Saturday, March 12, 2022

ഗീതുശ്രീ

സഫലമായൊരു ആനന്ദധാരയാണ് ഗീതുശ്രീയുടെ കവിതകൾ. ഞാനടിമുടി പൂത്തൊരു കൊന്നയായ് അവിടുത്തെ തിരുമുടിമാലയിലൊരു പൂവായിമാറി സഫലമീ ജന്മം എന്നൊരു അർഥന. സുഗന്ധിയായി തപസ്സിരിക്കുകയാണ് ഈ രാധ. കാട്ടുകടമ്പിലെ വള്ളിയൂഞ്ഞാലിൽ കൃഷ്ണനോടൊപ്പം ആടിരസിച്ചുല്ലസിക്കാൻ കൊതിക്കുന്ന രാഗലോലയാണ് ഈ കവിത. കാരുണ്യം പെൺമെയ്യാർന്നപോലെയാണ് മുത്തശ്ശിയുടെ വാത്സല്യം. നിലാവിനെന്തേ പതിവിലും ചന്തം എന്നാരായുന്ന രാധിക. സഖിനിൻ്റെ യുള്ളിൽ ഒളിപ്പിച്ച കള്ളൻ കൊളുത്തിയ കാന്തവിളക്കുകളാണോ ? ഓരോ മാംപൂക്കാലവും പൊയ്പോയൊരു ബാല്യം അവൾക്കു തിരികെ കൊടുത്തു.നാട്ടു തേന്മാവിൻ്റെ ചോട്ടിൽ വന്നു വീഴുന്ന മധുരമാണീ കവിത തല്ലജങ്ങൾ. നിന്നോട് പിണങ്ങുമ്പോൾ എന്ന കവിത നോക്കൂ .വാ തോരാതെ മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇലത്തുമ്പിലെ നീർത്തുള്ളി പോലെ വീണുടയുന്ന വരികൾ. നിൻ്റെ പുന്നാരങ്ങളിലെ കളിവാക്കായും കളിമ്പമായും ഒരുനാൾ നീയറിയാതതിരിലെ വേലിപ്പത്തലിൽ തൊടിയിലെ പുളിമരചാർത്തിൽ ഒളിച്ചിരിക്കുന്ന കവിത.ഒടുങ്ങാത്ത തിരയിളക്കമാർന്ന കണ്ണിലെ പ്രണയക്കടൽ. പരിഭവം പറയുമ്പോൾ പ്പോലും പ്രിയൻ്റെ ഉള്ളം മുറിഞ്ഞു ചോരപൊടിഞ്ഞെങ്കിലോ എന്ന ഭയം അവൾക്കുണ്ട്. മഴ എന്ന കവിത ഇടിവെട്ടിപ്പെയ്യുന്ന ഒരു തുലാവർഷരാവിൻ്റെ സൗന്ദര്യമുള്ളതാണ്.ഇന്നലെ രാത്രി തുടങ്ങിയതാണ് , ഈ തണുത്ത വെളുപ്പാൻകാലത്തും ചിണുങ്ങി പെയ്യുകയാണ് മഴ.കുസൃതിയാണ് ആ മിഴി നിറയെ. മഞ്ഞപ്പൂഞ്ചേലയും കാഞ്ചന നൂപുരവും കിങ്ങിണിക്കൊഞ്ചലും പീലിത്തിരുമുടിയും കോലകുഴൽവിളിയും പൊന്നരഞ്ഞാണവും ഗീതുവിൻ്റെ കവിതകളിൽ നിറമാല ചാർത്തുന്നു. ഒരേ ഹൃദയത്തുടിപ്പണിഞ്ഞ ചകോരം മിഥുനമായി നിലാവ് നുണയാൻ കാത്തിരിക്കുന്ന കവിഹൃദയം. നീയെന്നിലും ഞാൻ നിന്നിലും അത്രമേൽ വേരാഴ്ത്തിക്കഴിഞ്ഞു. ഓർമയുടെ ചക്രവാളസീമയിൽ സൂര്യൻ ഉദിക്കുന്ന ദിനം ഞാനെൻ്റെ നീരാളിക്കൈകൾ വേർപെടുത്തും.. എന്നിടത്തോളം ദൃഢമാണ് ഗീതുവിൻ്റെ കവിതാനുരാഗം. വട്ടുണ്ടോ നിനക്കെന്ന് ഉള്ളിലിരുന്നാരോ ചോദ്യമെറിയുമ്പോൾ, വാഴ്വെന്നത് വെറുമൊരു കനവായിരുന്നെങ്കിൽ എന്നവൾ ഉള്ളാലെ കൊതിക്കും. കൂമ്പുമീ തൊട്ടാവാടി ഉണരാതിരുന്നെങ്കിൽ എന്ന് സ്വയം ശപിക്കും. പടിപ്പുരമിറ്റവും അലരിപ്പൂക്കൾ വിരിഞ്ഞ തൊടികളും നന്ത്യാർവട്ടങ്ങൾ ഉലഞ്ഞാടിയ തെക്കേപ്പുറവും കടന്നു ചിത്രപതംഗങ്ങളെപ്പോലെ ചേച്ചിയോടൊപ്പം, കുഞ്ഞനുജനോടൊപ്പം ഓടിക്കളിച്ച കുട്ടിക്കാലം. ഹരിയുടെ കോലകുഴൽ മാധുരിയിൽ ഒഴുകുകയാണവൾ പുഴപോലെ. പ്രേമക്കടലിൽ വെൺനുര പോലവൾ നുണയുകയാണു മരന്ദം.

No comments:

Post a Comment