Monday, October 25, 2021

ജ്യോതിബായിയുടെ  പുതിയ കവിതാസമാഹാരം- മൂളിയലങ്കാരി' കേരളപ്പിറവി ദിനത്തിൽ  പ്രകാശിതമാവുന്നു. ദ്രാവിഡമായ നാടോടിത്തം തികഞ്ഞ ശീർഷ കങ്ങളാണ്  ജ്യോതിയുടേത്. ആദ്യമെഴുതിയ കവിതാപുസ്തകങ്ങൾ 'കൊടിച്ചി'യും 'പേശാമടന്ത'യും നാടോടിത്തനിമ കലർന്ന കൃതികൾ തന്നെ. പെണ്ണുരയുടെ തേവാരം എന്നാണ് ജ്യോതിയുടെ കവിതയെ ആഷാമേനോൻ വിശേഷിപ്പിച്ചത്. താൻപോരിമയാർന്ന പെണ്മയുടെ ആവിഷ്കാരമാണ്  ഈ കവിതകൾ. സമൂഹം വിധിച്ച നടപ്പുശീലങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവർക്ക് ചാർത്തിക്കൊടുക്കുന്ന പേരാണ് മൂളിയലങ്കാരി എന്നത്. സ്നേഹവും പരിഗണനയും ഒരിക്കലും കിട്ടാതെ നിരാശയിൽ പ്രതിനായികയായിപ്പോവുന്നവൾ. കുലാംഗനയായ നായികയേക്കാൾ കളം നിറഞ്ഞാടുന്നവൾ.സർഗാത്മകമായ ജീവിതങ്ങളുടെ കാല്പനികമായ എഴുത്തിടങ്ങളിൽ തിളങ്ങിനിൽക്കുന്നവൾ എന്നാണ് അവളെ ജ്യോതിബായി വിശേഷിപ്പിക്കുന്നത്. പരിശുദ്ധമായ മിഥ്യകളെക്കാൾ കവി സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും ഇരുൾ മൂടിയ ഉണ്മകളെയാണ് . നിരന്തരമായ കാവ്യാനുശീലനത്തിൻ്റെയും പദധ്യാനത്തിൻ്റെയും സുവർണകാന്തി ഈ കവിതകൾക്ക്  നിറമാല ചാർത്തുന്നു.

നവംബർ ഒന്നിന് ഡി സി പുറത്തിറക്കുന്ന  21  കവിതാപുസ്തകങ്ങളിൽ ജ്യോതിബായി പരിയാടത്ത് എഴുതിയ 'മൂളിയലങ്കാരി'യുമുണ്ട് . കാവ്യസമാഹാരത്തിൻ്റെ  ഓൺലൈൻ കവർ പ്രകാശനം ഫേസ്ബുക്ക്  ടൈംലൈനിൽ സസന്തോഷം നിർവഹിക്കട്ടെ.

No comments:

Post a Comment