Friday, November 5, 2021

സിംഫണി 9

 സഫ്ദർ എഴുതി നിർത്തിയ അവസാനവാചകം എന്തെന്ന് അഞ്ജലിക്ക് അറിയാമായിരുന്നു. അതയാളെ അതുഭുതപ്പെടുത്തുക മാത്രമല്ല വികാരാധീനനാക്കുകയും ചെയ്തു. മറ്റെല്ലാ കാഴ്ചകളും കണ്ണിൽ നിന്ന് മാഞ്ഞുപോയി. കഥാപാത്രങ്ങൾ ഓരോരുത്തരായി മറവിലേക്ക്  നടന്നുപോയി.

ജോസഫൈൻ, തെരേസ, ഷാർലറ്റ്,   മാഡം അന്ന, ഷിൻഡ്‌ലർ,  മാരിയൂസ്, ലിയോ, നീന... അവർക്കിടയിൽ ബാറ്റൺ ചലിപ്പിക്കുന്ന മഹാസംഗീതജ്ഞന്റെ കൈകൾ... കാഴ്ചയുടെ കാൻവാസിൽ നിന്ന് ഹംഗറിയിലെ കാടുകളും കുതിരക്കുളമ്പടികളും സംഗീതവിരുന്നുണ്ടു മടങ്ങുന്ന പുരുഷാരവും അയാളെ കടന്നുപോയി.
യൂറോപ്പിലെ വർഗസമരവും വർണവെറിയും അധസ്‌ഥിതരോടുള്ള തികഞ്ഞ അവഗണനയും സഫ്ദർ ഓർത്തെടുത്തു. എന്തിന് കൊച്ചുകേരളത്തിൽ പോലും ജാതിയും വർണവും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നല്ലോ എന്ന് വേദനയോടെ അഞ്ജലിയോട് അയാൾ പറയുന്നുണ്ട്.
നോവലിലെ അവസാന അധ്യായം തീർക്കുന്ന മായികത വായനക്കാർക്കായി ബാക്കി വെക്കുകയാണ്. കഥാകാരി ഇവിടെ വരച്ചുചേർക്കുന്ന ട്വിസ്റ്റ്‌ നോവലിന്റെ ജൈവാംശവുമായി ഇഴ ചേർന്നു കിടക്കുന്നതാണ്. അതങ്ങനെത്തന്നെ നിൽക്കട്ടെ.
ഒമ്പതാം സിംഫണി ബീഥോവൻ എന്ന സംഗീതപ്രതിഭയുടെ ഹംസഗാനമായിരുന്നു. പശ്ചാത്യ സംഗീതലോകം പിൽക്കാലത്തും അവ്വിധം ഒരു വിശ്വാസം വെച്ചുപുലർത്തിയിരുന്നത്രെ. ഒൻപതാം സിംഫണിക്കു ശേഷം മറ്റൊരു രചന അസാധ്യമായിരിക്കും എന്ന്.
മിനോനയെ ക്കുറിച്ചുള്ള വായനയിൽ MINONA എന്ന പേര് തിരിച്ചിട്ടുകൊണ്ട് ANONIM എന്ന് ബീഥോവന്റെ ആസ്വാദകർ വായിക്കുന്നുണ്ട്. അജ്ഞാതം എന്നുതന്നെയാണ് മിനോനയുടെ പിറവിയുമായി ബീഥോവനുള്ള ബന്ധം വിലയിരുത്തപ്പെട്ടത്. 'ഒമ്പതാം സിംഫണി'യുടെ  കഥാകാരിയെ വേദനിപ്പിച്ചതും അതാവണം. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും മിനോനയെ ചരിത്രം തിരിച്ചറിയുന്നില്ലല്ലോ.
ഈ നോവൽ മനുഷ്യന്റെ വേദനയുടെയും നിസ്സഹായതയുടെയും നിലവിളിയാണ്. കവിത തുളുമ്പുന്ന ഭാഷയിൽ അങ്ങേയറ്റം ആവിഷ്ടയായിട്ടാണ് ( possessed) കഥാകാരി അപരിചിതമായ ഒരു ലോകത്തെ പരാവർത്തനം ചെയ്യുന്നത്. വായനക്കാർ ഇരു കൈകളും നീട്ടി ഈ കൃതിയെ വരവേൽക്കുമെന്ന് ഉറപ്പാണ്. നർഗീസ് എന്ന കഥാകാരിയുടെ ഒമ്പതാം സിംഫണി  അനേകം വായനക്കാരിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
കൈരളി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില : ₹ 240/-

- സേതുമാധവൻ മച്ചാട്.

No comments:

Post a Comment