Thursday, March 17, 2022

ഗീതു 3

ഒരു കാടു തന്നെ സ്വന്തമായുണ്ടായിരുന്നവൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നാണം മറയ്ക്കാൻ ഒരിലക്കായ് യാചിക്കുന്നു നിങ്ങൾ കണ്ടിട്ടുണ്ടോ ?മഴക്കുടങ്ങളെ ചുമന്നു മണ്ണിൻ്റെ ദാഹമാറ്റിയവൾ ഒരു കുമ്പിൾ നീരിനായ് കേഴുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഭൂമി എന്ന കവിതയിലെ വരികളാണ്.പിറക്കാതെ പോയ മകളെ വാരിപ്പുണരുമ്പോഴും ഉള്ളിലെ കവിതകളെയാണ് ഗീതുശ്രീ ലാളിക്കുന്നത്. വിരിയാതെപോയ കവിതകളെ. ജീവിതത്തിൽ മുട്ടിയ വാതിലുകൾ ഒരോന്നായടയുമ്പോഴും പ്രതിസന്ധികൾ തോരാമഴ വർഷിക്കുമ്പോഴും തൻ തോൽക്കുകയല്ല സ്നേഹത്താൽ ജയിക്കുകയാണെന്ന ബോധ്യം ഈ കവിക്കുണ്ട്. കൈവഴികൾ അടച്ചുകെട്ടിയ ജലാശയമാണ് താൻ. ഞാനൊരുക്കിയ പൂക്കാലത്തിൻ്റെ സമൃദ്ധിയിലേക്കവൾ കൂട്ടുകാരനെ മാടിവിളിക്കുന്നു. കാർമേഘം കണ്ട മയിൽപ്പേടയെപ്പോലെ എഴുതിയ കവിതകളിലെ അക്ഷരമാല കവിക്കു വിലോഭനമാവുന്നു, എന്നും. തുമ്പിക്കൈ ഉയർത്തി ചിന്നം വിളിക്കുന്ന 'അ' വളഞ്ഞുപുളഞ്ഞൊഴുകും പുഴ പോലെ 'ഗ'കൂനിക്കൂടിയിരിക്കും മുത്തശ്ശിയായി 'ക'ധ്യാനത്തിലിരിക്കുന്ന ഋഷിയായി 'ഋ'കൊലുസുകെട്ടിയ പെൺകിടാവായി 'ല'വിരഹമൊഴുകുന്ന പ്രണയം പോലെ 'ഹ'ഇങ്ങനെയിങ്ങനെ അടയിരുന്ന കിളിയുടെ വർണമുട്ടകൾ പൊട്ടി കൺതുറക്കുംപോലെയാണ് ഗീതുശ്രീയുടെ കവിതകൾ വാർന്നുവീഴുക. ഈ സമാഹാരത്തിൽ എന്നെ മോഹിപ്പിച്ച അനേകം കവിതകളുണ്ട്. അതിലൊന്നാണ് 'തുഷാരം'.പായ്യാരം പറയുംപോലെയാണ് ഈ കവിതയുടെ ഘടന. "...വെണ്മുത്തുകൾ കോർത്ത ഒരു മലായാന്നേ തോന്നീരുന്നുള്ളൂട്ടോ / എന്ത് ഭംഗ്യാന്നറിയോ എന്നെ കാണാൻ/ നെല്ലോലത്തുമ്പിലെ മാറാലനൂലിൽ തൂങ്ങി തിളങ്ങി / ഗമയിലെങ്ങനെ നിക്കായിരുന്നൂന്നെ..അപ്പോഴാ ആ കുശുമ്പൻ കാറ്റു വന്നത്. ഉതിർന്നുവീണപ്പോ എൻ്റെ കണ്ണ് നിറഞ്ഞൂ ട്ടോ. അപ്പൊ കള്ളൻ പറയാ സാരല്യ, രാവിൽ വാനം നിന്നെ വീണ്ടുമണിയിക്കുമല്ലോ എന്ന്..." ഇങ്ങനെ ഉത്തമപുരുഷൻ കവിതകളിൽ വന്നുനിന്നു സ്വകാര്യം പറയുന്ന വരികൾ ഈ കാവ്യലോകത്തിൽ കാണാം. ബിംബങ്ങളുടെ സമൃദ്ധിയാണ് ഗീതുശ്രീയുടെ കവനങ്ങൾ.

No comments:

Post a Comment