലാത്ത അവളുടെ ദിവസങ്ങൾ തികച്ചും വിരസമായിരുന്നു.വിളക്കുകളെല്ലാം ഊതിക്കെടുത്തി തന്നെ ഇരുട്ടിലേക്ക് തള്ളിവിട്ട ലോകത്തിനു മുൻപിൽ പകച്ചുനിൽക്കാനേ മിനോനക്കു കഴിഞ്ഞുള്ളു. അങ്ങനെയാണ് അവൾ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തേക്ക് നടന്നടുക്കുന്നത്.'അമ്മ ഉറങ്ങിക്കിടന്ന മുറിയിലെ അഭയം അവൾക്കു തുണയായി. 'അമ്മ ശ്രുതി മീട്ടിയിരുന്ന പിയാനോയുടെ ഇരുനിറ ക്കട്ടകളിൽ തലചായ്ച്ചു കിടന്നപ്പോൾ വിശ്രാന്തി എന്തെന്ന് അവളറിഞ്ഞു.അഞ്ചുവരിക്കട്ടയ്ക്കും നാല് ഇടകൾക്കുമുള്ളിൽ അനുഭവങ്ങളുടെ സ്വരസംഗീതം ആരുടെയോ വിരൽസ്പർശം കാത്തുകിടന്നു.അമ്മയുടെ ഓർമ്മക്ക് ഒരു മെഴുകുതിരി കൊളുത്തിവെച്ചുകൊണ്ട് അമ്മയുടെ പിയാനോ സ്കെച്ചുകളിൽ നിന്ന് അവളൊരു സൊണാറ്റ നോട്ട് അഴിച്ചെടുത്തു.സ്വരച്ചീട്ടിലെ  ശ്രുതിസ്‌ഥാനങ്ങളെല്ലാം മനസ്സിൽ ഗണിച്ചു ഇടതുകൈവിരലുകൾ കൊണ്ട് പിയാനോയിലെ എട്ടു സ്വരങ്ങളെയും സ്വതന്ത്രമാക്കി.വലതു കൈവിരലുകൾ കൊണ്ട് മൂന്നു സ്വരപാദങ്ങളേയും ഹൃദയത്തിൽ ആവിഷ്കരിക്കാൻ വെമ്പി. 

അന്നേരം ഡാന്യൂബിലെ ശാന്തവും പ്രസന്നവുമായ ഒഴുക്കിലൂടെ ഒരു കളിയോടം തുഴയുന്ന സാരള്യതയിൽ വിഷാദമധുരമായ സംഗീതത്തിൻ്റെ ഒന്നാം പാദം പൂർത്തിയായി. സമതലങ്ങൾ വിട്ടു ദുർഘടമായ പാറക്കെട്ടുകൾക്കിടയിലൂടെ കുതിച്ചൊഴുകുംപോലെയായിരുന്നു രണ്ടാം പാദം. സ്വരങ്ങളുടെ കാനനപാതയിലൂടെ കാടിൻ്റെ നിഗൂഢവും തരളവുമായ ലാവണ്യത്തിലേക്ക് സ്വരലഹരി കിനിഞ്ഞിറങ്ങുന്നതു മിനോന തിരിച്ചറിഞ്ഞു. 


 

No comments:

Post a Comment