Sunday, December 4, 2011

Thanjavur

തഞ്ചാവൂരിലെ പെരിയകോവിലിന് പ്രവേശകമായി രണ്ടു ഗോപുരകവാടങ്ങളുണ്ട്, കേരളാന്തകന്‍ തിരുവായില്‍, രാജരാജന്‍ തിരുവായില്‍ എന്നിങ്ങനെ.ചേരരാജാവായ ഭാസ്കര രവിവര്‍മനെ പരാജയപ്പെടുത്തിയപ്പോള്‍ രാജരാജന് നല്‍കപ്പെട്ട പേരാണ് കേരളാന്തകന്‍ എന്നത്. വിഴിഞ്ഞം തുറമുഖം വരെ രാജരാജന്റെ സൈന്യം എത്തിയതായി തിരുവിതാകൂര്‍ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജരാജന്‍ പടനയിച്ചും കീഴടക്കിയും നേടിയതെല്ലാം തഞ്ചാവൂരിന്റെ ഐശ്വര്യത്തില്‍ സമര്‍പ്പിതമായിട്ടുണ്ട്. പെരിയ കോവിലിന്റെ ക്ഷേത്രഗോപുരത്തിനു ചുറ്റും സ്ഥലവിസ്തൃതിയുടെ കാവല്‍ ഭിത്തിയായി മുപ്പതടിയോളം ഉയരമുള്ള ചുറ്റുമതില്‍ കാണാം.രക്ഷാഭടന്മാര്‍ക്ക് പുറത്തു നിന്നുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുള്ള സവിധാനങ്ങങ്ങളും സജ്ജമാക്കിയിരുന്നു.തുറസ്സുകളിലും ഉള്‍ത്തളങ്ങളിലും സ്വച്ഛമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ക്ഷേത്രനിര്‍മാണത്തിലേര്‍പ്പെട്ട ശില്‍പികള്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദ്വാരപാലകശില്പങ്ങളും കവാടപാര്‍ശ്വങ്ങളിലെ ശിലാപാളികളില്‍ കൊത്തിയ  വടിവൊത്ത പുരാണശില്പങ്ങളും അതീവ ചാരുതയാര്‍ന്നവയാണ്. സ്ഥപതികളുടെ പണിക്കുറതീര്‍ന്ന കരവിരുതിന്റെ നേര്‍സാക്ഷ്യങ്ങള്‍.
അഥര്‍വത്തിലെ സ്ഥാപത്യവേദമാണ് വാസ്തുവിദ്യ .ശില എന്ന ധാതുവില്‍ നിന്നാണത്രെ ശില്പമുണ്ടാവുന്നത്.
ഏകാഗ്രതയോടെ ശീലിക്കുന്നതും ദക്ഷതയോടെ ചെയ്യുന്നതുമാണ്
 ശില്‍പകല എന്നര്‍ഥം. ശില്‍പങ്ങളുടെ ആകരമാണ് ദേവാലയം.ഭൂപരിഗ്രഹവും ദിക് നിര്‍ണയവുമാണ്  നിര്‍മാണത്തിന്റെ ആദ്യഘട്ടം. മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഭൂമധ്യരേഖാ പ്രദേശത്തിന്റെ ആവാസകേന്ദ്രത്തില്‍ സ്ഥലവിസ്തൃതിയുടെ  മുഴുവന്‍ സാധ്യതകളും ഗണിച്ച് മനുഷ്യാധ്വാനത്തിന്റെ ചരിത്രാഖ്യായിക നിര്‍മിക്കുകയായിരുന്നു തഞ്ചാവൂരിലെ സ്ഥപതിമാര്‍.
വൃത്തവും ചതുരവും ദീര്‍ഘവും ഉപയോഗിച്ച് പ്രാസാദങ്ങളും പ്രാകാരങ്ങളും നിര്‍മിച്ചുകൊണ്ടാണ് ശില്‍പികള്‍ അസാധാരണമായ വലിപ്പങ്ങള്‍ ഭാവനചെയ്തത്. രാജരാജന്റെ പ്രതാപത്തിന്റെയും ശൈവഭക്തിയുടെയും പ്രക്ത്യക്ഷം എന്നതിലേറെ, അനശ്വരതയെ സാക്ഷാത്കരിക്കാന്‍ വെമ്പിയ എണ്ണമറ്റ കല്ത്തച്ചന്മാരുടെയും സ്ഥപതിമാരുടെയും അശ്രാന്തവും നിസ്തന്ദ്രവുമായ തപസ്സാണ് ഈ മഹാക്ഷേത്രമെന്ന് നാം മനസ്സിലാക്കുന്നു. ലോകമെങ്ങുമുള്ള വാസ്തുവിദ്യാവിദഗ്ദ്ധരെ വിസ്മയിപ്പിച്ച തഞ്ചാവൂരിലെ മഹാഗോപുരം സംഘകാലചരിത്രത്തിന്റെ പാരമ്പര്യവും മഹിമയും വിടര്‍ത്തുന്നുണ്ട്. 
പെരിയകോവിലിന്റെ നാലുചുറ്റിലുമുള്ള തിരുച്ചുറ്റുമാളികയിലത്രയും മനോഹരമായ പ്രതിഷ്ഠകളും ചോളകാലത്തെ ചുമര്‍ചിത്രങ്ങളും (ഫ്രെസ്കോകള്‍ )അലങ്കരിച്ചിട്ടുണ്ട്. അജന്തയിലെ ചിത്രകലയില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ചോള ചിത്രകലയിലെ ലാവണ്യം.

No comments:

Post a Comment