Monday, October 8, 2012

japanese literaure

ജപ്പാനിലെ അതിപുരാതനമായ  കാവ്യസമാഹാരമാണ് 'കോകിന്‍ഷു'. ഋതുകാല കവിതകളാണ് ഏറെയും. പ്രേമകവിതകളും ശോകഗീതങ്ങളും സൂത്രാക്ഷര ശ്ലോകങ്ങളും എല്ലാം അതിലുള്‍പ്പെടും. ഋതുക്കളില്‍ വസന്ത ശരത് കാലങ്ങളെ അധികരിച്ച് രണ്ടും ഗ്രീഷ്മ- ശിശിര ങ്ങളെസംബന്ധിച്ച് ഓരോ പുസ്തകവും യാത്ര, വിരഹം പ്രണയം എന്നീവയെക്കുറിച്ച് അനേകം കാവ്യഗ്രന്ഥങ്ങളും  'കോകിന്‍ഷു' വിലുണ്ട്. ജപ്പാന്‍റെ സര്‍ഗാത്മകമായ കാവ്യസംസ്കാരത്തിന്‍റെ നിദര്‍ശനമാണ് കൃതി. ഹൈക്കുകവിതകളുടെ പിറവിക്കു മാതൃകയായി ഈ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.
ജപ്പാനിലെ ഗദ്യസാഹിത്യത്തിന്‍റെ ഉറവിടം പഴംകഥകളും കവിതകളുമാണ്. മുക്തകങ്ങള്‍ പോലെ മൂന്നോ നാലോവരി മാത്രമുള്ള  കൊച്ചു കവിതകള്‍. കവിത കാച്ചിക്കുറുക്കി സൂത്രപ്രായമാക്കുന്ന സ്വഭാവം ജപ്പാനിലെ പരമ്പരാഗത കവികള്‍ക്കുണ്ടായിരുന്നു. ഈ മാതുക പിന്തുടര്‍ന്നാണ് ചമ്പൂപ്രായത്തിലുള്ള 'ഇസെമോണോ ഗത്തിരി'- ഒന്‍പതാം നൂറ്റാണ്ടിലെ അരിവരാനോനരിഹിര എന്ന കവി എഴുതിയ കൃതി. അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന യക്ഷിക്കഥാമാലികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കൃതി. ജപ്പാനിലെ ആദ്യത്തെ ആഖ്യായിക ഇതത്രേ. കടവാതിലിന്‍റെ മട്ടിലുള്ള ഈ പദ്യ ഗദ്യ കൃതികളാല്‍ സമ്പന്നമായിരുന്ന കാലഘട്ടത്തില്‍ ആവിര്‍ഭവിച്ച ഒരദ്ഭുത പുസ്തകമാണ് ' ഗെന്ജിയുടെ കഥ'( ഗെന്ജി മോണോഗത്തരി ) ഡെക്കാമൊറോണ്‍, ഡോണ്‍ ക്വിക്സോട്ട് എന്നീ മഹത്തായ കൃതികളുടെ നിരയിലേക്കാണ് പാശ്ചാത്യ സാഹിത്യലോകം ജപ്പാനില്‍ നിന്നെത്തിയ 'ഗെന്ജിയുടെ കഥയെ' വിലയിരുത്തിയത്. മുറസാകി ഷിക്കിബു( 975 -1025 ) എന്നാണു ഗ്രന്ഥകാരിയുടെ പേര്‍. അക്കാലത്ത് ചൈനീസ് ഭാഷയില്‍ സാഹിത്യം രചിക്കുന്നത്‌ മാത്രമേ അന്തസ്സായി കണക്കാക്കിയിരുന്നുള്ളൂ. അപ്പോഴാണ്‌ മാതൃഭാഷയുടെ സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ട് ഒരു വനിത ജപ്പാന്‍റെ മണ്ണില്‍ ഇതിഹാസം എഴുതിയത്. പതിനൊന്നാം നൂറ്റണ്ടിന്‍റെ ആദ്യദശകത്തിലാണ്‌ ഈ കൃതി രചിക്കപ്പെട്ടത്‌. ചക്രവര്‍ത്തിയുടെ അനേകം ഭാര്യമാരിലൊരുവളില്‍ ജനിച്ച ഗെന്ജിരാജകുമാരന്‍റെ പ്രേമകഥയാണ് ഇതിവൃത്തം. സ്വാഭാവികമായും അക്കാലത്തെ കോവിലകത്തെയും പ്രഭുഗൃഹങ്ങളിലെയുംആര്‍ഭാടപൂര്‍ണ്ണവും വര്‍ണശബളവുമായ ജീവിതത്തിന്‍റെ സാംസ്കാരിക ഭൂമികയാണ് നോവലില്‍ വിഷയമാവുന്നത്. 

No comments:

Post a Comment