Tuesday, October 1, 2019

Hemingway New - 2

ജീവിച്ചിരുന്നപ്പോള്‍ സമകാലിക സാഹിത്യലോകത്തെ ഇതിഹാസമായിരുന്നു ഹെമിംഗ് വെ. രണ്ടു ലോകമഹായുദ്ധങ്ങളില്‍ പങ്കെടുക്കുകയും, ഒന്നിലധികം തവണ വിമാനാപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും നാലു തവണ വിവാഹിതനാവുകയും , പില്‍ക്കാലത്ത്‌ സ്വന്തം മരണവാര്‍ത്ത പത്രങ്ങളുടെ ആദ്യപജില്‍ തന്നെ സ്വയം വായിക്കനിടയാവുകയും പിന്നീട് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സ്വന്തം റിവോള്‍വറില്‍ നിന്ന് ചീറ്റിയ വെടിയുണ്ടയേറ്റ് മൃതിയടയുകയും ചെയ്ത സാഹസികനായ ഒരാളായിരുന്നു 'പപ്പാ' എന്ന് ലോകം സ്നേഹപൂര്‍വ്വം ഓമനിച്ച ഹെമിംഗ് വെ. കടുത്ത വിഷാദ രോഗം അദ്ദേഹത്തില്‍ സ്മൃതിനാശം വരുത്തിയ നാളുകളായിരുന്നു അത്.  ചികിത്സ തേടിയ മായോ ക്ലിനിക്കില്‍ നിന്ന് ഡിസ്ചാര്‍ജ് നേടി വീട്ടിലെത്തിയ ഉടനെ ജീവിതത്തിന് വിരാമം കുറിക്കുകയാണത്രെ ഉണ്ടായത്. 
രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ എല്ലാ വിശ്വാസങ്ങളും ശക്തിയും കൈമോശം വന്ന ഒരു ജനതയുടെ നൈരാശ്യവും നിസ്സഹായതയും നേരിട്ട് അനുഭവിച്ചു അദ്ദേഹം. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പുതിയൊരു ലോകം സ്വപ്നം കണ്ടുകൊണ്ടേ മുന്നേറാന്‍ ലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു  ഹെമിംഗ് വെ. കാളപ്പോരിലും ഗുസ്തിയിലും ആഴക്കടല്‍ യാത്രയിലെ മത്സ്യബന്ധനത്തിലും സ്വന്തം ജീവിതത്തെ സാഹസികമായി പരീക്ഷിച്ച അദ്ദേഹം മനുഷ്യന്‍റെ അടങ്ങാത്ത ഇച്ഛാശക്തിയില്‍ അതിയായ പ്രതീക്ഷ വെച്ചുപുലര്‍ത്തി. സാന്‍ഡിയാഗോ സമുദ്രഗര്‍ഭത്തില്‍ ഏറ്റുമുട്ടിയ തിമിംഗലങ്ങള്‍ ജീവിതത്തില്‍ ഒന്നിന് പുറകെ ഒന്നായി മനുഷ്യന്‍ അഭിമുഖീകരിച്ച പ്രതിസന്ധികള്‍ തന്നെയായിരുന്നു. 'നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാവില്ല മക്കളെ' എന്ന് ഓരോ വീഴ്ചയിലും ഉരുവിട്ട കിഴവന്‍ മനുഷ്യന്‍റെ അദമ്യമായ പ്രത്യാശയുടെ നേര്‍ രൂപമല്ലേ? തന്‍റെ ചൂണ്ടക്കണയില്‍ കോര്‍ത്ത മാര്‍ലിന്‍ സ്രാവ് , പരസ്പരം പോരാടി തളര്‍ന്ന ദേഹവും പരിക്ഷീണവും ദൈന്യവുമായ കണ്ണുകളോടെ സാന്‍ഡിയാഗോവിനെ നോക്കുമ്പോള്‍ അയാളുടെ മനമലിയുന്നുണ്ട്. അയാളതിനെ വേദനയോടെ വാത്സല്യത്തോടെ നോക്കുന്നു. ക്ഷമിക്കൂ മകനെ, എനിക്ക് വിജയിച്ചേ മതിയാകൂ...എന്ന് ഉള്ളില്‍ കേഴുകയും ചെയ്യുന്നു.  രാത്രിയിലെ കൊള്ളിയാന്‍ വെട്ടത്തില്‍ തിളങ്ങിയ മീന്‍ കണ്ണുകളിലെ പ്രാണഭയം അയാള്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍ തിരയടിച്ച സങ്കടങ്ങള്‍ സ്വയം കടിച്ചമര്‍ത്തി കടലിന്‍റെ അപാരതയിലൂടെ ആ മനുഷ്യന്‍ തുഴഞ്ഞുനീങ്ങുന്ന കാഴ്ച എത്ര ചേതോഹരമായാണെന്നോ ഹെമിംഗ് വേയിലെ പ്രതിഭാശാലിയായ കലാകാരന്‍ വരച്ചുവെക്കുന്നത്.



No comments:

Post a Comment