Tuesday, February 28, 2012

Himashingangalil.. 1.

ഹിമശൃംഗങ്ങളില്‍

മനുഷ്യന് ഭൂമി വരമായി നല്‍കിയ  ദൃശ്യവിസ്മയങ്ങളിലൊന്നാണ് ഹിമാലയം. ഹിമശൃംഗങ്ങ ളിലൂടെ നിര്‍വഹിക്കപ്പെടുന്ന യാത്രകള്‍ ഒരര്‍ഥത്തില്‍ ജീവിതത്തിന്റെ പുനര്‍വായനകളാണ്.
മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്റെ പ്രഭവങ്ങള്‍ തേടിയുള്ള യാത്ര അനുഭവത്തിന്റെ അന്തര്‍ മണ്ഡലങ്ങളിലേക്കുള്ള മാനസസഞ്ചാരമാണ്. നക്ഷത്രഭാസുരമായ നീലാകാശം പ്രതിഫലിച്ച മാനസസരോവരം കണ്‍മുമ്പില്‍ നിവര്‍ന്നപ്പോള്‍, സരോവരത്തിന്റെ ജലനിശബ്ദതയില്‍ സ്വയം മറന്നു നിന്നപ്പോള്‍ മുഴുവന്‍ ജന്മത്തിന്റെ ഓര്‍മയിലേക്ക് ഒരപൂര്‍വ ദൃശ്യം മുദ്രിതമാകുകയായിരുന്നു.
ശ്രീ എം കെ രാമചന്ദ്രന്‍ എഴുതി: "എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലായിരുന്നു അത്."
നാളുകള്‍ക്കു ശേഷം 'ഉത്തര്‍ഖണ്ഡ് 'വീണ്ടുമൊരാവര്‍ത്തി വായിച്ചു. വായിച്ചുവെന്നല്ല രാമ ചന്ദ്രനോടൊപ്പം സഞ്ചരിച്ചുവെന്നാണ് പറയേണ്ടത്. മലയാളത്തിലുണ്ടായ അപൂര്‍വമനോഹരമായൊരു യാത്രാനുഭവം. പ്രകൃതിയുടെ സാന്നിധ്യം ഈ അനുഭവസാക്ഷ്യ ത്തെ സുതാര്യവും പ്രകാശഭരിതവുമാക്കുന്നു. സ്ഥലത്തില്‍ നിഹിതമായ പ്രകൃതിയുടെ അനന്തരാശിയെ സഞ്ചാരിയുടെ ജിജ്ഞാസയാര്‍ന്ന കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.കൃതിയിലെ അതിഭാവുകമായ വര്‍ണനകളും അവിശ്വസനീയമായ കാഴ്ചകളും ഭ്രമാത്മകമെന്നു തോന്നിപ്പിക്കുന്ന ആഖ്യാനവും ആരാധനക്കൊപ്പം വിമര്‍ശനവും ഏറ്റുവാങ്ങി. നിത്യസഞ്ചാരിയായ എം കെ രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ: " എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി 'ഹിമാലയം' എന്ന് മാത്രമാണ്. കാരണം, എന്റെ ഓരോ പ്രഭാതങ്ങളും കൈലാസത്തിലേക്ക് കണ്‍തുറന്നുകൊണ്ടാരംഭിക്കുന്നു".

വീണ്ടുംവീണ്ടും സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്ന വശ്യതയാണ് ഈ യാത്രികനെ ഹിമഭൂമിയിലേക്ക് ആനയിച്ചത്. 'ഉത്തര്‍ഖണ്ഡ് ' പാരിസ്ഥിതികസൌന്ദര്യം നിറഞ്ഞ കൃതിയാവുന്നത്, ഈ സഞ്ചാരിയുടെ ഹൃദയത്തിലെ കാവ്യാത്മകത മാത്രമല്ല, നേര്‍ക്കാഴ്ചകളുടെ സത്യസന്ധമായ ആവിഷ്കാരം സാധ്യമാവുന്നതുകൊണ്ടുമാണ്. യാത്ര പുറപ്പെടുന്നതുമുതല്‍ വഴിനീളം സഞ്ചാരിയായ മനസ്സ് കണ്‍ പാര്‍ക്കുന്ന സ്ഥലവും കാലവും ഓര്‍മകളില്‍ മുദ്രവെക്കുകയാണ്.
കൃഷിയിടങ്ങള്‍,പുല്‍മേടുകള്‍, പുഷ്പാലംകൃതമായ താഴ്വരകള്‍, സസ്യജാലം, കാട്ടരുവികള്‍,
ഗോത്രവര്‍ഗക്കാരായ സഹജീവികള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിക്കുന്നവര്‍, അപൂര്‍വ
ജൈവവൈവിധ്യങ്ങള്‍, തടാകങ്ങള്‍, ചുരങ്ങള്‍ , കയറ്റിറക്കങ്ങള്‍, കാലാവസ്ഥകള്‍.. ഓരോരുത്തര്‍ക്കും ഓരോ ദേശാടനമാണ്.എന്റെ ദേശാടനമാവില്ല നിങ്ങളുടേത്. ഒരു ഭൂപ്രകൃതിയില്‍ നിന്നും മറ്റൊരു ഭൂപ്രകൃതിയിലേക്ക്..ഒരു  ജനതയില്‍ നിന്നും മറ്റൊരു ജനതയിലേക്ക്‌....ഈ യാത്രികന്റെ ദേശാടനം അസാധാരണതലങ്ങളുള്ള സൂക്ഷ്മാനുഭവങ്ങളുടെ അടയാളമാണ്.  ( തുടരുന്നു)
s e t h u m a d h a v a n m a c h a d

No comments:

Post a Comment