Thursday, July 11, 2019

ഏര്‍നെസ്റ്റ് ഹെമിംഗ് വെ { 1898 - 1961}

ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ  ഒരു ഇതിഹാസമാണ്‌  ഏര്‍നെസ്റ്റ് ഹെമിംഗ് വേ.  പ്രഗത്ഭനായ സാഹിത്യകാരന്‍ എന്നതിന് പുറമേ കരുത്തുറ്റ പൌരുഷത്തിന്‍റെ മൂര്‍ത്തിമദ്ഭാവം എന്നൊരു പരിവേഷം കൂടി അദ്ദേഹത്തെ വലയം ചെയ്തിരുന്നു.നായാട്ട്,മീന്‍പിടിത്തം ,ഗുസ്തി ,കാളപ്പോര്,സൈക്കിള്‍ സവാരി , നീന്തല്‍ തുടങ്ങി പലതരം കായിക വിനോദങ്ങളിലും വ്യാപരിച്ച, മദിരയിലും മദിരാക്ഷിയിലും യഥേഷ്ടം അഭിരമിച്ച , യുദ്ധങ്ങളില്‍ പങ്കെടുക്കുകയും സാഹസകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

ഇല്ലിനോയിലെ ഓക് പാര്‍ക്കില്‍ ഒരു ഡോക്ടറുടെ മകനായിട്ടാണ് ഹെമിംഗ് വേ ജനിച്ചത്‌.കായ്ക വിനോദങ്ങളിലുള്ള അഭിനിവേശം നന്നേ ചെറുപ്പത്തില്‍ തന്നെ പ്രകടമായിരുന്നു. പത്ര റിപ്പോര്ട്ടറായിട്ടാണ് ആദ്യം ജോലി ചെയ്തത്. ഒന്നാം ലോകമഹയുദ്ധത്തില്‍ സന്നദ്ധസേവകനായി ഒരു ആംബുലന്‍സില്‍ ചേര്‍ന്ന് ഇറ്റാലിയന്‍ രംഗത്ത് പ്രവര്‍ത്തിക്കുകയും കാലില്‍ കഠിനമായ മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം പാരീസില്‍ വിദേശ ലേഖകനായി ജോലി നോക്കി . അവിടെവെച്ച് സാഹിത്യരചനയില്‍ ജെര്‍ട്രൂഡ സ്ടയ്ന്‍ , എസ്രാ പൌണ്ട് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. സാഹിത്യരചനയും പത്രപ്രവര്‍ത്തനവുമായിട്ടാണ്  പില്‍ക്കാലം ജീവിച്ചത്.
രണ്ടാംലോകമാഹായുദ്ധത്തില്‍ പങ്കെടുക്കുക മാത്രമല്ല  ബോംബര്‍ വിമാനങ്ങളില്‍ പറക്കുക കൂടിയുണ്ടായി. അമ്പത്താറാം വയസ്സില്‍ സ്വന്തം ചരമവൃത്താന്തം പത്രങ്ങളില്‍ വായിക്കുക എന്ന അപൂര്‍വ്വമായ ഒരനുഭവം അദ്ദേഹം നേരിടുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച വിമാനം അഫ്രിക്കയില്‍  തകര്‍ന്നു വീണതായിരുന്നു സന്ദര്‍ഭം. അപകടം ഏല്‍പിച്ച പരിക്ക് അദ്ദേഹത്തിന്റെ മാനസികനില തകരനിടയാക്കി . 7വര്‍ഷത്തിനു ശേഷം അദ്ദേഹം സ്വയം വെടിവെച്ചു മരിക്കുകയം ചെയ്തു. അതൊരു അപകടമരണമാണെന്നൊരു അഭിപ്രായവുമുണ്ട്. ഹെമിംഗ് വെ നാല് തവണ വിവാഹിതനായി. പല സ്ത്രീകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.ജീവിതത്തിന്റെ ഉത്തരഭാഗം അദ്ദേഹം ക്യൂബയിലാണ് ജീവിച്ചത്.

No comments:

Post a Comment