Tuesday, March 15, 2022

ഗീതു 2

ഒരു കാറ്റായി ഞാനടുത്തെത്തുമ്പോൾ പിന്നെയും നീ അരൂപിയാവുന്നതെന്തേ ... തൻ്റെ കാവ്യസമാഹാരത്തിലെ നടുത്താളിൽ മാനം കാണാതെ ഒളിപ്പിച്ചുവെച്ച മയിൽ‌പ്പീലിയാണ് ഓർമയുടെ ഈ ഹൃദയം എന്നൊരു കവിതാശകലം ഗീതു എവിടെയോ കോറിയിടുന്നുണ്ട്.സങ്കൽപ്പ ലോകത്തു കാണാച്ചിറകിൽ പാറിനടക്കുന്നൊരു പേരറിയാപക്ഷി യാണ് ഞാൻ .താനെഴുതിയ അക്ഷരങ്ങളിൽ വെറുതെ തിരഞ്ഞുനടക്കാതെ മിടിക്കാൻപോലും മറന്നുപോകുന്ന ഈ ഹൃദയത്തെ തൊട്ടറിയാൻ അവൾ ക്ഷണിക്കുന്നുണ്ട്.കോറിയിട്ട കടലാസുകെട്ടുകളിലല്ല ഇനിയും ഉറവിടം കണ്ടെത്തിയിട്ടില്ലാത്ത മറ്റൊരവയവമാണ് തന്നിലെ കവിതയുടെ ഹൃദയം എന്നും കവയിത്രി പറഞ്ഞുവെക്കുന്നുണ്ട്. ഒറ്റവര, എന്നിട്ടും, അത്രയും, വീണപൂവ്, പ്രവാസി തുടങ്ങിയ വാക്കുകൾ കുറുകിയ കവിതകളിൽ ഈ എഴുത്തുകാരിയുടെ ആത്മാവുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം വേണമെന്ന് ശഠിക്കരുത് എന്നവൾക്കറിയാം.ചില ചോദ്യങ്ങൾ ഉത്തരമേയില്ലാത്തതാണ്.പലതും ഉത്തരം അർ ഹിക്കുന്നില്ല.ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതാണല്ലോ ലോകം. കിനാവുകൾ ചേക്കേറിയ ഒരു പൂർണചന്ദ്രോദയം ഈ കവിതകളിൽ സ്വപ്നമായി മിന്നിപ്പൊലിയുന്നുണ്ട്.എന്നിട്ടും ഞാനൊരു പാവം തൊട്ടാവാടി എന്നാണവളുടെ ഭാവം. പെയ്തുതോർന്ന മഴകളിൽ ഊർന്നുപോയ മലഞ്ചെരിവിലെ പാറകൾക്കിടയിലൂടെ "മണ്ണിൽ വേരൂന്നി പടരാൻ കൊതിക്കുവോൾ, ഇളംനിറത്തിൽ ശലഭം നുകരാത്ത പാഴ് പൂക്കളും ചൂടി ആരെയോ കാത്തിരിപ്പവൾ .." ഈ വരികളിൽ തൻ്റെ കാത്തിരിപ്പിൻ്റെ വേദന കൊത്തിവച്ചിട്ടുണ്ട്.ഇനിയൊരു പുനർജനിയിൽ നമുക്ക് കുപ്പിവളകളായി ജനിക്കാം എന്ന് മറ്റൊരു കവിതയിൽ. നമുക്കന്ന് മഴവില്ലിൻ്റെ നിറങ്ങളേഴും വാരിയണിയാം എന്നവൾകൊതിക്കുന്നു. എൻ്റെ മരവിച്ച വിരലുകളിന്ന് നിൻ്റെ വിരൽ കടം ചോദിക്കുന്നു.ചേർത്തുവായിക്കുമ്പോഴൊക്കെ ഇടമുറിയാത്ത ഒറ്റക്കവിതയാണ് നമ്മൾ. ചില കവിതകളിൽ മഹാകവി ടാഗോറിൻ്റെ ഗീതാഞ്ജലി ഓർമയിൽ ഉണർത്തും ഈ കവയിത്രി. "ഒരിക്കൽ മാത്രം നീ പടികടന്നുവന്ന ഒരുമ്മറമുണ്ട്. ഒരിക്കൽമാത്രം നീ ഉമ്മറത്തെ മുന്നൊതുക്കുകളെയും കടന്നുവന്നു. രണ്ടാമത്തെ പടിയിൽ നിന്റെ പാദുകമഴിച്ചുവെച്ചു. തുടുത്ത റോസാദലം പോലുള്ള പാദങ്ങളിൽ നിന്ന് കാലുറകളൂരി എന്നെ പേരുചൊല്ലി വിളിച്ചു. നടുമിറ്റത്തപ്പോൾ നിലാവും മഞ്ഞും പൊഴിഞ്ഞു."

No comments:

Post a Comment