Friday, November 5, 2021

ഒൻപതാം സിംഫണി 5

 വിശ്രുത സംഗീതജ്ഞൻ ബീഥോവൻ ലോകത്തോട് വിടപറഞ്ഞിട്ട് 250 വർഷം തികയുന്നു. അദ്ദേഹം  മായികസംഗീതം പകർന്ന ഒൻപതാം സിംഫണി ഇന്നും ലോകമെമ്പാടും സംഗീതപ്രേമികൾ ആഘോഷിക്കുന്നുണ്ട്. ബീഥോവന്റെ ഉന്മാദം നിറഞ്ഞ സംഗീതരാവുകളുടെ കഥ എക്കാലവും ആസ്വാദകലക്ഷങ്ങളുടെ പ്രിയപ്പെട്ട അന്വേഷണവിഷയവുമായിരുന്നു. ഇരുന്നൂറ്റിയൻമ്പതാം വാർഷികം കൊണ്ടാടിയ 2020 ലോകമാകെ മഹാമാരിയുടെ പിടിയിൽ അമർന്നുപോയ വർഷം കൂടിയായിരുന്നു. എന്നിട്ടും ബീഥോവനെ അനുസ്മരിച്ചുകൊണ്ടുള്ളസൊനാറ്റകളും പിയാനോ സദസ്സുകളും ലോകമെമ്പാടും അരങ്ങേറി.

വിശ്രുത ഗായകനെ വാഴ്ത്തുന്ന രചനകളും സിംഫണികളും സംഗീത പ്രണയികൾ ആവിഷ്കരിക്കുകയുമുണ്ടായി.
ഇദംപ്രഥമമായി മലയാളത്തിലും  ആ മഹാപ്രതിഭയെ സമാദരിക്കുന്ന ഒരു നോവൽ ജനിച്ചു എന്നത് നമുക്ക് അഭിമാനാർഹമായ കാര്യമാണ്.
എന്നാൽ നർഗീസ് എഴുതിയത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ബീഥോവന്റെ ജീവചരിത്രമല്ല ഈ കൃതി. പാശ്ചാത്യസംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം വിടർത്തുന്ന ആവിഷ്കാരവുമല്ല. ബീഥോവൻ എന്ന പ്രതിഭാശാലിയായ മനുഷ്യന്റെ സ്വകാര്യലോകവും ജീവിതവും അന്വേഷിച്ചുള്ള യാത്രയിൽ ഇടക്കെപ്പോഴോ ഉള്ളിൽ താനറിയാതെ കയറിവന്ന് ഇടം പിടിച്ച മിനോന എന്ന കൊച്ചുപെൺകുട്ടിയാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ബീഥോവൻ വൈവഹികജീവിതം നയിച്ചതായി എവിടെയും നാം വായിച്ചിട്ടില്ല. പാശ്ചാത്യ ലോകം കലാകാരന്മാരുടെ കുടുംബജീവിതം ചിക്കിചികയാറുമില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രണയവും വൈഷയിക
ജീവിതവും രഹസ്യാത്മകതയുടെ തിരനീക്കി പുറത്തുവരുമ്പോൾ, അനേകകാലത്തിനിപ്പുറം മറ്റൊരു ദേശത്തിരുന്ന് ഒരെഴുത്തുകാരി ആ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഭാവന ചെയ്യുമ്പോൾ പുതിയൊരു മാനം കൈവരുന്നു.
ബീഥോവന് താൻ കണ്ടുമുട്ടിയവരിൽ ആരെക്കാളുമേറെ പ്രണയിച്ച ഹൃദയത്തോട് ചേർത്തുനിർത്തിയ ജോസഫൈനിൽ ജനിച്ച കുട്ടിയാണ് മിനോന. ഹതഭാഗ്യയായ മിനോനയെ ലോകം കൈവിട്ടെങ്കിലും ആ കുഞ്ഞുവിരലുകളിൽ വിടർന്ന സംഗീതം നർഗീസ് ചെവിയോർക്കുകയാണ് ഈ നോവലിൽ.
മിനോനയെക്കുറിച്ച് വളരെ ലഘുവായ പരാമർശങ്ങൾ മാത്രമേ ഗൂഗിൾ പങ്കുവെക്കുന്നുള്ളൂ. അവൾ വിശ്വപ്രതിഭയായ ബീഥോവന്റെ മകളാണെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. എന്നാൽ അക്കാലം ആ സത്യം ഹിരണ്മയ പാത്രം കൊണ്ട് മൂടിവെച്ചു. തമസ്കരിക്കപ്പെട്ട ചരിത്രത്തിലെ ഒരേടാണ് നർഗീസ് കണ്ടെടുക്കുന്നത്.

No comments:

Post a Comment