Tuesday, October 9, 2012

japan sketches


ജപ്പാന്‍റെ ആദ്യകാല ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. പുറംലോകവുമായി വലിയ ബന്ധമൊന്നും സ്ഥാപിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. പതിനാറാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് പാശ്ചാത്യര്‍ ജപ്പാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.എന്നാല്‍ പതിനേഴാം ശതകത്തില്‍ അധികാരം പിടിച്ചെടുത്ത ഷോഗുണുകള്‍ യൂറോപ്പില്‍ നിന്നെത്തിയ ക്രിസ്തീയപാതിരിമാരെ ആശങ്കയോടെയാണ് വീക്ഷിച്ചത്‌. എല്ലാ പാശ്ചാത്യരേയും പടിയടച്ചു പുറത്താക്കുകയും ലോകത്തിന്‍റെ മുമ്പില്‍ ജപ്പാന്‍ തങ്ങളുടെ വാതില്‍ കൊട്ടിയടക്കുകയും ചെയ്തു.
പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ (1854 ) അമേരിക്കയുടെ പീരങ്കിക്കപ്പലുകള്‍ ജപ്പാന്‍തീരമണഞ്ഞപ്പോഴാണ് ചരിത്രം മാറുന്നത്. തങ്ങള്‍ അടഞ്ഞ വാതിലിനുള്ളില്‍ അലസരായിരുന്നപ്പോള്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ കുതിക്കുകയായിരുന്നു എന്ന സത്യം ജപ്പാന്‍ തിരിച്ചറിഞ്ഞു. ആ പ്രകമ്പനത്തില്‍ ഷോഗുണ്‍ ഭരണം തറപറ്റി. ജപ്പാന്‍റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവമാണിത്. പിന്നീടുണ്ടായ ഭൌതികപുരോഗതിയില്‍ പാശ്ചാത്യ നാടുകളുടെ ഒപ്പമെത്താനുള്ള കുതിപ്പായിരുന്നു. രാഷ്ട്രതന്ത്രം, വിദ്യാഭ്യാസം , ശാസ്ത്രം ,വ്യവസായം, വാണിജ്യം, മിലിട്ടറി എല്ലാം അടിമുടി നവീകരിക്കപ്പെട്ടു. ജപ്പാന്‍ ഒരാധുനികരാഷ്ട്രമായി മാറാന്‍ കുറഞ്ഞസമയമേ വേണ്ടിവന്നുള്ളൂ. ഷേക്ക്‌സ്പിയറും മില്‍ട്ടനും പുഷ്കിനുമൊക്കെ നീപ്പണ്‍ -ഗോ(ജാപ്പനീസ്) ഭാഷയില്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാന്‍ജീവിതത്തിലെ അശാന്തിയുടെ നാളുകളില്‍ ആത്മീയമായ ശൂന്യതകളെ പൂരിപ്പിച്ച അനേകം സാഹിത്യപ്രസ്ഥാനങ്ങള്‍ അവിടെയും ഉയര്‍ന്നുവന്നിരുന്നു. ഒരേ മഷിക്കല്ലില്‍ രൂപപ്പെട്ട ഇതിവൃത്തങ്ങളോടുകൂടിയ നോവലുകളും കവിതകളും അനേകം രചിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും താനിസാക്കി, അകുതാഗാവ, കവാബത്ത യസുനാരി തുടങ്ങിയ ലോകോത്തര സാഹിത്യകാരന്മാര്‍ ജപ്പാന്‍റെ മണ്ണില്‍ വിസ്മയം തീര്‍ത്തു. സെല്ലുലോയ്ഡില്‍ കുറസോവയെപ്പോലുള്ളവര്‍ മനോഹരകവിത എഴുതി. ലോകമഹായുദ്ധമോ, റഷ്യന്‍ വിപ്ലവമോ ജാപ്പനീസ് എഴുത്തുകാരില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ കാന്തോ ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ജപ്പാന്‍റെ മന:സാക്ഷിയെ അഗാധമായി ഇളക്കിമറിച്ചു. 1923 സപ്തംബര്‍ ഒന്ന്- ജപ്പാന്‍റെ സുദീര്‍ഘചരിത്രത്തിലെ ഇരുള്‍വീണ ദിവസം. അന്ന് മധ്യാഹ്നത്തില്‍ ഉണ്ടായ ഭൂചലനത്തില്‍ ടോക്യോവും യോക്കഹാമയുമടക്കം ജപ്പാന്‍റെ മര്‍മപ്രധാനമായ നഗരങ്ങളും ഗ്രാമങ്ങളും തകര്‍ന്നുതരിപ്പണമായി. അഞ്ചുലക്ഷം വീടുകള്‍ നിലംപൊത്തി. ഒന്നരലക്ഷതോലോം മനുഷ്യര്‍ മണ്ണിന്നടിയിലായി. ഭൌതികമായും സാംസ്കാരികമായും ജപ്പാന്‍ തകര്‍ന്നുപോയ സംഭവം. പൌരസ്ത്യമായ അതിന്‍റെ ആത്മാവ് കൈമോശം വന്നു. അനുഭവങ്ങളുടെ തീവ്രത സാഹിത്യത്തിലും വെളിപാടുകളായിവന്നു. ഇത്രയും പറഞ്ഞത് രചനയുടെ വഴികളില്‍ തങ്ങളനുഭവിച്ച ദുരിതവും വേദനയും എത്രമേല്‍ സ്വാധീനം ചെലുത്തി എന്ന് ഓര്‍മിപ്പിക്കാനായിരുന്നു. അന്നും ജപ്പാന്‍സാഹിത്യത്തെ ഉര്‍വരമാക്കിയത് ഹൈക്കുകവിതകളുടെ നിലനില്പായിരുന്നു. ജപ്പാന്‍ സാഹിത്യം ഹൈക്കുവിനോട് ആഴത്തിലാഴത്തില്‍ കടപ്പെട്ടിരിക്കുന്നു. 

No comments:

Post a Comment