Monday, February 13, 2023

കശ്മീർ എൻ്റെ രക്തചന്ദ്രിക

Our Moon has Blood Clots എന്ന പ്രശസ്തകൃതിയുടെ മലയാള പരിഭാഷയാണ് 'കശ്‍മീർ എൻ്റെ രക്തചന്ദ്രിക'.ഗ്രന്ഥകർത്താവായ രാഹുൽ പണ്ഡിതയുടെ ആത്മകഥാപരമായ ചരിത്രാഖ്യാനമാണ് ഈ പുസ്തകം.ആധുനിക കാലഘട്ടത്തിലെ വലിയൊരു സംഘർഷ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഈ കൃതിയുടെ പരിഭാഷ നിർവഹിച്ചത് പ്രവാസിയായ ശ്രീ എം വി നാരായണൻ. കാശ്മീർ എൻ്റെ രക്തചന്ദ്രിക എന്ന ഈ പുസ്തകം ഇന്ത്യൻ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ്.ഈ കൃതയുടെ വായന പകരുന്ന ആഘാതം നമ്മെ എക്കാലവും പിന്തുടരും. രാഹുൽ പണ്ഡിത എന്ന കാശ്മീരി പണ്ഡിറ്റ് ബാലൻ കാശ്മീർ താഴ്വര വിടാൻ നിർബന്ധിതനാവുമ്പോൾ പ്രായം പതിന്നാല്.ഹിന്ദുന്യൂനപക്ഷ പ്രദേശമായ കാശ്മീരിൽ ഇസ്ലാം തീവ്രവാദികൾ സ്വാതന്ത്ര്യത്തിനു മുറവിളി ഉയർത്തിയ 1990 കാലഘട്ടമാണ് കഥയുടെ തുടക്കം. രാഹുൽ രക്ഷപ്പെട്ടത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം. കശ്മീരിൻ്റെ ഹൃദയഭേദകമായ കഥ ഇന്ത്യ- പാക്ക് രാഷ്ട്രീയ പകപോക്കലാണെന്നാണ് അതുവരെ പറഞ്ഞുപോന്നിരുന്നത്. പട്ടാളത്തിൻ്റെ ക്രൂരതയാണെന്നും വിഘടന വാദികളുടെ സ്വാതന്ത്ര്യ പോരാട്ടമാണെന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ള ജനങ്ങൾ വിശ്വസിച്ചു. എന്നാൽ കാശ്മീർ താഴ്വരയുടെ ജനജീവിതത്തിൻ്റെ സാമൂഹ്യചരിത്രം എഴുതപ്പെടാതെ തമസ്കരിക്കപ്പെട്ടിരിക്കുകയാണ് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്. ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച്‌ സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് നാം വായിക്കുന്നത്. സമകാലിക ചരിത്രത്തിൽ വെളിച്ചം കാണാതെപോയ ഒരധ്യായം. ഒരു കാലം ഭൂമിയിലെ സ്വർഗം എന്ന് വിളിക്കപ്പെട്ട കാശ്മീർ താഴ്വര നരകത്തിലേക്കുള്ള വാതിൽ തുറന്നിട്ട അനുഭവമാണ് രാഹുൽ പങ്കിടുന്നത്. ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ്. രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ്വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച്‌ രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുൽ ഈ പുസ്തകം തുറന്നുവെക്കുന്നത്. അധിനിവേശത്തിൻ്റെ കെടുതികളിൽ നിന്നും ഉന്മൂലനത്തിൻ്റെ ക്രൂരതകളിൽ നിന്നും രക്ഷതേടി ഭാരതത്തിലെത്തിയ ലോകത്തിൻ്റെ വിവിധഭാഗത്തിൽ നിന്നുള്ള ജനതയ്ക്ക് അഭയം കൊടുത്ത നാട്ടിൽ തന്നെയാണ് പലായനത്തിൻ്റെ പുതിയ ചരിത്രം രചിക്കപ്പെടുന്നത് എന്നതാണ് ഇതിലെ വൈപരീത്യം.മനുഷ്യാവകാശത്തിന് വേണ്ടി രാപ്പകൽ പോരാടുന്ന ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരുമുള്ള നമ്മുടെ നാട്ടിലാണ് ഈ കൂട്ട പലായനം സംഭവിച്ചതെന്ന് ഓർക്കുക. ഇരകളാക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ മഹാദുരിതത്തിൻ്റെ നാൾ വഴികളാണ് രാഹുൽ പണ്ഡിത തുറന്നിടുന്നത്. ഒരുവേള ഇന്ത്യയുടെ മതേതര മനസ്സു കാണാൻ വിസമ്മതിച്ച പച്ചയായ യാഥാർഥ്യങ്ങൾ.

No comments:

Post a Comment