Tuesday, February 14, 2023

കാശ്മീർ 3

പുസ്തകത്തിൻ്റെ അവസാനം കാശ്മീർ ചരിത്രത്തിൻ്റെ നാൾവഴി രേഖപ്പെടുത്തിയിട്ടുണ്ട്. 1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നു.1947 ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച്‌ 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ്വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു. രാഹുൽ പണ്ഡിത തൻ്റെ കഥ പറഞ്ഞു നിർത്തുമ്പോഴും ആയിരക്കണക്കിന് പണ്ഡിറ്റുകൾ പുനരധിവാസകേന്ദ്രങ്ങളിൽ തകർന്നു കഴിയുന്നുണ്ടായിരുന്നു. പൂർവികരുടെ കണ്ണിലേക്കു തിരിച്ചു കാൽകുത്താനാവാതെ. വി എസ്.നായ് പാളിൻ്റെ വരികളിൽ പുസ്തകം അവസാനിപ്പിക്കുകയാണ് ,രാഹുൽ. " ലോകം അങ്ങനെയാണ്. മനുഷ്യർ ഒന്നുംതന്നെയല്ല.ഈ ലോകത്തെ ഒന്നുമല്ലാതാക്കുന്നവർക്ക് ഈ ലോകത്തിൽ ഒരു സ്‌ഥാനവുമില്ല. " ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്‌ഥാനത്തിൻ്റെ കഥ - ഹാലോ ബസ്തർ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ശ്രീ രാഹുൽ പണ്ഡിത.ശ്രീലങ്കയിലെയും ഇറാഖിലെയും യുദ്ധരംഗത്തുള്ളവരെ റിപ്പോർട് ചെയ്ത പത്രപ്രവർത്തകൻ ആണ് അദ്ദേഹം. ഹിന്ദു പത്രത്തിൻ്റെ അസോസിയേറ്റ് എഡിറ്റർ ആയിരുന്ന രാഹുൽ പണ്ഡിതക്കു 2010 ൽ ലോക റെഡ്‌ക്രോസിൻ്റെ കോൺഫ്ലിക്ട് റിപ്പോർട്ടിങ് അവാർഡ് ലഭിച്ചു. കൊച്ചി കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്ത രക്തചന്ദ്രികയുടെ മലയാള പരിഭാഷ നിർവഹിച്ചത് പ്രവാസിയും ഫ്രീലാൻസ് എഴുത്തുകാരനുമായ ശ്രീ. എം വി നാരായണൻ.ഡൽഹിയിലും മുംബൈയിലും ബാങ്കോക്കിലുമായി ഔദ്യോഗിക ജീവിതം നയിച്ച നാരായണൻ തൃശൂർ ജില്ലയിലെ മായന്നൂർ സ്വദേശിയാണ്. സാമുദായിക അസ്വസ്‌ഥത വേരുപിടിക്കുന്ന നമ്മുടെ നാട്ടിലും ഈ കൃതിയുടെ പരിഭാഷ ഒരു മുന്നറിയിപ്പാണെന്നു ശ്രീ. എം വി നാരായണൻ ഓർമിപ്പിക്കുന്നു. പാബ്ലോ നെരൂദയുടെ വരികൾ പുസ്തകത്തിൻ്റെ തുടയ്ക്കും തന്നെ അദ്ദേഹം ചേർത്തിട്ടുണ്ട്. " ഒരു പഴയ കാലത്തിനായി ...പൂക്കളിൽ ചോരപ്പാടുകൾ ഇല്ലായിരുന്നു. ചന്ദ്രനിൽ ചോരപ്പാടുകളും .... ( Oh My Last City )

No comments:

Post a Comment