Sunday, July 21, 2019

ഹെമിംഗ് വേ 4

1952 ല്‍ ' ദി ഓള്‍ഡ്‌ മാന്‍ ആന്‍ഡ്‌ ദി സീ ' ( കിഴവനും കടലും ) പ്രസിദ്ധീകരിച്ചതോടുകൂടി ഹെമിംഗ് വേ വിശ്വ പ്രശസ്തിയിലേക്കുയര്‍ന്നു.ഇത് 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിനു നേടിക്കൊടുത്തു. 1961ല്‍ അദ്ദേഹം സ്വയം വെടിവെച്ചു മരിച്ചപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ലോകസാഹിത്യത്തിലെ ഒരതികായനെയാണ്.

ഒരു 'നോവെല്ല' എന്നോ നീണ്ട ചെറുകഥയെന്നോ പറയാവുന്ന 'കിഴവനും കടലും' സാധാരണ നോവലുകളെപ്പോലെ അധ്യായങ്ങളായോ ഭാഗങ്ങളായോ തിരിച്ചെഴുതപ്പെട്ടിട്ടുള്ളവയല്ല. വായനക്കാരുടെ സൌകര്യാര്‍ത്ഥം വേണമെങ്കില്‍ നോവലില്‍ സംഭവങ്ങള്‍ നടക്കുന്ന സമയത്തെ (ക്രിയാ കാലം ) അടിസ്ഥാനപ്പെടുത്തി ഒരു സാങ്കല്പിക വിഭജനം നടത്താമെന്നേയുള്ളൂ. നോവലിലെ ക്രിയാകാലം മൂന്നു പകലും മൂന്നു രാത്രിയും കൊണ്ട് നടക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യപകലിനു തൊട്ടുമുന്‍പുള്ള വൈകുന്നേരം തൊട്ട് അവസാനത്തെ രാത്രി കഴിഞ്ഞെത്തുന്ന പ്രഭാതത്തില്‍ അവസാനിക്കുന്ന ഈ കഥയില്‍ പ്രധാനമായും രണ്ടേ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.
സാന്തിയാഗോ എന്ന വൃദ്ധനായ ക്യൂബന്‍ മീന്‍പിടിത്തക്കാരനും അയാളെ സഹായിക്ക്കുന്ന മനോലിന്‍ എന്ന കുട്ടിയും.  പിന്നെയുള്ളത് മുഴുവനും മീനുകളാണ്. മീനുകളുടെ വീടാണല്ലോ കടല്‍.  മത്സ്യഗന്ധിയായ കടല്‍ ഈ കൃതിയിലെ പ്രധാന പശ്ചാത്തലമാണ്. കടലും രാപ്പകലുകളും കാറ്റും നീലവിഹായസ്സും ചേര്‍ന്നൊരുക്കുന്ന അദ്ഭുത കാന്‍വാസിലാണ് ഹെമിംഗ് വേയുടെ കൃതി വിലയം  കൊള്ളുന്നത്‌.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒന്നും കിട്ടാതെ മത്സ്യബന്ധനത്തില്‍ കടുത്ത പരാജയം സംഭവിച്ച സന്തിയാഗോക്ക് മനോലിന്റെ സഹായം പോലും നിഷേടിക്കപ്പെട്ടു.കാരണം, മനോലിനെ അവന്റെ രക്ഷാകര്‍ത്താക്കള്‍ സാന്തിയാഗോയുടെകൂടെ പോകാന്‍ അനുവദിക്കാതെ. മീന്‍പിടിത്തം ആദായകരമായി നടത്തുന്ന മറ്റൊരു മുക്കുവന്റെ കൂടെ വിടുകയാണ്.എങ്കിലും മനോലിന്‍ സാന്തിയഗോക്ക് കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു.ഇരുവരും ഒരുമിച്ചു മദ്യശാലയില്‍ പോയി മറ്റു മീന്‍പിടുത്തക്കാര്‍ക്കൊപ്പം മദ്യം കുടിക്കുക പതിവായിരുന്നു.അപ്പോഴെല്ലാം തങ്ങള്‍ രണ്ടുപേരും കൂടി കടലില്‍ നടത്തിയിട്ടുള്ള സാഹസിക ശ്രമങ്ങളെക്കുറിച്ച് ഓര്‍ക്കുകയും പരസ്പരം പറയുകയും ചെയ്തിരുന്നു., 

No comments:

Post a Comment