Sunday, November 6, 2011

Ellora - Sethu Menon


Ellora                                                       സേതു മേനോന്‍


അജന്തയും എല്ലോറയും എന്നെ ആകര്‍ഷിച്ചത് താളത്തിലും ലാസ്യത്തിലുമാണ്. കലയുടെ സൌന്ദര്യമെന്ന നിലയിലാണ് വാസ്തുവിദ്യയുടെ ഉദാത്തതയെ ഞാന്‍ സമീപിച്ചതും. ഒരു മുന്നൊരുക്കവുമില്ലാത്ത യാത്ര. അജന്തയിലും എല്ലോറയിലും വെറുമൊരു സഞ്ചാരിയുടെ മുന്‍വിധികളില്ലാത്ത കാഴ്ചയാണ് ഞാന്‍ ഭാവനചെയ്തത്. ഭാരതീയകലയുടെ ലാവണ്യത്തെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റൊന്നും ഞാന്‍ കൂടെക്കൊണ്ടുപോയില്ല. ഓരോ യാത്രയും നിശബ്ദമായ ഭാവാന്തരത്തിന്‍റെ വായന യാണെന്ന് പിന്നീട് ഞാനറിഞ്ഞു.

എല്ലോറയില്‍ രണ്ടുതവണ സന്ദര്‍ശിക്കാന്‍ ഇടവന്നു. കൃത്യമായ ഒരിടവേള ഈ യാത്രകള്‍ക്ക് ഉണ്ടായിരുന്നു. ആദ്യയാത്ര 1989 ല്‍. ഔറംഗാബാദില്‍ തങ്ങി, അപരാഹ്ന ശോഭയാര്‍ന്ന ഒരൊഴിവുദിവസം എല്ലോറയെന്ന അദ്ഭുതമെന്‍റെ മുമ്പിലെത്തി. അതൊരു സ്വപ്നം പോലെയായിരുന്നു. മുന്‍വിധികളൊന്നുമില്ലായിരുന്നതു കൊണ്ടാവണം എല്ലോറയിലെ കൈലാസം അദ്ഭുതത്തിന്‍റെ ഒരു ചിമിഴു തുറന്നു. തിങ്കള്‍ക്കല ശിരസ്സില്‍ചൂടിയ നടരാജനെ വന്ദിക്കാനൊരു ശ്രീകോവില്‍ എല്ലോറയിലെ കൈലാസം കരുതി വെച്ചില്ല. കാലാന്തരത്തില്‍ തകര്‍ന്നുവീണതോ മുഗള്‍കാലഘട്ടത്തില്‍ തച്ചുടച്ചതോ ആയ പ്രാകാരശീര്‍ഷങ്ങളും മുഖമണ്ഡപങ്ങളും ശില്പകലാചാതുരിയുടെ അനവദ്യകാന്തിക്കുതെല്ലു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും മൂവന്തിയുടെ സുവര്‍ണസൌന്ദര്യം എല്ലോറയിലെ കൈലാസത്തിനു മീതെ ചാമരം വീശിനിന്നു.

പുരാതന ഭാരതീയവാസ്തുകലയുടെയും ഗുഹാശില്പശൈലിയുടേയും എടുപ്പുകളായി നിന്ന എല്ലോറയിലെ പ്രാകാരങ്ങള്‍ സൈന്ധവ സംസ്കാരത്തിന്‍റെ സുവര്‍ണദശയില്‍ നിര്‍മിക്കപ്പെട്ടതാണ്.ഫലഭൂയിഷ്ടമായ ഡെക്കാന്‍സമതലത്തിന്‍റെ ദക്ഷിണപദം കയ്യാളിയിരുന്ന രാഷ്ട്രകൂടവംശത്തിലെ രാജഭരണത്തിന്‍റെ സൌഭഗകലയാണ്‌ എല്ലോറ. കിഴുക്കാം തൂക്കായികിടന്ന അഗ്നിശൈല പ്രദേശമാണ് കൈലാസത്തിന് രൂപം നല്‍കിയത്. ദ്രാവിഡ പല്ലവ ചാലൂക്യ ശൈലികള്‍ ഇഴചേര്‍ന്ന ശില്പകലാചാതുരി എല്ലോറയുടെ രചനയില്‍
പ്രകടമാണ്. ഹിന്ദു ബുദ്ധ ജൈന ദര്‍ശനങ്ങളുടെ പ്രതിഫലനം പാറക്കെട്ടുകളില്‍ വിരിഞ്ഞ ഗുഹാവാസ്തുവിദ്യയില്‍ നമുക്ക് വായിച്ചെടുക്കാം.

ഭീമാകാരമായ ഒരു പാറയുടെ പുറംപാളി മൂന്നായി പൊഴിച്ച് ശില്പവിന്യാസം നിറവേറ്റിയതാണ് നാമിന്നു കാണുന്ന എല്ലോറയിലെ കൈലാസം. Majic Mountain എന്നറിയപ്പെടുന്ന എല്ലോറ കൈലാസനാഥക്ഷേത്രം എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഔറംഗാബാദ് ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണന്‍ ഒന്നാമന്‍ പണിതീര്‍ത്തതാണത്രേ.
പ്രധാന ഗോപുരത്തിന്‍റെ പ്രദക്ഷിണവഴിയില്‍ പതിനെട്ടുമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടു കല്‍ത്തൂണുകള്‍ കാണാം. കൈലാസത്തിന്‍റെ പ്രധാനകവാടം തുറക്കുമ്പോള്‍ ദൃശ്യമാകുന്ന ഈ സ്ഥാണുക്കളും ഇരുവശങ്ങളിലായി കരിങ്കല്ലില്‍ വിടര്‍ന്നുനിന്ന തലയെടുപ്പുള്ള ഗജവീരന്‍മാരും അകത്തളത്തിലെ ശില്പമഹിമക്കു മകുടംചാര്‍ത്തി. പില്‍ക്കാലത്ത്‌ ശത്രുരാജാക്കന്മാരുടെ ഹിംസയില്‍ തകര്‍ന്ന ശിലകളുടെ കൂട്ടത്തില്‍ നഷ്ടപ്പെട്ട തുമ്പിക്കൈകളുമായി ശിലയിലുറഞ്ഞുനിന്ന ആനകള്‍ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും വേദനയായി.
എല്ലോറയുടെ മുഖമണ്ഡപത്തിലും പ്രാകാരശീര്‍ഷത്തിലും ത്രിസന്ധ്യ വിളക്കുവെച്ചു. അര്‍ദ്ധവൃത്തത്തില്‍ അപ്രദിക്ഷിണമായി നടന്നു നീങ്ങുമ്പോള്‍ എല്ലോറയുടെ ശിലകളില്‍ ഉളിപ്പാട് തീര്‍ത്ത ശില്പികളെ മനസ്സാ ധ്യാനിച്ചു.ആനന്ദകുമരസ്വാമി പറഞ്ഞല്ലോ, " എല്ലാ വാസ്തുവിദ്യയും അതിനെ എന്താക്കിത്തീര്‍ക്കുന്നുവോ അതാണ്‌. വെളുപ്പുനിറമോ ചാരനിറമോ കലര്‍ന്ന കല്ലാണതെന്നു നിങ്ങള്‍ കരുതിയോ? അതോ കമാനങ്ങളിലെയും പ്രാസാദങ്ങളിലെയും ചിഹ്നങ്ങള്‍? ഈ കൃഷ്ണശിലകളിലുണര്‍ന്ന സംഗീതം ഇതാ നമുക്കൊപ്പം വളരെ അടുത്ത്, എന്നാല്‍ എത്രയോ അകലെ...."
എല്ലോറ മതിതീരാത്ത സ്വപ്നമായി എന്നില്‍ നിറഞ്ഞു. 2004 ലായിരുന്നു അടുത്ത യാത്ര. ഔറംഗാബാദില്‍ നിന്ന് 18 കി മീ കിഴക്ക് മാറി അതിവിസ്തൃതമായ ഭൂപകൃതിയില്‍ പ്രൌഡിയുടെ ആകരമായി എല്ലോറയിലെ ഗുഹാമന്ദിരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നു. മുപ്പത്തിനാല് ഗുഹാക്ഷേത്രങ്ങളുള്ളതില്‍ പതിനേഴും ഹൈന്ദവമാതൃകയില്‍ പണി തീര്‍ത്തവയാണ്. പന്ത്രണ്ടെണ്ണം ബുദ്ധചൈത്യങ്ങളും അവശേഷിച്ചവ ജൈനവിഹാരങ്ങളുമാണ്.വ്യത്യസ്ത കാലഘട്ടങ്ങളില്‍ രൂപമെടുത...്ത ഈ പ്രാകാരങ്ങള്‍ ദര്‍ശന സമന്വയത്തി ന്‍റെ സുന്ദരമാതൃകയാണ്. എതെന്‍സിലെ പാര്‍ഥിനോണ്‍ ശില്പവിന്യാസത്തിന്‍റെ ഒരിരട്ടിയെങ്കിലും വിസ്തൃതിയിലാണ് എല്ലോറയുടെ കിടപ്പ്. പതിനായിരക്കണക്കിന് തച്ചന്മാരും ശില്പികളും സ്ഥപതികളും ഒരു നൂറ്റാണ്ടുകാലം അഹോരാത്രം തപമനുഷ്ടിച്ചാണ് എല്ലോറയിലെ ശിലാകാവ്യങ്ങള്‍ രൂപമെടുത്തത്.
ദ്രാവിഡ മാതൃകയില്‍ പണിതീര്‍ത്ത പതിനാറു ക്ഷേത്രസമുച്ചയമാണ്‌ എല്ലോറയിലെ കൈലാസത്തിന് പരഭാഗശോഭ പകര്‍ന്നത്. ഹിമാലയത്തിലെ കൈലാസശ്രുംഗം ധ്യാനത്തില്‍ പകര്‍ന്നാവണം ഈ ശില്പസൌന്ദര്യം ഉടലെടുത്തത്. അതിന്‍റെ സങ്കീര്‍ണരചനയില്‍ ശിവപാര്‍വതിമാരുടെ തപോധന്യതയും ഉത്തുംഗനിലയും പ്രകടമാണ്. ശിവതാണ്ഡവത്തിന്‍റെ
ഊര്‍ജവും സ്ഥിതിലയവും നടരാജശില്പത്തിന്‍റെ പൂര്‍ണകായവിന്യാസത്തില്‍ ലീനമായിരിക്കുന്നു. ചലനവും ഗതിയും പ്രസരിക്കുന്ന ശില്പശരീരത്തിന്‍റെ വ്യാകരണം അത്യന്തം
താളാത്മകമാണ്.ആദികാവ്യമായ രാമായണത്തിന്‍റെ ഗാഥ ശില്പചിത്ര പരമ്പരയായി കൈലാസക്ഷേത്രത്തിന്‍റെ പ്രാകാരച്ചുറ്റിലെ കരിങ്കല്‍ഭിത്തിയില്‍ ലേഖനം ചെയ്തിരിക്കുന്നു.
രാവണന്‍ കൈലാസപര്‍വതത്തെ ഇളക്കാന്‍ ശ്രമിക്കുന്നതും പാര്‍വതിയും സഖിമാരും ശിവനെ ശരണംപ്രാപിക്കുന്നതും, പരമശിവന്‍ കാലിലെ പെരുവിരലമര്‍ത്തി പര്‍വതം ഉറപ്പിച്ചുനിര്‍ത്തി രാവണനെ ബന്ധനസ്ഥനാക്കുന്നതും ചിത്രീകരിക്കുന്ന 'റിലീഫുകള്‍' അതിമനോഹരമായ സര്‍ഗവിന്യാസമാണ്.

കൈലാസക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് 29 മീ ഉയരമുള്ള ഗോപുരമാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഗോപുരത്തിനു സമീപമായി മറ്റൊരു ചെറിയ ഗോപുരംകൂടി കാണപ്പെടുന്നു.ഇരുവശങ്ങളിലും തോരണങ്ങള്‍ കൊണ്ടലങ്കരിച്ച കല്‍വാതിലുകളും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ശില്പകലാചാതുരി തികഞ്ഞ കൈലാസത്തിന്‍റെ
പ്രധാനകവാടം കടന്നു അകത്തുപ്രവേശിക്കുമ്പോള്‍ ഡക്കാന്‍സമതലത്തിന്‍റെ ഭൂഭാഗസൌന്ദര്യം പ്രതിഫലിക്കുന്ന ശില്പസൌഷ്ടവം നമ്മെ കാത്തിരിക്കുന്നതു കാണാം. നിര്‍മിതിയുടെ ഘടനാപരമായ വിധാനം അടിസ്ഥാനമാക്കി വിഗ്രഹാങ്കണം, പ്രവേശിക, പൂമുഖം, അങ്കണത്തിനു ചുറ്റുമുള്ള മുറികള്‍, പ്രവേശികയിലെ നന്ദിവിഗ്രഹം അതിനു സമീപംകാണുന്ന കൂറ്റന്‍ ധ്വജസ്തംഭങ്ങള്‍, ഇടതുവശം ആനകളുടെയും സിംഹങ്ങളുടെയും ചലനാത്മകമായ ശില്പങ്ങള്‍ എന്നിവ സമമിതിയില്‍ സൌഷ്ടവം തികഞ്ഞ നിലകളില്‍
വിന്യസിച്ചിരിക്കുന്നത് ശ്രദ്ധാലുവായ സഞ്ചാരിയുടെ മനംകവരും.മുകള്‍നിലയില്‍ ഗര്‍ഭഗൃഹം, അകത്ത് മിനുത്ത ശ്യാമശിലയില്‍ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിനിന്ന തേജോരൂപിയായ ശിവലിംഗം. മംഗലാരതിയും പ്രാര്‍ഥനകളും ഒഴിഞ്ഞ ഇടം. ശൈവശീര്‍ഷത്തിലെ അസാധാരണമായ തണുപ്പ്, പ്രതിഷ്ഠയുടെ ഉത്തുംഗസൌന്ദര്യം ഘനമൌനം സാന്ദ്രീകരിച്ച ഇരുണ്ട ശ്രീലകം. ഇമയടച്ച് ഉള്‍ക്കണ്ണിലെ ബിന്ദുവില്‍ ഞാന്‍ കൈലാസനാഥനെ കണ്ടുവണങ്ങി. ശിരസ്സ്‌ പ്രതിഷ്ഠയുടെ ആധാരശിലയില്‍ സ്പര്‍ശിച്ചുകുമ്പിട്ടുനിന്നു.
സാന്ദ്രാനന്ദമായ മൌനത്തില്‍ നിറഞ്ഞങ്ങനെ നിന്നു. ഞാനറിയാതെ ഒരു മിഴിനീര്‍ക്കണം സ്വയം അര്‍ച്ചനചെയ്തു. കടവാതിലുകള്‍ കൂടുവെച്ച എല്ലോറയിലെ കൈലാസനാഥന്‍റെ
ശ്രീകോവില്‍നട ഇറങ്ങുമ്പോള്‍ മനസ്സു നിഷ്പന്ദമായി. അപ്പോള്‍, അസ്തമയസൂര്യന്‍ ഒരുക്കിയ വെള്ളിത്തിങ്കള്‍ ചിദാകാശത്തില്‍ കലയും നാദവുമായി ഉദിച്ചുയര്‍ന്നു.
എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ മേല്‍ത്തട്ടുകളും ചുമരും വര്‍ണാലംകൃതവും സ്വാഭാവിക സവിശേഷതകളാല്‍ സമ്പന്നവുമായിരുന്നു. ഹിമവെണ്മയാര്‍ന്ന മാര്‍ബിള്‍ ക്കല്ലുകള്‍ പാകിയ ഗുഹാന്തര്‍ഭാഗങ്ങള്‍ ശില്പികളുടെ ഉളിപ്പാടുകള്‍ തീര്‍ത്ത ജീവസുറ്റ ശില്പങ്ങളാല്‍ ശ്രദ്ധേയങ്ങളുമായിരുന്നു. പലതിനും ഗ്രീക്ക് ശില്പങ്ങളെ ഓര്‍മിപ്പിക്കും വിധം സമാനതയും മിഴിവും ഉണ്ടായിരുന്നു. ഗോഥിക് ശൈലിയുടെ പ്രഭാവം അവയെ ചരിത്രാതീതമായൊരു ഗരിമയിലേക്ക് ജിജ്ഞാസുവായ കാഴ്ചക്കാരനെ ആനയിക്കാന്‍ പര്യാപ്തവുമായിരുന്നു. ശില്‍പങ്ങളുടെ നില, വടിവ്, മുദ്രകളുടെയും കരണങ്ങളുടെയും സമമിതി ,കണ്ണുകളുടെ തിളക്കം, സജീവമായ ചലനാത്മകത, സഹജമായ ലയാത്മകത എന്നിങ്ങനെ സര്‍ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ കാലതീതമായൊരു ചൈതന്യം എല്ലോറക്കുണ്ടായിരുന്നു. മുഗള്‍രാജവംശം ഡക്കാന്‍സമതലം ആക്രമിക്കുന്ന കാലം 'രംഗ് മഹല്‍' എന്ന പേരിലറിയപ്പെട്ടഎല്ലോറ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്രതാപങ്ങളുടെ തിരസ്കരണിയില്‍ അമര്‍ന്നുപോയി. ചരിത്രാന്വേഷിയായ സഞ്ചാരിയുടെ വ്യഥ, പില്‍ക്കാലത്ത്‌ എല്ലോറയെ ലോക പൈതൃകത്തിലേക്ക് UNESCO ഏറ്റെടുക്കുംവരെ നിലനിന്നു.

നിറങ്ങളുടെയും പ്രകാശത്തിന്‍റെയും സംയോജനം സാധ്യമാക്കുന്ന അപൂര്‍വഭംഗിയുള്ള കാഴ്ച ശിലയില്‍ കൊത്തിയെടുത്തത് എത്ര സമ്മോഹനമായാണ് എല്ലോറയുടെ പ്രാകാരചുറ്റില്‍ ദൃശ്യമാകുന്നതെന്നോ? ധനുര്‍ധാരികളായ പുരുഷന്മാര്‍ ശത്രുവിനുനേരെ തൊടുത്തുവിടുന്ന ശരമാരിയുടെ ആവേഗം ശില്‍പികള്‍ കല്‍ത്തളിമങ്ങളില്‍ ചലനാത്മകമായി വിന്യസിച്ചിട്ടുള്ളത് ചിത്രശില്പ വിദ്യാര്‍ഥികള്‍ക്ക് അദ്ഭുതം പകരും. ഗംഗ യമുനാസരസ്വതി നദികളെ പ്രവാഹഗതിയോടെ കോണുകളില്‍ ആലേഖനം ചെയ്തിട്ടുള്ളതും ആമ്പലുംതാമരയും വൃക്ഷലതാദികളും വള്ളിക്കുടിലുകളും ഇലച്ചാര്‍ത്തുകളും അഭിഷേകതീര്‍ഥങ്ങളും പ്രണാളികയും മറ്റും അനായാസമായ ഒഴുക്കോടെയാണ് ശില്പികളുടെ കൈവിരലുകള്‍ സാക്ഷാത്ക്കരിചിട്ടുള്ളത്. ഒരോട്ടപ്രദക്ഷിണം കൊണ്ട് നിങ്ങള്‍ക്ക് എല്ലോറയെ പൂര്‍ണമായി അറിയാനാവില്ല. കാണാനും കേള്‍ക്കാനും അറിയാനും നമുക്ക് സ്വയമൊരു ശിക്ഷണം അനിവാര്യമാണ്. ജിജ്ഞാസയുടെ അന്തര്‍ദൃഷ്ടിയും സംവേദനത്തിന്‍റെ അന്ത: ശ്രോത്രവും എന്നുതന്നെ പറയട്ടെ.

സമകോണുകളും ദീര്‍ഘചതുരങ്ങളും ചതുര്‍ഭുജങ്ങളും വര്‍ത്തുളഭംഗികളും ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, പില്‍ക്കാലത്തുണ്ടായ ബുദ്ധജൈന വിഹാരങ്ങള്‍ക്കുപോലും എല്ലോറ യിലെ ശില്‍പികള്‍ നല്‍കി. നളന്ദയിലേയും തക്ഷശിലയിലെയും വിദ്യാകേന്ദ്രങ്ങളെ ഓര്‍മിപ്പിക്കുന്ന മാതൃകയിലുള്ള ഗാലറികളാണ് ബുദ്ധചൈത്യങ്ങളില്‍ നിര്‍മിച്ചിരിക്കുന്നത്.

പടുകൂറ്റന്‍ എടുപ്പുകള്‍ താങ്ങിനിറുത്തുന്നത് കല്ലില്‍പണിത അനേകം സ്തംഭങ്ങളാണ്.ഈ തൂണുകളുടെ നിര്‍മിതി ഈജിപ്തിലെ ശില്പശൈലിയെ, അഥവാ ഗ്രീക്ക് വാസ്തു ശൈലിയെ ഓര്‍മിപ്പിക്കുംവിധമാണ്. ( ഇപ്പറഞ്ഞവ ചിത്രങ്ങളില്‍മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ ) സഭകളും തളങ്ങളും, അപൂര്‍വ വിധാനങ്ങളും പാഠശാലകളും ബഹുനിലകളില്‍ പണിതീര്‍ത്തിട്ടുള്ളത് അന്നത്തെ ബുദ്ധജൈന വിദ്യാകേന്ദ്രങ്ങളുടെ മഹത്വം വിളിച്ചോതുന്നവയാണ്.

ഈ യാത്രകള്‍ നമ്മിലേക്കുതന്നെയുള്ള മടക്കയാത്രകളാണ്. പൌരാണികമഹത്വങ്ങളുടെ സൌന്ദര്യാംശം എന്നും എന്‍റെ ഇഷ്ടവിഷയമായിരുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ ഓടിത്തീര്‍ത്ത കാലം ഞാന്‍ നോക്കിക്കാണുന്നത് രാജാക്കന്‍മാരുടെ മൃഗയാവിനോദങ്ങളിലല്ല. കാലം, പിന്നിട്ടവഴികളില്‍ ബാക്കിവെച്ച സംസ്കാരത്തിന്‍റെ കൈമുദ്രകളിലാണ്.

അജന്തയും എല്ലോറയും കൊണാര്‍ക്കും സാത്വികവും രാജസവുമായ രസമുകുളങ്ങളെ ഉണര്‍ത്താനാണ് നിമിത്തമായത് എന്നുഞാന്‍ തിരിച്ചറിയുന്നു. പുരാതനസൌന്ദര്യത്തിന്‍റെ
പ്രാര്‍ഥന വാക്കുകളില്‍ പുനര്‍ജനികൊള്ളുന്നത്‌ ഒരു നിയോഗമെന്നപോലെ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു .

No comments:

Post a Comment