Sunday, November 6, 2011

Guru Nithya.6

കാലത്തിന്റെ തിരശ്ചീനതലത്തിലൂടെ നടന്ന വിചാരധാരകള്‍ അടുത്തറിയാനുള്ള ശ്രമമെന്ന നിലയിലാണ് ഗുരു നിത്യയുമായുള്ള ടെലിവിഷന്‍ അഭിമുഖവും ഡോക്യുമെന്‍ററിയും നിര്‍വഹിക്കപ്പെടുന്നത്. തിരുവനന്തപുരത്തുള്ള, നിത്യയുടെ സഹോദരി ഡോ.സുമംഗല ഗോപിയുടെ ചൈതന്യ എന്ന വീട്ടില്‍ വെച്ചായിരുന്നു ഞങ്ങള്‍ ഗുരുവിന്റെ അമ്മയെ കാണുന്നത്. അന്നവര്‍ക്ക് തൊണ്ണൂറു വയസ്സായിരുന്നു.  കാഴ്ചക്കോ കേള്‍വിക്കോ പ്രത്യേകിച്ച് തകരാറൊന്നും ഉണ്ടായിരുന്നില്ല. നിത്യ ,അമ്മയുടെ അടുത്തിരുന്ന്' 'ജനനീ നവരത്നമഞ്ജരി' ശ്രുതിമധുരമായി ആലപിക്കുന്ന ദൃശ്യമാണ്  ആലേഖനം ചെയ്തത്. തുടര്‍ന്ന് തന്റെ പുതിയ പുസ്തകമായ ' സൌന്ദര്യാനുഭവവും ലാവണ്യാനുഭൂതിയും' തുറന്നു അല്പംവായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അമ്മയറിയാതെയാണ് അവരുടെ വര്‍ത്തമാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത്. ഡോക്യുമെന്ടറിയുടെ മിക്ക ഭാഗങ്ങളും നിത്യയുടെ ദിനചര്യകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ പൂര്‍ത്തിയാക്കി.ശ്ലോകം ചൊല്ലിക്കേട്ടതിനുശേഷം അമ്മ അവിടെ കൂടി നിന്നവരോടായി പറഞ്ഞു. "എന്റെ  ജീവിതത്തില്‍ ഞാനൊരിക്കലും ക്ഷേത്രത്തില്‍ പോയി ക്യൂ നില്‍ക്കുകയോ ആശ്രമങ്ങളില്‍ അലഞ്ഞുനടക്കുകയോ ചെയ്തില്ല.നടരാജ ഗുരുവിനേക്കാള്‍ വലിയൊരു ക്ഷേത്രതെയോ എന്റെ ഭര്‍ത്താവിനേക്കാള്‍ വലിയൊരു മനുഷ്യനെയോ
(കവിയും ചിന്തകനുമായിരുന്ന പന്തളം രാഘവപ്പണിക്കര്‍) എന്റെ മകനെക്കാള്‍ ഉത്തമമായൊരു ആശ്രമത്തെയോ തിരഞ്ഞു നടക്കേണ്ട ആവശ്യമില്ലെന്നു തോന്നി." ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം' നൂറു ധ്യാനങ്ങളായി നിത്യ എഴുതിയത് അമ്മക്ക് വായിക്കാനായിരുന്നു. കേരളത്തിലെ അമ്മമാര്‍  പിന്നീടത്‌ കൈപ്പുസ്തകമായി സൂക്ഷിച്ചു. 1995 ജൂലൈ മാസത്തില്‍ ഗുരുവിന്റെ അമ്മ യാത്ര പറഞ്ഞു.
അമ്മക്ക് അഞ്ജലിയര്‍പ്പിച്ചു കൊണ്ടെഴുതിയ കത്തിന് ഗുരു നിത്യ എഴുതിയ ദീര്‍ഘമായ മറുപടിയുടെ
പ്രസക്തഭാഗം വായനക്കാര്‍ക്കായി ഞാന്‍ പകര്‍ത്തുന്നു.
" എന്റെ പ്രിയ മാതാവിന്റെ ശാരീരികമായ വേര്‍പാടിനെ അനുസ്മരിച്ചുകൊണ്ടെഴുതിയ സ്നേഹോക്തിക്ക് നന്ദി പറഞ്ഞുകൊള്ളട്ടെ. ജൂലൈ ഇരുപത്തിമൂന്നിന് പ്രഭാതത്തില്‍ എനിക്ക് അമ്മയുടെയടുത്ത് പോകണമെന്ന് തോന്നി. തീവണ്ടി മാര്‍ഗം തിരുവല്ലയിലെത്തി, കാറില്‍ അമ്മയുടെ അടുത്തുചെല്ലുമ്പോള്‍ അമ്മ ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു. കുറെനേരം അടുത്തിരുന്ന് ശ്രീ നാരായണ കൃതികള്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നെ രണ്ടുദിവസം അമ്മ ഉറക്കം തന്നെയായിരുന്നു.
ഇരുപത്തിയേഴാം തിയതി ഉച്ചക്ക് അമ്മ രണ്ടുകണ്ണും തുറന്നിരിക്കുന്നതായി അറിഞ്ഞു. അടുത്ത് ചെന്നപ്പോള്‍, അമ്മ എന്റെ കണ്ണിലേക്കുതന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോള്‍ എല്ലാവരോടും യാത്ര പറയുന്ന ലക്ഷണം തോന്നി. ഞങ്ങള്‍ ഓരോരുത്തരായി കസ്തൂരി കലര്‍ത്തിയ വെള്ളം തുള്ളി തുള്ളിയായി വായിലിറ്റിച്ചു കൊടുത്തു.അവസാനമായി അമ്മയ്ക്ക് ഉദകം നല്‍കിയത്  സ്വാമി ത്യാഗീശനാണ്. പിന്നീട്, മരണത്തെ എത്രകണ്ട് സൗമ്യമായും ശാന്തമായും സ്വീകരിക്കാമെന്ന്  ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തരാനെന്ന മാതിരി, അമ്മ മുഖ്യപ്രാണനെ കെട്ടഴിച്ചു വിടുന്നതുപോലെ
അല്പാല്പമായി വായ്‌ തുറന്ന് പുറത്തേക്കു വിട്ടു. അപ്പോഴെല്ലാം അമ്മയുടെ മുഖം വളരെ ദീപ്തമായിരുന്നു.
അവസാനത്തെ പ്രാണന്‍ വിട്ടുകഴിഞ്ഞപ്പോള്‍ ഒരു വിളക്കിന്റെ തിരി കെടുത്തിയതുപോലെ അമ്മയുടെ മുഖത്തുനിന്നും ദീപ്തി മറഞ്ഞുപോയി.
അമ്മയുടെ ഈ അന്ത്യദിവസങ്ങളില്‍ ഏതെങ്കിലും വൈദ്യസഹായം വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നില്ല. വാസനത്തിരിയുടെ ചെറിയ ധൂമമുണ്ടായിരുന്നതല്ലാതെ അന്തരീക്ഷത്തെ രൂക്ഷമായ ലോഷനുകളും മറ്റും മലിനമാക്കിയിരുന്നില്ല. നാലുമണിയായപ്പോള്‍ അമ്മയെ കുളിപ്പിച്ച്
എല്ലാവരുടെയും ദര്‍ശനത്തിനായി കിടത്തി. അപ്പോള്‍ ശരീരം മുഴുവനും നല്ലതുപോലെ വിരിഞ്ഞ
ചെന്താമരപ്പൂക്കളെക്കൊണ്ട്  മൂടിയിരുന്നു. ശുദ്ധമായ മുല്ലപ്പൂക്കളും ശരീരത്തിലണിഞ്ഞിരുന്നു. പൂക്കളുടെയിടയില്‍ ഒരു പൂവ് കിടന്നതുപോലെ അമ്മ കാണപ്പെട്ടു.ശാന്തമായ കണ്‍പോളകളും 
മന്ദസ്മിതം സ്ഫുരിക്കുന്ന ചുണ്ടുകളുമല്ലാതെ ബാക്കിയെല്ലാം മറഞ്ഞിരുന്നു.
എത്ര കൊടിയ വേദനയനുഭവിക്കുന്നവരെയും തന്റെ സ്വതസിദ്ധമായ നര്‍മരസം കൊണ്ട്, വേഗത്തില്‍ അവരുടെ ഹൃദയഭാരമൊഴിവാക്കി നിറഞ്ഞ സന്തോഷത്തോടെ അവരുടെ കര്‍മങ്ങള്‍
തുടരുവാനുള്ള ശക്തി നല്കിയയക്കുവാന്‍ അമ്മക്കു കഴിഞ്ഞു.
ഇനിയൊരു ജന്മമെന്നത് മനുഷ്യര്‍ക്കുണ്ടെങ്കില്‍, അമ്മ എന്നേക്കുമായി ഒരു ശാന്തിധാമത്തില്‍ മറഞ്ഞുപോകണമെന്നല്ല ഞാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഈ ലോകത്ത് വന്നു നന്മയുടെ പുതുമുകുളമായി വിരിഞ്ഞ് വേദനിക്കുന്നവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കണമെന്നാണ് .അമ്മയുടെ ദൈവസങ്കല്‍പം, അറിയപ്പെടുന്നതും അറിയപ്പെടാത്തതും ബോധത്തില്‍ പ്രതിഫലിക്കുന്നതും പ്രതിഫലിക്കാത്തതുമായ സാര്‍വത്രികമായ ഉണ്മയെ സംബന്ധിക്കുന്നതായിരുന്നു. ഈ ലോകത്തെ മുഴുവനും താരാട്ടു പാടി ധന്യമാക്കുന്ന ഒരു സര്‍വേശ്വര നെയാണ് അമ്മ ഉള്ളില്‍ കൊണ്ടുനടന്നതും. സ്നേഹോപചാരത്തോടെ നിത്യ.

ഒരമ്മയും സംന്യാസിയായ മകനും തമ്മിലുള്ള ആത്മബന്ധം തുറന്നുതരുന്നു ഗുരു നിത്യയുടെ എഴുത്ത്.
കാരണം, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയചന്ദ്രന് സംന്യസിക്കാനുള്ള പൂര്‍ണസമ്മതം നല്‍കിയത് അമ്മ മാത്രമായിരുന്നു. ഗുരു നിത്യയെ വളര്‍ത്തി ലോകത്തിനു നല്‍കിയത് ഈ അമ്മയാണ്.

പ്രവാസി മലയാളി ഫെഡറേഷന്‍ നല്‍കിയ പുരസ്കാരം ഗുരു നിത്യയുടെയും വന്ദ്യമാതാവിന്റെയും സ്മരണകള്‍ക്ക് സമര്‍പ്പിക്കുകയാണ്. 

sethumadhavan machad

No comments:

Post a Comment