Friday, November 5, 2021

സിംഫണി 8

 "ഓരോ ഇടവേളയിലും എഴുത്തുകാരന്റെ ഉള്ളിൽ അടുത്ത വരിക്കുള്ള നെയ്ത്ത് നടക്കണം.." അഞ്ജലി സഫ്ദറിനെ ഓർമിപ്പിച്ചു. സഫ്ദർ, നീ എഴുതിയ ഓരോ വരിയും എനിക്കറിയാം. ഞാനത് വായിച്ചറിഞ്ഞതല്ല, അനുഭവിച്ചതാണ്.

ബീഥോവൻ മരണകിടക്കയിൽ ആസന്നമൃത്യുവായി ശയിക്കുന്ന വാർത്ത അറിയുമ്പോഴും മിനോന നിർന്നിമേഷയായിരുന്നു. അച്ഛൻ തന്റെയുള്ളിലെ ഉണങ്ങാത്ത മുറിവാണ്, എന്നും. ആ മുറിവിനെ വലം വെച്ചുകൊണ്ടാണ് ജീവിതത്തിലെ ഓരോ പ്രഭാതവും അവളിലൂടെ കടന്നുപോയത്. ഏകാന്തതയിൽ മിനോനയുടെ കണ്ണീരൊപ്പാൻ വന്ന ലിയോ എന്ന കൂട്ടുകാരന് പോലും അവളുടെ കൈത്തലം ഗ്രഹിക്കാനോ ഒപ്പം നടത്താനോ കഴിയാതെ പോയി. സ്വന്തമാക്കാൻ യാതൊന്നും മുന്നിലില്ലാതെ അറ്റം കാണാത്ത വഴിയുടെ തുമ്പിൽ അവൾ നിന്നു. അച്ഛൻ, ലിയോ, പിയാനോ, അമ്മ നൽകിയ ഓർമകളുടെ ആൽബം... എല്ലാം മിനോനയെ വിട്ടുപോയി. ഇടയഗ്രാമത്തിലേക്കു നീണ്ടുപോകുന്ന മൺപാതയിലൂടെ അവൾ നടന്നു നീങ്ങി.
അവസാനവരികളിൽ എത്തിനിന്ന സഫ്ദർ തുടർന്നെഴുതാനാവാതെ തളർന്നിരുന്നു. നിറമിഴികളോടെ അയാൾ പറഞ്ഞു. പ്രിയപ്പെട്ട മിനോനാ, ദുഃഖപര്യവസായിയായ ഒരന്ത്യം ആഗ്രഹിച്ചുകൊണ്ടെഴുതിയതല്ല ഇതൊന്നും.ഇനി  സ്വാതന്ത്രയാണ് നീ. മിനോനാ ഞാൻ ഇവിടെ എഴുത്ത് നിർത്തുകയാണ്.
എത്രയോ രാവുകളിൽ സംഗീതത്തിന്റെ കടലിരമ്പം കേട്ടുകിടന്നാണ് ഓരോ വരിയും എഴുതി പൂർത്തിയാക്കിയത്. ബീഥോവന്റെ ജീവിതത്തിലെ ഉന്മാദം കലർന്ന അധ്യായങ്ങൾ തേടി നർഗീസ്  വർഷങ്ങളോളം  നിരന്തരം  വായിച്ചിരുന്നതായി  മനസിലാക്കുന്നു. ലഭ്യമായ കൃതികളും ചരിത്രവും പുറംനാടുകളിൽ നിന്നു വരുത്തി. പാശ്ചാത്യസംഗീതത്തെ അടുത്തറിയാൻ ശ്രമിച്ചു. വിയന്നയിലെയും ആസ്ത്രിയയിലെയും നഗര വീഥികളും ഗ്രാമപാതകളും പുല്ല് മേഞ്ഞ വീടുകളും മേഘാവൃതമായ പകലുകളും പ്രഭു മന്ദിരങ്ങളും സിംഫണിയും സൊനാറ്റയും അരങ്ങുണർത്തിയ സംഗീതരാവുകളും സ്വപ്നം കണ്ടു. എന്നാൽ നോവലിൽ ഒരിടത്തും താൻ തേടിനടന്ന അറിവിന്റെ ഭാരം എഴുത്തുകാരി ഇറക്കിവെക്കുന്നില്ല. സ്വയം ചിറകും തൂവലും പൊഴിച്ചു കളഞ്ഞാണ് ഈ കഥ നെയ്തെടുത്തിരിക്കുന്നത്. ചരിത്രവും മിത്തും വർത്തമാനവും സമർഥമായിട്ടാണ് നർഗീസ് ബ്ലെൻഡ് ചെയ്യുന്നത്. കഥ പറയുക എന്ന കലാതന്ത്രത്തിന്റെ കരവിരുത് ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്.

No comments:

Post a Comment