Wednesday, December 7, 2011

Thanjavur 5

കാവേരിയും പോഷകനദികളും തഞ്ചാവൂരിന്റെ തടങ്ങളെ എന്നും സസ്യശ്യാമളമാക്കി നിര്‍ത്തി.കാവേരിയുടെ ഡെല്‍റ്റാ പ്രദേശത്ത് ചെങ്കല്ലും,മണല്‍ക്കല്ലും കാവിമണ്ണും സമൃദ്ധമായി കാണപ്പെടുന്നതില്‍ നിന്ന് ചോള ചുമര്‍ചിത്രകലയുടെ സാകല്യം വായിച്ചെടുക്കാം. തഞ്ചാവൂരിലും കുംഭ കോണത്തും യഥേഷ്ടം സംഗീതോപകരണങ്ങള്‍ നിര്‍മിച്ചിരുന്നു. സംഗീതകുലകുരു ത്യാഗരാജസ്വാമികളുടെ ജന്മസ്ഥലം തഞ്ചാവൂരിലെ തൊട്ടടുത്ത തിരുവയ്യാര്‍ ഗ്രാമമാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹം കൂടിയാണ് തഞ്ചാവൂര്‍. പെരിയകോവിലിന്റെ സഹസ്രാബ്ദി കൊണ്ടാടിയപ്പോള്‍ പ്രശസ്ത നര്‍ത്തകി പദ്മ സുബ്രഹ്മണ്യം ആയിരം നര്‍ത്തകിമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നൃത്തര്‍ച്ചന കലാലോകം വിസ്മയത്തോടെ വീക്ഷിച്ചത്‌ ഓര്‍ക്കുമല്ലോ?ബൃഹദീശ്വരത്തെ നന്ദിമണ്ഡപത്തില്‍ നടനമാടിയ ആയിരം നര്‍ത്തകിമാര്‍ രാജരാജേശ്വരത്തിന് നല്‍കിയ വിനീത പ്രണാമമായിരുന്നു അത്.
പില്‍ക്കാലം ശരഭോജി രാജാവ് സ്ഥാപിച്ച സരസ്വതിമഹല്‍ എന്ന ലൈബ്രറി തഞ്ചാവൂരിലെ പ്രധാനപ്പെട്ട സാംസ്കാരികകേന്ദ്രമായി മാറി. യൂറോപ്പിലെയും ഇന്ത്യയിലെയും വിവിധ ഭാഷകളിലുള്ള അനേകായിരം ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്. കടലാസിലും താളിയോലകളിലുമായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം 46 ,667 ആണ്. ഏഴാംശതകം മുതല്‍ പതിനേഴാം ശതകംവരെയുള്ള അനേകം ശിലങ്ങള്‍ കാത്തുസൂക്ഷിച്ച തഞ്ചാവൂര്‍ പാലസിലെ 'കലൈ കൂടം' മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ഇവിടെയുള്ള സംഗീത പാഠശാലയില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നുവത്രേ.തഞ്ചാവൂര്‍ ക്ഷേത്രത്തിലെ രംഗമണ്ഡപത്തില്‍ അരങ്ങേറിയ 'രാജരാജേശ്വരം' എന്ന നാടകം തമിഴകത്ത് ഏറെ പ്രസിദ്ധമാണ്.
ചോള രാജാക്കന്മാരുടെയും വിജയനഗര നായിക്കന്മാരുടെയും ഭരണകാലത്ത് തഞ്ചാവൂര്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാനകേന്ദ്രവും ദക്ഷിണേന്ത്യന്‍ കലകളുടെ മുഖ്യമായ ആസ്ഥാന ങ്ങളിലൊന്നുമായി പരിലസിച്ചിരുന്നു. തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ട വടിവേലു തുടങ്ങിയ കലാമര്‍മജ്ഞര്‍ ശരഭോജിയുടെ തഞ്ചാവൂരിലെ സദസ്സില്‍നിന്നാണ് പില്‍ക്കാലം, തിരുവിതാകൂറിലെ
സ്വാതിതിരുനാളിന്റെ സംഗീതസദസ്സിലേക്ക് വിരുന്നുവന്നത്. ദക്ഷിണേന്ത്യന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിട്ടുള്ള സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനവും തന്ചാവൂരായതില്‍ അദ്ഭുതപ്പെടാനില്ല.
ഇവിടെ കാലവും ചരിത്രവും സംസ്കൃതിയും കലര്‍ന്ന് മാനവ വംശത്തിന്റെ ഓര്‍മകളില്‍ സഞ്ചിതമായിരിക്കുകയാണ്.ഇനിയും തലമുറകള്‍ തഞ്ചാവൂരിലെത്തും, പെരിയകോവിലിന്റെ പെരുമയില്‍ വിസ്മയംകൂറി കാലഭൈരവന്റെ അന്തരാളത്തിലൂടെ നടന്നുനീങ്ങും. നന്ദികേശ്വരന്റെ ശാന്തിയില്‍ കലരും.രാജേശ്വരിയുടെ ജ്യോതിസ്സില്‍ നിറയും.അപരിമേയനായി നില്‍ക്കുന്ന മഹേശ്വരന്റെ മുന്നില്‍ കാലം വണങ്ങി നില്‍ക്കുന്നതു കണ്ടു കൈകൂപ്പും. കലാതീര്‍ഥാടകരുടെ വരും തലമുറകള്‍ക്കായി അന്നും രാജരാജേശ്വരം ധ്യാനത്തിലമര്‍ന്നു നിലകൊള്ളും.
(അവസാനിക്കുന്നു)

No comments:

Post a Comment