Friday, November 5, 2021

സിംഫണി 7

 നർഗീസ് ആദ്യമെഴുതിയ നോവൽ യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിലായിരുന്നു. ആൻഡ്രിയോ എൽ സാർട്ടോ എന്ന നവോത്ഥാന കാല  ചിത്രകാരന്റെ ഭ്രമാത്മകലോകം അനാവൃതമാകുന്ന ആ കൃതിയുടെ രചനാവേളയിൽ നേരിടേണ്ടിവന്ന  വെല്ലുവിളിയും പരിശീലനവും 'ഒമ്പതാം സിംഫണി ' ക്ക് മാർഗദർശകമായി ഭവിച്ചു എന്നു വേണം കരുതാൻ.

പതിവായി ബിനാലെ അരങ്ങേറുന്ന ഫോർട്ട്‌ കൊച്ചി എന്ന ആർട്ട്‌ ഗാലറിയുടെ തീരത്താണ് നർഗീസ് ജനിച്ചു വളർന്നത്. കലയും സംസ്കാരവും കൈകോർത്ത തുറമുഖ നഗരിയുടെ പശ്ചാത്തല ഭൂമിക ഈ എഴുത്തുകാരിയുടെ മനോഗതങ്ങളിൽ അപൂർവചാരുതയാർന്ന ക്യാൻവാസ് നിർമിച്ചിരിക്കാം. ജൂതന്മാരും പറങ്കികളും ലന്തക്കാരും ഇംഗ്ലീഷ്  ഫ്രഞ്ച് യാത്രികരും കരോൾ ഗാനങ്ങളും ഗസൽ രാവുകളും ഉണർത്തിയ ഭാവനയുടെ യാനപാത്രത്തിലാണ് കഥാകാരി സഞ്ചരിച്ചിരിക്കുക. അറബികളും റോമാക്കാരും വന്നിറങ്ങിയ പായ്‌വഞ്ചികളുടെ കലാ വാണിജ്യ പാതയിൽ തദ്ദേശീയയായ ഒരെഴുത്തുകാരി അബോധമായെങ്കിലും വായിച്ചെടുക്കുന്ന ലിപികളുണ്ട്.
അതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുത, പിറന്ന നാടും വീടും വിട്ട് അധികം യാത്ര ചെയ്ത ഒരാളല്ല ഈ എഴുത്തുകാരി എന്നതാണ്. വിവാഹിതയായി ഏറെ വിദൂരത്തിലല്ലാതെ മറ്റൊരു പട്ടണ പ്രവിശ്യയിലെ ഒരുൾനാടൻ ഗ്രാമത്തിലെത്തുകയും അവിടെ സ്കൂൾ അധ്യാപികയായി ജീവിക്കുകയും ചെയ്യുന്ന നർഗീസ്, ഇംഗ്ലീഷ് സാഹിത്യമാണ് പഠിച്ചത്. ബിരുദാനന്തര ബിരുദകാലത്ത് സാഹിത്യപഠനത്തിനിടെ പരിചയപ്പെടാനിടയായ കഥകളും കവിതാലോകവും ഭാവനയുടെ മറുകര തേടിപ്പോകാൻ  തനിക്കു സഹായകമായി എന്ന് അവർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അപൂർവമായ കല്പനാ വൈഭവം ഇരു നോവലുകളുടെ രചനയിലും തെളിഞ്ഞു നിൽപ്പുണ്ട്. ക്ലാസ്സിക് നോവലുകളുടെയും കവിതകളുടെയും പാരായണവും വിശിഷ്ട സംഗീതത്തിന്റെ കേവലാസ്വാദനവും നവോത്ഥാന ചിത്രകലയുടെ കാഴ്ചകളും ശില്പ സൗഷ്ഠവം  തികഞ്ഞ കൃതികൾ നിർമിക്കാൻ നർഗീസിലെ കഥാകാരിയെ ഒരുക്കിനിർത്തിയതാവാം.
അതെന്തുമാകട്ടെ, ഒമ്പതാം സിംഫണി എന്ന നോവൽ വരകളുടെയും വർണങ്ങളുടെയും  കൊളാഷാണ് മനസ്സിൽ അവശേഷിപ്പിക്കുക. കവിത നിറഞ്ഞ വാക്കുകളും വരികളും വർണനയുടെ മലർവാടിയിൽ സുഗന്ധികളായി വിടർന്നു  നിൽക്കുന്നു. സഫ്ദർ കാണുന്ന കാഴ്ചയും മിനോന തേടിനടന്ന ലോകവും നിറങ്ങളുടെയും സംഗീതത്തിന്റെയും നീർത്തടങ്ങളാണ്. എന്നാൽ  വിരഹവും  തിരസ്കാരവും  നിഴൽ വീഴ്ത്തിയ വേദനയുടെ ഏകാന്തലോകത്ത് കഴിയാനായിരുന്നു മിനോന എന്ന കഥാപാത്രത്തിന്  വിധി ഒരുക്കിവെച്ച ജീവിതം.
സഫ്ദറിന്, പകരം നൽകാനൊരു ജീവിതം കണ്ടെത്താനുമായില്ല. ഒടുവിൽ മിനോന നടന്നകന്ന ഒറ്റയടിപ്പാതയിൽ, നിസ്സഹായനായി നോക്കി നിൽക്കാനേ സഫ്ദർ എന്ന ചരിത്രകാരന് കഴിയുന്നുള്ളൂ.

No comments:

Post a Comment