Friday, December 16, 2011

IFFK 2011

ചലച്ചിത്രോത്സവം - 2011
പ്രേക്ഷക മനസുകളില്‍ ഇടംനേടിയ കലാകാരന്മാര്‍ക്കുള്ള ആദരവാണ് Retrospective വിഭാഗം.
മലയാളത്തിലെ അതുല്യ നടന്‍ മധുവിന്റെ ചെമ്മീന്‍,സ്വയംവരം, ഓളവും തീരവും തുടങ്ങി 5 ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. സാഹിത്യവും സിനിമയും പരസ്പരം കൈകോര്‍ത്ത അറുപതുകളുടെ ഭാവുകത്വം , സാധാരണ ജീവിതങ്ങളുടെ സരളതയും സങ്കീര്‍ണതകളുമായിരുന്നു.രാമു കാര്യാട്ട്‌, പി.ഭാസ്കരന്‍ തുടങ്ങിയവര്‍ സൃഷ്ടിച്ച വ്യത്യസ്തമായ ദൃശ്യബോധത്തിലേക്കാണ് മധു എന്ന നടനും
കടന്നുവന്നത്.
അരനൂറ്റാണ്ടോടടുക്കുന്ന മധുവിന്റെ അഭിനയജീവിതത്തിന് നല്‍കുന്ന ആദരവാണ് ഈ Retrospective


രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ഹൃദയസ്പര്‍ശിയായ സിനിമകളുടെ സംവേദനം അതര്‍ഹിക്കുന്ന ഗൌരവത്തോടെ ആസ്വാദകര്‍ പങ്കിട്ടു. 'ബ്ലാക്ക്‌ ബ്ലഡ്‌ ' എന്ന ചൈനീസ് ചിത്രം, സാമ്പത്തികമായി ലോകം കീഴടക്കുകയാണെന്നു നാം തെറ്റിദ്ധരിച്ച ചൈനയുടെ വ്യത്യസ്തമായൊരു മുഖം തുറന്നുകാട്ടുന്നു.കൊടിയ ദാരിദ്ര്യത്തില്‍ രക്തംവിറ്റു ജീവിക്കുന്ന ദമ്പതിമാരുടെ കഥ പറയുന്ന ഈ ചിത്രം വന്മതില്‍ പോലുള്ള നമ്മുടെ സങ്കല്പത്തെ തകര്‍ക്കുന്നു.
ടര്‍ക്കി ചിത്രമായ മുസ്തഫാ നൂറിയുടെ Body അവതരണത്തിന്റെ മികവു കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ലളിതമായ ആഖ്യാനശൈലിയാല്‍ മികവുറ്റ മറ്റൊരു ടര്‍ക്കിചിത്രമായിരുന്നു - Egg .ദൃശ്യവിന്യാസത്തിലെ
ചാരുത ഈ സിനിമയുടെ അഴകായിരുന്നു.
ആന്ദ്രെ സ്യാഗിനെസ്തെവിന്റെ റഷ്യന്‍ സിനിമ Elena ,ഇറാനിയന്‍ ചിത്രമായ Eye Seperation എന്നിവയും ഇന്നലെ പ്രദര്‍ശിപ്പിച്ചവയില്‍ ജനശ്രദ്ധയാകര്‍ഷിച്ചവയാണ്.

'ദി ഡ്രീംസ്‌ ഓഫ് എലിബിഡി' എന്ന കെനിയന്‍ സിനിമ ആഫ്രിക്കയുടെ ആത്മവീര്യത്തിന്റെ സരസമായ ആഖ്യാനമാണ്. HIV ബാധിതരായ ചേരിനിവാസികളോട് നാടകത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന ഈ ചിത്രം ഒരു
Awareness Campagin എന്ന നിലയിലേക്ക് തരംതാഴാതെ, നര്‍മത്തില്‍ പൊതിഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ മനുഷ്യരാശിയെ ഗ്രസിച്ച ഒരു വൈറസിനെ എടുത്തുനീക്കുന്നത് ഹൃദ്യമായിട്ടുണ്ട്‌.

നഗിസ ഒഷീമയുടെ ചലച്ചിത്രങ്ങളുടെ സമാഹാരം എടുത്തുപറയേണ്ടതാണ്. ജപ്പാന്റെ തനതു സംഗീതവും കവിതയും മഞ്ഞുമൂടിയ സ്ഥലരാശിയും പ്രണയകുതൂഹലങ്ങളും പ്രതികാരവും ഇഴ ചേര്‍ന്ന ഒഷീമയുടെ ചിത്രങ്ങള്‍ നിശബ്ദസൌന്ദര്യത്തിന്റെ വര്‍ണവ്യാഖ്യാനങ്ങളാണ്.
സാമൂഹിക ജീവിതത്തിന്റെ സര്‍വതലങ്ങളെയുംസ്പര്‍ശിക്കുന്ന ഒരു കലാരൂപമെന്ന നിലയില്‍ സിനിമയ്ക്കു രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്‌ .പ്രത്യേക സാമൂഹ്യ പരിസരങ്ങളില്‍ രൂപപ്പെട്ട ദൃശ്യസൌന്ദര്യബോധത്തില്‍ ദൃശ്യഭാഷയോടൊപ്പം സാമൂഹ്യഘടകങ്ങളും പരിഗണിക്കപ്പെടും.'ആടുകളം','അഴകര്‍സാമിയിന്‍ കുതിരൈ', എന്നെ ചിത്രങ്ങള്‍ തമിഴ് ഗ്രാമീണജീവിതത്തിന്റെ അവസ്ഥകളെ മനോഹരമായി പകര്‍ത്തുന്നു. ആചാരങ്ങളും മിത്തുകളും ഇടകലര്‍ന്ന ജീവിതപരിസരത്തില്‍ നിന്ന് രൂപമെടുത്ത പ്രാദേശികത്തനിമയുള്ള സിനിമകളാണ് അവ.
മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മലയാളത്തിന്റെ സാന്നിധ്യം ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായിരുന്നു.'ആദിമധ്യാന്തവും' 'ആദമിന്റെ മകന്‍ അബുവും' നിറഞ്ഞസദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഗോവ അന്താരാഷ്ട്രീയമേളയില്‍ ബഹുമതികള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന്‍ അബു' സരളവും സുന്ദരവുമായ ആഖ്യാനമാണ്.
മികച്ച ദൃശ്യ- ശബ്ദ വിന്യാസവും അഭിനയത്തികവും, ഒതുക്കമുള്ള തിരക്കഥയുംഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായം, ആദമിന്റെ മകന്‍ ഒരു മഹത്തായ ചലച്ചിത്രസൃഷ്ടി അല്ല എന്നുതന്നെയാണ്. പ്രമേയത്തിന്റെ വ്യതിരിക്തതയും കഥ പറയുന്നതിലെ മിതത്വവും ഈ ചിത്രത്തെ മനോഹരമാക്കുന്നുവെങ്കിലും മഹത്തായ ചലച്ചിത്രങ്ങള്‍ നല്‍കുന്ന അനുരണനങ്ങള്‍ ( haunting echoes )ഈ സിനിമ പകരുന്നതായി അനുഭവപ്പെട്ടില്ല.തികച്ചും വ്യക്തിപരമായ ഒരു സമീപനമാണിതെന്നു പറയട്ടെ.

ദേശത്തിന്‍റെയുംഭാഷകളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന സിനിമ, മൌലികമായും മനുഷ്യവികാരങ്ങളുടെ ആവിഷ്കാരമാണ്. അതിര്‍ത്തികളുടെ ആജ്ഞാപരതക്കു മുന്‍പില്‍ കീഴടങ്ങേണ്ടി വരുന്ന മനുഷ്യന്റെ നിസ്സഹായതയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഈ മേളയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു.ചിലിയില്‍ നിന്നെത്തിയ ' ദി പെയിന്റിംഗ് ലെസന്‍ ', ഇറാന്‍ ചിത്രമായ ടെഹ്‌റാന്‍ ടെഹ്‌റാന്‍, ഗുഡ് ബൈ എന്നിവ കുടിയേറ്റക്കാരുടെ നിയമങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമം നടത്തുന്ന ഈ ചിത്രത്തിലുടെ.നിശബ്ദ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഒരു ആര്‍ദ്രനദി ആഴത്തിലുടെ ഹൃദയങ്ങളെ ഭേദിച്ച് ഒഴുകിപ്പോവുന്നത് നാം കാണുന്നു.ജാപ്പനീസ് നോവലിസ്റ്റ്‌ ഹരുകി മുറകാമിയുടെനോവലിനെ ആസ്പദമാക്കി ട്രാന്‍ ആന്‍ ഹുന്ഗ് സംവിധാനംചെയ്ത 'നോര്‍വീജിയന്‍ വുഡ് 'അതിമനോഹരമായ ഒരു പ്രണയകഥ പറയുന്നു.

ജീവിക്കുന്ന ഓരോ നിമിഷവും പോയകാലത്തേക്ക് തിരിച്ചു പോകുന്നവരുടെ ഗൃഹാതുരസ്മരണകളുടെ നിലീനഭംഗികള്‍ കോര്‍ത്തെടുത്തൊരു കാവ്യം. എവിടെയോ കളഞ്ഞുപോയ ഓര്‍മകളെ വീണ്ടെടുക്കാന്‍ ബാല്യകാല സുഹൃത്തുക്കളും പ്രണയിതാക്കളുമായ നാക്കോയും വതനാബെയും നടത്തുന്ന യാത്ര. നഷ്ടജീവിതത്തിന്റെ വിഷാദഭരിതമായ മുഹൂര്‍ത്തങ്ങള്‍ നിറപ്പൊലിമയോടെ ആവാഹിക്കാന്‍ 'നോര്‍വീജിയന്‍ വുഡ് ' ശ്രമിക്കുന്നു.ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തേക്കാള്‍ജനം ശ്രദ്ധിച്ചത് 'ലോക സിനിമകളുടെ' സമകാലീന മുഖമായിരുന്നു.ലോക സിനിമയുടെ മാറുന്ന അഭിരുചികളും പ്രമേയപരമായ പുതുമകളും തേടി പ്രേക്ഷകര്‍ തിയറ്ററുകളില്‍നിന്ന് തിയറ്ററുകളിലെക്ക് കൂടുമാറി.
കഥാഖ്യാനത്തിന്റെ സ്ഫോടകമായ സാധതകളെ ഉപയോഗപ്പെടുത്തി ദൃശ്യഭാഷയ്ക്ക്‌ പുതിയ തലങ്ങള്‍
സമ്മാനിച്ച ജര്‍മന്‍ സംവിധായകന്‍ ടോം ടൈക്കര്‍ 'ത്രീ' എന്നാ ചിത്രത്തിലൂടെ വിസ്മയിപ്പിക്കുന്ന ഒരു പ്രണയാഖ്യാനമാണ് കാഴ്ച വെക്കുന്നത്. പുറത്തുകടക്കാന്‍ യാതൊരു സാധ്യതയുംഅവശേഷിപ്പിക്കാത്ത നൂലാമാല നിറഞ്ഞ പിരിയന്‍ ഗോവണികളുടെ വിചിത്രവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ ചിത്രം. ആഖ്യാനകലയിലെ ഈ വിഷമവൃത്തം ലോകസിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ മാതൃകയാണ്.
സമകാലീന സെര്‍ബിയന്‍ സംവിധായകനായ മ്ലാടിക് മറ്റിക്കെവിച്ചിന്റെ 'Together ' ഒരെഴുത്തുകാരന്റെ രചനാജീവിതത്തിലെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചിത്രമാണ്. വൈകാരിക മുഹൂര്‍ത്തങ്ങളുടെ
ദൃശ്യബിംബങ്ങളിലൂടെ എഴുത്തിന്റെ സര്‍ഗവ്യാപരങ്ങള്‍ ശില്പഭദ്രതയോടെ ആവിഷകരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഭാവനാലോകത്തു നിന്ന് നിര്‍ദ്ദയം നിഷ്കാസിതനായ ഒരെഴുത്തുകാരന്‍ തന്റെ കഥാപാത്രങ്ങളുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ പോലുമാകാതെ ധര്‍മസങ്കടത്തില്‍ ഉഴലുന്ന കാഴ്ച ഹൃദയാവര്‍ജകമായിട്ടാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.ചലച്ചിത്രമേളയിലെ ആഫ്രിക്കന്‍ സാന്നിധ്യം ശക്തമായിരുന്നു ഈ വര്‍ഷം.സമകാലീന ദക്ഷിണാ ഫ്രിക്കന്‍ ജീവിതത്തിലെ അരാജകപ്രവണതകളും രാഷ്ട്രീയമായ അരക്ഷിതാവസ്ഥകളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് സ്റ്റീവ് ജെക്കബ്സിന്റെ Disgrace . നൊബേല്‍ ജേതാവായ ജെ എം കൂറ്റ്സേയുടെ നോവലിന്റെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം മനുഷ്യനു വന്നുചേര്‍ന്ന അധ:പതനത്തിന്റെ ദയനീയ മുഖം വരച്ചുകാട്ടുന്നു. കോംഗോവില്‍ നിന്നെത്തിയ 'വിവാ റിവ' എന്ന ചിത്രവും അരാജകമായ ജീവിതത്തിന്റെ മൂല്യച്യുതി എടുത്തുകാട്ടുന്നു.
ഹമീദ് റേസയുടെ ഇറാനിയന്‍ ചിത്രമായ 'ഫ്ലെമിങ്കോ' അതീവസുന്ദരമായ ദൃശ്യവിശാലതയില്‍ വിടരുന്ന കവിതയാണ്. തായ് ലാന്‍ഡില്‍ നിന്നും ഫിലിപ്പൈന്‍സില്‍നിന്നും എത്തിയ ചിത്രങ്ങളും മേളയിലെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യന്‍ ചിത്രമായ 'ഡല്‍ഹി days ' കാണികളെ അവതരണത്തിലെ ലാളിത്യം കൊണ്ട് തൃപ്തരാക്കി
മലയാളചിത്രങ്ങളില്‍ ട്രാഫിക്, ഗദ്ദാമ എന്നിവയും പ്രേക്ഷകസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ചലച്ചിത്രപ്രതിഭകളുടെ സാന്നിധ്യവും മേളയുടെ വര്‍ണപ്പൊലിമ വര്‍ധിക്കാന്‍ കാരണമായി. നടന്‍ മധു, മോഹന്‍ലാല്‍, സംവിധായകരായ വെട്രിമാരന്‍,അതിഥി റോയ്, നദി ഷഹനാസ് ആനന്ദ് എന്നിവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. മേളയുടെ തുടക്കത്തില്‍ ജയ ബച്ചനും ഓംപുരിയുംപങ്കെടുത്ത ഓപ്പന്‍ ഫോറവും ഷാജി എന്‍ കരുണ്‍,കമല്‍, ഹരികുമാര്‍,പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ പങ്കാളിത്തവും മേളക്ക് ചൈതന്യം പകര്‍ന്നു.
പതിനാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്നു കൊടിയിറങ്ങും.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ എത്രയോ ലോകസിനിമകള്‍. അത്ര നിലവാരമില്ലാതെപോയ മത്സരവിഭാഗം
ചിത്രങ്ങള്‍. കണ്ട സിനിമകളില്‍ ഏറ്റവുംമികച്ചത് ഏതെന്നു ചോദിച്ചാല്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളെ ഉള്ളൂ. മെക്സിക്കോ ചിത്രമായ ' ദി പെയിന്റിംഗ് ലെസ്സണ്‍' , കൊളംബിയന്‍ ചലച്ചിത്രമായ
'The colours of the Mountain ', അര്‍ജന്റിനയില്‍ നിന്നെത്തിയ 'The cat vanishes ' എന്നിവ മുന്‍നിരയില്‍ നില്‍ക്കുന്നു.ഇന്ത്യന്‍ചിത്രമായ 'ഡല്‍ഹി ഇന്‍ എ ഡേ', കോങ്ഗോ ചിത്രം 'ദി ഡ്രീംസ്‌ ഓഫ് എലിബിഡി'
എന്നിവ തൊട്ടരികില്‍. ബ്ലാക്ക്‌ ബ്ലഡ്‌ , ബോഡി എന്നീ ചിത്രങ്ങളും ആള്‍ക്കൂട്ടത്തെ ആകര്‍ഷി ച്ചവയാണ്.
മലയാളത്തില്‍ ശാലിനി ഉഷാ നായര്‍ സംവിധാനം ചെയ്ത 'അകം' ഇന്നലെ പ്രദര്‍ശിപ്പിച്ചു. മനസ്സിന്റെ സൂക്ഷ്മസഞ്ചാരവഴികളാണ് 'അകത്തിന്റെ' അന്വേഷണം.മിത്തും മന:ശാസ്ത്രവും ഇടകലര്‍ന്ന പ്രമേയത്തിന്റെ സമസ്യ ദൃശ്യബിംബങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് സംവിധായിക നടത്തിയിട്ടുള്ളത്.
ഷേക്ക്‌സ്പിയറുടെ ഹാംലെറ്റിന്റെ പുനരാഖ്യാനമാണ് വി കെ പ്രകാശിന്റെ 'കര്‍മയോഗി'.ഒരു കലാരൂപം ഉള്‍ക്കൊള്ളുന്ന ദേശ കാല സവിശേഷതകളെ , അവയുടെ സാംസ്കാരികമായ ലാവണ്യത്തെ മറ്റൊരു പശ്ച്ചാത്തലത്തില്‍ പറിച്ചു നടനുള്ള ശ്രമംകൂടിയാണീ ചിത്രം.
ഇന്നലെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച മറ്റൊന്ന് ജര്‍മന്‍ ചിത്രമായ
'landscape in the mist 'ആണ്. ഒരിക്കലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പിതൃസ്നേഹത്തിലേക്കുള്ള
രണ്ടു കുട്ടികളുടെ യാത്രയുടെ കഥ. മഞ്ഞു മൂടിയ സമതലങ്ങളിലൂടെ അവര്‍ നടത്തുന്ന യാത്ര നിഷ്കങ്കതയുടെയും തിരിച്ചറിവിന്റെയും ആകാംക്ഷനിറഞ്ഞ അന്വേഷണമാണ്.
ഫ്ലോറിയന്‍ മിക്കൊദ കൊസിന്റെ ' ദി ഡേ ഐ വാസ് നോട്ട് ബോണ്‍ ' ആധുനിക യൂറോപ്യന്‍ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഒരു യുവതിയുടെയും അവളുടെ കുടുംബത്തിന്റെയും സാമൂഹികമായ അസ്തിത്വത്തെ അനാവരണം ചെയ്യുന്നു.പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും കഥകള്‍ ലോകസിനിമയുടെ എക്കാലത്തെയും പ്രമേയങ്ങളാണ്.
കാഴ്ച്ചയുടെ കലയാണ്‌ സിനിമ. ദൃശ്യവിന്യാസത്തിന്റെ വിവിധതലങ്ങളിലൂടെ ഫ്രെയിമുകളില്‍ നിന്ന് ഫ്രെയിമുകളിലേക്ക് അര്‍ഥവും അനുഭവവുംതേടി സംവിധായകനൊപ്പം പ്രേക്ഷകനും അനന്ത കാലത്തിലൂടെ സഞ്ചരിക്കുകയാണ്.
ദൃശ്യങ്ങളും ഓര്‍മകളും നിറവിന്യാസങ്ങളുംസമ്മാനിച്ചു കൊണ്ട് ഒരു ചലച്ചിത്രോത്സവം കൂടി വിടപറയുന്നു.
നാം പാര്‍ക്കുന്ന ഈ ലോകത്ത് എല്ലാവരും നിലവിളിക്കുന്നത് ഒരേ ഭാഷയിലാണ്. സന്തോഷവും സന്താപവും ആനന്ദവും നൈരാശ്യവും പങ്കിടുന്നതും ഒരു പോലെ. ഭാഷയും വര്‍ണവും ആചാരരീതികളും മാറി മാറി വരാം. എന്നാല്‍ മനുഷ്യനന്മ ഒരേ രസതന്ത്രമാണ് നമുക്ക് പകരുന്നത്. ജീവന്റെ ബലരേഖകള്‍ എല്ലായിടത്തും ഒരു പോലെ.. . അന്താരാഷ്ട്ര ചലച്ചിത്രോത്സവം നമ്മെ പരസ്പരം ചേര്‍ത്തു നിറുത്തുന്നു. മലയാളിയുടെ ഏറ്റവും മതേതരമായ അനുഷ്ഠാനം ഇന്ന് ചലച്ചിത്രമാണെന്നുപോലും പറയേണ്ടി വരും. ലോകസിനിമ അതിന്‍റെ ശതാബ്ദി കൊണ്ടാടി ഒരു വ്യാഴവട്ടം കഴിഞ്ഞുപോയി.ആള്‍ക്കൂട്ടം ദിവസങ്ങളോളം ഒരു കൊച്ചു നഗരത്തില്‍ തങ്ങി സിനിമ കണ്ടും , സിനിമ ഭക്ഷിച്ചും ഉറങ്ങിയും രാപ്പകലുകളെ സിനിമയുടെ ഇന്ദ്രിയ ത്തിലൂടെ അനുഭവിച്ചു. ഫോക്കസിന്‍റെ ആഴത്തിലും പരപ്പിലും പല നാടുകളും മനുഷ്യരും കാലാവസ്ഥയും നമ്മള്‍ ജീവിച്ചുതീര്‍ക്കുകയായിരുന്നു. . സിനിമ ഒരാള്‍ക്കൂട്ടത്തേക്കാള്‍ വലുതാണെന്നും പക്ഷെ ആള്‍ക്കൂട്ടം തന്നെയാണ് സിനിമയെ വലുതാക്കുന്നതെന്നും ഓരോ ചലച്ചിത്രമേളയും നമ്മോട് ആവര്‍ത്തിച്ചു പറയുന്നു.

s e t h u m a d h a v a n  m a c h a d

No comments:

Post a Comment