Wednesday, February 29, 2012

Himasringangalil 2

കാളിദാസഭാവന മയൂരനൃത്തമാടിയ കുമായൂണ്‍ മലനിരകളിലൂടെയുള്ള യാത്രയുടെ വിസ്മയം വാക്കുകളില്‍ കവിത വിടര്‍ത്തിയാണ് ശ്രീ രാമചന്ദ്രന്‍ അവതരിപ്പിക്കുന്നത്‌. കാളിദാസ കവിതകളുടെ അനുശീലനവും ധ്യാനവും ഉത്തര്‍ഖണ്ഡ് എന്ന കൃതിയെ ഋതുവിന്യാസങ്ങളുടെ സൌന്ദര്യ ദീപ്തിയിലേക്ക് കൊണ്ടുപോകുന്നു. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ കിഴക്ക് കിടക്കുന്ന കുമായൂണ്‍ മലനിരകള്‍ ഹിമാലയയാത്രയുടെ ഗംഭീരാനുഭവങ്ങളില്‍ ഒന്നാണ്. അടിവാര പ്രദേശമായ കാത്തഗോഡില്‍ നിന്നാരംഭിക്കുന്ന യാത്ര നിമ്നോന്നതമായ ഭൂഭാഗങ്ങളിലൂടെ സ്വപ്നതുല്യമായ താഴ്വരകളും പിന്നിട്ട് മനുഷ്യവര്‍ഗത്തിന്റെ നിസ്സീമമായ ജീവിതകാമനകളുടെ നേര്‍ക്കാഴ്ചകളുമായി സമതലങ്ങളും ചുരങ്ങളും താണ്ടി അനന്തമായ സ്ഥല രാശിയിലൂടെ സഞ്ചരിക്കുന്നു. നൈനിത്താള്‍, അല്‍മോറ, ഭാഗേശ്വര്‍, ചമ്പാവത് , പിത്താര്‍ഗഡ്, തുടങ്ങിയ ഖണ്ഡങ്ങളിലൂടെ കടന്നുപോകുമ്പോഴും കുമയൂണിലെ നറുമണം പൊഴിക്കുന്ന തേയിലത്തോട്ടങ്ങളും പച്ചപ്പരവതാനി വിരിച്ച കുന്നിന്‍ചരിവുകളും ആപ്പിള്‍, സന്ദ്ര, മുന്തിരി, ചെറി, അക്രൂട്ട് തോട്ടങ്ങളും അധ്വാനശീലരായ കൃഷീവലന്മാരും നമ്മുടെ ശ്രദ്ധയില്‍ വരുന്നു. ഹിമാലയ തടത്തിലെ ഗോത്രങ്ങള്‍ വിവിധങ്ങളായ കൃഷിചെയ്തും ആട് വളര്‍ത്തിയും കമ്പിളിവസ്ത്രങ്ങള്‍ നെയ്തുണ്ടാക്കിയും ജീവിതം സരളമായി പ്രകാശിപ്പിച്ചു. കാലാവസ്ഥയെമാത്രം ആശ്രയിച്ച് നെല്ലും ബജ്റയും ചോളവും ഗോതമ്പും പഴവര്‍ഗങ്ങളും പച്ചക്കറികളും പണിതുണ്ടാക്കി തുച്ഛമായ വേതനം നേടി ജീവിതം കഴിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും പേമാരിയും ഹിമക്കാറ്റും ജനജീവിതം ദുസ്സഹമാക്കുന്നു.
ഭാഗേശ്വര്‍, ഭീം താള്‍, ഭോവാലി, സോമേശ്വര്‍,ക്വോസാനി, ഭേജ് നാഥ്‌ വഴി കടന്നുപോകുമ്പോള്‍ 'ഭൂമി ഇത്രയും സൌന്ദര്യം ഈ ഹിമാലയ പ്രദേശങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് എന്തിനാണെന്ന് ശ്രീ രാമചന്ദ്രന്‍ അതിശയം കൊള്ളുന്നു. എത്ര കണ്ടാലും മതി വരാത്ത അപ്സരസൌന്ദര്യം നീലാകാശം പ്രതിഫലിച്ചു കിടന്ന ഇവിടത്തെ തടാകങ്ങള്‍ക്കുണ്ട്.
സൂര്യകാന്തി പൂത്തുനില്‍ക്കുന്ന പാടങ്ങളും ദേവദാരുക്കള്‍ കുടനീര്‍ത്തിയ മലഞ്ചെരിവുകളും റോഡിനിരുവശത്തുമുള്ള പുഷ്പവിസ്തൃതിയും താഴ്ന്നിറങ്ങി വന്ന ചക്രവാളവും പച്ചനിറമാര്‍ന്ന
കുന്നിന്‍പുറങ്ങളും സാന്ദ്രഹരിതത്തിനു നീലിമ മല്കിയ ആകാശസരോവരവും മൂടല്‍മഞ്ഞിന്റെ തിരശ്ശീല വകഞ്ഞുമാറ്റിയെത്തിയ കിരണങ്ങളും സപ്തവര്‍ണങ്ങളുടെ ചിത്രചാതുരിയും രാമചന്ദ്രന്റെ കാഴ്ച്ചയെ ദീപ്തമാക്കുന്നത് നാം കാണുന്നു.
ഉയര്‍ന്ന പര്‍വതനിരകളും അഗാധമായ മലയിടുക്കുകളും നിറഞ്ഞ റിഫ്റ്റ് വാലികള്‍ കുമായൂണ്‍ താഴ്വരകളെ അതീവദുഷ്കരമാക്കുന്നു. അതിവിസ്തൃതമായ വനമേഖലകളും പുല്‍മേടുകളും കാലിസമ്പത്തുമുള്ള ഈ മലനിരകളിലെ സാല്‍ വൃക്ഷങ്ങളും, സിഡാര്‍, ചീര്‍, പൈന്‍, സില്‍വര്‍ ഫിര്‍, ചിനാര്‍, ഓക്ക്, സ്പ്രൂസ്, സുറായ്, ഭൂര്‍ജ് എന്നീ അപൂര്‍വ ജനുസ്സുകളും നാം പരിചയപ്പെടുന്നു. കാട്ടടുകളും ഹിമക്കരടികളും നമ്മെ തഴുകി കടന്നുപോകുന്നു. മൊണാല്‍ പക്ഷികളും കാട്ടുമൈനകളും പനംതത്തകളും ഹിമാലയന്‍ മരംകൊത്തികളും വാനമ്പാടികളും മാത്രമല്ല, ബ്ലൂ മാഗ് പീ, ബുഷ്‌ ചാറ്റ് ,റോബിന്‍, ലോഫിംഗ് ത്രഷ്, ഓറിയോള്‍ ഗ്രേ ടിറ്റ്,വൈറ്റ് ഐ തുടങ്ങിയ അത്യപൂര്‍വ പക്ഷിജാലങ്ങളും നമുക്ക് വിരുന്നവുന്നു. ശുദ്ധജല തടാകങ്ങളിലേക്ക് ഒലിച്ചിറങ്ങി വരുന്ന കാട്ടരുവികള്‍ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി മുത്തു പൊഴിക്കുന്ന ദൃശ്യവും 'ഉത്തര്‍ ഖണ്ഡ്' അനുഭവം അവിസ്മരണീയമാക്കുന്നു. ജലാശയങ്ങളില്‍ മുങ്ങിനിവരുന്ന അതിവിപുലമായ മത്സ്യസമ്പത്തുകളില്‍ സില്‍വര്‍ കാര്‍പ്പ്, ഗോള്‍ഡന്‍ മഹാസീര്‍, റൈന്‍ബോ ട്രൌട്ട് ,ഗച്ചുവാ, ഗദേര, ടോര്‍ ടോര്‍, തുടങ്ങിയ അപൂര്‍വയിനം മത്സ്യങ്ങളുടെ ചാരുതയും വായനയില്‍ അലിഞ്ഞുചേരുന്നു.
കുമായൂണ്‍ ഹിമാലതടത്തിലെത്തിയ മഹാത്മജി ധ്യാനനിരതനായി ഏറെനേരം അവിടെനിന്നുപോയി . ഗാന്ധിജി എഴുതി: 'മനുഷ്യസാധ്യമായതിനെയെല്ലാം പ്രകൃതി ഈ കുന്നുകളില്‍ നിര്‍മിച്ചിരിക്കുന്നു. ഹിമാലയത്തിന്റെ വിസ്മയിപ്പിക്കുന്ന സൌന്ദര്യവും ഹൃദ്യമായ കാലാവസ്ഥയും പച്ചവില്ലീസു വിരിച്ച പോലെയുള്ള പ്രതലങ്ങളും കാണുമ്പോള്‍, ലോകത്തിലെ മറ്റൊരു പ്രദേശത്തിനും ഈ രമണീയഭാഗത്തെ മറികടക്കുവാന്‍ സാധിക്കില്ല എന്നാണു എനിക്ക് തോന്നുന്നത്.'
മഹാകവി കാളിദാസന്‍ ഋതു സംഹാരവും മേഘസന്ദേശവും രചിക്കാനിടയായത് കുമായൂണ്‍ താഴ്വരകളുടെ മരതകശയ്യയിലാണ്. രബീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ വിശ്രുതമായ 'ഗീതാഞ്ജലി' എഴുതിയതും ഹിമാലയത്തിന്റെ ഈ തീരഭൂവിലിരുന്നാണ്.ആ വഴികളിലൂടെ എം കെ രാമചന്ദ്രന്‍ എന്ന മലയാളിയായ എഴുത്തുകാരന്‍ നടത്തിയ യാത്രയുടെ ലളിതവും അതീവ ഹൃദ്യവുമായ സാക്ഷാത്കാരമാണ് 'ഉത്തര്‍ ഖണ്ഡ് -കൈലാസ മാനസ സരോവര്‍. മനുഷ്യ സംസ്കാരത്തിന്റെ ചിരന്തനമായ മൂല്യകല്പനയുടെ സത്യസന്ധമായ ആലേഖനമാണ് ഈ രചന.

No comments:

Post a Comment