Friday, November 5, 2021

സിംഫണി 6

 പരിചിതമായൊരു സ്‌ഥലരാശിയിൽ നിന്നുതന്നെയാണ് നോവൽ ആരംഭിക്കുന്നത്. തൃശൂർ നഗരവും തേക്കിൻകാട് മൈതാനവും സാഹിത്യ അക്കാദമിയും ക്രൈസ്തവ ദേവാലയങ്ങളും ക്ലാസിക്കൽ സംഗീതമുറങ്ങുന്ന ലൈബ്രറിയും പള്ളിമേടകളും സായാഹ്നനഗരത്തിന്റെ കാഴ്ചകളും കോഫീ ഹൗസും ശക്തൻ മാർക്കറ്റും നേർത്ത ആരവം നിറഞ്ഞ വീഥികളും പുൽമൈതനത്തിൽ മലർന്നു കിടന്നു നോക്കുമ്പോൾ വെള്ളിവലാകകൾ ഒഴുകിനീന്തുന്ന നീലാകാശവും കഥാനായകനായ സഫ്ദർ തന്റെ അന്വേഷണം തുടങ്ങുന്നത് ഇവിടെനിന്നാണ്. സംഗീതാധ്യാപികയായ അഞ്ജലീ സുധയെ കണ്ടുമുട്ടിയതും ഈ നഗരചത്വരത്തിൽ വെച്ചു തന്നെയാണ്. സഫ്ദർ തന്റെ സ്വപ്നം അഞ്ജലിയുമായി പങ്കിടുന്നതും പിയനോയുടെ മൃദുശയ്യയിൽ ആദ്യമായി സ്പർശിച്ചപ്പോൾ സ്വർഗീയമായൊരു നാദമു ണർന്നതും അതിന്റെ സ്പന്ദനം തനിക്കു ചുറ്റും പ്രസരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.

തികച്ചും പരിചിതമായ ഒരു സ്‌ഥലരാശിയിൽ നിന്ന് സഫ്ദർ അനന്തകാലത്തിന്റെ വിദൂര  രഥ്യയിലേക്ക് നടത്തിയ പശ്ചാദ്ഗമനമാണ് ഈ നോവലിന്റെ ഇതിവൃത്തം. തന്റെ സ്വത്വത്തിന്റെ അപര മുഖമാണ് അധ്യാപികയും സുഹൃത്തുമായ അഞ്ജലി. ബീഥോവനെ തേടിപ്പോയ സഫ്ദറിനെ മിനോനയിലേക്ക് വഴിനടത്തിയത് അഞ്ജലിയാണ്. സ്‌ഥലവും കാലവും തമ്മിലുള്ള വേഴ്ച കയ്യടക്കമുള്ള ക്രാഫ്റ്റിലൂടെ നർഗീസ് അനായാസം ആവിഷ്കരിക്കുന്നത് കൃതിയുടെ പുനർവായനയിൽ നാം തിരിച്ചറിയും.
പാശ്ചാത്യ സംഗീതത്തിന്റെ ക്ലാസിക്കൽ ഗരിമയിലേക്കുള്ള തീർഥാടനമല്ല ഈ നോവൽ. ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ലഹരി നിറഞ്ഞ സർഗജീവിതത്തിന്റെ തിരനോട്ടവുമല്ല. എന്തിന് വിയന്നയും ഓസ്ട്രിയയിലെ പ്രഭു കുടുംബങ്ങളും സംഗീതമുറങ്ങിയ പള്ളിമേടകളും സിംഫണികളും സൊനാറ്റകളും സ്പന്ദിച്ച സംഗീതവിരുന്നുകളും ആസ്വാദക വൃന്ദമൊരുക്കിയ ഹസ്താരവങ്ങൾ പോലും പശ്ചാത്തലസൗന്ദര്യമൊരുക്കി നിൽക്കുക മാത്രമാണ് നർഗീസിന്റെ കൃതിയിൽ. മിനോന എന്ന കൊച്ചു പെൺകുട്ടിയുടെ ഏകാന്തതയിലെ തേങ്ങൽ വായനയിലുടനീളം നമ്മെ പിന്തുടരും. അവളുടെ വ്യഥകളും നൈരാശ്യവും നമ്മുടേതായി മാറുകയാണല്ലോ, പതിയെ. പിറന്ന വീട്ടിൽ നിന്ന്, അമ്മയുടെ വിയോഗത്തിന് ശേഷം എല്ലാമുപേക്ഷിച്ചിറങ്ങിപ്പോവുന്ന മിനോന കൂടെ കൊണ്ടുപോയത് ഓർമ്മകൾ നിറച്ച ഏതാനും ഡയറികളും സംഗീതപുസ്തകങ്ങളുമാണ്. അവ തന്നെ യാത്രക്കിടയിൽ ഏതോ വനമരത്തിന്റെ പൊത്തിൽ ഒളിച്ചുവെക്കേണ്ടിയും വന്നു. പിന്നെ കോൺവെന്റ് ജീവിതം മ്ലാനത നിറഞ്ഞ കൗമാരം. ഒടുവിൽ അവൾ ആഗ്രഹിച്ചതുപോലെ ജന്മം നൽകിയ സ്വന്തം പിതാവിന്റെ കൂടെ, അദ്ദേഹത്തിന്റെ പരിചരികയായി ജീവിച്ചു. ഉന്മാദിയായൊരു കലാകാരന്റെ, ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും അനവസരത്തിലുള്ള രോഷപ്രകടനവും തികഞ്ഞ സന്തോഷത്തോടെയാണ് മിനോന സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹം തന്നെ മകളായി അംഗീകരിച്ചില്ലല്ലോ എന്ന വേദന അവളെ ജീവിതകാലം മുഴുവൻ പിന്തുടർന്നു.

No comments:

Post a Comment