Thursday, October 4, 2012

Haikku Poem- 2


    • The Essential Haiku എന്ന തന്‍റെ കൃതിയില്‍ ശ്രീ റോബര്‍ട്ട്‌ ഹാസ്, ഹൈക്കു കവിത കേവലം ഒരനുഭവത്തിന്‍റെയോ പ്രകൃതിചിത്രത്തിന്‍റെയോ പരാവര്‍ത്തനം മാത്രമല്ല മറിച്ച്, അനുഭവത്തെ അതിന്‍റെ സാകല്യത്തില്‍ പുനര്‍ദര്‍ശനം ചെയ്യുന്നതാണ്, ജീവിച്ച നിമിഷത്തെ പുന:സൃഷ്ടിക്കലാണ് ഹൈക്കു എന്ന് വ്യക്തമാക്കുന്നു. വായനക്കാരന് , താന്‍ അനുഭവിക്കുന്ന കാവ്യലോകം സ്വയം ആവാഹിക്കാന്‍ കഴിയണം.പരിശീലനം നേടിയ പ്രതിഭകള്‍ക്ക് അനായാസം ഹൈക്കു വിന്‍റെ വര്‍ണനാപ്രപഞ്ചം വിടര്‍ത്താന്‍ കഴിയുന്നു.
      ബുദ്ധ തത്വചിന്തയുമായി ആഴത്തിലുള്ള ബന്ധമാണ് ഹൈക്കുവിനുള്ളത് , പ്രത്യേകിച്ചും സെന്‍ബുദ്ധ ദര്‍ശനവുമായി.

      transient, ephemeral

      contingent

      all things suffer

      നിസ്സാരവും ക്ഷണികവും അനിശ്ചിതവുമായ ലോകാനുഭവങ്ങളുടെ അന്തസ്സാരശൂന്യത ഹൈക്കുദര്‍ശനത്തില്‍ കടന്നുവന്നത് സെന്‍ബുദ്ധമതത്തില്‍നിന്നു തന്നെയായിരിക്കാം.

      പരമ്പരാഗത ജപ്പാന്‍ ഹൈക്കുകവിത ഒറ്റ വരിയിലാണ് എഴുതുന്നത്‌. വായനാനുഭവം ചിത്രലിപി പൂര്‍ണമായും നോക്കിക്കാണുംവിധം അച്ചടിക്കുകയാണ് പതിവ്. വരിയുടെ രണ്ടറ്റവും കണ്ണോടുംവിധം, അനുഭവത്തെ സരളവും അഗാധവുമായി അനുഭവിപ്പിക്കുംവിധം നിവേദിക്കുക. ആദ്യവായനയില്‍ത്തന്നെ
      മനസ്സില്‍ ഉരുവം കൊള്ളുന്ന ചിത്രം, കണ്ണുപറിച്ചു അടുത്തവരിയിലേക്ക് പോകുമ്പോള്‍ കൈമോശപ്പെടരുത് എന്നൊരു നിഷ്കര്‍ഷയുള്ളതുപോലെ നമുക്ക് തോന്നും.
      'ഹൈ' എന്ന ജപ്പാന്‍ പദം അനേകം അര്‍ഥത്തില്‍ ഉപയോഗിച്ചു കാണുന്നു. ചാരം, കോപ്പ, ഭ്രൂണം, സഹയാത്രികന്‍ തുടങ്ങി നിരവധി അര്‍ഥങ്ങളില്‍. 'ക്കു' എന്നാല്‍ പദ്യം അഥവാ ശ്ലോകം തന്നെ.( verse ) Haikku എന്നേ അവര്‍ പറയൂ. Haikkus എന്ന് ബഹുവചനം ഉപയോഗിക്കാറില്ല. അനുഭവത്തിന്‍റെ ഏകകം
      ശുദ്ധവും വേറിട്ടതും ആയിരിക്കണമെന്ന നിര്‍ബന്ധം വാക്കിന്‍റെ പരിചര്യയില്‍പ്പോലും ഹൈക്കു കവിത അനുസരിച്ചുപോന്നു.
    • കലയിലും കവിതയിലുംഎന്നപോലെ ഹൈക്കുവിലും നമ്മുടെ അഞ്ചിന്ദ്രിയങ്ങള്‍ തന്നെയാണ് രചനയുടെ സ്രോതസ്സ്. വേണമെങ്കില്‍ ഒരാറാ മിന്ദ്രിയത്തിന്‍റെ വെളിപാടെന്നും പറയാം. നമ്മുടെ ചിന്തയില്‍നിന്നല്ല, അനുഭവത്തിന്‍റെ അതീതത്തില്‍നിന്നാണ് ഹൈക്കു പിറവിയെടുക്കുക. വായനയുടെ ഉള്‍ക്കണ്ണില്‍ കവിയുടെ വാക്കും മനസ്സും തെളിഞ്ഞുവരണം. ഹൈക്കു നിവേദിക്കുന്ന അനുഭവം, വായനക്കാരന്‍റെ അന്ത:ശ്രോത്രങ്ങള്‍ പിടിച്ചെടുക്കണം. സ്നേഹവും ഇച്ഛയും ഭയവും ക്ഷോഭവും ആഗ്രഹവും അറിവും ബുദ്ധിയും സൌന്ദര്യവും എല്ലാം അമൂര്‍ത്തമായ ബിംബങ്ങളിലൂടെയാണ് ഹൈക്കുവില്‍ വിടരുന്നത്. പലപ്പോഴും ഹൈക്കു കവി വര്‍ത്തമാനത്തില്‍ സംസാരിക്കുന്നു. പോയ കാലവും വരുംകാലവും 'ഇന്നിന്‍റെ' കണ്ണിലൂടെയാണ് ആവിഷ്കരിക്കപ്പെടുക. ക്രിയാപദങ്ങള്‍ കഴിവതും ഒഴിവാക്കി നാമരൂപങ്ങളില്‍ ആശയം പകരുക എന്ന രീതിയാണ് ഹൈക്കു പിന്തുടര്‍ന്നത്‌. ഒരു വസ്തുവിന്‍റെ (thing ) കേവലനാമമല്ല, 'വസ്തുതത്വം'( thing -ness ) അഭിവ്യന്ജിപ്പിക്കുന്ന രസതന്ത്രമാണ് ഹൈക്കു. ഒരു വസ്തുവിനെക്കുറിച്ചുള്ള ആശയമോ സങ്കല്പമോ പങ്കിടുകയല്ല, ആ വസ്തുവിനെ അതായിത്തന്നെ നിറവേറ്റുക എന്ന കവികര്‍മമാണ് ജാപ്പനീസ് ഹൈക്കു ചെയ്തത്. ഒരു മണ്‍തരിയില്‍ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ദാര്‍ശനിക രീതിയല്ല, മണ്ണിനെ മണ്ണായിത്തന്നെ കാണുന്ന മണ്ണിന്‍റെ രസവും ഗന്ധവും സ്പര്‍ശവും ദൃശ്യവും സംയോജിപ്പിക്കുന്ന കലയുടെ ആത്മാവിനെയാണ് ഹൈക്കു കവി വന്ദിച്ചത്. കാടുകേറിയ ഭാവനയും ഫാന്‍റസിയും ഹൈക്കുവിനു അന്യമായിരുന്നു. അനാവശ്യമെന്ന് തോന്നിയ നാമ-ക്രിയാവിശേഷണങ്ങള്‍ ഒഴിവാക്കിയാണ് അവര്‍ രചന നിര്‍വഹിച്ചത്. താന്‍ സഞ്ചരിച്ച വഴികളിലൂടെ അനുവാചകനെ നടത്തുക മാത്രമേ കവി ചെയ്യുന്നുള്ളൂ.കടലിനെ 'തീരത്തിന്‍റെ അമ്മ'യായും കാറ്റിനെ 'ദൈവത്തിന്‍റെ നിശ്വാസമായും' ഭാവന ചെയ്യുന്ന കവി, അയാളുടെ പരിമിതസീമയിലേക്ക് ആസ്വാദകനെ അരികുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഹൈക്കുവില്‍ കടല്‍ കടലും, കാറ്റ് കാറ്റുമാണ്. ഭാവഗീതങ്ങളുടെ രീതിയല്ല, ലളിതവും ധ്വനിസാന്ദ്രവുമാണ് ഹൈക്കുവിന്‍റെ മാര്‍ഗം. എന്നാല്‍ കാലത്തെ പ്രതിഫലിപ്പിക്കുമ്പോള്‍, ദൂരത്തെ ആവാഹിക്കുമ്പോള്‍, ദേശത്തെ മുകരുമ്പോള്‍ അമൂര്‍ത്തമായ ബിംബങ്ങള്‍ സമര്‍ഥമായി ഹൈക്കു കവി പ്രയോഗിക്കുന്നു. ദൂരെ, അരികെ, സ്ഥൂലം, സൂക്ഷ്മം, വിഭാതം, ത്രിസന്ധ്യ, ഓര്‍മ, ദു:ഖം എന്നിങ്ങനെ അമൂര്‍ത്തതയില്‍ അഭിരമിക്കുമ്പോള്‍ ആറാമിന്ദ്രിയത്തിന്‍റെ കല്പനകള്‍ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ ഹൈക്കു ശ്രമിച്ചു.
      എന്നാല്‍ കവിതയുടെ മൂന്നിലൊന്നില്‍ 'ഈ അമൂര്‍ത്ത ബിംബം' അടയിരിക്കും. മറ്റു രണ്ടുവരി നമ്മോടൊപ്പം കാഴ്ചയിലും കേള്‍വിയിലും ഗന്ധത്തിലും സ്പര്‍ശത്തിലും അനുഭവവേദ്യമായി കൂടെനില്‍ക്കും. ഇങ്ങനെ ആറ്റിക്കുറുക്കിയ അദ്ഭുതം പോലെ ഹൈക്കു നമുക്ക് മുന്നില്‍, നമ്മോടൊപ്പം. ബാഷോ, ഷികി, ബുസണ്‍ ,കികാകു, ഇസ്സ എന്നീ വിശ്രുതകവികള്‍ ഈ കാവ്യപാരമ്പര്യത്തെ അമൂല്യമായി കാത്തുസൂക്ഷിച്ചു

      sethumadhavanmachad

No comments:

Post a Comment