Thursday, March 24, 2022

ഗീതു 4

ഈ കവയിത്രിയെ ആദ്യം ശ്രദ്ധിക്കുന്നത് ഫേസ്ബുക്കിലെ ഒരു കവിതാഗ്രൂപ്പിലാണ്. അന്ന് നിശാഗന്ധി ദേവൂ എന്ന തൂലികയിൽ കവിതകൾ പോസ്റ്റ്‌ ചെയ്തിരുന്ന ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാൻ തുടങ്ങിവെച്ച ഹൈക്കു കവിതകൾ എന്ന ഗ്രൂപ്പിലും സജീവമായിരുന്നു നിശാഗന്ധി. അന്നൊന്നും സ്വന്തം പേരോ മുഖമോ പ്രകാശിപ്പിക്കാതെ തൂലികക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഈ എഴുത്തുകാരി. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന അവർ സ്വന്തം പേരും മുഖവുമായി ഫേസ്ബുക്കിൽ തിരിച്ചെത്തി. എഴുതിക്കൂട്ടിയ നൂറുകണക്കിന് കവിതകളും ഗാനങ്ങളുമുള്ളവയിൽനിന്ന് തിരഞ്ഞെടുത്ത കാവ്യമലരുകളാണ് "സഹയാത്രിക" യിൽ സമാഹരിച്ചിരിക്കുന്നത്. ഇതിനിടെ ഗീതുശ്രീയുടെ കവിതകൾ ആൽബങ്ങളായി പുറത്തുവന്നു. താൻ നല്ലൊരു ഗാനരചയിതാവ് കൂടിയാണെന്ന് ഗീതു സ്വയം തിരിച്ചറിഞ്ഞു. കുട്ടിക്കാലം തൊട്ടേ ഉള്ളിൽ സംഗീതത്തിൻ്റെ നിളാനദി ഒഴുകിനടന്നിരുന്നല്ലോ.ഗീതുവിൻ്റെ കവിതാലോകം നിറയെ പൂത്തുലഞ്ഞ ഫലഭാരമാർന്നൊരു നാട്ടുമാവിനെ പോലെയാണ്. ഇടയ്ക്കിടെ മാവിൻചോട്ടിൽ വീണുകിടന്ന് നമ്മെ കൊതിപ്പിക്കുന്ന മധുരം പോലെ. ഒരു പോരായ്മ പറയാനുണ്ടെങ്കിൽ കവിതയുടെ ഈ മാമ്പഴക്കാലം ഇടയ്ക്ക് നമ്മെ ചെടിപ്പിക്കും എന്നുള്ളതാണ്. ആവർത്തന വിരസത എന്നൊരു ദോഷം സഹയാത്രികക്കുണ്ട്. അതിന് ഈ കവിക്ക് യുക്തിസഹമായൊരു കാരണവും പറയാനുണ്ടാവും. കവിതകളിൽ ഗീതുശ്രീ സ്വപ്നം കാണുന്നൊരു ബാല്യമുണ്ട്. ഒരു വേള നമ്മുടെ ഗ്രാമവിശുദ്ധിയിൽ നിന്നും എന്നേക്കുമായി ഓടിമറഞ്ഞ ഒരു കാലം. രാപാർക്കാൻ പൂർവികർ നിർമിച്ച കെട്ടിടങ്ങൾ, കുളിച്ചു തുടിക്കാനുള്ള കുളങ്ങൾ, നിഴൽ വീണുകിടന്ന കാവുകൾ, വെള്ളരി നിവേദിച്ച ചിത്രോടക്കല്ലുകൾ,നീണ്ടു പോകുന്ന പാടവരമ്പുകൾ, മൂവന്തികൾ ചേക്കേറിയ കുന്നിൻ ചരിവുകൾ, തൃസന്ധ്യകൾ മിഴിതുറന്ന ദേവാലയങ്ങൾ, മിന്നാമിനുങ്ങുകൾ അലസമൊഴുകിയ രാമാനം.... ഇതെല്ലാം കേരളീയ പ്രകൃതിയിൽ നിന്ന് നഷ്ടമായിക്കഴിഞ്ഞു. എന്നാൽ ഈ കവി പൊയ്പോയൊരു കാലത്തുനിന്നും ദേശത്തുനിന്നും മുന്നോട്ട് ചരിക്കാൻ വയ്യാതെ തറഞ്ഞുനിന്നു പോയതായി വായനയിൽ അനുഭവപ്പെട്ടു.എൻ്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. ചങ്ങമ്പുഴ മുതൽ സുഗതകുമാരി വരെ പൂർവഗാമികളായ കവികൾ പാടിപ്പതിഞ്ഞ ഇതിവൃത്തം, വിരഹിണിയായ രാധയും അനുരാഗിയായ കൃഷ്ണനും... ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിനൻ്റെ ഉദാത്ത ബിംബങ്ങളാണ് രാധയും കൃഷ്ണനും, ഭാരതീയ മനസ്സുകളിൽ. എന്നാൽ ഗീതുശ്രീയുടെ എഴുത്തിൽ താൻ നിരന്തരം തേടിനടക്കുന്ന കാവ്യപ്രകൃതി തന്നെയാണ് രാഗലോലനായ ശ്യാമവർണൻ. അത് ഇരുട്ടായും തേജസ്സായും മഴയായും കാറ്റായും സങ്കടമായും അളവറ്റ ആനന്ദമായും ഈ കവിതകളിൽ പാദസരമിടുന്നു. ഗദ്യവും പദ്യവും ഗാനവും ഗീതുവിന് നന്നായി വഴങ്ങും. കവിയായ അച്ഛൻ്റെ പ്രതിഭ ഗീതുശ്രീയെയും വാഗർഥം കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നു പറയാതെവയ്യ. ഗീതുശ്രീ മുക്തച്ഛന്ദസ്സിൽ എഴുതുന്ന കവിതകളും താളാത്മകമാണ്. കാവ്യനദിയുടെ ഉറവ അന്തർവാഹിനിയായി ആ വരികൾക്കൊപ്പമുണ്ട്. എന്നാൽ പ്രമേയപരമായി വലിയ വൈവിധ്യങ്ങൾ ഗീതുവിവിൻ്റെ കാവ്യലോകം സമ്മാനിക്കുന്നില്ല. ഒരേ കുറ്റിയിൽ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരവസ്‌ഥയുണ്ട്. ഇനി വളയമില്ലാതെ ഈ കവി ചാടേണ്ടിയിരിക്കുന്നു. സ്വയം ഒന്ന് കുതറിമാറണം. ഉറയൂരൽ പോലെ.തളം കെട്ടിക്കിടന്നൊരു ഭൂതകാലമുണ്ട് ഉള്ളിൽ. അവിടെനിന്നും കുതറിമാറി മുൻപോട്ടു സഞ്ചരിക്കണം. ഉള്ളകം ഒന്ന് പുതുക്കിപ്പണിയണം. അതിനുള്ള കല്പനാവൈഭവം ഇവർക്കുണ്ട്. വാക്കും ഗരിമയും ഭാവവും ലയാത്മകതയും ശയ്യാഗുണവും ചമത്കാര സൗന്ദര്യവും ഉള്ളിൽ തിങ്ങി നിൽപ്പുണ്ട്,വിളിച്ചാൽ വിളിപ്പുറത്തെന്നപോലെ. 'സഹയാത്രിക' ഒരു തുടക്കം മാത്രമാവട്ടെ. "പുറപ്പെട്ടേടത്താണവൾ ഒരായിരം കാതം നടന്നിട്ടും.." എന്ന അവസ്‌ഥ മാറി തേജസ്വിനിയായ കാവ്യാംഗന സമകാല ജീവിതപാരുഷ്യങ്ങൾക്ക് നടുവിൽ വന്നുനിൽക്കട്ടെ. പുതിയൊരു സൂര്യൻ ഗീതുവിൻ്റെ കാവ്യദേശത്തിലെ ചിദാകാശത്തു വന്നുദിക്കട്ടെ എന്നാശംസിക്കുന്നു.

No comments:

Post a Comment