Monday, November 7, 2011

Guru Nithya 7

ഗുരു നിത്യയുടെ ആത്മകഥ 'യതിചരിതം' അത്യധികം ആനന്ദത്തോടെയാണ് വീണ്ടും ഞാന്‍ വായിക്കുന്നത്. ഓര്‍മകളില്‍ വിന്യസിക്കുന്ന കാലം അപൂര്‍വമായ കല്പനാവൈഭവത്തോടെയാണ്, ചലച്ചിത്രത്തിലെന്നപോലെ ഒരു ദേശത്തില്‍ നിന്നും മറ്റൊരു ദേശത്തിലേക്കു ജീവിതത്തെ  പകര്‍ന്നു കൊണ്ടുപോവുന്നത്. കുട്ടിക്കാലത്ത് അച്ഛന്‍ സമ്മാനിച്ച ശ്രീബുദ്ധന്റെ കഥയില്‍ നിന്നും തുടങ്ങിയതാണ്‌ നിത്യന്റെ അന്വേഷണജീവിതം. എല്ലാംതികഞ്ഞ ഒരു ഭവനത്തില്‍ പിറന്നിട്ടും,ധന്യ ദമ്പതിമാരായ മാതാപിതാക്കളുടെ സ്നേഹോഷ്മളതയില്‍ വളര്‍ന്നിട്ടും, വീടുവിട്ടു പോകണമെന്ന്
നിത്യന് തോന്നി. അറിയാത്ത ദേശങ്ങളിലേക്ക് മനുഷരിലേക്ക് നടന്നു നടന്ന് വേരുകളെല്ലാം മുറിഞ്ഞ് എകാകിയെപ്പോലെ എല്ലാവരിലും നിന്ന് അകന്നകന്ന്..  യതിയുടെ ആത്മകഥയുടെ അധ്യായങ്ങളില്‍നിന്നും അധ്യായങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ അനേകം സംസ്കാരങ്ങളില്‍ നാം ജീവിക്കുന്നു. പൌരാണികവും വൈദികവുമായ ജീവിതം മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ പ്രാചീനസ്മൃതിയില്‍, വിവിധങ്ങളായ നാഗരികതയില്‍
ബഹുസ്വരതയില്‍ അങ്ങനെയങ്ങനെ..
അവിടെ തവോമതവും സെന്‍ബുദ്ധിസവും കടന്നുവരുന്നു.ബാബിലോണിയയും സുമേരിയയയും നമ്മെത്തഴുകി കടന്നുപോവുന്നു.യവനസംസ്കൃതി മാത്രമല്ല ആംഗ്ലോ സാക്സന്‍ സംസ്കാരവും നാം പരിചയപ്പെടുന്നു. അമേരിക്കന്‍ ആദിമസമൂഹമായ മയന്‍- ഇങ്കാ ജനതയും നൈല്‍നദീതടത്തിലെ കോപ്ടിക് നാഗരികതയും നമ്മെ കണ്ടുമുട്ടുന്നു. അതോടെ ഇന്ത്യയും കൊച്ചുകേരളവുമെല്ലാം അപ്രസക്തമായ പ്രാദേശികസംസ്കാരമായി മറഞ്ഞുപോകുന്നു. ചിന്തയുടെ അനുപ്രസ്ഥവും ഉപരിതനവുമായ തലത്തില്‍ നമ്മള്‍ സംവാദത്തിലേര്‍പ്പെടുന്നത് ക്രിസ്തുവും ശ്രീബുദ്ധനും പ്രവാചകന്‍ നബിയുമായും മാത്രമല്ല, സ്പിനോസയും സോക്രട്ടീസും രമണ മഹര്‍ഷിയും കാന്റും യുങ്ങും കാള്‍മാര്‍ക്സും സാര്‍ത്രെയും നമ്മോടൊപ്പമുണ്ട്. മാക്സിംഗോര്‍ക്കിയും വില്യം   ബ്ലേക്കും കാളിദാസനും ടാഗോറും സില്‍വിയാ പ്ലാത്തും അരബിന്ദോയും എഡാവാക്കറും സൈമണ്‍ ദ ബുവ്വെയും പങ്കിടുന്ന സര്‍ഗമുഹൂര്‍ത്തങ്ങള്‍ വായനയുടെ വിചാരധാരയെ സമ്പന്നമാക്കുന്നു.
ലോകസഞ്ചാരമെല്ലാം കഴിഞ്ഞ്, ജീവിതത്തിന്റെ അപരാഹ്നശോഭയില്‍ വായനയുംസംഗീതവുമായി ഊട്ടിയിലെ നാരായണഗുരുകുലത്തില്‍ നിത്യ ഗ്രന്ഥരചനയില്‍  മുഴുകിക്കഴിഞ്ഞു. ഈ ലോകം നശിച്ചു കഴിഞ്ഞിട്ടില്ല, അതിനെപ്പോഴും യൌവ്വനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ജീവിതത്തിനു നേര്‍ക്കുള്ള പ്രത്യാശ എപ്പോഴും ഗുരു  ഉയര്‍ത്തിപ്പിടിച്ചു. ബാഹ്യലോകം മിക്കവാറും ഉള്ളില്‍നിന്നും വാര്‍ന്നുപോയ അവസാനനാളുകളില്‍ മരണത്തെ
വരവേല്‍ക്കാന്‍ ഗുരു തന്റെ സ്നേഹശയ്യ ഒരുക്കി കാത്തിരുന്നു. നിത്യ ഇങ്ങനെ എഴുതി: 'നിനച്ചിരിക്കാതെയാവും അവന്‍ വരിക.പേടിക്കാനൊന്നുമില്ല കൂട്ടരേ, ഒരു ചങ്ങാതിയെപ്പോലെ അവന്‍ നമ്മെ വാരിയെടുക്കും. എതിര്‍പ്പുകളൊന്നും കൂടാതെ അവന്റെ ആശ്ലേഷത്തില്‍ അലിഞ്ഞു തീരണം.."

മഞ്ഞനക്കുരൈ എന്ന ഗ്രാമത്തിലാണ് ഫേണ്‍ഹില്‍ ഗുരുകുലം. അവിടത്തെ പ്രഭാതങ്ങള്‍ക്കും സായന്തനത്തിനും നിത്യയുടെ പ്രശാന്തിയാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഊന്നുവടിയും കുത്തി കൂട്ടുകാരോടൊത്ത് നിത്യ നടന്നുനീങ്ങുന്നത്‌ നോക്കി 'അമ്മമരം' കണ്ണുംപൂട്ടി ധ്യാനിച്ചു  നില്‍ക്കും.അമ്മമരത്തിനരികിലെത്തിയാല്‍, മരത്തെ തലോടി സ്നേഹാശ്രുക്കളോടെ ഗുരു മൌനത്തില്‍ ലയംകൊള്ളും. ഞാനത് ഗുരുകുല സന്ദര്‍ശനവേളയിലെല്ലാം അറിഞ്ഞിട്ടുള്ളതാണ്. സന്ധ്യയുടെ നീലാംബരം തേയിലത്തളിരിന്റെ മരതകശയ്യയില്‍ തലചായ്ക്കുമ്പോള്‍ മൌനത്തിന്റെ കൂടുതുറന്ന് ഗുരുവുംകൂട്ടുകാരും ആശ്രമത്തിലേക്കു തിരിച്ചുനടക്കും.
പ്രാര്‍ഥനക്ക് ശേഷമുള്ള ക്ലാസ്സില്‍ അദ്ദേഹം ചോദിച്ചെന്നിരിക്കും, 'എവിടെയാണ് ദൈവത്തെ നാം തിരയേണ്ടത്? വേദപുസ്തകത്തിലോ? ക്ഷേത്രത്തിലോ പള്ളിയുടെ അല്‍ത്താരയിലോ? വനാന്തരത്തിലോ സമതലതിലോ അതോ നമ്മുടെ ആത്മവിസ്മൃതിയിലോ ?അതുമല്ല, ജലാശയത്തിന്റെ വിശാലതയില്‍? ഉപദേശിയുടെ വചനങ്ങളില്‍? അഥവാ ഒരുവന്റെ ഹൃദയത്തില്‍ത്തന്നെ? മാതാപിതാക്കന്മാരുടെ കണ്ണുകളില്‍ നോക്കുമ്പോഴാണോ നാം ദൈവസാന്നിധ്യമറിയുന്നത് ? ഒരു പൂവില്‍? ചലിക്കുന്ന യന്ത്രത്തില്‍? സ്വര്‍ഗം? നരകം? അല്ല , അന്വേഷിക്കേണ്ട ആവശ്യം തന്നെയുണ്ടോ? അതുമല്ല അന്വേഷിക്കാന്‍ ഒരു ദൈവം ഉണ്ടോ?'
നിലാവില്‍ വിരിയുന്ന നിശാഗന്ധിയുടെ ഇതളുപോലെ ഒരു മന്ദസ്മിതം. ഇത് സുന്ദരമായിരിക്കുന്നില്ലേ?
വാക്കിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ച് പ്രതീകാത്മകതയും സൂചിതാര്‍ഥവും ധ്വനിപ്പിക്കുകയെന്ന ലാവണ്യാനുഭവമാണ് നിത്യയുടെ ക്ലാസുകളില്‍ ഞാന്‍ കണ്ടത്. ജെ.കൃഷ്ണമൂര്‍ത്തിയെപ്പോലെ മോട്ടിവേഷനുള്ള ഗ്രൂപ്പുകളോട് മാത്രം ധൈഷണികസംവാദത്തിലേര്‍പ്പെടാന്‍ അദേഹം ശ്രദ്ധിച്ചു.
സംനാസം ഒരു ഓഫീസോ സ്ഥാപനമോ അല്ലെന്നുതന്നെ അദ്ദേഹം വിശ്വസിച്ചു. വിശ്വാസികളെയോ അനുയായികളെയോ നിലനിര്‍ത്താന്‍ നിത്യ ആഗ്രഹിച്ചില്ല.

നിത്യയുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്: "
എനിക്കെല്ലാം കൃതജ്ഞതയോടെ ഓര്‍ക്കാന്‍
കഴിയുന്നു.ജീവിതത്തിലൊരിക്കലും എനിക്കൊന്നിനും ഒരു കുറവുമുണ്ടായിട്ടില്ല.ഒന്നാന്തരം ശൈശവപരിചരണം കിട്ടി. മാതാപിതാക്കളും അധ്യാപകരും എനിക്കു വഴികാട്ടിയത് തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ്.പിന്നീട് ഇരുപത്തിനാലു കൊല്ലം എന്റെ അദ്വൈതിയായ  ഗുരു മേല്‍ത്തരം ശിക്ഷണമാണ് എനിക്കു നല്‍കിയത്. നാല്പതു കൊല്ലക്കാലം ഞാനെന്റെ ഹൃദയത്തിന്റെയും ആത്മാവിന്റെയും സാക്ഷ്യപത്രങ്ങള്‍ പ്രവൃത്തിയില്‍ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ ഹൃദയരാഗങ്ങള്‍ ഒരു കവിയുടെയും മനുഷ്യസ്നേഹിയുടെയും സൌമ്യവികാരങ്ങളാണ്. തിരിഞുനോക്കുമ്പോള്‍ എനിക്കൊരു പരിഭവവും പരാതിയുമില്ല. ഒരു ഗംഗയുടെയോ നൈലിന്റെയോ മഹാപ്രവാഹം പോലെ കഴിഞ്ഞ പത്തെഴുപത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിന്റെ കേടുപാടുകള്‍ വഹിക്കുമ്പോളും എന്റെ ഹൃദയം കാരുണ്യംകൊണ്ടു നിറയുന്നു.ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഞാനിനിയും പീഡിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി. എല്ലാം ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്തമാണ്. നന്ദി മഹാപ്രഭോ നന്ദി."
ഗുരു മൃത്യുവിനെ അഗാധമായി പ്രണയിച്ചിരുന്നു, ജീവിതത്തോളം തന്നെ. ആ പ്രണയത്തില്‍നിന്നും വാര്‍ന്നുവീണ കവിതയായിരുന്നു ഗുരു നിത്യയുടെ ജീവിതം. ഈ വരികള്‍ നിത്യയുമായി എനിക്കുള്ള നീണ്ടവര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്നു കുറിക്കുന്നതാണ്. എന്റെ വിരല്‍പ്പഴുതിലൂടെ ആ ജീവിതത്തിന്റെ സമഗ്രത ചോര്‍ന്നുപോയിരിക്കാം, എന്നാല്‍
അതിഭാവുകത്വം കൊണ്ട്‌  നിത്യയെ മഹത്വവല്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
ഗുരുവിന്റെ വേര്‍പാടിനുശേഷവും , ഗുരുകുലമിത്രങ്ങളായ ഗുരുശരണ്‍ ജ്യോതിയുടെയും സ്വാമി ഗിരിധരന്‍, തന്മയന്‍,വിനോദ് വ്യാസ് തുടങ്ങിയ പ്രസാദം നിറഞ്ഞ മുഖങ്ങള്‍ എന്റെ ഓര്‍മയിലെത്തുന്നു. ഓക്കുമരങ്ങളും യൂക്കാലിമരങ്ങളും പൊഴിച്ചിട്ട ഇലകളുടെ മധ്യെ  ഒരു മന്ദസ്മിതംപോലെ 
ഗുരുവിന്റെ സമാധിമന്ദിരം.അവിടെ 'നിന്നിലസ്പന്ദമാകണ'മെന്നൊരു  മൃദുസ്വരം മധുകണമായി നമ്മെ മുകരുന്നു. 
s e t h u m a d h a v a n  m a c h a d
 
 
      

1 comment: