Wednesday, October 24, 2012

Japan sketches

The Japanese concept of beauty (aesthetic) is influenced by the Buddhist idea that nothing lasts, nothing is finished and nothing is perfect. Based on these principles, Japanese art and culture often values imperfection. This is called the Japanese aesthetic of wabi-sabi.


അവരുടെ ദേശീയവികാരം സകുറ (sakura ) അഥവാ Cherry Blossom , ഏറ്റവുമധികം ഹൈക്കുവില്‍ ആവിഷ്കൃതമായ ഉത്സവം. ജാപ്പന്‍റെ ദേശീയ ചിഹ്നം എന്നുതന്നെ പറയാം. ചൈനയിലും പുരാതന ജപ്പാനിലും വസന്താഗമം അറിയിക്കുന്നത് പ്ലം മരങ്ങള്‍ പൂത്തുലയുന്നതോടെയാണ്. രാജവംശങ്ങള്‍ തങ്ങളുടെ പാരസ്പര്യം ബന്ധിച്ചുനിറുത്തിയത് 'പ്ലം'മരങ്ങളുടെ വസന്തഭംഗിയിലാണത്രെ. മഞ്ഞുപൊഴിയുന്ന കാലം, മാളത്തിലൊളിക്കാനല്ല നിരത്തിലിറങ്ങി കൂട്ടുകാരൊത്ത് സൗഹൃദം പങ്കിടാനും സ്നേഹം വിളമ്പാനുമാണ് അവര്‍ ഇഷ്ടപ്പെട്ടത്. സകുറമരങ്ങള്‍ സുലഭമായിവളരുന്ന മണ്ണില്‍ ചെറിപ്പൂങ്കുലകള്‍ അന്യോന്യമുള്ള വിശ്വാസത്തിന്‍റെയും ദൃഡപ്രേമത്തിന്‍റെയും അടയാലമായത്തിനു പിന്നിലുള്ള കാവ്യനീതി ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു.
സകുറയുടെ ഇതളുകള്‍ കൊഴിയുന്ന ദൃശ്യം ജപ്പാനിലെ കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും കൈകോര്‍ത്തുനിന്നു. എന്തിന് കൂട്ടമായി പൊഴിഞ്ഞു വീഴുന്ന സകുറപൂക്കള്‍ സമുറായ് യോദ്ധാക്കളെ അശുഭസൂചന നല്‍കി വേദനിപ്പിച്ചു. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ സക്കുറ പുഷ്പങ്ങളായി പുനര്‍ജനിക്കുമെന്നുപോലും ജപ്പാന്‍കാര്‍ വിശ്വസിച്ചു.
ചെറിമരങ്ങല്‍ പൂക്കുന്ന കാലത്തു കുടുമ്പസമേതം ഉദ്യാനങ്ങളിലും ചെറിപൂക്കുന്ന നാട്ടിന്‍ പുറങ്ങളിലും പോകുക ഒരു ഉത്സവമായി ജപാനീസ് ആഘോഷിക്കുന്നു.
പൂക്കളുടെ ഭാഷയ്ക്ക്‌ ജപ്പാനില്‍ ഹനാകൊട്ടോബ എന്ന് പേര്‍. ഓരോ പൂവിനും ഒരു വിനിമയഭാഷയുണ്ട്. ചുവന്നുതുടുത്ത പനിനീര്‍പുഷ്പം (അകൈബാര ) പ്രണയത്തിന്‍റെ സന്ദേശമാണ് . ശ്വേതനിറത്തിലുള്ള പനിനീര്‍പ്പൂ ( shiroibara ) നിഷ്കളങ്കതയുടെയും വിശുദ്ധിയുടെയും നിശബ്ദതയുടെയും സൂചകമാണ്. പീതവര്‍ണത്തിലുള്ള പനിനീര്‍പുഷ്പം (yellow rose - Kiiroibara ) അസൂയ കലര്‍ന്ന സൗഹൃദം. അരുണവര്‍ണത്തിലുള്ള തുലിപ് പൂക്കള്‍ പ്രശസ്തിയുടെയും അനശ്വര പ്രേമത്തിന്‍റെയും പ്രതീകം. മഞ്ഞ തുലിപ്പ്‌ പൂക്കള്‍ പ്രേമത്തിന്‍റെ വണ്‍ വേ ട്രാഫിക് ആണത്രേ. Suitopi (sweet pea ) വിട പറയുന്നതിന്‍റെ സൂചന. Bluebell കൃതജ്ഞതയുടെയും Cactus ഫ്ലവര്‍ കാമത്തിന്‍റെയും റെഡ് കമെലിയ (Subaki ) ബുദ്ധിവൈഭവത്തിന്‍റെയും മഞ്ഞ കമെലിയ നിഗൂഡമായ ആഗ്രഹങ്ങളുടെയും വെളുത്ത കമേലിയപ്പൂക്കള്‍ കാത്തിരിപ്പിന്‍റെയും സുരഭില സൂചനകളാണ്. വെള്ള ക്രിസാന്തിമപുഷ്പങ്ങള്‍ (Chrysanthemum -Shirakiku ) മൃതിയുടെയും ദു :ഖത്തിന്‍റെയും Daffodil , ബഹുമാനത്തിന്‍റെയും പിങ്ക് റോസ് പരസ്പര വിശ്വാസത്തിന്‍റെയും നിദര്‍ശനങ്ങളാണ്.

ഇക്കേബാന എന്ന പുഷ്പാലങ്കാരത്തിനു പരമ്പരാഗത ജപ്പാന്‍ജീവിതത്തില്‍ ആഴമേറിയ അര്‍ഥതലങ്ങള്‍ ഉണ്ടായിരുന്നുവത്രേ. ഹൈക്കു ആസ്വദിക്കാന്‍ ഇത്തരം സാംസ്കാരികസൂചകങ്ങള്‍ നമ്മെ സഹായിക്കും.

ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും പാതയോരങ്ങളില്‍പ്പോലും കാണപ്പെടുന്ന കുട്ടിദൈവങ്ങളാണ് ബോധിസത്വന്മാര്‍ (Jiso ) പീതവര്‍ണത്തിലുള്ള ശിരോവസ്ത്രം ധരിച്ച് ശാന്തിയുടെ സന്ദേശവുമായി നില്‍ക്കുന്ന ഈ ബോധിസത്വന്‍മാര്‍ കുഞ്ഞുങ്ങളെ രോഗങ്ങളില്‍നിന്ന് അകറ്റിനിറുത്തുന്നു എന്നാണു വിശ്വാസം. ബാഷോവിന്‍റെ ചില ഹൈക്കുകവിതകളില്‍ Jiso പ്രത്യക്ഷപ്പെടുന്നുണ്ട്.

ജപ്പാന്‍ എന്ന പേരുപോലും സത്യത്തില്‍ ജപ്പാനീസ് അല്ല. ഉദയസൂര്യന്‍റെ നാട് എന്നര്‍ഥം വരുന്ന 'നിപ്പോണ്‍' ( (日本) )ആണ് ശരിയായ നാമം. 1603 ല്‍ പോര്‍ച്ചുഗീസുകാര്‍ വന്നിറങ്ങിയതോടെയാണ് ലാറ്റിന്‍ ഭാഷ നിപ്പോണിന്‍റെ മണ്ണില്‍ വേരോടിയത്.പതിനഞ്ചാം ശതകത്തില്‍ സഞ്ചാരിയായ മാര്‍ക്കോപോളോ നിപ്പോണിലെത്തുകയും സ്ഥലനാമം 'സിപ്പാന്‍ഗ്' (Cipangu )എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇംഗ്ലിഷ് അക്ഷരമാലയില്‍ അത് 'ജിപ്പോണ്‍' എന്ന് ഉച്ചരിക്കപ്പെടുകയും പില്‍ക്കാലം ജപ്പാന്‍ ആയി പാശ്ചാത്യലോകം വിളിക്കുകയും ചെയ്തു.

അനാവശ്യമായ എന്തും അവര്‍ ജീവിതത്തില്‍ ഒഴിവാക്കി. വാക്കിലും നോക്കിലും പെരുമാറ്റത്തിലും കുലീനമായ മിതത്വം കാത്തുസൂക്ഷിച്ചു. സൌമ്യമായ സംഭാഷണരീതിയിലും ബഹുമാനസൂചകമായ കുനിഞ്ഞു നില്പിലും സംയമനപൂര്‍ണമായ ഇടപെടല്‍ ശൈലിയിലുമൊക്കെ ആചാരപരമായ മിതത്വം പുലര്‍ത്തി. (ഇതിനു മറ്റൊരു മറുവശമുള്ളത് വഴിയെ വ്യക്തമാക്കാം.) ചുറുചുറുക്കോടെയുള്ള ജീവിതശൈലി അനാര്‍ഭാടമായിരുന്നു. ധൂര്‍ത്ത്‌, പാടെ ഒഴിവാക്കി. തീന്‍മേശയിലെ ലാളിത്യം, മതാത്മകമായ ആഹാരനീഹാരങ്ങള്‍ എല്ലാം ശ്രദ്ധേയംതന്നെ. ചെയ്യുന്നതെന്തും പെര്‍ഫെക്റ്റ്‌ ആകണമെന്ന നിര്‍ബന്ധം ജപ്പാന്‍ജനതയുടെ
ജനിതകത്തിലുള്ളതാണെന്നു തോന്നും. കവിതയാകട്ടെ, ചിത്രകലയാവട്ടെ, ആയോധനമുറയാകട്ടെ ചെയ്യുന്നതെന്തും അനുപമമായിരിക്കും.
എല്ലാം അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ, ജീവിതം വ്യര്‍ഥമാകുമെന്ന് അവര്‍ കരുതി, തന്മൂലം ജീവിതത്തിലും കലയിലും രഹസ്യാത്മകമായ 'ഒരിടം' അവര്‍ ബാക്കിവെച്ചു. Yugen അഥവാ misterious ആയ ഒരംശം എപ്പോഴും കരുതി.( കുറസോവയുടെ സിനിമകള്‍ ഓര്‍ക്കുക)
Ensou എന്നാല്‍ ശൂന്യത. ഒഴിഞ്ഞ വൃത്തങ്ങളില്‍ നിറവിന്‍റെ ശബ്ദവും പ്രകാശവും ഭാവന ചെയ്തു. void എന്നത് ഒരു സെന്‍ ദര്‍ശനം തന്നെയാണ്. നീരവ സൌന്ദര്യത്തിനു മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുക എന്നത് ചിട്ടയായൊരു ജീവിതക്രമമായി അവര്‍ വളര്‍ത്തിയെടുത്തു. എന്നല്ല, അടിസ്ഥാനപരമായും ചിട്ട (Discipline ) സൌന്ദര്യമാണ്‌ എന്ന വിശ്വാസം അവരില്‍ വേരൂന്നിയിരുന്നു.

No comments:

Post a Comment