Monday, February 13, 2023

കശ്മീർ 2

ആപ്പിൾ മരങ്ങൾ തഴച്ചുവളർന്ന കാശ്‌മീരിലെ ഞങ്ങളുടെ വീട്ടിൽ അനേകം മുറികൾ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഇരുപത്തിരണ്ടു മുറികൾ. വൃദ്ധയായ 'അമ്മ ഇടയ്ക്കിടെ മനോഗതം കൊള്ളുന്നത് രാഹുൽ വേദനയോടെ കേൾക്കുമായിരുന്നു. ദില്ലിയിലെ വാടകവീട്ടിൽ ഗതകാലസ്മരണയിൽ അമ്മയും അച്ഛനും ജീവിച്ചു. ആദിശങ്കരൻ നടന്നുപോയ കശ്മീരിലെ മണ്ണ് അവർ സ്വപ്നം കണ്ടു. രജതരംഗിണി എഴുതിയ കൽ ഹണനും അഭിനവഭാരതിയിലൂടെ ലോകമറിഞ്ഞ അഭിനവ ഗുപ്തനും ബൃഹദ് കഥാമഞ്ജരി തീർത്ത ക്ഷേമേന്ദ്രനു കഥാസരിത് സാഗരം പണിത സോമദേവനും തൊട്ടു ജവഹർലാൽ നെഹ്‌റു വരെയുള്ള മഹാരഥന്മാർ പിറന്ന ഭൂമി.സാംസ്കാരികമായി മഹത്തായൊരു പൈതൃകത്തിൻ്റെ അവകാശികളായവർ പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടതിൻ്റെ വേദന ജീവിതാവസാനം വരെ എത്രയോ കുടുംബങ്ങളിൽ മാതാപിതാക്കൾ കൈപ്പുനീരിറക്കി കഴിഞ്ഞുകൂടി. അഭയാർഥികളുടെയും പലായനത്തിൻ്റെയും കഥകൾ എന്നും മനുഷ്യമന:സാക്ഷിയെ കാർന്നുതിന്നുന്നതാണല്ലോ.അത് ലോകത്തെവിടെയായാലും.പാക് ബംഗ്ളാദേശ് യുദ്ധാനന്തരം ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്കുണ്ടായ അഭയാർഥിപ്രവാഹത്തിൻ്റെ യാതനകൾ നമുക്കിന്നും മറക്കാറായിട്ടില്ല.അന്നതൊക്കെ വൃത്താന്തപത്രങ്ങളിൽ നിരന്ന മഷിയിലും ആകാശവാണിയുടെ ശബ്ദത്തിലുമാണ് ലോകം അറിഞ്ഞത്.ഇന്നിപ്പോൾ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ദില്ലിയിലെ തെരുവുകളിൽ നിന്ന് ലക്ഷക്കണക്കിന് ജനം രായ്‌ക്കുരാമാനം കെട്ടും ഭാണ്ഡവും പേറി ഹരിയാനയിലേക്കും യു.പി ബീഹാർ പ്രദേശങ്ങളിലേക്കും നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി അലഞ്ഞുപോകുന്ന തത്സമയ ദൃശ്യങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേഷണത്തിലൂടെ നമ്മുടെ മുന്നിലെത്തി. ജനിച്ച സ്വന്തത്തെ നാട്ടിലുള്ളവർ പോലും അവരെ തിരിച്ചറിയാനോ ഉൾക്കൊള്ളാനോ വിസമ്മതം പ്രകടിപ്പിച്ചതായുള്ള വാർത്തകൾ അമ്പരപ്പോടെ നാം മനസ്സിലാക്കി. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ. ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലം ഹൃദയസ്പർശിയായാണ് രാഹുൽ രേഖപ്പെടുത്തുന്നത്. ചരിത്രത്തിൻ്റെ ആഖ്യാനത്തോടൊപ്പം ഫിക്ഷൻ വൈകാരികതയോടെ ഇഴചേർത്തിട്ടുള്ള 'കശ്മീർ എൻ്റെ രക്തചന്ദ്രിക'യിലെ ഉള്ളിൽ തട്ടുന്ന വിവരണം അവസാന അധ്യായങ്ങളിലാണ്. ജീവിത സായാഹ്നത്തിൽ ജനിച്ച വീടും പരിസരവും ഒരിക്കൽക്കൂടി കാണാനുള്ള വൃദ്ധരായ മാതാപിതാക്കളുടെ അഭിലാഷം നിറവേറ്റാനായി രാഹുൽ കാശ്മീരിലെ വീട് സന്ദർശിക്കാനായി പോകുന്നു. അവിടെ ചെന്ന് പഴയ ഓർമ്മകൾ ക്യാമെറയിൽ ഒപ്പിയെടുക്കുക എന്ന ലക്ഷ്യത്തോടെ. ലാൽചൗക്കിൽ നിന്ന് രാംബാഗ് പാലം കടന്ന് നന്ദിഹോറയിലേക്ക് രാഹുൽ യാത്രതിരിച്ചു. "ആദ്യം വീട്ടിലേക്കുള്ള വളവു തെറ്റി. അവിടെയായിരുന്നു സ്കൂൾ ബസ് ഇങ്ങളെ ഇറക്കിവിട്ടിരുന്നത്.എല്ലാം മാറിപ്പോയിരിക്കുന്നു. പുതിയ റോഡുകൾ കടകൾ, വീടുകൾ ..അവസാനം ചിരപരിചിതമായ നീലഗേറ്റിനുമുന്നിൽ കാലുകൾ തറഞ്ഞുനിന്നു.റോഡിൽനിന്ന് നോക്കിയാൽ കാണുന്ന ആപ്പിൾ മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഇത് എൻ്റെ വീട് തന്നെയോ? അവിടെ നിന്നും ഇറങ്ങിവന്ന മനുഷ്യൻ സൗഹാർദ്ദത്തോടെ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുന്നു. വളരെ വളരെ മുൻപ് ഞാനിവിടെ താമസിച്ചിരുന്നു, രാഹുൽ പറഞ്ഞു. ഞാനാണ് ഇപ്പോൾ അവിടെ താമസം.വരൂ ഇത് നിങ്ങളുടെയും വീടാണ്.വീട്ടുടമസ്‌ഥാൻ രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടുപോയി.ഗേറ്റുകടന്നു മുറ്റത്തേക്ക് കാലുവെച്ചപ്പോൾ പരിചിതമായൊരു സ്‌ഥലരാശിയിൽ അപരിചിതനെപ്പോലെ രാഹുൽ നടന്നു. ചുറ്റുപാടുകളും അടുക്കളത്തോട്ടവും അച്ഛനുമമ്മയും ഉണ്ടുറങ്ങി ജീവിച്ച മുറികൾ ഓരോന്നും അന്യമനസ്കനായി അയാൾ നോക്കിക്കണ്ടു. ഒരാൾ സ്വന്തം വാതിലിൽ മുട്ടി, മറ്റൊരുവൻ തുറന്ന് അയാളുടെ അനുവാദത്തോടെ സ്വന്തം വീട്ടിലേക്കു കേറേണ്ടിവരുന്ന അവസ്‌ഥ രാഹുലിനെ വൈകാരികമായി സ്പർശിച്ചു. ചില്ലുവാതിലുകൾ ഉള്ള ഒരു കാഴ്ച അലമാരി രാഹുലിൻ്റെ കണ്ണുകൾ തിരഞ്ഞു.കളിമൺ രൂപങ്ങളും ഫോട്ടോ ഫ്രയിമുകളും പ്രിയപ്പെട്ട പുസ്തകങ്ങളും നിറഞ്ഞ ആ അലമാരി അവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 'അമ്മ എന്നും മുട്ടുകുത്തി ഇരുന്നു തുടച്ചു വൃത്തിയാക്കിയ ആ ചുവന്ന വരാന്തയിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അയാളെ പൊതിഞ്ഞുമൂടി.മുകളിലെ മുറിയിൽ ഇരുന്നു വായിക്കുമ്പോൾ തഴുകിക്കടന്നു പോകുന്ന കാറ്റിനെ ഓർത്തു.ആപ്പിൾ നിറഞ്ഞ ആപ്പിൾമരത്തിൻ്റെ ഇളകുന്ന ചില്ലകൾ, ബാൽക്കണിയിലിരുന്നു സൂര്യനെ കാണുന്നതും മുറ്റത്തു വിടർന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം വീട്ടിലാകെ നിറഞ്ഞുനിന്നതും. അച്ഛൻ ഒടുവിൽ നട്ടുപിടിപ്പിച്ച ദേവദാരുമരത്തെ തൊട്ടു തലോടി യാത്രപറഞ്ഞു രാഹുൽ. അവിടെ ആ കറുത്ത നാളുകളിൽ മരിച്ചുവീണ ഓരോ കാശ്മീരി പണ്ഡിറ്റിനെയും അയാൾ വേദനയോടെ ഓർത്തു. ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി വളർന്ന രാഹുൽ പണ്ഡിത ആരുടെയും സഹായമില്ലാതെയാണ് പഠിച്ചുവളർന്നത്. ആരും പറയത്തെ കാശ്മീരിൻ്റെ കഥ ലോകത്തോട് വിളിച്ചുപറയാൻ അയാൾ ആഗ്രഹിച്ചു.

No comments:

Post a Comment