Tuesday, May 6, 2014

haiku haiku haiku

'ഹൈക്കു' വ്യാഖ്യാനിച്ച് സൌന്ദര്യം നഷ്ടപ്പെടുത്താനരുതാത്ത എന്തോ ഒന്നാണ്. അരുണ്‍, സോണി, ഒരില, ഭം ഭം, സുധീഷ്‌, സവിത, സബീന, ഫസൽ ഇങ്ങനെ ഒന്നൊന്നായി വായിച്ചു നോക്കു....ഒരു തോന്നലോ, അനുഭൂതിയോ, വിങ്ങലോ, സങ്കടച്ചില്ലോ ചിത്രപടമോ എന്തുമാവട്ടെ... അത് നമ്മുടെ മനസ്സിൽ ഒരു മയിൽ‌പീലി വിടർത്തുന്നുവെങ്കിൽ ഹൈക്കു സംഭവിക്കുന്നു. അതൊരു ആകസ്മികതയാണ്.കാറ്റിന്‍ ചില്ലകള്‍
പാതിയെരിഞ്ഞ തിരി
ബുദ്ധന്‍ ! എന്ന് സോണി വരക്കുമ്പോൾ എന്റെ മുന്നിൽ പ്രാചീനമായ ഒരു ബുദ്ധവിഹാരം തെളിയുന്നു.
എത്ര ശബ്ദങ്ങള്‍
അലിഞ്ഞുപോയിട്ടുണ്ടാകും
ഈ പെരുമഴയത്ത് .. ആ ചിത്രം പൂർണമാവുന്നത് അരുണ്‍ മറ്റൊരു ഓര്മ പകരുമ്പോഴാണ്.
സല്ലാപം
ഒരു സന്യാസി
മൂക്കിൻ തുമ്പത്തൊരു ഈച്ചയും ( വേണു ജിയുടെ ഹൈക്കു ഒന്നാന്തരം മാതൃക. എല്ലാം ന്യസിച്ച ഒരാൾ സല്ലപിക്കുന്നതിലെ കറുത്ത ഹാസ്യം, മൂക്കിൻ തുമ്പത്തെ ഈച്ചയുടെ മൂളലിൽ അലിയുന്നു.
പോകുന്നിടത്തെല്ലാം
സത്രവും തോളിലേറ്റി
ഒച്ച് ലെനിൻ നല്ലൊരു ചിത്രം .. സ്വന്തം വീടുംവഹിച്ച് ഉഴറി നടക്കുന്നവരുടെ അവസ്ഥ പറയുന്നു.
കാണിക്കവഞ്ചിയിൽ
ഒളിച്ചിരിക്കുന്നു
യാചകനായ ദൈവം - പൈമ സാർവലൌകികമായ മറ്റൊരു സത്യം കവിതയിൽ തരുന്നു.
കൊലുസ്സിട്ട സരസൂനെ
ഉരുട്ടിയും പിരട്ടിയും
വാസൂന്റെ സൽസാ..!!! - സച്ചിദാനന്ദൻ പുഴങ്കരയാകട്ടെ ഒരു പഴംചൊല്ല് പോലെ ഹൈക്കുവിനെ ഉള്ളം കയ്യിലെടുക്കുന്നു. ഇങ്ങനെയിങ്ങനെ ഓരോ കവിതയും ഓരോ തോന്നലായി നമുക്ക് തോന്നുന്നു. അതെ, അവസാനമായും 'തോന്ന്യാക്ഷര'മാണല്ലോ ഈ കവിത എന്ന് പറയുന്ന വസ്തു...?ഹൈക്കുവിൽ പെയ്ത മഴത്തുള്ളികൾ .. എന്തൊരു വൈവിധ്യമാണതിന്. ഹൈക്കു എങ്ങനെ എഴുതാം എന്നറിയില്ല, എങ്ങനെ എഴുതരുത് എന്നറിയാം.
ഉപനിഷത്തിൽ അതിശയം, ആശ്ചര്യം, അദ്ഭുതം എന്നീ സംജ്ഞകൾക്ക്‌ ഏകവും അനേകവുമായ സൌന്ദര്യാവിഷ്കാരങ്ങൾ നല്കിയിട്ടുണ്ട്. അസ്തമയതീരത്തിരുന്നു ശ്രീരാമകൃഷ്ണൻ കണ്ട കാഴ്ച പോലെയാണത്. വെള്ളിമേഘങ്ങൾക്ക് കുറുകെ ഒഴുകിപ്പറന്നുപോയ കൊറ്റികളുടെ ദൃശ്യം അദ്ദേഹത്തിനു മോഹാലസ്യം നല്കി. അത് അറിവിന്റെ പെയ്ത്തായിരുന്നു. കാലവർഷം തുടികൊട്ടുമ്പോൾ ഹൈക്കു മലയാളത്തിലും നീർക്കുത്തിടുന്നു. ഈ കവിതകൾ കാണൂ.. വായിക്കൂ. കളിയോടം തുഴഞ്ഞുവരുന്ന ഹൈക്കു കവിതകൾ ..അകവിതകൾ.. ചിത്രങ്ങൾ.. മഴവില്ലുകൾ.
എത്ര ശബ്ദങ്ങള്‍
അലിഞ്ഞുപോയിട്ടുണ്ടാകും
ഈ പെരുമഴയത്ത് ( അരുണ്‍ ഗാന്ധിഗ്രാം)
കാറ്റിന്‍ ജാലവിദ്യ
ജലച്ചാര്‍ത്തില്‍ ആയിരം
അമൂര്‍ത്തബിംബങ്ങള്‍. ( സബീന ഷാജഹാൻ)
പൊയ്കക്കരികിൽ
കിളികളുടെ താരാട്ട്
ഉറങ്ങും തണൽമരം
കുമിളകൾ
ഓളങ്ങളിൽ പിറന്ന
ഒരു നിമിഷ ജന്മം ( ജുനൈദ് ജുനി )
കാറ്റിന്‍ ചില്ലകള്‍
പാതിയെരിഞ്ഞ തിരി
ബുദ്ധന്‍ ! (സോണി ഡിത്ത്‌ )
ഒഴുക്കിനൊപ്പം ചേരാതെ
ഇറയത്തേക്ക് കയറി നിന്നു
മഴത്തുള്ളികൾ ( സവിത ബാലറാം)
രാത്രിമഴയുടെ പ്രസക്തഭാഗങ്ങൾ
പുന:സംപ്രേക്ഷണം ചെയ്തുതന്നു
മുറ്റത്തെ മരം .... ( ബിജു നാരായണൻ )
മുറ്റത്തെ പെയ്ത്തുവെള്ളം _
കൈകള്‍ മാടി വിളിക്കുന്നോ
വെയിലുദിച്ച വാനം ( വീ ബി കൃഷ്ണകുമാർ)
ഇഷ്ടമാണെന്ന് വെച്ച്
ഇറയത്തേക്ക്
കയറണ്ടാട്ടോ മഴേ ( സവിത ബാലറാം)
ഇളം കാറ്റത്ത്
ഒരു ക്ഷണം, ഹായ്
നീയും ( വെനുഗോപാലാൻ കെ ബി )
കടലു കാണാൻ പോയിട്ട്
ഞാനിന്നും
വെള്ളം മാത്രം കണ്ടു വന്നു ( കുര്യച്ചൻ തോട്ടത്തിൽ ദേവസ്യ )
മഴ നനഞ്ഞ് വന്ന
കുടയ്ക്ക് ശിക്ഷ
ക്ലാസ്സിന് പുറത്ത് ( സവിത ബാലറാം)
മഴയേറ്റു വാങ്ങിയ മരം
മഴുവേറ്റു വാങ്ങി... ( ശ്രീ ചെറായി)
നെൽമണിതിരയാൻ
പറവകളെത്തി
ചെങ്കൊടിപൊങ്ങിയ പാടത്ത് ! ( ഭം ഭം ബോലോ )
ഇതൾ കൊഴിഞ്ഞൊരു
പൂവിന്നോർമയിൽ
ക്ഷണനേരമൊരു പൂമ്പാറ്റ ( പ്രസാദ്‌ ശേഖർ )
ഒടുവില്‍
അയാളൊരു
ഹൈക്കുവെഴുതി മരിച്ചു! ( ഒരില വെറുതെ )
തിരതന്‍ മൗനം
തീരത്തെ
വെണ്‍ ശംഖ് ( Jaqualin മേരി മാത്യു )
ഒരു മഴ
മറ്റെങ്ങും പെയ്യാതെ-
എന്നെമാത്രം നനച്ച്... ( മാധവാൻ ലീല ലെനിൻ )
സന്ധ്യയുടെ പർണ്ണശാലയിൽ
പകലിന്റെ കനലുറക്കം
ശുഭസായാഹ്നം ( ഷാജഹാൻ നന്മണ്ടൻ )
ഘനശ്യാമരാത്രി
തെരുവു ഗായകന്റെ
പാത്രത്തിൽ മഴത്തുള്ളിത്തുട്ടുകൾ ! ( ഭം ഭം ബോലോ )
tête-à-tête
a monk
and a bee on his nose
സല്ലാപം
ഒരു സന്യാസി
മൂക്കിൻ തുമ്പത്തൊരു ഈച്ചയും ( വെനുഗോപാലാൻ കെ ബി)
പുഴയോളം ശാന്തം
നിലാവില്‍
ഈ വഞ്ചി ( ഒരില വെറുതെ )
മഴ മായ്ച്ചുതന്നു
സ്ലേറ്റിലെ
വട്ടപ്പൂജ്യം ( മാധവൻ ലീല ലെനിൻ )
പോകുന്നിടത്തെല്ലാം
സത്രവും തോളിലേറ്റി
ഒച്ച് ( മാധവൻലീല ലെനിൻ)
ആദ്യമീ മഴയൊന്നു നില്‍ക്കട്ടെ-
പിന്നെ ഞാനുണരാം
കിടക്ക വിട്ട് ( മാധവൻലീല ലെനിൻ )
തെങ്ങോലയിൽ
കോർത്തമ്പിളി
മാനത്തു; ജാലകക്കാഴ്ചയിൽ ( പ്രിയ കൃഷ്ണകുമാർ)
ഇരുട്ടി വെളുത്തപ്പോഴേക്കും
ഇലകള്‍ പൊടിച്ചുവല്ലോ
ഇന്നലെ മുളച്ച വിത്തിന് ( അരുണ്‍ ഗാന്ധിഗ്രാം)
കടല്‍ക്കാറ്റും
കൊക്കിലേന്തി നാടുകാണാന്‍
ദേശാടനക്കിളികള്‍ ( സുധീഷ് കെ എൻ )
വെള്ളാരം കല്ലുകള്‍
മാനം നോക്കുന്നു
ജലജാലകത്തിനപ്പുറം ( രഞ്ജു ജയറാം നായർ )
കുഞ്ഞികൈകളാൽ
ചുമരിൽ വിരിയുന്നു
നിഴൽ ക്കൂത്ത് ( പ്രിയ കൃഷ്ണകുമാർ)
പൂവ്,
നാണിച്ചല്ല, ഈ...
തലതാഴ്ത്തൽ,
നനഞ്ഞിട്ടാണീമഴ. ( റഫീക്ക് ബദ്രിയ )
parched earth,
benevolent rain clods-
nativity now.
വരണ്ട ഭൂമി,
മേഘങ്ങളുടെ കനിവ്-
ഇനി തിരുപ്പിറവി. ( ഫസൽ റഹിമാൻ )
നിർത്താതെ പെയ്യുന്നു,
മഴയല്ല .
മുറ്റത്തൊരിലഞ്ഞി . ( വാണി പ്രശാന്ത് )
കാറ്റിന്റെ കള്ളവണ്ടി
കേറി,മഴ
ഒളിച്ചോടി പോയി. ( ഇന്ദു പിണറായി )
പകൽ
ഉണർത്തിയ മഴ ,
ഉറങ്ങാതലയുന്നു ! ( ജ്യോതി രാജീവ് )
നനവ്‌, മറവ്, മിഴിനീര്‍
ഈ മഴ കണ്ടപ്പോള്‍
ഓര്‍ത്തതാണിതെല്ലാം ( അരുണ്‍ ഗാന്ധിഗ്രാം)
മഴ ഭ്രാന്ത്
മൂത്തു നാട്ടില്‍
ഭ്രാന്ത് മഴ ( അനില കുമാര്)
ഓടിൻ പാത്തിയിലൊഴുകിയ
പെരുവെള്ളപ്പാച്ചിലിലാണ്
ഞാനാദ്യം കടലു കണ്ടത് . ( വാണി പ്രശാന്ത് )
മഴയൊഴുക്കി ആകാശം
കരിപിടിച്ചപുടവ
കഴുകിപ്പിഴിഞ്ഞു ( രഞ്ജു ജയരാം നായർ)
കാണിക്കവഞ്ചിയിൽ
ഒളിച്ചിരിക്കുന്നു
യാചകനായ ദൈവം ( പൈമ പൈമ )
കുട പിടിക്കാതെ നില്‍ക്കാം ഞാന്‍...
നീ എന്നില്‍
പെയ്തിറങ്ങാനായ്... ( അൻവർ വെന്നിലത്ത് )
കാറിന്റെ ജാലകത്തിൽ
കവിത കുറിക്കുകയാണ്
മഴ , ( ജ്യോതി രാജീവ്)
കൌതുകത്തിന്റെ, കടലാസുതോണി
ഞാനീ മഴവീണ വഴിയില്
കളിയോടമാക്കി... ( ജെറി മഞ്ജുഷ)
പിഞ്ചുപാദങ്ങള്‍
മഴത്തുള്ളികള്‍
തട്ടിത്തെറിപ്പിച്ച്
ചിതറിത്തെറിച്ച തുള്ളികള്‍
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്
മഴവില്‍പ്പാലം തീര്‍ത്ത് ( രഞ്ജു ജയറാം നായർ)

ഒളിച്ചിരിപ്പാണൊരു
വന്മരം,
കുഞ്ഞു വിത്തിൽ.
നിലാവസ്ത്രമുരിഞ്ഞു,
നിളയിൽ,
നീരാട്ടാണമ്പിളി. ( റഫീക്ക് ബദ്രിയ )
നിലാവു കോര്‍ത്ത്
ഇരുട്ടു തുന്നുന്നു
പുഴ ( ഒരില വെറുതെ)
പുഴ
നേർവര തേടുന്നോ
ഒഴുകാൻ
stream
for a straight line
to flow!? ( വേണുഗോപാലൻ കെ ബി )
കൊലുസ്സിട്ട സരസൂനെ
ഉരുട്ടിയും പിരട്ടിയും
വാസൂന്റെ സൽസാ..!!! ( സച്ചിദാനന്ദൻ പുഴങ്കര)


No comments:

Post a Comment