Wednesday, November 3, 2021

ഒൻപതാം സിംഫണി

 സോളോകൾ ,ക്വാർട്ടറ്റുകൾ,ഓപ്പറകൾ, സൊണാറ്റകൾ ,സിംഫണികൾ  എന്നിങ്ങനെ ലോകം കാതോർക്കുന്ന മായികസംഗീതമാണ് ബീഥോവൻ ആവിഷ്കരിച്ചത്. സദാസമയം വായുവിൽ വിരലുകൾ ചുഴറ്റി  സ്വാസ്ഥ്യരഹിതനായ ഒരുവനായി അദ്ദേഹം തൻ്റെ ഉൾമുറികളിൽ അലഞ്ഞു.തൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കർമമായിരുന്നു ഒമ്പതാം സിംഫണിയുടെ രചന.ആത്മാവിലെ ഏറ്റവും ദീപ്തമായ തീനാളത്തിൻ്റെ ആവാഹനമായിരുന്നു അതെന്നു പറയണം. അതിനായി സ്റ്റാഫ് നോട്ടിൽ ഒൻപതു ഒടിവുകളിലായി സംഗീതം അളന്നു വേർതിരിച്ചിനൽകി രുന്നു.വയലിനിൽ നിന്ന് ഒരേ താളക്രമം പകർന്നുകൊണ്ട് സുഷിരവാദ്യത്തിലേക്ക് അതിനെ കൈമാറണം. കാൽവിരൽ  മുതൽ  ശിരസ്സുവരെ പ്രകമ്പനം കൊള്ളുകയായിരുന്നു ബീഥോവൻ. എവിടെയാണ് തൻ്റെ ഓർമ കൈവിട്ടുപോയത് ?ഒമ്പതാമത്തെ ചിഹ്നം തിരിച്ചറിയാനാവാതെ അദ്ദേഹം വിവശനായി. അതവളായിരുന്നു. മിനോന. സ്വന്തം ചോരയിൽ കുരുത്തവൾ .ഒൻമ്പതാം ഒടിവിലെ അടയാളം. സ്വരസ്‌ഥാനങ്ങൾ നിറഞ്ഞ കുപ്പായം ഇവൾക്കാരാണ് തുന്നിക്കൊടുത്തത് ?ആത്മാഭിമാനത്തിനേറ്റ അടി വകവെക്കാതെ പരിഭ്രാന്തിയോടെ തൻ്റെ അലമാരിയിലും സംഗീതശേഖരത്തിലും അയാൾ പരതി. ഡി മൈനറിൽ ഒന്നും രണ്ടും ഗമനങ്ങൾ, ബി ഫ്‌ളാറ്റ്‌ മേജറിൽ മൂന്നാം ഗമനം. ചുമരിൽ അലസമായി കോറിയിട്ട വടിവില്ലാത്ത രേഖകളിൽ ബീഥോവൻ തൻ്റെ അടുത്ത സ്വരസ്‌ഥാനങ്ങളുടെ താക്കോൽ തിരഞ്ഞു.എന്നാൽ അതിനിടെ മിനോന തൻ്റെ വടിവാർന്ന കൈപ്പടയിൽ ചിട്ടയായ അഞ്ചുവരി സ്റ്റാഫ് നോട്ടിലെ സംഗീതം പകർന്ന് അച്ഛന് മുന്നിൽ കാണിക്കയായി നൽകി. തികച്ചും അവിശ്വസനീയമായ കാഴ്ചയിൽ ബീഥോവൻ നിർന്നിമേഷനായി നിന്നു. അയാൾ മിനോനയോട് പിയാനോയിൽ വിരലുകൾ ചേർക്കാൻ ആജ്ഞാപിച്ചു. ആ കുഞ്ഞുവിരലുകൾ വിത്തുകൾ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടങ്ങളെ പ്പോലെ പിയാനോയുടെ സ്വരക്കട്ടകളിൽ മൃദുവായി അരിച്ചുനടന്നു. ബീഥോവൻ പിയാനോക്കരികിലേക്കു  നടന്നു ,ഒരു കസേര വലിച്ചിട്ടു തൻ്റെ വലതുചെവി കീ ബോര്ഡിൽ ചരിച്ചു ചേർത്തുവെച്ചു. ഒരുപക്ഷെ ബീഥോവൻ ജീവിതത്തിൽ  ആദ്യമായി തൻ്റെ സംഗീതം ശ്രവിക്കുകയായിരുന്നു.കുരുവികളുടെ സംഘവാദ്യം അയാളെ കോൾമയിർ കൊള്ളിച്ചു. ആ കണ്ണുകളിൽ തുളുമ്പിയ ആർദ്രത മിനോന തിരിച്ചറിഞ്ഞു. ലോലമായ തൂവലുകളിലാണ് ഈ സ്വരക്കട്ടകൾ ഘടിപ്പിച്ചിരിക്കുന്നത് എന്ന സത്യം അയാൾക്കറിയാമായിരുന്നില്ല. അമരുന്ന വിരലുകൾ ചെറു ചുറ്റികകൾ കൊണ്ട് സ്വരക്കമ്പികളെ സ്പർശിക്കുന്നു. മുയൽക്കുഞ്ഞുങ്ങൾ തുള്ളിച്ചാടി മറിയും പോലെ വിരലുകൾ പിയാനോയുടെ കട്ടകളിലൂടെ മദി ച്ചുപാഞ്ഞുകൊണ്ടിരുന്നു.മിനോന ഒരുക്കിയ സ്വരഗതികളുടെ ഗന്ധർവസംഗീതം ബീഥോവനെ വിസ്മയിപ്പിച്ചു.അയാൾ മറന്നുപോയ ഒമ്പതാം വളവിലെ സ്വരചിഹ്നം ബീഥോവനെ നോക്കി പുഞ്ചിരി തൂകി. സ്നേഹമയിയായ കാലത്തിൻ്റെ പകർപ്പായി താനൊരുക്കിയ സംഗീതം അതിൻ്റെ ലാവണ്യത്തികവോടെ ബീഥോവൻ്റെ മൂർദ്ധാവിൽ പെയ്തിറങ്ങി.ഹൃദയം കൊണ്ട് പിയാനോ മീട്ടുന്ന ആ രാജകുമാരിയുടെ കണ്ണുകളിൽ പൂത്തിറങ്ങിയ അപൂർവ പ്രകാശത്തെ അദ്ദേഹം വാത്സല്യത്തോടെ നോക്കിനിന്നു. അവളുടെ കുഞ്ഞുനഖങ്ങളിൽ പടർന്ന ശോണിമ അയാൾ ശ്രദ്ധിച്ചു.ഇളം ചോരയിൽ വെളുത്ത പിയാനോക്കട്ടകൾ ചുവന്നത് അദ്ദേഹം വിവർണനായി നോക്കിനിന്നു. 

തൻ്റെ പ്രാണൻ പറിച്ചു് ആ പെൺകുട്ടിയുടെ കാൽക്കൽ സമർപ്പിക്കാൻ അദ്ദേഹം വെമ്പി. ' മകളേ '..ഗദ്ഗദം നിറഞ്ഞ ആ തൊണ്ടയിൽ നിന്ന് വാത്സല്യം ചുരന്നൊരു വിളി നിശബ്ദം വന്നുവീണു. ഈ നോവലിലെ ഏറ്റവും മനോഹരമായ അധ്യായമാണ് നാം വായിച്ചത് .


No comments:

Post a Comment