Tuesday, December 6, 2011

Thanjavur 4

തഞ്ചാവൂര്‍ സന്ദര്‍ശകരില്‍ ഒട്ടുമുക്കാലും പ്രവേശനകവാടങ്ങളും നന്ദിമണ്ഡപവും ശ്രീകോവിലിലെ പരമേശ്വരവന്ദനവും കഴിഞ്ഞ് രാജേശ്വരീ ദര്‍ശനവും ഗണപതി- സുബ്രഹ്മണ്യ അര്‍ച്ചനയും പൂര്‍ത്തിയാക്കി അതിവിശാലമായ നാലമ്പലത്തിലൂടെ ഒരോട്ടപ്രദക്ഷിണം തീര്‍ത്തു മടങ്ങുന്നവരാണ്.
തഞ്ചാവൂരിന്റെ ചരിത്രവും സംസ്കാരവും അന്വേഷിച്ചെത്തുന്ന കലതീര്‍ഥാടകരാവട്ടെ പ്രവേശകത്തിലെ ദ്വാരപാലകശില്‍പം മുതല്‍ കവാടപാര്‍ശ്വത്തിലെ കല്ലെഴുത്തുകളും ചിത്രലിപികളും ശിലാ സംഗീതമുറഞ്ഞ ശില്പവടിവുകളും അന്തരാളത്തിലെ കാലം ഘനീഭവിച്ച ഗോപുര സൌഷ്ഠവവും കണ്‍ പാര്‍ത്ത്‌ മണിക്കൂറുകള്‍ അലഞ്ഞുതിരിയും. നാലതിരുകളിലുമുള്ള തിരുച്ചുറ്റുമാളികകളിലെ ചോള ചുമര്‍ച്ചിത്രങ്ങള്‍ പുരാതനസൌന്ദര്യത്തിന്റെ ചാരുതയാര്‍ന്നവയാണ്. സ്ഥൂലാകാരമെങ്കിലും ചോള ശില്‍പങ്ങളുടെ കമനീയത അവയിലുറങ്ങുന്ന വൈഖരിയുടെതാണ്. സ്ഥലബദ്ധം മാത്രമല്ല, കാല വിശ്രാന്തിയില്‍  ലയം കൊള്ളുന്ന അവയുടെ ആന്തരസംഗീതം സഹൃദയനായ തീര്‍ഥാടകന്റെ മനസ്സും ശ്രോത്രവും സൌമ്യമായി സ്പര്‍ശിക്കാതിരിക്കില്ല.നന്ദിമണ്ഡപത്തിലെ പ്രശാന്തി നിറഞ്ഞ നിമിഷങ്ങള്‍
പെരിയകോവിലില്‍ വണങ്ങി തിരിച്ചെത്തിയവര്‍ അത്രയെളുപ്പം മറക്കില്ല. നന്ദീ പ്രതിഷ്ഠയുടെ അഭൌമസൌന്ദര്യം, നന്ദികേശ്വരന്റെ  നാസാരന്ധ്രത്തിലെ സ്വേദകണവും
കണ്ണുകളിലെ ആര്‍ദ്രതയും
നമ്മെ വല്ലാതെ വശീകരിക്കുന്നു. അന്തരാളത്തിലെവിടെയോ പ്രതിഷ്ഠ നേടിയ ശ്രീബുദ്ധന്റെ കരുണാ മയവും ധ്യാനലീനവുമായ സാന്നിധ്യവും ഓര്‍മകളില്‍ വിടാതെ പിന്തുടരാതിരിക്കില്ല.

ഭാരതീയചിത്രകലയ്ക്ക് ദക്ഷിണേന്ത്യ നല്‍കിയ അവിസ്മരണീയ സംഭാവനകളിലൊന്ന്‌ തഞ്ചാവൂര്‍ ചിത്രകലയാണ്. ചോളസാമ്രാജ്യത്തിന്റെ വിസ്മൃതിയെത്തുടര്‍ന്ന്  വിജയനഗര സാമ്രാജ്യം തഞ്ചാവൂര്‍ വാണകാലം, കലയുടെ നഷ്ടപ്രതാപം പുനര്‍ജനിക്കുകയായിരുന്നു. ആന്ധ്രയിലെ കുച്ചിപ്പുടിയില്‍ നിന്ന് നട്ടുവരും ഗോദാവരീ തീരത്തുനിന്ന് കലംകാരീ ചിത്രകാരന്മാരും തഞ്ചാവൂരിലെത്തി.വെങ്കിട മഖിയെയും അപ്പയ്യദീക്ഷിതരെയും, ക്ഷേത്രജ്ഞരെയും പോലുള്ള സംഗീതാചാര്യന്മാര്‍ തഞ്ചാവൂരിനെ പ്രശസ്തിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാഗ്ഗേയകാരന്മാരായ ത്യാഗരാജ സ്വാമികളും ശ്യാമാ ശാസ്ത്രികളും മുത്തുസ്വാമി ദീക്ഷിതരും ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് തഞ്ചാവൂര്‍ ചിത്രകലയും
പരിമളം വിടര്‍ത്തിയത്. ദേവതകളെ ശൈലീബദ്ധവും വര്‍ണാലംകൃതവുമായി ചിത്രീകരിക്കുന്ന തഞ്ചാവൂര്‍ രചനകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പാരമ്പര്യത്തെ പിന്‍തുടര്‍ന്നു.താളാത്മകവും രേഖാബദ്ധവുമായിരുന്നു അവ. രത്നക്കല്‍പൊടികളും സ്വര്‍ണലായിനിയും ഉപയോഗിച്ച് തുണിയിലും ഗ്ലാസിലും വരച്ചെടുത്ത തഞ്ചാവൂര്‍ ചിത്രങ്ങള്‍ തമിഴകം മാത്രമല്ല ഇന്ത്യയിലെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ചിത്രങ്ങളെ അമൂല്യമായി കാത്തുസൂക്ഷിക്കാന്‍ പിന്‍തലമുറയെ പഠിപ്പിച്ചത് തഞ്ചാവൂര്‍ ചിത്രങ്ങളായിരുന്നു. അതിര്‍കവിഞ്ഞ അലങ്കാരമോടിയാണ് തഞ്ചാവൂര്‍ ചിത്രങ്ങളുടെ പ്രത്യേകത. നവനീതകൃഷ്ണനും,നടരാജമൂര്‍ത്തിയും, കൃഷ്ണ ലീലയും, മധുരമീനാക്ഷിയും, രാസലീലയും മറ്റും അതിമനോഹരമായ തഞ്ചാവൂര്‍ശൈലിയുടെ നിദര്‍ശനങ്ങളാണ് .

No comments:

Post a Comment