Thursday, November 3, 2011

Guru Nithya.2

ചോദ്യങ്ങളും സന്ദേഹങ്ങളുമെല്ലാം അവയുടെ നിശിതമായ അര്‍ഥാന്തരങ്ങള്‍ക്കുള്ളില്‍ വെച്ചുതന്നെ ഉത്തരം കണ്ടെത്തുന്ന രീതിശാസ്ത്രമാണ്  നിത്യ അവലംബിച്ചത് .കേവലവും സാധാരണവുമെന്ന്‌ നാം ധരിച്ചുവശായ കാര്യങ്ങള്‍ അസാധാരണമായ ലാവണ്യത്തികവോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സങ്കീര്‍ണം,വ്യാമിശ്രം എന്നൊക്കെ നമ്മള്‍ അകറ്റിനിര്‍ത്തിയ മാനവിക വിഷയങ്ങളാവട്ടെ ലളിതവും ഹൃദയാവര്‍ജകവുമായ രീതിയില്‍ ക്രമീകരിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. പൊടുന്നനെ ഒരാള്‍ ഉന്നയിക്കുന്ന അര്‍ത്ഥശങ്ക പോലും സരളമായൊരു നര്‍മത്തിലൂടെ വിശദമാക്കാന്‍ യതിയിലെ പ്രഭാഷകന് നിഷ്പ്രയാസം കഴിഞ്ഞു . അല്പം രസകരമായൊരു ഉദാഹരണം ഇവിടെ ഓര്‍മിക്കട്ടെ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്( 1990 )- നടരാജ ഗുരുവിന്റെ ആത്മകഥയുടെ (Autobiography of  an Absolutist ) പുതിയ പതിപ്പിന്റെ പ്രകാശനം തിരുവനന്തപുരത്തു വെച്ചുനടന്നു.യോഗത്തില്‍ ഗുരുവിനോടൊപ്പം മുനി നാരായണപ്രസാദും ഡി സി കിഴക്കേമുറിയുമുണ്ട്.കഥാകാരി മാധവിക്കുട്ടി
പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു : " ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ എനിക്കുള്ള ഒരേയൊരു യോഗ്യത, എന്റെ അമ്മാമന്‍
നാലാപ്പാട്ട് നാരായണമേനോന്‍ 'ആര്‍ഷ ജ്ഞാനം' എന്നൊരു വേദാന്തകൃതി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ്. ഞാനാവട്ടെ ആര്‍ഷജ്ഞാനം പോലും
മുഴുവനായിട്ട് വായിച്ചിട്ടില്ല.അതില്‍ പറഞ്ഞിരിക്കുന്ന 'അവിദ്യ' തുടങ്ങിയ വാക്കുകള്‍ എനിക്ക് തികച്ചും അപരിചിതമായിരുന്നു.കാരണം ഇന്ദ്രിയങ്ങളുടെ
അഞ്ചു വാതിലുകളില്‍ കൂടിയാണ് ഞാനീ ലോകത്തെ കണ്ടത്. "
യതിയുടെ പ്രഭാഷണമാരംഭിച്ചത് മാധവിക്കുട്ടി ഉന്നയിച്ച 'അവിദ്യ'യില്‍ തൊട്ടുകൊണ്ടായിരുന്നു.അദ്ദേഹം പറഞ്ഞു : " കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്
കോഴിക്കോട്ടുവെച്ച് ഒരു പൊതുയോഗത്തിനിടയില്‍ തൊട്ടയല്‍പക്കത്തെ വീട്ടില്‍ പ്രൌഡയായൊരു യുവതിയും അവരുടെ വന്ദ്യയായ മാതാവും കാറില്‍ വന്നിറങ്ങുന്നത് ശ്രദ്ധിക്കാനിടയായി. ആരോ പറഞ്ഞു അത് കവയിത്രി ബാലാമണിയമ്മയും മകള്‍ കമലാദാസുമാണ്.എക്കാലത്തും എഴുത്തുകാരുടെ വലിയ ആരാധകനായിരുന്ന നിത്യ അവരെ തെല്ലിട ശ്രദ്ധിച്ചു. അന്നുകണ്ടത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ഒരു പാര്‍ശ്വ വീക്ഷണമായിരുന്നു. വീണ്ടും വളരെ നാളുകള്‍ക്കുശേഷം മുംബൈ വിമാനത്താവളത്തില്‍ വെച്ച് ,തൊട്ടട്ടുത്ത ഇരിപ്പിടത്തില്‍ പത്രംവായിച്ചു കൊണ്ടിരുന്ന കമലാദാസിനെ കാണാനിട വന്നു. ശ്രീമതിയോട് യതി ചോദിച്ചു, നിങ്ങള്‍ മാധവിക്കുട്ടിയല്ലേ? വായിച്ചുകൊണ്ടിരുന്ന പത്രത്തില്‍ നിന്ന് 
തലയുയര്‍ത്തിയ സുന്ദരിയുംകുലീനയുമായ ആ സ്ത്രീ ബഹുമാനപുരസ്സരം കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു : അങ്ങ് ക്ഷമിക്കണം ഞാന്‍ നടി ശ്രീവിദ്യയാണ്.
അവര്‍ പ്രശസ്തയായൊരു ചലച്ചിത്ര താരമാണെന്ന് ഗുരുവിനു അറിയുമായിരുന്നില്ല. അതുകൊണ്ട് അല്പം ജാള്യത തോന്നി. തുടര്‍ന്ന് സദസ്സിനോടായി ഗുരു വ്യക്തമാക്കുന്നു. " വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് വെച്ച് അല്പമാത്രമായെങ്കിലും ഞാന്‍ കണ്ടത് സത്യമായ മാധവിക്കുട്ടിയെ ആയിരുന്നു. അന്നവരെ നേരില്‍ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്നേയുള്ളൂ.എങ്കിലും അത് 'വിദ്യ'. പിന്നീടു മുംബൈയില്‍ ഞാന്‍ കണ്ടുമുട്ടിയത്‌ മിഥ്യയായ മാധവിക്കുട്ടിയെ.ആ മഹതി ശ്രീവിദ്യയായിരുന്നെങ്കിലും തനിക്കത്‌ 'അവിദ്യ'. എന്നിട്ട് മാധവിക്കുട്ടിയെ നോക്കി ഗുരു പറഞ്ഞു. ' ലൌകികത്തില്‍ വിദ്യയും അവിദ്യയും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതിനാല്‍ നടരാജഗുരുവിന്റെ  ഗ്രന്ഥം പ്രകാശനം ചെയ്യാന്‍, പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചസത്യം തിരഞ്ഞ കഥാകാരിയെക്കാള്‍ അര്‍ഹത മറ്റാര്‍ക്കുണ്ട് ?' ഗുരു നര്‍മത്തിലൊ ളിപ്പിച്ച
മര്‍മം ശ്രോതാക്കളുടെ കേവല സന്ദേഹങ്ങളുടെ നിറവാര്‍ന്ന വ്യാഖ്യാനമായിരുന്നു.  ( തുടരുന്നു)
  - s e t h u m a d h a v a n  m a c h a d

No comments:

Post a Comment