Tuesday, February 7, 2012

Story of Documentary Film- 2

പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ട് ദിനങ്ങളില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഡോക്യുമെന്‍ററികളിലൊന്നാണ് ബെര്‍ട്ട് ഹാന്‍സ്ട്രയുടെ Glas (1958 ) പത്തുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ ലഘു വര്‍ണചിത്രം അദ്ഭുതത്തിന്റെ ഒരു ചില്ലുമാളികയാണ്. പെയിന്റിംഗ്, ഫോട്ടോഗ്രഫി എന്നിവയില്‍ വിസ്മയമുതിര്‍ത്ത ബെര്‍ട്ട് ഹാന്‍സ്ട്രയുടെ 'mirror of Holland ' എന്ന ഹ്രസ്വചിത്രം കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്‌ പ്രിക്സ് പുരസ്കാരം നേടിയതോടെ ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു. തുടര്‍ന്ന് നിര്‍മിച്ച 'ഗ്ലാസ് ' ഓസ്കാര്‍ ഉള്‍പ്പടെയുള്ള അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഹാന്‍സ്ട്രക്ക് നേടിക്കൊടുത്തു. 
പ്രോസസ് ഡോക്യുമെന്‍ററി വിഭാഗത്തിലെ ഒരു ലഘുചിത്രമാണ് 16 mm ല്‍ നിര്‍മിച്ച 'ഗ്ലാസ്'. 
ലീര്‍ഡം ഗ്ലാസ് വര്‍ക്സ് കമ്പനി, തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് ഒരു പരസ്യചിത്രം നിര്‍മിക്കാന്‍ ഹാന്‍സ്ട്രയോടാവശ്യപ്പെട്ടപ്പോള്‍ തികച്ചും നൂതനമായൊരു പരീക്ഷണത്തിന്‌ ഒരുമ്പെടുകയായിരുന്നു അദ്ദേഹം. മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ഊഷ്മളമായൊരു വേഴ്ചയുടെ കഥാഖ്യാനമായി തന്റെ സിനിമയെ രൂപപ്പെടുത്തുന്നതില്‍ ഹാന്‍സ്ട്ര വിജയിച്ചു. കേള്‍ക്കാനിമ്പമുള്ള ജാസ് സംഗീതത്തിന്റെ അകമ്പടിയോടെ സ്പടികത്തിന്റെ നിര്‍മാണരഹസ്യം കലാചാതുരിയോടെ ഒരുക്കുകയാണ് അദ്ദേഹം. 
സ്പടികത്തില്‍ നിന്ന് വിവിധങ്ങളായ ഗ്ലാസ് പാത്രങ്ങളും,പൂപ്പാലികകളും ബള്‍ബുകളും പേപ്പര്‍ വെയ്റ്റുകളും മറ്റും രൂപം കൊള്ളുന്നത്‌ മനോഹരമായിട്ടാണ് ഒപ്പിയെടുത്തിരിക്കുന്നത്. പരമ്പരാഗതമായി ഗ്ലാസ് പാത്രങ്ങള്‍ നിര്‍മിക്കുന്നതിലെ അതിസൂക്ഷ്മതയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിച്ചുകൊണ്ടാണ്‌ ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. യന്ത്രങ്ങള്‍ക്കു തെറ്റ് പറ്റുമ്പോഴും മനുഷ്യന്റെ കരങ്ങള്‍ സര്‍ഗാത്മകമായി ഇടപെടുകയും അവന്റെ കൈകളുടെ മാന്ത്രികചലനത്താല്‍ സ്ഫടികരൂപങ്ങള്‍ വാര്‍ന്നു വീഴുകയും ചെയ്യുന്ന കാഴ്ച ചേതോഹരമാണ്. 
ഡോക്യുമെന്‍ററിയുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ , ഓസ്കാര്‍ പുരസ്കാരംനേടിയ ഹാന്‍സ്ട്രയുടെ 'ഗ്ലാസ്' നമ്മുടെ ഓര്‍മയില്‍ വരാതിരിക്കില്ല. 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംമുതലേ ചലിക്കുന്ന നിശബ്ദചിത്രങ്ങളില്‍ നൂതനമായ പരീക്ഷണങ്ങള്‍ നടന്നു. ചെറുദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് പുതിയ അര്‍ഥതലങ്ങള്‍ സൃഷ്ടിക്കുന്ന 'മൊണ്ടാഷ് ' (Montage )ഡോക്യുമെന്‍ററികള്‍ക്ക് പുതിയൊരു മുഖം നല്‍കി. എക്സ്പ്രഷനിസവും, നിയോ റിയലിസവുമൊക്കെ സിനിമയിലും പരിവര്‍ത്തനങ്ങള്‍ വരുത്തി. റഷ്യന്‍സിനിമയില്‍ ഐസന്‍സ്റ്റീന്‍, പുദോവ്കിന്‍ എന്നീ സൈദ്ധാന്തികരും അമേരിക്കന്‍ സിനിമയില്‍ ഗ്രിഫിത്തും ഉള്‍പ്പടെയുള്ളവര്‍ ചലച്ചിത്രത്തിന് പുതിയ വ്യാകരണവും ഭാഷയും രചിച്ചു. സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് സീഗാ വെര്‍ത്തോവിന്റെ 'എ മാന്‍ വിത്ത്‌ മൂവി ക്യാമറ'(1929  )ഒരു ഡോക്യു-ഫിക്ഷന്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രം സിനിമയെപ്പറ്റിയുള്ള സിനിമയാണ്. 
സോവിയറ്റ് നഗരങ്ങളിലെ ജനജീവിതത്തിന്റെ സൂക്ഷ്മമായ ചലനങ്ങള്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുകയാണ്. വീടുകള്‍ക്കുള്ളിലും പണിസ്ഥലത്തുംബീച്ചിലും ഫാക്ടറിയിലുമൊക്കെ ക്യാമറ കടന്നു ചെല്ലുന്നു. പൂര്‍വനിശ്ചിതമല്ലാത്ത വിധം അത് കണ്ണില്‍പ്പെടുന്നതെല്ലാം ഒപ്പിയെടുക്കുന്നു. സ്ക്രിപ്റ്റോ,സ്റ്റോറിബോര്‍ഡോ ഒന്നുമില്ലാതെ, എഡിറ്റിംഗ് ടേബിളില്‍ ചിത്രത്തിന്റെ ഘടന പുനര്‍നിര്‍ണയിക്കപ്പെ ടുകയായിരുന്നു.അതുവരെ നിലനിന്നിരുന്ന പതിവു ചലച്ചിത്രഭാഷയില്‍ നിന്നുള്ള ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം എന്നു പറയാം. Fast Motion , Freeze Frames , Jump cuts , Split Screens , Extreme Close Ups , tracking shots , reverse filming തുടങ്ങിയ നിരവധി സാങ്കേതികരീതികള്‍ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൊക്കേഷന്‍ ശബ്ദങ്ങളെ അതേപടി പകര്‍ത്തിയെടുക്കുകയാണ് ചെയ്തത്. സ്റ്റുഡിയോകളില്‍ നിര്‍മിക്കുന്ന സിനിമകളുടെ പതിവുരീതിയെ സര്‍ഗാത്മകമായി തകര്‍ക്കാന്‍ വെര്‍ത്തോവിനു കഴിഞ്ഞു. നാടകത്തിലും സാഹിത്യത്തിലും ഉപയോഗിക്കുന്ന ഭാഷയെ നിരസിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന് പുതിയൊരു ഭാഷ അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഒളിക്യാമറകളില്‍ റഷ്യയിലെ ബൂര്‍ഷ്വാജിവിതം പകര്‍ത്തിയാണ് വെര്‍ത്തോവ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സീഗാ വെര്‍ത്തോവിന്റെ സര്‍ഗജീവിതം.
 
സിനിമയെന്ന മാധ്യമത്തിന്റെ സൌന്ദര്യനിയമങ്ങള്‍ പുതുക്കിപ്പണിത സംവിധായകരാണ് വാള്‍ട്ട് ഡിസ്നി, വിക്ടോറിയ ഡിസീക്ക, ചാര്‍ളി ചാപ്ലിന്‍, റോബര്‍ട്ട്‌ ഫ്ലാഹെര്‍ടി, അകിര കുറോസോവ, ഇന്‍ഗ്മാര്‍ ബെര്‍ഗ്മാന്‍ തുടങ്ങിയവര്‍. ബര്‍ത്ത് ഓഫ് എ നേഷന്‍,. ഇന്റോലറന്‍സ്, ദി മദര്‍ ,ദി ബൈസിക്കിള്‍ തീവ്സ്, റാഷമോണ്‍, സെവന്ത് സീല്‍ എന്നീ ചിത്രങ്ങള്‍ ചലച്ചിത്രലോകത്തെ അദ്ഭുതങ്ങളായിരുന്നു. 
നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്കുംകറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്തുനിന്ന് വര്‍ണങ്ങളുടെ സൌന്ദര്യത്തിലേക്കും ക്രമേണ സിനിമ കൂടുമാറി. 
പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌, ജീവിതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്. 


സ്വീഡിഷ് സിനിമ വിശ്വചലച്ചിത്രവേദിയില്‍ അടയാളം നേടുന്നത് ബെര്‍ഗ്മാനിലൂടെയാണ് .ഇന്‍ഗ് മര്‍ബെര്‍ഗ് മാന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ദാര്‍ശനിക വ്യാഖ്യാനങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ദി Seventh Seal (1957 ) ബൈബിളിലെ വെളിപാട് പുസ്തകത്തില്‍ പറയുന്ന 'ഏഴാം മുദ്രയെ' ആസ്പദ മാക്കിയുള്ളതാണ്.സ്വന്തം മനസ്സിലെ മരണഭയത്തില്‍ നിന്ന് തന്നെ രഖപ്പെടുത്തിയ ചിത്രമെന്നാണ് ബര്‍ഗ്മാന്‍ രേഖപ്പെടുത്തിയത്.
പ്ലേഗ് മരണങ്ങള്‍ വിതക്കുന്ന മധ്യകാല സ്വീഡിഷ് പ്രദേശത്തിലൂടെ പരിക്ഷീണനായി നീങ്ങുന്ന അന്റോണിയാസ് ബ്ലോക്ക്‌ എന്നാ യോദ്ധാവ് .കുരിശുയുദ്ധത്തില്‍ പോരാടി അവിശ്വ്വാസിയായി മടങ്ങുക യാണയാള്‍. കടല്‍ത്തീരത്ത് വെച്ച് അയാള്‍ മരണവുമായി മുഖാമുഖം കണ്ടുമുട്ടുന്നു.മരണസമയം ദീര്‍ഘി പ്പിക്കാമെന്ന ചിന്തയിലും ദൈവത്തെ അറിയാനുള്ള ഒരു ശ്രമമെന്ന നിലയിലും, ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന മരണവുമായി ഒരു ചതുരംഗക്കളിക്ക് ഒരുങ്ങുകയാണ് ബ്ലോക്ക്‌. അതൊരു യാത്രയുമാണ്. അന്ധമായ വിശ്വാസങ്ങളുടെയും സഹനത്തിന്റെയും കാഴ്ചകളിലൂടെയുള്ള ആ യാത്രയില്‍ പലരെയും അയാള്‍ കണ്ടുമുട്ടുന്നു. തെരുവിലെ കളിക്കാരും കള്ളനായി മാറുന്ന വൈദികവിദ്യാര്‍ഥിയും, ഭൂതാവേശിത എന്നാരോപിക്കപ്പെട്ടു അഗ്നിയിലെരിയപ്പെടാന്‍ പോകുന്ന കന്യകയും തെരുവ് സര്‍ക്കസുകാരായ കുടുംബവുമൊക്കെ ആ യാത്രയിലെ കൂട്ടുകാരായി. മരണം ഇടയ്ക്കിടെ പ്ലേഗ് വിതക്കാനായി പോകുമ്പോള്‍ കളി മുടങ്ങും. എങ്കിലും അത് തുടരുന്നുണ്ട്. ആദ്യമെല്ലാം യോദ്ധാവ് ജയിക്കുന്നുണ്ടെങ്കിലും ക്രമേണ മരണം മേല്‍ക്കൈ നേടുന്നു. ഒടുവില്‍ ചാതുരംഗക്കരുക്കള്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട് മരണ അയാളെ നിര്‍ദ്ധാക്ഷിണ്യം പിടികൂടുന്നു.
ദൈവാസ്തിത്വത്തെ സര്‍ഗാത്മകമായി ചോദ്യം ചെയ്യുന്ന മനസ്സുകളുടെ തീര്‍ഥാടനമാണ് ബര്‍ഗ്മാന്റെ ചിത്രങ്ങള്‍. ദര്‍ശനികതയില്‍ നിമഗ്നമായ വൈകാരിക രംഗങ്ങള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അന്തര്‍ധാരയാണ്. 'സെവന്ത് സീല്‍' എന്നാ മാസ്റ്റര്‍ പീസിനു പുറമേ, 'വിര്‍ജിന്‍ ഓഫ് സ്പ്രിംഗ്,'  വൈല്‍ഡ്‌ സ്ട്രോബെരീസ്, Autumn Song , പെര്‍സോന, തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു.
ദൈവത്തിന്റെ അസ്തിത്വത്തെ തിരഞ്ഞുപോകലാണ് ബെര്‍ഗ്മാന്‍ ചിത്രങ്ങളുടെ കേന്ദ്രപ്രമേയം. ബാഹ്യമെന്നതിനേക്കാള്‍ ആന്തരികമായ അന്വേഷണമാണ് അദ്ദെഹം എന്നും നടത്തിയത്. ഭ്രമാത്മകത നിറഞ്ഞുനില്‍ക്കുന്ന ബെര്‍ഗ്മാന്‍ ചിത്രങ്ങള്‍ മനുഷ്യമനസ്സിന്റെ അഗാധതയില്‍ മുഴുകുന്ന കാവ്യങ്ങളാണ്.


പല രാജ്യങ്ങളിലും ഭാഷകളിലുമായി വളര്‍ന്നു വികസിച്ച ദൃശ്യ ശ്രാവ്യ രൂപമാണ് സിനിമ. അനേകം പേരുടെ കൂട്ടായ യത്നത്തിലൂടെ രൂപം കൊള്ളുന്ന തൊഴിലും കലയുമാണിത്. സ്വന്തം വ്യാകരണങ്ങളും നിയമങ്ങളുമായി പുതിയ പരീക്ഷണങ്ങളിലൂടെ ചലച്ചിത്രം എന്ന മഹത്തായ സംവേദനം തനതായൊരു ദിശാബോധം ആര്‍ജിക്കുകയായിരുന്നു. ഏഴാം വയസ്സില്‍ വീടു വിട്ടോടി തെരുവില്‍ സര്‍ക്കസ്സുകാര്‍ക്കൊപ്പം ചേര്‍ന്ന ഫെല്ലിനി, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ മോഷ്ടിച്ച ക്യാമറയുമായി സിനിമാനിര്‍മാണം തുടങ്ങിയ ഹെര്‍സോഗ്, തെരുവില്‍ ചിത്രങ്ങള്‍ വരച്ചുവിറ്റു ജീവിച്ച കിംകി ഡുക്ക്‌,
ജീവിതതം പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം സമ്മാനിച്ച റോമാന്‍ പൊളാന്‍സ്കി, തന്റെ സിനിമകളുടെ സര്‍ഗാത്മകതയിലൂടെ ജീവിതത്തെ പോരാട്ടമാക്കിയ ആന്ദ്രെ തര്‍ക്കോവ്സ്കി ...പ്രതിഭകളുടെ കഥകള്‍ അസാധാരണമാം വിധം വൈചിത്ര്യമാര്‍ന്നതതാണ്.
നിശബ്ദ സിനിമകളുടെ കാലം ഓര്‍മയില്‍ കാത്തുസൂക്ഷിക്കുന്ന ഇതിഹാസതുല്യമായ ചിത്രങ്ങളിലൊന്നാണ് 'ദി പാഷന്‍ ഓഫ് ജൊവാന്‍ ഓഫ് ആര്‍ക് '. എക്കാലത്തെയും മികച്ച ക്ലാസ്സിക് കൃതികളിലൊന്ന് . ഫ്രഞ്ച് പൌരോഹിത്യ ദുഷ്പ്രഭുത്വത്തോടും ബ്രിടീഷ് സൈന്യത്തോടും മാത്രമല്ല, സ്വന്തം ആന്തരികലോകത്തോടും പോരാടിയ 'ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ' കഥയാണിത്. ഒരു ആട്ടിടയ കന്യകയായ ജൊവാന്‍ പുരുഷവേഷം ധരിച്ച് ഇംഗ്ലീഷ് സേനക്കെതിരെ പോരാടുകയും പിടിക്കപ്പെടുകയും ചെയ്തു. ദൈവത്തിന്റെ വെളിപാട് മൂലമാണ് താനീ യുദ്ധം നയിച്ചതെന്ന് അവകാശപ്പെട്ട ജോവാനെ, ദൈവദൂഷണക്കുറ്റം ചുമത്തി ബ്രിട്ടീഷുസൈന്യം പൌരോഹിത്യത്തിന്റെ അനുമതിയോടെ വിചാരണ ചെയ്ത് ജീവനോടെ തീയിലിട്ടെരിക്കുകയായിരുന്നു.ജോവാന്റെ ജീവിതത്തിലെ അവസാനത്തെ 24 മണിക്കൂറുകളാണ് സിനിമയിലെ കാലം. സ്വന്തം പരിശുദ്ധിയിലുള്ള വിശ്വാസവും, ദൌത്യത്തിലുള്ള അചഞ്ചലമായ ആത്മധൈര്യവും , സഭയുടെ വ്യവസ്ഥാപിത മൂല്യങ്ങള്‍ക്കെതിരെയുള്ള തുറന്ന പോരാട്ടത്തിന് അവളെ സന്നദ്ധയാക്കുക യായിരുന്നു. വിശ്വസിനിമയിലെ വിസ്മയമായിട്ടാണ് ഈ നിശബ്ദചിത്രത്തെ ചലച്ചിത്രവിദ്യാര്‍ഥികള്‍
വിലയിരുത്തുന്നത്. പാരീസിലെ നാടകനടിയായിരുന്ന ഫാല്‍ക്കനെറ്റിയായിരുന്നു ജൊവാനായി ജീവിച്ച് അനശ്വരാഭിനയം കാഴ്ചവെച്ചത്. അന്ത:സംഘര്‍ഷങ്ങളുടെ ഭാവപ്രകടനം തീക്ഷ്ണമാക്കുന്ന സമീപദൃശ്യങ്ങള്‍ (close ups ) ഏറ്റവും സര്‍ഗാത്മകമായി ഉപയോഗിച്ച സിനിമയാണ് ഡാനിഷ് ചലച്ചിത്രകാരനായ കാള്‍ തിയോഡോര്‍ ഡ്രെയറിന്റെ ഈ ക്ലാസിക്ക് ചിത്രം.സ്വാതന്ത്ര്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മസഹനത്തിന്റെയും കഥകളാണ് അദ്ദേഹം സ്വന്തം സിനിമകളില്‍ സാക്ഷാത്കരിച്ചത്.
ലോകസിനിമയിലെ ഒഡീസി രചിച്ചത് ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ .ചലച്ചിത്രകലയുടെ വിസ്മയമായ അകിത കുറസോവ. ചരിത്രത്തിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങളെടുക്കുമ്പോള്‍ അതില്‍ കുറസോവയുടെ 'റാഷമോണ്‍' ഉണ്ടായിരിക്കും.ജാപനീസ് കഥാകാരനായ അകുതാഗാവയുടെ റാഷമോണ്‍, ഇന്‍ എ ഗ്രേവ്‌ എന്നെ കഥകള്‍ സംയോജിപ്പിച്ചാണ് കുറസോവ തന്റെ തിരക്കഥക്ക് രൂപം നല്‍കിയത്.
ശക്തിയായി പെയ്ത പേമാരിയിലും ആഞ്ഞുവീശിയ കൊടുങ്കാറ്റിലും പെട്ടുപോയ ഏതാനുംപേര്‍ ഒരിടത്ത് ഒത്തുകൂടുന്നു. നഗരത്തിന്റെ പ്രവെഷനകവാടമായ റാഷമോണ്‍ ചത്വരത്തില്‍ തികച്ചും ആകസ്മികമായി കണ്ടുമുടുന്ന ഒരു പുരോഹിതനും വഴിപോക്കനും വിറകുവെട്ടിയും തമ്മില്‍ നടക്കുന്ന ആകാംക്ഷാഭരിതമായ സംഭാഷണശകലങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്ന് പകല്‍ കോടതിമുറിയില്‍ നടന്ന ഒരു വിചാരണയെപ്പറ്റിയാണ് ചര്‍ച്ച. കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സമുറായ് ഭടന്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമുണ്ടായി. അയാളുടെ ഭാര്യ ബാലാത്കാരത്തിന് ഇരയാവുകയും ചെയ്യുന്നു. പക്ഷെ കോടതിവിചാരണയില്‍ അവരവരെ ന്യായീകരിച്ചുകൊണ്ട് മൂന്നു പേരും വ്യത്യസ്ത വീക്ഷണകോണുകളില്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്നു.സമുറായ് ഭടന്റെ ആത്മാവ് സംസാരിക്കുന്നത് ഒരു മന്ത്രവാദിയിലൂടെയാണ്. സംഭവത്തിന്‌ ദൃക് സാക്ഷിയായ വിറകുവെട്ടിയുടെ മൊഴിയാകട്ടെ തികച്ചും വ്യത്യസ്തവും. ഈയവസരത്തില്‍ കവാടത്തിനരികെ ആരോ ഉപേക്ഷിച്ചുപോയൊരു കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു കേള്‍ക്കുന്നു.ആ പിഞ്ചുപൈതലിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന വഴിപോക്കനെ തടയുന്ന വിറകുവെട്ടിയും, സമുറായുടെ കഠാര മോഷ്ടിച്ചതിനെപ്രതി അപരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. പ്രാരബ്ധാങ്ങള്‍ക്കിടയിലും വിറകുവെട്ടി കുഞ്ഞിനെ വളര്‍ത്താനായി കൊണ്ടുപോകുമ്പോള്‍ പുരോഹിതന്‍ ആശ്വാസം കൊള്ളുന്നിടത്തു കഥ അവസാനിക്കുന്നു.

എന്നാല്‍ അകുതാഗാവയുടെ രചനയില്‍ ഈ ശുഭാപ്തിയില്ല. അത് തികഞ്ഞ ദുരന്തത്തിലാണ് അവസാനിക്കുന്നത്. കുറൊസോവയുടെ ലോകം പക്ഷെ ഇരുണ്ടതല്ല. പ്രത്യാശാപൂര്‍ണമായൊരു ദര്‍ശനമാണ് അദ്ദേഹത്തിന്റേത്. ഏകമായ സത്യത്തിന്റെ വിവിധ മുഖങ്ങളെ (perspectives ) അവതരിപ്പിക്കുന്ന പ്രമേയപരമായ നൂതനത്വവും ചിത്രീകരണത്തിലെ വ്യതിരിക്തതയും( repeat sequence twists )ചേര്‍ന്ന് റാഷമോണിനെ എക്കലത്തെയും മികച്ച ക്ലാസ്സിക് സിനിമയാക്കിമാറ്റുന്നു.കുറസോവയെന്ന, ദൃശ്യഭാഷയുടെ ഈ ഷേക്ക്‌സ്പീയര്‍ തന്റെ സിനിമകളിലൂടെ അദ്ഭുതങ്ങള്‍ കാണിച്ചു. ജാപനീസ് സമുറായികളുടെ ആയോധനപാരമ്പര്യം അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളില്‍ പ്രമേയപരമായ മുഖമുദ്രയായിരുന്നു. ഇകുറു, സെവെന്‍ സമുറായ്, ത്രോണ്‍ ഓഫ് ബ്ലഡ്‌, റെഡ് ബിയേര്‍ഡ്, ദെര്‍സു ഉസാല തുടങ്ങിയ എല്ലാ ചിത്രങ്ങളും ലോകശ്രദ്ധയാകര്ഷിച്ചവയാണ്.

കുറൊസോവയുടെ Something Like an Auotobiography എന്ന ജീവചരിത്രം ചലച്ചിത്രവിദ്യാര്‍ഥികളുടെ കൈപ്പുസ്തകമാണ്. കിംഗ്‌ ലിയര്‍, മാക് ബാത്ത്, ഹാംലെറ്റ്, ഇഡിയറ്റ്, ലോവെര്‍ ഡെപ്ത് , ഇവാന്‍ ഇല്ലിച്ചിന്റെ മരണം, നിന്ദിതരും പീഡിതരും തുടങ്ങിയ വിഖ്യാത സാഹിത്യകൃതികള്‍ അദ്ദേഹത്തന്റെ മികച്ച ചിത്രങ്ങള്‍ക്ക് ആധാരമായി. കുറസോവ ചിത്രങ്ങള്‍ വിശ്വ ചലച്ചിത്രശൈലിയെ ആഴത്തില്‍ സ്വാധീനിച്ചവയാണ്.




No comments:

Post a Comment